ജോലിക്കു് ആളെ വേണമെന്നു കാണിച്ചു കൊണ്ടുള്ള പരസ്യം പലപ്പോഴും പത്രങ്ങളില്‍ കാണാം.

എം.എ. ഡിഗ്രി വേണം. നീളം ഇത്ര വേണം. ആരോഗ്യത്തിനു കുഴപ്പമില്ലെന്നു കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റു വേണം. സ്വഭാവ സര്‍ട്ടിഫിക്കറ്റു വേണം. ഇതൊക്കെയുള്ളവര്‍ക്കേ അപേക്ഷിക്കുവാന്‍ പാടുള്ളൂ.

ഈ യോഗ്യതയെല്ലാം ഉള്ളവര്‍ക്കു വേണ്ടിയുള്ള എഴുത്തു പരീക്ഷയും കഴിഞ്ഞു. ഇൻ്റര്‍വ്യൂവും കഴിഞ്ഞു. പക്ഷേ, എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്കിയ ചിലരെ എടുത്തു കണ്ടില്ല. എന്നാല്‍ അത്രയൊന്നും നന്നായി ഉത്തരം പറയാത്ത ചിലരെ ജോലിക്ക് എടുക്കുകയും ചെയ്തു.

ഇതു പലപ്പോഴുമുള്ള അനുഭവമാണു്. എന്താണിതിനു കാരണം. ഇൻ്റര്‍വ്യൂ ചെയ്ത ആളുടെ മനസ്സിനെ അലിയിപ്പിക്കുന്ന ആ കൃപ അവരില്‍ ഇല്ലാതെ പോയി. ആ കൃപ ഉള്ളവര്‍ക്കാകട്ടെ, ഉത്തരം ചിലതൊക്ക തെറ്റിയെങ്കില്‍ക്കൂടി ജോലി ലഭിക്കുകയും ചെയ്തു.

പ്രയത്‌നത്തിലുള്ള വിജയം കൃപയെക്കൂടി ആശ്രയിച്ചിരിക്കുന്നു. എല്ലാ പ്രയത്‌നത്തിനുമുപരി ആ കൃപ കൂടി വന്നാലേ എന്തും പൂര്‍ണ്ണമാവുകയുള്ളൂ, ജീവിതത്തിൻ്റെ ഒഴുക്കു മുന്നോട്ടുള്ളതാകൂ. ആ കൃപ നേടണമെങ്കിലോ, കര്‍മ്മത്തില്‍ ശുദ്ധിയുണ്ടാകാതെ സാദ്ധ്യമല്ല.


ഭൂമുഖത്തു് കാടുകളാണു് അന്തരീക്ഷത്തിലെ വായുവിൻ്റെ ശുദ്ധി സംരക്ഷിക്കുന്നതു്. ഭൂമിയിലുള്ള കാടുകൾ ഇപ്പോൾ നാലിലൊന്നായിക്കുറഞ്ഞു.

ആധുനികമനുഷ്യൻ വിഷപൂരിതമാക്കിയ അന്തരീക്ഷവായുവിൻ്റെ ശുദ്ധി വീണ്ടെടുക്കുവാൻ ഇതുമൂലം സാധിക്കുന്നില്ല. ഉള്ള കാടുകൾ ഇനിയെങ്കിലും നശിക്കാതെ നോക്കാനും കഴിയുന്നത്ര വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

സ്വന്തമായി അഞ്ചു സെൻ്റെ ഉള്ളൂവെങ്കിലും അവിടെ എന്തെങ്കിലും പച്ചക്കറികൾ നട്ടുവളർത്താൻ എല്ലാവരും ശ്രമിക്കണം. പ്രകൃതിദത്തമായ വളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. നമ്മളെല്ലാവരും ഒരു പ്രതിജ്ഞ എടുക്കണം.

എല്ലാ മാസവും ഏതെങ്കിലും ഒരു വൃക്ഷതൈ എങ്കിലും നട്ടുവളർത്തുമെന്നു്. അങ്ങനെയായാൽ, ഒരു വർഷത്തിൽ ഒരാളിനു തന്നെ പന്ത്രണ്ടു വൃക്ഷതൈകൾ നടാൻ കഴിയും. ഓരോരുത്തരും ഇങ്ങനെ ചെയ്താൽ, കുറച്ചുകാലം കൊണ്ടു് ഈ ഭൂമിയുടെ പ്രകൃതിസമ്പത്തു വീണ്ടെടുക്കാൻ നമുക്കു കഴിയും.

