നമ്മളെല്ലാവരും മനനം ചെയ്യേണ്ട ചില ആശയങ്ങൾ അമ്മ നിങ്ങളുടെ മുൻപാകെ വയ്ക്കട്ടെ.

കഴിഞ്ഞകാല യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും വേദനാജനകമായ ഓർമ്മകളിൽ നാം കുടുങ്ങി കിടക്കരുതു്. വിദ്വേഷത്തിൻ്റെയും മത്സരത്തിൻ്റെയും ഇരുണ്ട കാലങ്ങൾ മറന്നു്, വിശ്വാസത്തിൻ്റെയും, സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും പുതിയ ഒരു കാലഘട്ടത്തിനു നമുക്കു സ്വാഗതമരുളാം. അതിനുവേണ്ടി ഒത്തൊരുമിച്ചു പ്രയത്‌നിക്കാം.

ഒരു പ്രയത്‌നവും ഒരിക്കലും വെറുതെയാകില്ല. മരുഭൂമിയിൽ ഒരു പുഷ്പം വിടർന്നാൽ അത്രയും ആയില്ലേ? ആ ഒരു മനോഭാവത്തോടെ വേണം നാം പ്രയത്‌നിക്കുവാൻ. നമ്മുടെ കഴിവുകൾ പരിമിതമായിരിക്കാം. എങ്കിലും പ്രയത്‌നമാകുന്ന പങ്കായം കൊണ്ടു ജീവിതത്തോണി നാം തുഴഞ്ഞാൽ ഈശ്വരകൃപയാകുന്ന കാറ്റു നമ്മുടെ സഹായത്തിനെത്തും.

ആത്മധൈര്യം കൈവിടരുതു്. ദുർബ്ബലമനസ്സുകളാണു ജീവിതത്തിൻ്റെ ഇരുണ്ടവശം മാത്രം കണ്ടു പതറിപ്പോകുന്നതു്. ശുഭാപ്തി വിശ്വാസികൾ ഏതു് അന്ധകാരത്തിലും ഈശ്വരകൃപയുടെ വെട്ടം കാണും. ആ വിശ്വാസത്തിൻ്റെ വിളക്കു നമ്മുടെ ഉള്ളിൽ തന്നെയുണ്ടു്. ആ വിളക്കു കൊളുത്തൂ. നമ്മുടെ ഓരോ കാൽവയ്പിലും അതു പ്രകാശം ചൊരിയും. ഇത് എപ്പോഴും മനനം ചെയ്യുക.

മനുഷ്യ സമൂഹമാകുന്ന പക്ഷിയുടെ രണ്ടു ചിറകുകളാണു സയൻസും ആദ്ധ്യാത്മികതയും, രണ്ടും സമന്വയിക്കണം. സമൂഹജീവിതം പുരോഗമിക്കുവാൻ രണ്ടും ആവശ്യമാണു്. ആദ്ധ്യാത്മിക മൂല്യങ്ങൾ കൈ വെടിയാതെ മുന്നോട്ടു പോയാൽ സയൻസ് ലോക ശാന്തിക്കും സമാധാനത്തിനുമുള്ള ഉപകരണം ആയിത്തീരും.

എല്ലാവര്‍ക്കും ഒരേ ഉപദേശം നല്കുവാനാവില്ല. ഒരേ കാര്യം തന്നെ പറഞ്ഞാല്‍ ഓരോരുത്തരും വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും ഉള്‍ക്കൊള്ളുക. അതിനാലാണു് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ ആളറിഞ്ഞു നല്‌കേണ്ടതാണെന്നു പറയുന്നതു്.

ഇന്നു് ഇവിടെ കൂടിയിട്ടുള്ള മക്കളില്‍ തൊണ്ണൂറു ശതമാനം പേരും ആദ്ധ്യാത്മികത ശരിക്കു മനസ്സിലാക്കിയിട്ടുള്ളവരല്ല. ഓരോരുത്തര്‍ക്കും അവരുടെ ചിന്താശക്തിക്കും സംസ്‌കാരത്തിനും അനുസരിച്ചേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. അതിനാല്‍ ഓരോരുത്തരുടെ തലത്തിലേ ഇറങ്ങിച്ചെന്ന് ഉപദേശം പറഞ്ഞു കൊടുക്കേണ്ടതുണ്ടു്.

