ചോദ്യം : സൈക്യാട്രിസ്റ്റുകള്‍ മനസ്സിന്റെ ഡോക്ടര്‍മാരല്ലേ?

അമ്മ: മനസ്സിന്റെ സമനില തെറ്റിയാല്‍ ചികിത്സിക്കാനേ അവര്‍ക്കു സാധിക്കുന്നുള്ളൂ. എന്നാല്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ എങ്ങനെ ജീവിക്കണം എന്നു പഠിപ്പിക്കുന്നവരാണു് ആദ്ധ്യാത്മിക ഗുരുക്കന്മാര്‍. അതിനുവേണ്ടിയുള്ളതാണു ഗുരുകുലങ്ങള്‍.

ചോദ്യം : ആഗ്രഹങ്ങളാണു ദുഃഖത്തിനു കാരണമെന്നു പറയുന്നു. എന്നാല്‍ ഇവയെ വെടിയാന്‍ എന്താണൊരു മാര്‍ഗ്ഗം?

അമ്മ: നമുക്കു ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള്‍ കൂടെ താമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ടു് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ തയ്യാറാകുമോ? ഇല്ല. അവനു സ്ഥിരബുദ്ധിയില്ല; ഏതു നിമിഷവും നമ്മളെ അപകടപ്പെടുത്തും എന്നറിയാം. പാമ്പിനു് എന്തു നല്കി വളര്‍ത്തിയാലും അതു് അതിന്റെ സ്വഭാവം കാണിക്കും. പേ പിടിച്ച പട്ടിയെ വീട്ടില്‍ വളര്‍ത്തുവാന്‍ ആരും തുനിയുകയില്ല. ഇവയൊക്കെ നമുക്കു ദുഃഖം വരുത്തുന്നവയാണെന്നു ബോദ്ധ്യമള്ളതുകൊണ്ടു് അവയെ ഒന്നും കൂട്ടു പിടിക്കുന്നില്ല. എപ്പോഴും അവയുടെ ബന്ധനങ്ങളില്‍നിന്നും അകന്നു നില്ക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ വളര്‍ത്തിയിരുന്ന നായ് നമുക്കു് എത്ര പ്രിയപ്പെട്ടവനായിരുന്നാലും അതിനു പേ പിടിച്ചാല്‍ കൊല്ലാന്‍ ഒട്ടും മടിക്കില്ല; അതുപോലെ ഓരോ വസ്തുവിന്റെയും സ്വഭാവം മനസ്സിലാക്കി വേണ്ടതിനെ മാത്രം സ്വീകരിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.

ആഗ്രഹങ്ങള്‍ക്കു നമ്മളെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയില്ല. ഇതു മനസ്സിലാക്കാതെ നമ്മള്‍ ദുരാഗ്രഹങ്ങള്‍ വളര്‍ത്തുന്നു. അപകടത്തില്‍ച്ചെന്നു പതിക്കുന്നു. മറ്റുള്ളവരെയും അപകടപ്പെടുത്തുന്നു. അറിഞ്ഞുകൊണ്ടു നമ്മള്‍ വിഷം കുടിക്കുമോ? എത്ര വിശപ്പുണ്ടായിരുന്നാലും കഴിക്കാന്‍ കൊണ്ടുവച്ച ഭക്ഷണത്തില്‍ ചിലന്തി വീണാല്‍പ്പിന്നെ കഴിക്കില്ല. അതുപോലെ ഭൗതികവിഷയങ്ങളോടുള്ള ആഗ്രഹം ദുഃഖത്തിനു കാരണമാകുമെന്നറിഞ്ഞാല്‍ പിന്നീടു മനസ്സു് അവയുടെ പിന്നാലെ പോകുകയില്ല. അങ്ങനെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയാല്‍ ആഗ്രഹങ്ങളില്‍നിന്നു മോചനം നേടുവാന്‍ കഴിയും. പക്ഷേ, ഇതു വളരെ പ്രയാസമാണു്. എന്നാല്‍ അത്രയ്ക്കു ശ്രദ്ധയും വിവേകവും വൈരാഗ്യവും മനനവും അഭ്യാസവുമുണ്ടെങ്കില്‍ സാധിക്കും.

