(ജര്‍മ്മനിയില്‍നിന്നും ഒരു സംഘം ഭക്തര്‍ അമ്മയെ ദര്‍ശിക്കുന്നതിനായി ആശ്രമത്തിലെത്തി. വര്‍ഷങ്ങളായി സാധനകള്‍ അനുഷ്ഠിക്കുന്നവരാണു് അതില്‍ കൂടുതല്‍ പേരും. അവരുടെ ചോദ്യങ്ങള്‍ മുഖ്യമായും സാധനയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അമ്മയുമായി അവര്‍ നടത്തിയ സംഭാഷണം)

ചോദ്യം : ഭക്ഷണവും ധ്യാനവും തമ്മിലുള്ള സമയദൈര്‍ഘ്യം എങ്ങനെ ആയിരിക്കണം?

അമ്മ: മക്കളേ, ഭക്ഷണം കഴിഞ്ഞ ഉടനെ ധ്യാനം പാടില്ല. മുഖ്യ ഭക്ഷണം കഴിഞ്ഞാല്‍ രണ്ടുമണിക്കൂറെങ്കിലും കഴിയാതെ ധ്യാനിക്കരുതു്. ഭക്ഷണം ലഘുവായിരുന്നാലും അരമണിക്കൂര്‍ കഴിയാതെ ധ്യാനിക്കുന്നതു നല്ലതല്ല. ധ്യാനിക്കാനിരിക്കുമ്പോള്‍ ശരീരത്തിന്റെ ഏതു ഭാഗത്താണോ നമ്മള്‍ ഏകാഗ്രതയ്ക്കു ശ്രമിക്കുന്നതു്, അവിടേക്കു മനസ്സുപോകും. അതുമൂലം ദഹനക്കുറവുണ്ടാകും. ഛര്‍ദ്ദിലുണ്ടാകും. തലവേദനയും മറ്റു പല അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ടു്. അതിനാല്‍ ഭക്ഷണം കഴിഞ്ഞാല്‍ ശരിക്കു ദഹനം നടക്കാന്‍ സമയം നല്കിയതിനുശേഷമേ ധ്യാനം നടത്താന്‍ പാടുള്ളൂ.

30 Sep 2017, അമൃതപുരി

അമൃതപുരിയില്‍ നവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശ്രമത്തിലെത്തിയ വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്ക് വിജയദശമി ദിനത്തില്‍ അമ്മ ആദ്യാക്ഷരം കുറിച്ചു.

അറിവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹം, ഉത്സാഹം, ക്ഷമ ഇവയെല്ലാ മാണ് വിദ്യയെ പൂര്‍ണ്ണതയിലേയ്ക്ക് എത്തിക്കുന്നത്. ആ വിനയവും ഉത്സാഹവും സമര്‍പ്പണഭാവവും നമ്മുടെ ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും ഭൗതികമായ ഐശ്വര്യത്തിലും ലാഭത്തിലും ഉപരി ഒരു സാധകന്റെ പടിപടിയായിട്ടുള്ള ആദ്ധ്യാത്മിക ഉയര്‍ച്ചയുടെയും ആത്യാന്തിക മുക്തിയുടെയും സന്ദേശമാണ് നവരാത്രി നല്‍കുന്നതെന്ന് സത്‌സംഗത്തില്‍ അമ്മ പറഞ്ഞു. എല്ലാത്തിനോടുമുള്ള ആദരവ് ഒരു തുടക്കക്കാരന്റെ ഭാവം ഇവ കാത്തു സൂക്ഷിച്ചാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.

തന്റെ ചൂണ്ടുവിരല്‍ ഗുരുവിന്റെ കൈകളില്‍ ഏല്പിക്കുന്നതുകൊണ്ടാണ് കുഞ്ഞിന് വിദ്യാരംഭം കുറിക്കാന്‍ കഴിയുന്നത്. ചൂണ്ടുവിരല്‍ അഹങ്കാരത്തിന്റെ പ്രതീകമാണ്. നമ്മള്‍ മറ്റുള്ളവരുടെ നേരെ ചൂണ്ടി നീ തെറ്റ് ചെയ്തു എന്നു പറയാറുണ്ട്. അങ്ങിനെ പറയുമ്പോഴും മൂന്നു വിരല്‍ തന്റെ നേരെയാണ് ചൂണ്ടുന്നത് എന്ന് നമ്മള്‍ ഓര്‍ക്കാറില്ല. മറ്റുള്ളവര്‍ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മൂന്നു തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നാണ് ഈ വിരലുകള്‍ നല്‍കുന്ന സൂചന.

