ജീവിതത്തില്‍ ആകെക്കൂടി രണ്ടു കാര്യമാണു നടക്കുന്നതു കര്‍മ്മം ചെയ്യുക, ഫലം അനുഭവിക്കുക.

പലരും പറയാറുണ്ടു്, ഞാന്‍ അറിഞ്ഞുകൊണ്ടു് ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല, എന്നിട്ടും, ഈ കഷ്ടതയൊക്കെ അനുഭവിക്കേണ്ടിവന്നല്ലോ എന്നു്. ഒരു കാര്യം തീര്‍ച്ചയാണു്, നമ്മള്‍ ചെയ്ത കര്‍മ്മത്തിൻ്റെ ഫലം മാത്രമേ നമ്മള്‍ അനുഭവിക്കുന്നുള്ളൂ. അതിൻ്റെ ഫലം ഒരിക്കലും തള്ളാന്‍ കഴിയില്ല.
ആയിരക്കണക്കിനു പശുക്കളുടെ മദ്ധ്യത്തിലേക്കു് ഒരു പശുക്കിടാവിനെ അഴിച്ചുവിട്ടാലും അതു് അതിൻ്റെ തള്ളയുടെ അടുത്തു തന്നെ ചെന്നെത്തും. അവനവന്‍ ചെയ്ത കര്‍മ്മത്തിൻ്റെ ഫലം അവനവൻ്റെ അടുക്കല്‍ തന്നെ വന്നെത്തും. ഈശ്വരന്‍ ആരെയും മനഃപൂര്‍വ്വം ശിക്ഷിക്കാനായി സൃഷ്ടിച്ചിട്ടില്ല.
നല്ല കര്‍മ്മത്തിനു നല്ല ഫലമെങ്കില്‍ ചീത്ത കര്‍മ്മത്തിനു ചീത്ത ഫലമാണുള്ളതു്. കൈ കാലുകള്‍ കൊണ്ടു ചെയ്യുന്നതു മാത്രമല്ല കര്‍മ്മം. ചിന്തയും കര്‍മ്മമാണു്. മറ്റുള്ളവരെ ദുഷിച്ചു കൊണ്ടിരിക്കുന്നതു ചീത്ത കര്‍മ്മമാണു്. അതിൻ്റെ ഫലവും ദുരിതമായിരിക്കും.
അതിനാല്‍ നമ്മള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ ഓര്‍ത്തു ഞാന്‍ പാപി എന്നു ചിന്തിച്ചു ദുഃഖിക്കുകയല്ല വേണ്ടതു്. ചീത്ത കര്‍മ്മങ്ങളുടെ ഫലം ഇന്നനുഭവിക്കുന്നു. മേലില്‍ ഇതാവര്‍ത്തിക്കാന്‍ പാടില്ല എന്നു ചിന്തിച്ചു്, ഇനിയുള്ള നിമിഷങ്ങള്‍ നല്ല കര്‍മ്മങ്ങള്‍ കൊണ്ടു ജീവിതം നിറയ്ക്കും എന്നു തീരുമാനിക്കുകയാണു വേണ്ടതു്.
‘ഒന്നിനും കൊള്ളാത്തവന്‍, ഞാന്‍ പാപി’ എന്നും മറ്റും ചിന്തിച്ചു സ്വയം ശപിക്കാതെ, എല്ലാം ഈശ്വരൻ്റെ ഇച്ഛയ്ക്കു വിട്ടുകൊടുത്തുകൊണ്ടു്, കാരുണ്യവും സേവനവും നിറഞ്ഞ ഒരു ജീവിതം നയിക്കുകയെന്നതാണു്, ജീവിതത്തില്‍ ശാന്തി കണ്ടെത്തുവാൻ ഉള്ള എളുപ്പ മാര്‍ഗ്ഗം.