ചോദ്യം : ദുഃഖത്തില്‍നിന്നു് എങ്ങനെ മോചനം നേടാം?

അമ്മ: ആദ്ധ്യാത്മികചിന്ത ഉള്‍ക്കൊണ്ടു ജീവിതം നയിക്കുന്നവര്‍ക്കു ദുഃഖം ഉണ്ടാകാറില്ല.

കൈ മുറിയുമ്പോള്‍ ഇരുന്നു കരഞ്ഞതുകൊണ്ടു പ്രയോജനമുണ്ടോ? വേഗം മരുന്നു വയ്ക്കണം. അല്ലാതെ കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പഴുക്കും. ചിലപ്പോള്‍ സെപ്റ്റിക്കായി മരിച്ചെന്നും വരാം. ഒരാള്‍ നമ്മെ ചീത്ത പറയുന്നു. നമ്മള്‍ മാറിയിരുന്നു കരയുന്നു. അതു സ്വീകരിച്ചതുകൊണ്ടു ദുഃഖമായി. സ്വീകരിച്ചില്ലെങ്കില്‍ അതവര്‍ക്കുതന്നെയായിരിക്കും. അതുകൊണ്ടു് അവയെ നമ്മള്‍ തള്ളിക്കളയണം. ഇങ്ങനെ വിവേകപൂര്‍വ്വം നീങ്ങിയാല്‍ നമുക്കു ദുഃഖത്തില്‍നിന്നു മോചനംനേടാം. കൈ മുറിഞ്ഞാല്‍ മരുന്നുവയ്ക്കാതെ എങ്ങനെ മുറിഞ്ഞു, ഏതു കത്തികൊണ്ടു മുറിഞ്ഞു എന്നും മറ്റും ആലോചിച്ചു നിന്നതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്?

ഒരാളെ പാമ്പു കടിച്ചു. അയാള്‍ വേഗം വീട്ടില്‍ച്ചെന്നു പുസ്തകമെടുത്തു് എന്തു ചികിത്സയാണു ചെയ്യേണ്ടതെന്നു പഠിക്കുകയാണു്. പക്ഷേ, മരുന്നു കണ്ടെത്തുന്നതിനു മുന്‍പു് ആളു മരിച്ചു. പാമ്പു കടിച്ചാല്‍ എത്രയും വേഗം പ്രതിവിധി ചെയ്യണം. അതിനു ശ്രമിക്കാതെ പാമ്പിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നാല്‍ ആളു മരിക്കും. ദുഃഖമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ചോര്‍ത്തു തളരാതെ ദുഃഖത്തെ അതിജീവിക്കാനാണു ശ്രമിക്കേണ്ടതു്. തത്ത്വങ്ങളറിഞ്ഞു് അതു് അനുഭവത്തില്‍ വരുത്തിയ ഗുരുക്കന്മാരുണ്ടു്. അവരുടെ വാക്കനുസരിച്ചു നീങ്ങിയാല്‍ ശാസ്ത്രങ്ങളില്‍ പറയുന്നവിധം ജീവിച്ചാല്‍ ഏതു സാഹചര്യത്തിലും നമുക്കു തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഭൗതികവിദ്യയെക്കാള്‍ ഉപരി ജീവിതത്തില്‍ അവശ്യം പകര്‍ത്തേണ്ട വിദ്യയാണു് ആത്മവിദ്യ. ഈ ലോകത്തില്‍ എങ്ങനെ ജീവിക്കണം എന്നു് അതു പഠിപ്പിക്കുന്നു. ആ വിദ്യ ജീവിതത്തില്‍ പകര്‍ത്താത്തിടത്തോളം നമ്മളെല്ലാം നരകലോകത്തിലേക്കായിരിക്കും പോവുക ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും. ഈ ലോകത്തു് എങ്ങനെ ശാന്തി അനുഭവിക്കാം, എങ്ങനെ അപകടങ്ങളില്‍പ്പെടാതെ ജീവിതം നയിക്കാം എന്നു പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണു ഗുരുകുലങ്ങള്‍. മനസ്സിന്റെ ഡോക്ടര്‍മാരാണു ഗുരുക്കന്മാര്‍.