ഒരു പ്രത്യേകതരം വൃക്ഷത്തെക്കുറിച്ചു് അമ്മ കേട്ടിട്ടുണ്ടു്. ഈ വൃക്ഷങ്ങളുടെ വേരുകൾ പരസ്പരം കോർത്തു കെട്ടുപിണഞ്ഞാണു കിടക്കുക. ഇതു കാരണം എത്ര വലിയ കാറ്റുണ്ടായാലും ഈ മരങ്ങൾ കടപുഴകി വീഴില്ല. ഇതുപോലെ, സ്‌നേഹത്തോടും ഐക്യത്തോടും പ്രകൃതിയോടൊത്തു നില്ക്കാൻ കഴിഞ്ഞാൽ, ഏതു പ്രതിസന്ധിയെയും നേരിടാനും പ്രകൃതിയുടെ താളലയം വീണ്ടെടുക്കാനും നമുക്കു സാധിക്കും.

പ്രകൃതി നമ്മുടെ ആദ്യത്തെ മാതാവാണു്. പെറ്റമ്മ രണ്ടു വയസ്സു വരെ നമ്മെ മടിയിൽ ചവിട്ടാൻ അനുവദിച്ചേക്കാം. എന്നാൽ പ്രകൃതിയാകുന്ന മാതാവു് ജീവിതകാലം മുഴുവൻ ക്ഷമയോടെ നമ്മുടെ ചവിട്ടു സഹിച്ചുകൊണ്ടു് ആ ഭാരം വഹിക്കുന്നു. കുഞ്ഞിനു് അമ്മയോടു് എത്രമാത്രം കടപ്പാടുണ്ടോ, അതു പോലെ ഒരു കടപ്പാടു്, നമുക്കു പ്രകൃതിയോടുണ്ടു്. ആ കടപ്പാടു നമ്മൾ മറക്കുകയാണെങ്കിൽ അതു നമ്മളെത്തന്നെ മറക്കുന്നതിനു തുല്യമാണു്.

ജനങ്ങളുടെ കഷ്ടത കാണുമ്പോള്‍, ഹൃദയത്തില്‍ കാരുണ്യം ഊറുന്നവനു മടിപിടിച്ചിരിക്കാനാവില്ല. ഈ കാരുണ്യമുള്ള ഹൃദയത്തിലേ ഈശ്വരൻ്റെ കൃപ എത്തുകയുള്ളൂ.

ഈ കാരുണ്യമില്ലാത്തിടത്തു് ഈശ്വരകൃപ എത്തിയാലും പ്രയോജനപ്പെടില്ല. കഴുകാത്ത പാത്രത്തില്‍ പാലൊഴിക്കുന്നതുപോലെയാണതു്. മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാകുന്ന കര്‍മ്മം ചെയ്യുന്നതിലൂടെ മാത്രമേ അന്തഃകരണശുദ്ധി നേടാനാവൂ.

ഒരു രാജ്യത്തെ രാജാവിനു രണ്ടു മക്കളുണ്ടായിരുന്നു. രാജാവിനു വാനപ്രസ്ഥത്തിനു പേകേണ്ട സമയമായി. മക്കളില്‍ ആരെ രാജാവായി വാഴിക്കണം. ജനങ്ങളെ സ്നേഹിക്കുന്ന ഒരാളായിരിക്കണം രാജാവാകേണ്ടതു്. രാജാവിനു് ഒരു തീരുമാനത്തിലെത്താനായില്ല. അദ്ദേഹം തൻ്റെ ഗുരുവിനെ സമീപിച്ചു. ഭാവി അറിയാന്‍ കഴിയുന്ന ആളാണല്ലോ ഗുരു. കുട്ടികളെയും കൂട്ടി അദ്ദേഹം ഗുരുവിനു് അരികിലെത്തി. തൻ്റെ ആഗ്രഹം ഗുരുവിനെ അറിയിച്ചു.