ഒരു കടയിലുള്ള ചെരിപ്പുകള്‍ എല്ലാം ഒരേ വലിപ്പത്തിലും ഒരേ ഫാഷനിലും ഉള്ളതാണു് എന്നു കരുതുക. നൂറു് ആളുകള്‍ വന്നാലും എല്ലാവര്‍ക്കും നല്കാന്‍ ഒരേ അളവിലുള്ള ചെരുപ്പുകള്‍ മാത്രമേ അവിടെയുള്ളൂ. ചെരുപ്പുകള്‍ ധാരാളമുണ്ടെങ്കിലും ആ കട കൊണ്ടു വലിയ പ്രയോജനമുണ്ടാവില്ല. വിവിധ അളവിലുള്ള ചെരുപ്പുകള്‍ ഉണ്ടെങ്കിലേ വരുന്നവര്‍ക്കു് അവരവര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ളതു തിരഞ്ഞെടുക്കുവാന്‍ കഴിയൂ.

ഇതുപോലെയാണു നമ്മുടെ സംസ്‌കാരം, സനാതനധര്‍മ്മം. വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതില്‍ കാണുവാന്‍ കഴിയും. പല സംസ്‌കാരത്തില്‍ വളരുന്നവരെ ഉദ്ധരിക്കണമെങ്കില്‍ അവരുടെ മനസ്സിന് അനുസരിച്ചുള്ള ഉപദേശം നൽകണം. അവരുടെ ജീവിത നിലവാരത്തിന് അനുസരിച്ചുള്ള മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ടതുണ്ടു്. അങ്ങനെയേ അവരെ ലക്ഷ്യത്തിൽ എത്തിക്കുവാന്‍ കഴിയൂ.

പണ്ടു്, പ്രത്യേകിച്ചു് ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യമുണ്ടായിരുന്നില്ല, കാരണം, അന്നുള്ളവരുടെ ജീവിതത്തിൻ്റെയും ഈശ്വരാരധനയുടെയും ഭാഗമായി സ്വാഭാവികമായി പ്രകൃതി സംരക്ഷണം നടന്നിരുന്നു.

ഈശ്വരനെ ഓർക്കുന്നതിൽ ഉപരിയായി അവർ സമൂഹത്തിനെയും പ്രകൃതിയെയും സേവിക്കുകയും സ്‌നേഹിക്കുകയും ആണു ചെയ്തതു്. സൃഷ്ടിയിലൂടെ അവർ സ്രഷ്ടാവിനെ ദർശിച്ചു. പ്രകൃതിയെ ഈശ്വരൻ്റെ പ്രത്യക്ഷരൂപമായിക്കണ്ടു് അവർ സ്‌നേഹിച്ചു, ആരാധിച്ചു, പരിപാലിച്ചു.

ആ ഒരു മനോഭാവം നമ്മൾ വീണ്ടെടുക്കണം. ഇന്നു ലോകത്തെ ഉറ്റുനോക്കുന്ന ഏറ്റവും വലിയ വിപത്തു മൂന്നാം ലോക മഹായുദ്ധമല്ല. മറിച്ചു്, പ്രകൃതിയുടെ താളം തെറ്റലാണു്, പ്രകൃതിയിൽനിന്നു നമ്മൾ അകന്നുപോകുന്നതാണു്. അതിനാൽ ഒരു ജാഗ്രത, തോക്കിൻ്റെ മുന്നിൽ നില്ക്കുന്നതുപോലുള്ള ഒരു ജാഗ്രത നാം ഉണർത്തിയെടുക്കണം. എങ്കിൽ മാത്രമേ, മനുഷ്യരാശിക്കു നിലനില്പുള്ളൂ.