ചോദ്യം : ചിലര്‍ ജനിക്കുമ്പോള്‍ത്തന്നെ പണക്കാരാണു്. എല്ലാ സുഭിക്ഷതകളുടെയും നടുവില്‍ അവര്‍ വളരുന്നു. ചിലരാകട്ടെ ഒരു നേരത്തെ ഭക്ഷണത്തിനുകൂടി വകയില്ലാത്ത കുടിലുകളില്‍ ജനിക്കുന്നു. ഇതിനു കാരണമെന്താണു്?

അമ്മ: മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചാണു് ഓരോരുത്തര്‍ക്കും പുതിയ ജന്മം കിട്ടുന്നതു്. ചിലര്‍ ജനിക്കുന്നതു കേസരിയോഗസമയത്തായിരിക്കും. അവര്‍ക്കു് എവിടെയും ഐശ്വര്യംതന്നെ. ഐശ്വര്യദേവത അവരില്‍ കുടികൊള്ളുന്നു. മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചു് ആ ദേവതയോടുകൂടി അവര്‍ ജനിക്കുന്നു. ഏകാഗ്രതയോടുകൂടി ഈശ്വരനെ ഭജിച്ചും ദാനധര്‍മ്മങ്ങള്‍ ചെയ്തും കഴിഞ്ഞ ജന്മങ്ങളില്‍ ജീവിച്ചവരായിരിക്കും അവര്‍. അതുമൂലം അവര്‍ക്കു് ഐശ്വര്യമുണ്ടായി. ദുഷ്‌കര്‍മ്മങ്ങള്‍ അധികം ചെയ്തവരാണു കൂടുതല്‍ കഷ്ടത സഹിക്കുന്നതു്.

ചോദ്യം : പക്ഷേ, ഇതൊന്നും നമുക്കറിയാന്‍ കഴിയുന്നില്ലല്ലോ.

അമ്മ: ഈ ജന്മത്തില്‍ത്തന്നെ കുട്ടിക്കാലത്തു ചെയ്ത കാര്യങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നുണ്ടോ? പരീക്ഷയ്ക്കുവേണ്ടി തലേന്നു പഠിച്ച പാഠം പരീക്ഷാസമയത്തു മറന്നുപോകാറില്ലേ? അതുപോലെ എല്ലാം ഒരു മറവിയില്‍ ഇരിക്കുകയാണു്. ജ്ഞാനദൃഷ്ടികൊണ്ടു അവയെ അറിയാന്‍ കഴിയും.

ചോദ്യം : അദ്വൈതഭാവത്തില്‍ ഒരാളിനു് എപ്പോഴും നില്ക്കാന്‍ സാധിക്കുമോ? സമാധിയില്‍ മാത്രമല്ലേ അതു സാധിക്കൂ? സമാധിയില്‍നിന്നു് ഉണര്‍ന്നാല്‍ ദ്വൈതപ്രപഞ്ചത്തിലേക്കല്ലേ വരുന്നതു്?

അമ്മ: നിങ്ങളുടെ കാഴ്ചയില്‍ അവര്‍ ദ്വൈതത്തിലാണു്. പക്ഷേ, അവര്‍ ആ അനുഭൂതിയില്‍ത്തന്നെയാണു്. അരിപ്പൊടിയുടെ കൂടെ ശര്‍ക്കര ചേര്‍ത്തുകഴിഞ്ഞാല്‍പ്പിന്നെ ശര്‍ക്കരയും പൊടിയും വേര്‍തിരിച്ചെടുക്കുവാന്‍ പറ്റില്ല. മധുരം മാത്രമേയുള്ളൂ. അതുപോലെ അദ്വൈതഭാവത്തില്‍ എത്തിയാല്‍, ആ അനുഭൂതിതലത്തിലെത്തിയാല്‍ അവരതായിത്തീരുകയാണു്. പിന്നെ അവരുടെ ലോകത്തില്‍ രണ്ടില്ല. അവരുടെ വ്യവഹാരമെല്ലാം അദ്വൈതാനുഭവത്തിൻ്റെ വെളിച്ചത്തിലായിരിക്കും.