എല്ലാം കേട്ടശേഷം ഗുരു പറഞ്ഞു. ”കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അടുത്ത ദ്വീപിലേക്കു പോകും. രാജകുമാരന്മാരെ അവിടേക്കയയ്ക്കണം. കുതിരപ്പുറത്തോ വാഹനങ്ങളിലോ വരാന്‍ പാടില്ല. കൂടെ സേവകരെയും അയയ്ക്കരുതു്. ഭക്ഷണം പുറപ്പെടുമ്പോള്‍ത്തന്നെ അവരെ ഏല്പിച്ചാല്‍ മതി.” ഗുരു പറഞ്ഞ ദിവസംതന്നെ, കുമാരന്മാരെ രാജാവു ദ്വീപിലേക്കു യാത്രയാക്കി. ഗുരുവിൻ്റെ നിര്‍ദ്ദേശപ്രകാരം, ആരുടെയും അകമ്പടി കൂടാതെയാണു് അവര്‍ യാത്രതിരിച്ചതു്.

ആദ്യം പുറപ്പെട്ടതു മൂത്ത കുമാരനാണു്. പോകുന്ന വഴി ഒരു ഭിക്ഷക്കാരന്‍ അദ്ദേഹത്തിൻ്റെ അടുത്തേക്കു് ഓടിച്ചെന്നു. അയാള്‍ കുമാരനോടു, ”വിശക്കുന്നേ, രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ടു്. വല്ലതും തരണേ” എന്നു യാചിച്ചു. കുമാരനു് ഇതൊട്ടും ഇഷ്ടമായില്ല. കുമാരന്‍ ഗൗരവത്തോടെ അവിടെ ഉണ്ടായിരുന്ന ജനങ്ങളെ നോക്കി പറഞ്ഞു. ”ഞാന്‍ രാജാവിൻ്റെ മൂത്ത പുത്രനല്ലേ. ഞാന്‍ വരുമ്പോള്‍, ഈ യാചകരെയൊക്കെ വഴിയില്‍ നിര്‍ത്തുന്നതു ശരിയാണോ?.” മേലില്‍ ഇതാവര്‍ത്തിക്കരുതെന്നു് ആജ്ഞാപിച്ചിട്ടു കുമാരന്‍ നടന്നുപോയി.

അല്പനേരത്തിനു ശേഷം രണ്ടാമത്തെ കുമാരനും അതുവഴി വന്നു. പഴയതുപോലെ, യാചകന്‍ ഇളയകുമാരൻ്റെ അടത്തുവന്നു ഭക്ഷണത്തിനു യാചിച്ചു. ‘ഞാന്‍ ഇന്നു കാലത്തു ഭക്ഷണം കഴിച്ചതാണു്. ഈ സാധുവാകട്ടെ ഭക്ഷണം കഴിച്ചിട്ടു രണ്ടു ദിവസമായെന്നു തോന്നുന്നു. കഷ്ടം…’ ഇങ്ങനെ ചിന്തിച്ചു കൈയിലുണ്ടായിരുന്ന ഭക്ഷണപ്പൊതി ആ സാധുവിനു നല്കി. യാചകനെ ആശ്വസിപ്പിച്ചതിനു ശേഷമേ ഇളയകുമാരന്‍ അവിടെനിന്നും പോയുള്ളൂ.

കുമാരന്മാര്‍ക്കു ഒരു പുഴ കടന്നുവേണം ദ്വീപിലെത്താന്‍. അവര്‍ നദിക്കരയിലെത്തി. അവിടെ ദേഹം മുഴുവന്‍ പഴുത്തളിഞ്ഞ വ്രണവുമായി നീന്തലറിയാത്ത ഒരു കുഷ്ഠരോഗി തന്നെക്കൂടി അക്കരെ കടത്തുന്നതിനായി യാചിച്ചുകൊണ്ടിരിക്കുകയാണു്. മൂത്തകുമാരന്‍ ദുര്‍ഗ്ഗന്ധം കാരണം മൂക്കും പൊത്തിപ്പിടിച്ചു വെള്ളത്തിലേക്കിറങ്ങി നടന്നു. പക്ഷേ, കുഷ്ഠരോഗിയാണെങ്കിലും ആ സാധുവിനെ ഉപേക്ഷിച്ചു പോകുവാന്‍ ഇളയകുമാരനു കഴിഞ്ഞില്ല. ‘പാവം ഈ സാധുവിനെ ഞാനും ഉപേക്ഷിച്ചാല്‍, പിന്നെ ആരു സഹായിക്കും.’ ഈ ചിന്തയോടെ കുമാരന്‍ ആ കുഷ്ഠരോഗിയെ എടുത്തു തോളിലിട്ടു കൊണ്ടു് അക്കരെയെത്തുന്നതിനായി നദിയിലേക്കിറങ്ങി നടന്നു തുടങ്ങി.