മനുഷ്യനും പ്രകൃതിയും താളാത്മകമായി ചേർന്നുപോകുമ്പോഴാണു ജീവിതം പൂർണ്ണമാകുന്നതു്. ശ്രുതിയും താളവും ഭംഗിയായി ഒത്തുചേർന്നാൽ കേൾക്കാൻ സുഖമുള്ള സംഗീതമാകും. അതുപോലെ, മനുഷ്യൻ പ്രകൃതി നിയമങ്ങൾ പാലിച്ചു ജീവിക്കുമ്പോൾ ജീവിതം സംഗീതമാകും.

പ്രകൃതി ഒരു വലിയ പൂന്തോട്ടമാണു്, പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തിൽ വിരിഞ്ഞുനില്ക്കുന്ന വിവിധ വർണ്ണത്തിലുള്ള പൂക്കളായി കരുതാം. എല്ലാം ഒത്തുചേർന്നു സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും തരംഗങ്ങൾ പ്രസരിപ്പിക്കുമ്പോഴാണു് ആ പൂന്തോട്ടം സൗന്ദര്യ പൂർണ്ണമായിത്തീരുന്നതു്.

സകല മനസ്സുകളും സ്‌നേഹത്തിൽ ഒന്നായിത്തീരട്ടെ. അങ്ങനെ പ്രകൃതിയാകുന്ന ഈ പൂന്തോട്ടത്തിലെ ഓരോ പൂവും ഒരിക്കലും വാടാതെ കൊഴിയാതെ നിത്യസുന്ദരമായി സൂക്ഷിക്കുവാൻ നമുക്കൊന്നിച്ചു പ്രയത്നിക്കാം.

ജോലിക്കു് ആളെ വേണമെന്നു കാണിച്ചു കൊണ്ടുള്ള പരസ്യം പലപ്പോഴും പത്രങ്ങളില്‍ കാണാം.

എം.എ. ഡിഗ്രി വേണം. നീളം ഇത്ര വേണം. ആരോഗ്യത്തിനു കുഴപ്പമില്ലെന്നു കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റു വേണം. സ്വഭാവ സര്‍ട്ടിഫിക്കറ്റു വേണം. ഇതൊക്കെയുള്ളവര്‍ക്കേ അപേക്ഷിക്കുവാന്‍ പാടുള്ളൂ.

ഈ യോഗ്യതയെല്ലാം ഉള്ളവര്‍ക്കു വേണ്ടിയുള്ള എഴുത്തു പരീക്ഷയും കഴിഞ്ഞു. ഇൻ്റര്‍വ്യൂവും കഴിഞ്ഞു. പക്ഷേ, എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്കിയ ചിലരെ എടുത്തു കണ്ടില്ല. എന്നാല്‍ അത്രയൊന്നും നന്നായി ഉത്തരം പറയാത്ത ചിലരെ ജോലിക്ക് എടുക്കുകയും ചെയ്തു.

ഇതു പലപ്പോഴുമുള്ള അനുഭവമാണു്. എന്താണിതിനു കാരണം. ഇൻ്റര്‍വ്യൂ ചെയ്ത ആളുടെ മനസ്സിനെ അലിയിപ്പിക്കുന്ന ആ കൃപ അവരില്‍ ഇല്ലാതെ പോയി. ആ കൃപ ഉള്ളവര്‍ക്കാകട്ടെ, ഉത്തരം ചിലതൊക്ക തെറ്റിയെങ്കില്‍ക്കൂടി ജോലി ലഭിക്കുകയും ചെയ്തു.

പ്രയത്‌നത്തിലുള്ള വിജയം കൃപയെക്കൂടി ആശ്രയിച്ചിരിക്കുന്നു. എല്ലാ പ്രയത്‌നത്തിനുമുപരി ആ കൃപ കൂടി വന്നാലേ എന്തും പൂര്‍ണ്ണമാവുകയുള്ളൂ, ജീവിതത്തിൻ്റെ ഒഴുക്കു മുന്നോട്ടുള്ളതാകൂ. ആ കൃപ നേടണമെങ്കിലോ, കര്‍മ്മത്തില്‍ ശുദ്ധിയുണ്ടാകാതെ സാദ്ധ്യമല്ല.


