ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ? (തുടർച്ച)

അമ്മ:  ഇൻ്റര്‍വ്യൂവിനു പോകുന്നവൻ്റെയും ജോലി കിട്ടി പോകുന്നവൻ്റെയും മനോഭാവങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടു്. ഇൻ്റര്‍വ്യൂവിനു പോകുന്നവനു്, എന്തു ചോദ്യങ്ങളാണു ചോദിക്കുക? അവയ്ക്കുത്തരം പറയുവാന്‍ കഴിയുമോ? ജോലി കിട്ടുമോ? എന്നിങ്ങനെയുള്ള ടെന്‍ഷനെപ്പോഴും കൂടെ ഉണ്ടാകും. എന്നാല്‍ ജോലിക്കു ചേരാന്‍ പോകുന്നവനതില്ല. ജോലി അവനു കിട്ടിക്കഴിഞ്ഞു. അതിൻ്റെ ആഹ്ളാദം അവനില്‍ കാണാന്‍ കഴിയും. ഇതുപോലെയാണു് ആദ്ധ്യാത്മികത അറിഞ്ഞുള്ള ജീവിതം. അതു ജോലി കിട്ടി പോകുന്നവനെപ്പോലെയാണു്, ടെന്‍ഷൻ്റെ കാര്യമില്ല. അമിട്ടു പൊട്ടാന്‍ പോകുന്നുവെന്നു് അറിഞ്ഞുനിന്നാല്‍ പേടിക്കേണ്ട ആവശ്യമില്ല. ലോകത്തിൻ്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു ജീവിച്ചാല്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്‍പില്‍ തളരേണ്ടി വരില്ല.


ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്

നമുക്കു കുറെ രൂപ വേണം. ഒരു സുഹൃത്തിനോടു പോയി ചോദിക്കാം എന്നു വിചാരിക്കുകയാണു്. സുഹൃത്തിനെ കണ്ടാല്‍ ഒന്നുകില്‍ രൂപ കിട്ടും, ചിലപ്പോള്‍ രൂപ കിട്ടിയില്ലെന്നു വരും, ചിലപ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കിട്ടിയെന്നു വരാം, ചിലപ്പോള്‍ പരിചയഭാവംകൂടി നടിച്ചു എന്നു വരില്ല. ഇതില്‍ ഏതും സംഭവിക്കാം എന്നു മുന്‍കൂട്ടി ചിന്തിച്ചു പോകുന്നവനു് എന്തുതന്നെ സംഭവിച്ചാലും വിഷമമില്ല. കാരണം താന്‍ മുന്‍കൂട്ടി പ്രതീക്ഷിച്ചതാണു്. അവന്‍ കൂടുതല്‍ കിട്ടിയതില്‍ ഭ്രമിക്കില്ല; അഥവാ സുഹൃത്തു തിരിഞ്ഞുപോലും നോക്കിയില്ല എങ്കില്‍ അതോര്‍ത്തു തളര്‍ന്നു വീഴുകയുമില്ല.  കടലില്‍ നീന്താന്‍ പഠിച്ചവന്‍ തിരമാല വരുമ്പോള്‍ അതില്‍ ആനന്ദിക്കുന്നു, ആസ്വദിക്കുന്നു. നീന്തറിയാത്തവന്‍ അതേ തിരയേറ്റു തളര്‍ന്നു മുങ്ങിമരിക്കുന്നു. അതുപോലെ ആദ്ധ്യാത്മികത അറിഞ്ഞവനു ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്. തനിക്കു നേരിടേണ്ടിവരുന്ന ഓരോ പ്രതിബന്ധത്തെയും അവന്‍ പുഞ്ചിരിയോടെ നേരിടുന്നു. അവനെ യാതൊന്നിനും തളര്‍ത്താനാവില്ല.