സത്‌സംഗത്തെ തുടര്‍ന്ന് അമ്മ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം ചൊല്ലിക്കൊടുക്കുകയും അവിടെ കൂടിയിരുന്ന ഭക്തര്‍ അത് നിലത്ത് എഴുതി ഏറ്റുചൊല്ലിയത് ഭക്തിയുടെ നിഷ്‌ക്കളങ്കമായ അന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് അമ്മ കുഞ്ഞുങ്ങള്‍ ഓരോരുത്തരെയായി മടിയിലിരുത്തി അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു. വാദ്യ സംഗീതം നൃത്തം തുടങ്ങിയവ അഭ്യസിച്ചവരുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.

 

ചോദ്യം : മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ അവരെ വിട്ടു് ആശ്രമത്തില്‍ ചേരുന്നതു ശരിയാണോ? അതു സ്വാര്‍ത്ഥതയല്ലേ, വാര്‍ദ്ധക്യത്തില്‍ ആരവരെ ശുശ്രൂഷിക്കും?

അമ്മ: മക്കളില്ലാത്തവര്‍ ഈ ലോകത്തു ജീവിക്കുന്നില്ലേ; അവരെ വയസ്സുകാലത്തു് ആരാണു നോക്കുന്നതു്? ഇന്നു് ഒരു കുട്ടി ആശ്രമത്തില്‍ ചേരുന്നതു് അനേകം പേരെ രക്ഷിക്കുന്നതിനു വേണ്ടിയാണു്. ഒരച്ഛനും അമ്മയ്ക്കും വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വയ്ക്കുന്നതാണോ, അതോ ജീവിതം ലോകത്തിനു സമര്‍പ്പിക്കുന്നതാണോ സ്വാര്‍ത്ഥത? വീട്ടില്‍ താമസിച്ചാല്‍ ഒരു കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഒരു കുട്ടിക്കു് എം.ബി.ബി.എസ്സിനു പഠിക്കാന്‍ അന്യസംസ്ഥാനത്തു പോകണം. പഠിത്തം കഴിഞ്ഞെത്തിയാല്‍ അനേകം പേരെ ശുശ്രൂഷിക്കാം. എന്നാല്‍ അച്ഛനെയും അമ്മയെയും നോക്കാന്‍ ആളില്ലെന്നു പറഞ്ഞു പോകാതിരുന്നാലോ? എന്തായാലും അച്ഛനെയും അമ്മയെയും മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയില്ല. പഠിത്തം തീര്‍ന്നെത്തിയാല്‍ രോഗപീഡയില്‍നിന്നെങ്കിലും രക്ഷിക്കാന്‍ കഴിയും. ആശ്രമത്തില്‍ ചേരുന്നതു സാധന ചെയ്തു ശക്തിനേടി ലോകോപകാരാര്‍ത്ഥം ജീവിക്കുവാന്‍ വേണ്ടിയാണു്. മാതാപിതാക്കള്‍ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍ നല്ല മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതിനു വേണ്ടിയാണു്. പൂര്‍ണ്ണമായ ദുഃഖശാന്തിയുടെ മാര്‍ഗ്ഗമാണവര്‍ക്കു നല്കുവാനുള്ളതു്. പക്ഷേ, അതിനു മനോനിയന്ത്രണം വേണം. അതു നേടുന്നതിനുവേണ്ടി തുടക്കത്തില്‍ മമതാബന്ധം വിട്ടെറിയണം. പിന്നീടു് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുവാനും സേവിക്കുവാനും കഴിയും. അങ്ങനെയുള്ളവരുടെ ഓരോ ശ്വാസവും ലോകമംഗളത്തിനുവേണ്ടി മാത്രമുള്ളതാണു്.