ഭൂമുഖത്തു് കാടുകളാണു് അന്തരീക്ഷത്തിലെ വായുവിൻ്റെ ശുദ്ധി സംരക്ഷിക്കുന്നതു്. ഭൂമിയിലുള്ള കാടുകൾ ഇപ്പോൾ നാലിലൊന്നായിക്കുറഞ്ഞു.

ആധുനികമനുഷ്യൻ വിഷപൂരിതമാക്കിയ അന്തരീക്ഷവായുവിൻ്റെ ശുദ്ധി വീണ്ടെടുക്കുവാൻ ഇതുമൂലം സാധിക്കുന്നില്ല. ഉള്ള കാടുകൾ ഇനിയെങ്കിലും നശിക്കാതെ നോക്കാനും കഴിയുന്നത്ര വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

സ്വന്തമായി അഞ്ചു സെൻ്റെ ഉള്ളൂവെങ്കിലും അവിടെ എന്തെങ്കിലും പച്ചക്കറികൾ നട്ടുവളർത്താൻ എല്ലാവരും ശ്രമിക്കണം. പ്രകൃതിദത്തമായ വളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. നമ്മളെല്ലാവരും ഒരു പ്രതിജ്ഞ എടുക്കണം.

എല്ലാ മാസവും ഏതെങ്കിലും ഒരു വൃക്ഷതൈ എങ്കിലും നട്ടുവളർത്തുമെന്നു്. അങ്ങനെയായാൽ, ഒരു വർഷത്തിൽ ഒരാളിനു തന്നെ പന്ത്രണ്ടു വൃക്ഷതൈകൾ നടാൻ കഴിയും. ഓരോരുത്തരും ഇങ്ങനെ ചെയ്താൽ, കുറച്ചുകാലം കൊണ്ടു് ഈ ഭൂമിയുടെ പ്രകൃതിസമ്പത്തു വീണ്ടെടുക്കാൻ നമുക്കു കഴിയും.

ഒരു പ്രത്യേകതരം വൃക്ഷത്തെക്കുറിച്ചു് അമ്മ കേട്ടിട്ടുണ്ടു്. ഈ വൃക്ഷങ്ങളുടെ വേരുകൾ പരസ്പരം കോർത്തു കെട്ടുപിണഞ്ഞാണു കിടക്കുക. ഇതു കാരണം എത്ര വലിയ കാറ്റുണ്ടായാലും ഈ മരങ്ങൾ കടപുഴകി വീഴില്ല. ഇതുപോലെ, സ്‌നേഹത്തോടും ഐക്യത്തോടും പ്രകൃതിയോടൊത്തു നില്ക്കാൻ കഴിഞ്ഞാൽ, ഏതു പ്രതിസന്ധിയെയും നേരിടാനും പ്രകൃതിയുടെ താളലയം വീണ്ടെടുക്കാനും നമുക്കു സാധിക്കും.

പ്രകൃതി നമ്മുടെ ആദ്യത്തെ മാതാവാണു്. പെറ്റമ്മ രണ്ടു വയസ്സു വരെ നമ്മെ മടിയിൽ ചവിട്ടാൻ അനുവദിച്ചേക്കാം. എന്നാൽ പ്രകൃതിയാകുന്ന മാതാവു് ജീവിതകാലം മുഴുവൻ ക്ഷമയോടെ നമ്മുടെ ചവിട്ടു സഹിച്ചുകൊണ്ടു് ആ ഭാരം വഹിക്കുന്നു. കുഞ്ഞിനു് അമ്മയോടു് എത്രമാത്രം കടപ്പാടുണ്ടോ, അതു പോലെ ഒരു കടപ്പാടു്, നമുക്കു പ്രകൃതിയോടുണ്ടു്. ആ കടപ്പാടു നമ്മൾ മറക്കുകയാണെങ്കിൽ അതു നമ്മളെത്തന്നെ മറക്കുന്നതിനു തുല്യമാണു്.