പെട്ടെന്നാണു നദിയിലെ ജലനിരപ്പുയര്‍ന്നതു്. ഉരുള്‍പൊട്ടിയതാണു്. വെള്ളം ശക്തിയായി ഒഴുകിവരികയാണു്. മൂത്തകുമാരനു കാലു നിലത്തുറപ്പിക്കാന്‍ കഴിഞ്ഞില്ല. വെള്ളം അത്രയ്ക്കുയര്‍ന്നു. നീന്താന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല. ശക്തിയായ ഒഴുക്കില്‍പ്പെട്ടു മൂത്തകുമാരന്‍ താഴേക്കൊഴുകി. ജലനിരപ്പുയര്‍ന്നെങ്കിലും ഇളയ കുമാരന്‍, കുഷ്ഠരോഗിയെ കൈവിട്ടില്ല. ആ സാധുവിനെയും തോളിലിട്ടുകൊണ്ടു നീന്താന്‍ ശ്രമിച്ചു. കൈകാലുകള്‍ കുഴഞ്ഞു. പിടിച്ചുനില്ക്കുവാന്‍ പറ്റാത്ത അവസ്ഥയായി. പെട്ടെന്നാണു്, ഒരു മരം കടപുഴകി ഒഴുകിവരുന്നതു് കുമാരന്‍ കണ്ടതു്. വേഗം അതില്‍ കടന്നുപിടിച്ചു. കുഷ്ഠരോഗിയെയും അതില്‍ കയറ്റിയിരുത്തി.

രണ്ടു പേരും ആ മരത്തിൻ്റെ സഹായത്താല്‍ വെള്ളത്തില്‍ താഴാതെ മറുകരയെത്തി. ആ കുഷ്ഠരോഗിയെ സുരക്ഷിതമായി എത്തിച്ചതിനുശേഷം കുമാരന്‍ ഗുരുവിൻ്റെ അടുത്തെത്തി. അതോടെ ഇളയ കുമാരന്‍തന്നെ രാജാവാകാന്‍ യോഗ്യനെന്നു തെളിയുകയും ചെയ്തു. ഇളയകുമാരൻ്റെ കാരുണ്യമാണു കൃപയായി, വൃക്ഷമായി വന്നു കുമാരനെ തുണച്ചതു്. കാരുണ്യമുള്ളവൻ്റെ അടുത്തു കൃപ താനെയെത്തും. എത്ര നീന്തറിയുന്നവനും ശക്തമായ ഒഴുക്കില്‍ രക്ഷപ്പെടാനാവില്ല. അവിടെ ഈശ്വരകൃപ ഒന്നു മാത്രമേ ആശ്രയമാകുകയുള്ളൂ. ഈ കൃപ നേടണമെങ്കില്‍, നമ്മളില്‍നിന്നു നല്ല കര്‍മ്മങ്ങള്‍ ഉണ്ടാവാതെ ഒരിക്കലും സാദ്ധ്യമല്ല. മക്കളേ, നമ്മുടെ ഓരോ കര്‍മ്മത്തിലും കാരുണ്യം നിറഞ്ഞുനില്ക്കണം.

നഗരങ്ങൾ മലിനമാകുന്നതിനു് ഒരു പ്രധാന കാരണം വാഹനങ്ങളുടെ പെരുപ്പമാണു്. ഇപ്പോൾത്തന്നെ മിക്ക കുടുംബങ്ങൾക്കും സ്വന്തമായി ഒന്നും അതിലധികവും കാറുകളുണ്ടു്.

ജോലിയുള്ള അഞ്ചു പേർ ഒരേ സ്ഥലത്തു താമസിക്കുന്നുണ്ടെങ്കിൽ, അവർ കൂട്ടമായി ഒരു തീരുമാനമെടുക്കണം. രാവിലെ ഓഫീസിൽ പോകുമ്പോൾ, ഒരു ദിവസം എല്ലാവരും ഒരാളുടെ കാറിൽ പോകണം, അവരവർക്കു് ആവശ്യമുള്ള സ്ഥലത്തു് ഓരോരുത്തരെയും ഇറക്കിവിടാം. അടുത്ത ദിവസം മറ്റൊരാളുടെ കാറിൽ പോകണം. അങ്ങനെ പരസ്പരം ഒരു ധാരണ ഉണ്ടാക്കാൻ കഴിഞ്ഞാൽ റോഡിൽ അഞ്ചു കാറിൻ്റെ സ്ഥാനത്തു് ഒരു കാറേ ഉണ്ടാകൂ.

