വിദേശത്തു പോകുമ്പോള്‍ അവിടെ ഉള്ളവര്‍ ചോദിക്കാറുണ്ടു്, ഭാരതത്തില്‍, സ്ത്രീകളെ അടിമകളാക്കി വച്ചിരിക്കുകയല്ലേ എന്നു്. അമ്മ അവരോടു പറയും, ഒരിക്കലും അങ്ങനെയല്ല. ഭാരതത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം സ്നേഹത്തില്‍നിന്നും ഉടലെടുത്തതാണു്.
ഭാര്യയ്ക്കു മൂന്നു ഗുണങ്ങള്‍ ഉണ്ടാകണമെന്നു പറയും. അമ്മയുടെ ഭാവം, കൂട്ടുകാരിയുടെ ഭാവം, ഭാര്യയുടെ ഭാവം. ഈ മൂന്നു ഭാവവും അവള്‍ക്കുണ്ടാകണം. ഭാര്യ ഇന്നതേ ആകാവൂ എന്നു നമ്മള്‍ പറയരുതു്.

പുരുഷനാകുന്ന ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുതു സ്ത്രീ. കാരണം ചെടിച്ചട്ടിയിലെ വൃക്ഷത്തിനു വാനോളം വളരാന്‍ ആവുകയില്ല, വേരുകള്‍ അരിഞ്ഞരിഞ്ഞു് അതിനെ തളര്‍ത്തുകയാണു് ചെയ്യുന്നതു്.
അതില്‍ ഒരു കിളിക്കു കൂടു കെട്ടാനാകില്ല. അതിനൊരു ഫലവും നല്കാനാവില്ല. ചെടിച്ചട്ടിയില്‍ വളരുന്ന ചെടി ദുര്‍ബ്ബലമാണു്. എന്നാല്‍ അതിനെതന്നെ മണ്ണിലേക്കു മാറ്റി നട്ടു നോക്കുക. അതിൻ്റെ വളര്‍ച്ചയും കഴിവും നമുക്കു കാണുവാന്‍ കഴിയും.
ഇതുപോലെയാണു സ്ത്രീ ദുര്‍ബ്ബലയാണെന്നു പറയുന്നതു്. അവരില്‍ ശക്തിയുണ്ടു്. അതിനെ വളരാന്‍ അനുവദിച്ചാല്‍ മതി. വേരറുത്തു ചെടിച്ചട്ടിയില്‍ ഒതുക്കാതെ, അതിൻ്റെ ശക്തി കണ്ടെത്താന്‍ അനുവദിച്ചാല്‍ മാത്രം മതി. സ്ത്രീ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും തണലായി തീരുന്നതു നമുക്കു കാണുവാന്‍ കഴിയും.