ചോദ്യം : ഈശ്വരന്‍ എന്തിനാണു് ഇങ്ങനെ ഒരു ഭൂമിയും അതില്‍ കുറെ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നതു്?

അമ്മ: ഈശ്വരന്‍ ആരെയും സൃഷ്ടിച്ചിട്ടില്ല. ഇതു നമ്മുടെ സൃഷ്ടിയാണു്.

അനേകം സ്വര്‍ണ്ണവും രത്‌നങ്ങളും സൂക്ഷിക്കുന്ന ഒരു ക്ഷേത്രക്കലവറ സൂക്ഷിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. അയാള്‍ രാത്രി ഉറക്കമൊഴിച്ചിരിക്കേണ്ടതിനു പകരം കിടന്നുറങ്ങി; ആ തക്കത്തിനു കുറെ കള്ളന്മാര്‍ കലവറയിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. ഉണര്‍ന്നപ്പോഴാണു സൂക്ഷിപ്പുകാരന്‍ മോഷണത്തെക്കുറിച്ചറിയുന്നതു്. അയാള്‍ക്കു് ആധിയായി. ‘എന്നെ പോലീസു പിടിക്കുമോ! എൻ്റെ കുട്ടികള്‍ക്കിനി ആരുമില്ലേ!’ അയാള്‍ കിടന്നു നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഉറങ്ങിയ സമയത്തു് ഈ വക ചിന്തകളൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. സ്വര്‍ണ്ണത്തെക്കുറിച്ചോ കള്ളനെക്കുറിച്ചോ പോലീസിനെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ഉണര്‍ന്നു കഴിഞ്ഞപ്പോഴാണു് എല്ലാം എത്തിയതു്. അപ്പോള്‍ അയാളുടെ സൃഷ്ടിയാണു് അതു മുഴുവനും.

നമ്മുടെ അറിവുകേടു കൊണ്ടുണ്ടായതാണു് ഈ സൃഷ്ടി. ഒരാള്‍ അബദ്ധം കാട്ടിയെന്നു കരുതി എല്ലാവരും അതിനെ അനുകരിക്കണമെന്നുണ്ടോ? ഒരാള്‍ കള്ളനായതുകൊണ്ടു മറ്റുള്ളവരും മോഷ്ടിക്കണം എന്നാണോ പറയുന്നതു്? അഥവാ മോഷ്ടിച്ചാലവനു ശിക്ഷ കിട്ടും. അതിനാല്‍ എത്രയും വേഗം നമ്മള്‍ അറിവുകേടു മാറ്റിയെടുക്കുവാന്‍ ശ്രമിക്കുക. അതിനുവേണ്ടി നമുക്കു ലഭിച്ച ഒരു അനുഗ്രഹമാണു് ഈ ജന്മം. എള്ളുകൃഷി ചെയ്തുകൊണ്ടിരുന്നിടത്തു ഏലയ്ക്കാ വിളയുന്നെങ്കില്‍ പിന്നീടു കൃഷി ചെയ്യേണ്ടതു് എള്ളാണോ ഏലയ്ക്കായാണോ? എള്ളിനുള്ളതിനെക്കാള്‍ എത്രയോ മടങ്ങു വില ഏലക്കായ്ക്കുണ്ടു്. അതിനാല്‍ ഇനിയെങ്കിലും മനസ്സില്‍ നിത്യമായ ആത്മാവിനു സ്ഥാനം കൊടുക്കുക. അപ്പോള്‍ അതിനെ അറിയാനുള്ള സാഹചര്യങ്ങളുണ്ടാകും. ജീവതത്തില്‍ ആനന്ദം അനുഭവിക്കാന്‍ കഴിയും. ഉന്മേഷകരമായ ഒരു ജീവിതം നയിക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ എന്നും ഈ ചെറിയ കൃഷികൊണ്ടു ദരിദ്രനായി കഴിയേണ്ടി വരും.