പൂര്‍ണ്ണജ്ഞാനികള്‍ നീറ്റുകക്കപോലെയാണു്, കരിഞ്ഞ കയറു പോലെയാണു്. കാണുമ്പോള്‍ അവയ്ക്കു രൂപമുണ്ടു്. തൊട്ടാലതു നഷ്ടമാകും. കാഴ്ചയില്‍ അവരുടെ പ്രവൃത്തികള്‍ സാധാരണക്കാരുടെതുപോലെ തോന്നും. പക്ഷേ, അവര്‍ സദാ ആത്മാവില്‍ത്തന്നെ രമിക്കുന്നു. അവര്‍ ആത്മസ്വരൂപംതന്നെയാണു്.

ചോദ്യം : അദ്വൈതാനുഭവം ഒന്നു വിവരിക്കാമോ?

അമ്മ: പഞ്ചസാര കഴിച്ചിട്ടു് എത്ര മധുരം എന്നു പറയാന്‍ പറ്റാത്തതുപോലെ അതു വാക്കിനതീതമാണു്. വാക്കുകള്‍ക്കതീതമാണു് അനുഭൂതി. അതു വിവരിക്കാന്‍ കഴിയുന്നതല്ല. ആഹാരം കഴിച്ചാല്‍ അതിൻ്റെ ഗുണം പിന്നീടു കാണുന്നില്ലേ? ഉറക്കത്തിൻ്റെ ഫലം ഉണരുമ്പോഴുള്ള ഉന്മേഷവും ശാന്തിയുമാണു്. അതുപോലെ സമാധിയിലെ ആ ശാന്തി ഉണര്‍ന്നുകഴിഞ്ഞാലും നിലനില്ക്കുന്നു.

ചോദ്യം : ആത്മാവിനു രൂപമില്ലല്ലോ! പിന്നെങ്ങനെയാണു് അതിൻ്റെ സ്വാധീനം മനസ്സിലാക്കുവാന്‍ സാധിക്കുക?

അമ്മ: വായുവിനു രൂപമില്ല. പക്ഷേ, അതിനെ ഒരു ബലൂണിലാക്കിക്കഴിയുമ്പോള്‍ നമുക്കു പൊക്കിയിടുകയും തട്ടിക്കളിക്കുകയും മറ്റും ചെയ്യാം. അതുപോലെ ആത്മാവിനും രൂപമില്ല. അതു സര്‍വ്വവ്യാപിയാണു്. എന്നാല്‍ ഉപാധിയിലൂടെ അതിൻ്റെ സ്വാധീനം അറിയുവാന്‍ കഴിയുന്നു.

ചോദ്യം : സാക്ഷാത്കാരം കിട്ടിയവരുടെ അവസ്ഥ എങ്ങനെയാണു്?

അമ്മ: ഹൈഡ്രജന്‍ നിറച്ചുവിട്ട ബലൂണ്‍ താഴേക്കു വരുന്നില്ല. മുകളിലേക്കു മാത്രമേ പോകുകയുള്ളൂ. അതുപോലെ ആത്മജ്ഞാനം ലഭിച്ചവര്‍ക്കു് ഉന്നതി മാത്രമേയുള്ളൂ. പതനമില്ല. വടക്കുനോക്കിയന്ത്രം പോലെയാണവരുടെ മനസ്സു്. എപ്പോഴും ആ ലക്ഷ്യത്തില്‍ത്തന്നെ നില്ക്കും.