
നമ്മുടെ വിശ്വാസങ്ങളുമായി ഇന്നു നമുക്കു് ഒരു ഹൃദയബന്ധം ഇല്ല. മക്കളേ, ഇന്നു മനുഷ്യൻ്റെ മത വിശ്വാസം കൃത്രിമ അവയവം പോലെയാണു്. ഉണര്‍വ്വും ഓജസ്സും അതിനു നഷ്ടമായിരിക്കുന്നു. മത വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാംശീകരിക്കുവാന്‍ നമുക്കു കഴിയാതെ പോയിരിക്കുന്നു.
ഇതു ശാസ്ത്രയുഗമാണു്. സയന്‍സിൻ്റെ കാലമാണു്. ഇന്നു പൊതുവെ മനുഷ്യൻ്റെ വിശ്വാസം കാര്‍, ടി.വി, കംപ്യൂട്ടര്‍, ബംഗ്ലാവുകള്‍ തുടങ്ങിയവയിലും അവ നല്കുന്ന അല്പമാത്രമായ സുഖത്തിലുമാണു്. എന്നാല്‍, അവയെല്ലാം ഏതു നിമിഷവും നശിക്കാവുന്നതാണെന്ന സത്യം നാം എപ്പോഴും വിസ്മരിക്കുന്നു.
അവയ്ക്കു് എന്തെങ്കിലും കേടു സംഭവിച്ചാല്‍ അതു് എങ്ങനെയും നന്നാക്കുവാനും അതിനു വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാനും ക്ഷമയോടെ കാത്തിരിക്കാനും നമ്മള്‍ തയ്യാറാണു്.
പക്ഷേ ഇന്നു് ഏറ്റവുമധികം റിപ്പയര്‍ ആവശ്യമായിരിക്കുന്നതു നമുക്കുതന്നെയാണു്. കാരണം, ഇന്നു നമുക്കു നമ്മളില്‍ത്തന്നെയുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. കംപ്യൂട്ടറും ടി.വി യും നന്നാക്കാന്‍ എത്രയും ക്ഷമ കാട്ടുന്ന നമ്മള്‍, നമ്മുടെ മനസ്സിൻ്റെ അപശ്രുതി മാറ്റാന്‍ ഒട്ടും ക്ഷമ കാട്ടുന്നില്ല.