ചോദ്യം : ദൈവികശക്തിയുള്ള അനേകം മഹാത്മാക്കള്‍ ഇന്നു നമ്മുടെ രാജ്യത്തു ജീവിച്ചിരിപ്പുണ്ടെന്നു പറയുന്നു. അവരെക്കൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല എന്നു കരുതപ്പെടുന്നു. നാട്ടില്‍ ജനങ്ങള്‍ വെള്ളപ്പൊക്കവും വരള്‍ച്ചയുംകൊണ്ടു കഷ്ടപ്പെടുകയും മരണമടയുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടു് ഈ മഹാത്മാക്കള്‍ അവരെ രക്ഷിക്കുന്നില്ല?

അമ്മ: മക്കളേ, അവരുടെ ലോകത്തില്‍ ജനനവും മരണവും സുഖവും ദുഃഖവും ഒന്നുമില്ല. ജനങ്ങള്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതവരുടെ പ്രാരബ്ധമാണു്. കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കുന്നു. പിന്നെ മഹാത്മാക്കളുടെ കരുണകൊണ്ടു് അനുഭവിക്കേണ്ട പ്രാരബ്ധങ്ങളെ കുറയ്ക്കാം. പക്ഷേ, അവരുടെ കരുണയ്ക്കു നമ്മള്‍ പാത്രമാകണം. മഹാത്മാക്കളുണ്ടു്, അവരെ വേണ്ടവിധം നമ്മള്‍ പ്രയോജനപ്പെടുത്തുന്നില്ല. അമ്പുണ്ടു്, പക്ഷേ, അതു തൊടുത്തുവിട്ടാലല്ലേ ഫലമുണ്ടാകൂ. മഹാത്മാക്കള്‍ നല്ല മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്നു. അതു സ്വീകരിക്കാതെ അവരെ പഴി പറഞ്ഞിട്ടെന്തു കാര്യം?

ഭൂമിയില്‍ എത്രയോ പേരു ജനിക്കുന്നു. അതിനനുസരിച്ചു മരിക്കുകയും വേണ്ടേ? മരണം ശരീരത്തിനാണു്, ആത്മാവിനല്ല. മണ്ണില്‍ നിന്നും വന്നു. മണ്ണായിത്തന്നെ പോകുന്നു. ഒരു കുശവനോടു ചെളി പറയുകയാണു്. ”നീ എന്നെക്കൊണ്ടു് ഇപ്പം കുടമുണ്ടാക്കിക്കൊള്ളൂ, നാളെ നിന്നെ ഞാന്‍ കുഴയ്ക്കും” നീ എന്നെ ഇപ്പോള്‍ കുഴച്ചോ നാളെ നിന്നെ ഞാന്‍ കുഴയ്ക്കുമെന്നു്. അവനവൻ്റെ കര്‍മ്മത്തിനനുസരിച്ചുള്ള ഫലം കിട്ടുകതന്നെ ചെയ്യും. മക്കളേ, ഞാനെന്ന ഭാവമുള്ളിടത്തേ മരണമുള്ളൂ. ‘ഞാന്‍’ ഉള്ളവര്‍ക്കു ജീവിതകാലം അന്‍പതും അറുപതും വര്‍ഷം മാത്രമാണു്. എന്നാല്‍ അതിനുപരിയായി ഒരു ലോകമുണ്ടു്. ആനന്ദം മാത്രമാണവിടെ ഉള്ളതു്. പക്ഷേ, അവിടെ എത്തണമെങ്കില്‍ ഇന്നു കിട്ടിയ ജന്മത്തെ വേണ്ടവണ്ണം ഉപയോഗിക്കണം. ഇക്കാണുന്നതെല്ലാം തോന്നലാണെന്നു ചിന്തിക്കാതെ സത്കര്‍മ്മങ്ങള്‍ ചെയ്തു നല്ല ഗുണങ്ങളെ സമ്പാദിക്കാന്‍ നോക്കണം. അപ്പോള്‍ ആ ആനന്ദക്കമ്പോളത്തിലെത്താം. അവിടെ സ്ഥിരമായി കഴിയാം.