ഒരു സംസ്ഥാനത്തിൻ്റെ കാര്യമെടുത്താൽ ഒരു ലക്ഷം കാറു നിരത്തിലിറങ്ങുന്ന സ്ഥാനത്തു്, അതു് ഇരുപതിനായിരമാക്കിക്കുറയ്ക്കാൻ സാധിക്കും. ഈവിധം എത്ര ഇന്ധനം നമുക്കു ലാഭിക്കാൻ കഴിയും! അന്തരീക്ഷമലിനീകരണവും അത്രകണ്ടു കുറയും. ഡീസൽ കൂടുതൽ നാളേക്കു നില നില്ക്കുകയും ചെയ്യും. ഭൂമിയിലെ ഡീസൽ കുറഞ്ഞു വരുകയാണല്ലോ. ഇതിനെല്ലാമുപരി ജനങ്ങൾ തമ്മിൽ സ്‌നേഹവും ഐക്യവും വളരും. എന്തുകൊണ്ടും എല്ലാവർക്കും പ്രായോഗികമാക്കാൻ പറ്റുന്ന ഒരു നിർദ്ദേശമാണിതെന്നു തോന്നുന്നു.

ചെറിയ ദൂരം യാത്ര ചെയ്യുവാൻ ഡീസൽ വാഹനങ്ങൾക്കു പകരം സൈക്കിൾ ഉപയോഗിക്കാം. സൈക്കിളിൽപ്പോയാൽ നമ്മുടെ ശരീരത്തിനു വ്യായാമം ലഭിക്കും. ഇന്നു രോഗങ്ങൾ ഇത്രകണ്ടു വർദ്ധിക്കാൻ പ്രധാനകാരണം വ്യായാമം കുറഞ്ഞതാണു്. ചില അമ്മമാർ പറയുന്നതു കേട്ടിട്ടുണ്ടു്, “എൻ്റെ മക്കളെ ഇത്ര രൂപ കൊടുത്തു ഞാൻ ജിംനേഷ്യത്തിൽ വിടാറുണ്ടു്,“ എങ്ങനെയാണു വിടുന്നതെന്നു ചോദിച്ചു, “കാറിലാണു കൊണ്ടുവിടാറു്.“ ദൂരം ഒന്നര കിലോ മീറ്ററേ ഉള്ളൂ, ആ ഒന്നര കിലോമീറ്റർ നടന്നിരുന്നെങ്കിൽ അതുതന്നെ ഒരു വ്യായാമം ആകില്ലേ? ഇത്രയും പണം ചെലവാക്കി ജിംനേഷ്യത്തിൽ വിടേണ്ട ആവശ്യമുണ്ടാകുമായിരുന്നോ?

നമ്മുടെ ജീവിതത്തില്‍ ആകെക്കൂടി നോക്കിയാല്‍ രണ്ടു കാര്യങ്ങളാണു നടക്കുന്നതു്. ഒന്നു കര്‍മ്മം ചെയ്യുക. രണ്ടു ഫലം അനുഭവിക്കുക.

ഇതില്‍ നല്ല കര്‍മ്മം ചെയ്താല്‍ നല്ല ഫലം കിട്ടും. ചീത്ത കര്‍മ്മത്തില്‍നിന്നു ചീത്ത ഫലമേ കിട്ടുകയുള്ളൂ. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മവും വളരെ ശ്രദ്ധയോടുകൂടിവേണം ചെയ്യുവാന്‍.


ചിലര്‍ കര്‍മ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നതു കാണാം. വേദാന്തഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള അവര്‍ ചോദിക്കും ആത്മാവു് ഒന്നു മാത്രമേയുള്ളുവല്ലോ, അപ്പോള്‍ ആത്മാവു് ഏതാത്മാവിനെ സേവിക്കാനാണു്? എന്നാല്‍ ഇത്തരം ചോദ്യം ചോദിക്കുന്നവര്‍പോലും ശാരീരികമായ ആവശ്യങ്ങളില്‍ വളരെയേറെ താത്പര്യം പുലര്‍ത്തുന്നതു കാണാം.

