നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.

ഒരു കുടുംബത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. അവരുടെ മാതാപിതാക്കള്‍ മരിച്ചു. മൂന്നു പേരും ഡിഗ്രിയെടുത്തവരാണു്. പക്ഷേ, ജോലിയൊന്നും ആയില്ല. അവരുടെ കഷ്ടതയില്‍ കനിവു തോന്നിയ ഒരു പണക്കാരന്‍ അവരെ മൂന്നുപേരെയും തൻ്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും മൂന്നുപേര്‍ക്കും ജോലി കൊടുക്കുകയും ചെയ്തു. ഒരേ ജോലിയാണു മൂന്നുപേര്‍ക്കും നല്കിയതു്.
അതില്‍ ഒരാള്‍ ജോലിയില്‍ ഇരുന്നുകൊണ്ടു കൈക്കൂലി വാങ്ങാന്‍ തുടങ്ങി. മാനേജര്‍ പല പ്രാവശ്യം താക്കീതു ചെയ്തു. അയാള്‍ അനുസരിച്ചില്ല. അവസാനം ആ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. ചുമട്ടുകാരനായി നിയമിച്ചു. കാരണം, ഉയര്‍ന്ന ജോലിക്കു് അയാള്‍ അര്‍ഹനല്ല.
രണ്ടാമന്‍ ജോലിയില്‍ ചിട്ടയുള്ളവനാണു്. സത്യസന്ധത ഉള്ളവനാണു്. പക്ഷേ, കൃത്യം മുപ്പതു ദിവസമാകുമ്പോള്‍ ശമ്പളത്തിനു ചെല്ലും. ഒരു ദിവസം കൂടി കാത്തിരിക്കില്ല. ചിട്ടയും സത്യസന്ധതയും ഉള്ളതുകൊണ്ടു് അയാള്‍ക്കു് ഉദ്യോഗക്കയറ്റം നല്കി.
എന്നാല്‍, മൂന്നാമത്തെയാളു്, ഇവരെപ്പോലെ ഒന്നും ആയിരുന്നില്ല. ഏല്പിച്ച ജോലി സത്യസന്ധതയോടും ചിട്ടയോടും ശ്രദ്ധയോടും കൂടി ചെയ്തു. മാസാവസാനം, ശമ്പളം കൊടുത്ത സമയം അദ്ദേഹം പണം വാങ്ങിയില്ല.
”നിങ്ങള്‍ എനിക്കു ജോലി തന്നു, ഒപ്പം താമസിക്കാന്‍ വീടും തന്നു. ഭക്ഷണം തന്നു, വസ്ത്രം തന്നു, എനിക്കു വേണ്ടതെല്ലാം തരുന്നു. പിന്നെ എനിക്കു് എന്തിനാണു ശമ്പളം” എന്നു പറഞ്ഞു് അയാള്‍ ശമ്പളം വാങ്ങാന്‍ കൂട്ടാക്കിയില്ല.
കുറച്ചു കാലങ്ങള്‍ക്കു ശേഷം, അവര്‍ക്കു ജോലി കൊടുത്ത പണക്കാരന്‍ മരിച്ചു. അയാള്‍ എഴുതിവച്ചിരുന്ന മരണ പത്രത്തില്‍ പറഞ്ഞിരുന്നതു് അയാളുടെ ധനം മുഴുവനും ശമ്പളം വാങ്ങാതെ ജോലി ചെയ്തിരുന്ന ആ യുവാവിനു നല്കാനായിരുന്നു.
സത്യസന്ധതയോടെ ജോലി ചെയ്തവനെ ഉയര്‍ന്ന സ്ഥാനത്തേക്കു മാറ്റി നിയമിച്ചു. ജോലിയില്‍ കൃത്രിമം കാട്ടിയ, കൈക്കൂലി വാങ്ങിയ ആളെ ചുമട്ടുകാരനായി തരം താഴ്ത്തി.
തനിക്കു വേണ്ടതെല്ലാം തന്നയാളിൻ്റെ ഇച്ഛയ്‌ക്കൊത്തു, തനിക്കൊന്നും സ്വന്തമായി വേണ്ടെന്ന ഭാവത്തില്‍ ജോലി ചെയ്തവനു് എല്ലാം സ്വന്തമായി തീര്‍ന്നു. ഇതു പോലെയാണു നമ്മുടെ സ്ഥിതിയും. നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.