അവര്‍ പന്ത്രണ്ടു മണിയടിക്കാന്‍ കാത്തിരിക്കും; ഭക്ഷണം കഴിക്കാന്‍. കൃത്യസമയത്തു് ആഹാരം കിട്ടിയില്ലെങ്കില്‍ അവര്‍ വിമ്മിഷ്ടപ്പെടും. മറ്റുള്ളവരോടു കോപിച്ചെന്നും വരാം. വിശപ്പിനു മുന്നില്‍ അവരുടെ ആത്മബോധം എവിടെപ്പോയി? ആത്മാവിനു ഭക്ഷണം എന്തിനു് എന്നു് അവര്‍ ചോദിക്കാറില്ല.

ഉണ്ണണം, കിടക്കണം, നല്ല വസ്ത്രം ധരിക്കണം തുടങ്ങിയ കര്‍മ്മങ്ങളിലെല്ലാം അവര്‍ക്കു വിട്ടുവീഴ്ചയില്ല. അന്യര്‍ക്കു നന്മ ചെയ്യുന്ന കാര്യത്തില്‍ മാത്രമേ വൈമനസ്യമുള്ളൂ. ഇതു ശരിയായ വേദാന്തവീക്ഷണമല്ല. ഒരു ജോലിയും ചെയ്യാതെ മടിപിടിച്ചിരിക്കുന്ന മടിയന്മാരുടെ വാദമാണിതു്. അതു നമുക്കൊരിക്കലും കൂട്ടാവില്ല.

കര്‍മ്മം ചെയ്യാതിരിക്കുന്നതല്ല, കര്‍മ്മം ചെയ്യുമ്പോഴും താന്‍ യാതൊന്നും ചെയ്യുന്നില്ല എന്നു ബോധിക്കുന്നതാണു ശരിയായ ജ്ഞാനം. നമുക്കു് ഒരു നിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ കഴിയില്ല എന്നതാണു വാസ്തവം. കൈകൊണ്ടു് ഒന്നും ചെയ്യുന്നില്ലെങ്കില്‍ ചിന്തകൊണ്ടു ചെയ്യും. ഉറങ്ങുകയാണെങ്കില്‍ സ്വപ്‌നത്തില്‍ ചെയ്യും. ശ്വാസോച്ഛ്വാസവും മറ്റു ശാരീരികകര്‍മ്മങ്ങളും അതിൻ്റെ മുറയ്ക്കു നടക്കും.

എങ്ങനെയായാലും കര്‍മ്മം ഒഴിവാക്കാന്‍ പറ്റുകയില്ല. എങ്കില്‍പ്പിന്നെ ലോകത്തിനു പ്രയോജനകരമായ രീതിയില്‍ എന്തെങ്കിലും കര്‍മ്മം ചെയ്തുകൂടെ. അതു കൈകാലുകള്‍ കൊണ്ടായാലും എന്താണു തെറ്റു്. നിഷ്‌കാമമായ കര്‍മ്മം വാസനകളെ ക്ഷയിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. നല്ല ചിന്തയും നല്ല വാക്കും നല്ല പ്രവൃത്തിയും ഉണ്ടായാല്‍ മാത്രമേ അതുവരെ ആര്‍ജ്ജിച്ച ചീത്ത സംസ്‌കാരത്തെ ജയിക്കാന്‍ കഴിയൂ.

പണ്ടു ഗുരുകുലങ്ങളില്‍ വേദാന്തപഠനത്തിനു വരുന്ന ശിഷ്യരെ ഗുരു വിറകു ശേഖരിക്കാനും ചെടികള്‍ നനയ്ക്കാനും വസ്ത്രം അലക്കാനും എല്ലാം നിയോഗിക്കും. സ്വാര്‍ത്ഥതയും ശരീരബുദ്ധിയും മറികടക്കാന്‍ നിസ്സ്വാര്‍ത്ഥമായ സേവനം ആവശ്യമാണു്. അതുകൊണ്ടു് ആരും നല്ല കര്‍മ്മം ചെയ്യാതെ മടിപിടിച്ചിരിക്കുകയോ കര്‍മ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുതു്.