ഗീതയില്‍ ശ്രീകൃഷ്ണൻ്റെ ജീവിതം എടുത്തു നോക്കുക. യാദവന്മാര്‍ തമ്മിലടിക്കുന്നതു കാണുമ്പോഴും ആ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല. ദൂതു പറയുമ്പോഴും അവിടുത്തെ മുഖത്തു ചിരിയാണു്. യുദ്ധക്കളത്തില്‍ തേരു തെളിക്കുമ്പോഴും ആ ചുണ്ടില്‍ നറുപുഞ്ചിരി മാത്രം. ഗാന്ധാരി ശപിക്കുമ്പോഴും അവിടുത്തേക്കു പുഞ്ചിരി മാത്രം. കൃഷ്ണൻ്റെ ജീവിതംതന്നെ ഒരു വലിയ ചിരിയാണു്. ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടായിരിക്കണം നമ്മുടെ ജീവിതം നിറഞ്ഞു നിലേ്ക്കണ്ടതു്. ജീവിതം ഒരു വിനോദയാത്ര പോലെയാകണം. യാത്രയില്‍ നല്ല കാഴ്ചകള്‍ കണ്ടാല്‍ നമ്മള്‍ അതിൻ്റെ ഭംഗി ആസ്വദിക്കും. നല്ല വീടു കണ്ടാലോ, നല്ല പുഷ്പം കണ്ടാലോ നമ്മള്‍ നോക്കും. എല്ലാ കാഴ്ചകളും കാണും. പക്ഷേ, അവിടെതന്നെ നില്ക്കില്ല. തിരിച്ചുപോകേണ്ട സമയം, എത്ര കാഴ്ച കാണാനുണ്ടെങ്കിലും അതെല്ലാം വിട്ടു തിരികെ പോകും. കാരണം, തിരിച്ചു വീട്ടില്‍ എത്തുക എന്നതാണു് എല്ലാറ്റിനേക്കാളും മുഖ്യം. അതുപോലെ നമ്മള്‍ ഈ ലോകത്തില്‍ എങ്ങിനെ ജീവിച്ചാലും തിരിച്ചു പോകേണ്ട നമ്മുടെ യഥാര്‍ത്ഥ വീടിൻ്റെ കാര്യം വിസ്മരിക്കരുതു്. നമ്മള്‍ ലക്ഷ്യം മറക്കരുതു്. എന്തൊക്കെ കാഴ്ചകള്‍ കണ്ടു നീങ്ങിയാലും, അവസാനം വിശ്രമിക്കാന്‍ നമുക്കു സ്വന്തമെന്നു പറയുവാനുള്ളതു്, നമ്മുടെ സ്വന്തം വീടു മാത്രമാണു്. നമ്മുടെ ആ മൂലസ്ഥാനം, ആത്മസ്വരൂപം നാം മറക്കരുതു്.

(തുടരും……..)

ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ?

അമ്മ: തീര്‍ച്ചയായും. ആദ്ധ്യാത്മികാനുഭൂതി ഈ ലോകത്തില്‍, ഈ ശരീരത്തില്‍ ഇരുന്നുകൊണ്ടുതന്നെ അനുഭവിക്കുവാനുള്ളതാണു്. അല്ലാതെ മരിച്ചു കഴിഞ്ഞു നേടേണ്ട ഒന്നല്ല. ജീവിതത്തിൻ്റെ രണ്ടു ഘടകങ്ങളാണു് ആത്മീയതയും ഭൗതികതയും. മനസ്സും ശരീരവുംപോലെ, ഒന്നു മറ്റേതിനെ തീര്‍ത്തും വിട്ടു നില്ക്കുന്നതല്ല. ഭൗതികലോകത്തില്‍ ആനന്ദപ്രദമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമാണു് ആത്മീയത.


ഭൗതികലോകത്തില്‍ ആനന്ദപ്രദമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമാണു് ആത്മീയത

പഠനം രണ്ടു രീതിയിലാണുള്ളതു്. ഒന്നു്, ജോലിക്കുവേണ്ടിയുള്ള പഠനം. മറ്റൊന്നു്, ജീവിതത്തിനുവേണ്ടിയുള്ള പഠനം. സ്‌കൂള്‍ പഠനം, നമുക്കു ജോലി നേടിത്തരും. എന്നാല്‍, ശാന്തിയോടും സമാധാനത്തോടും കൂടി ജീവിക്കണമെങ്കില്‍ അതിനും പഠനം ആവശ്യമാണു്. അതാണു് ആദ്ധ്യാത്മികത. അതു മനസ്സിൻ്റെ വിദ്യയാണു്. അതു നമ്മള്‍ മനസ്സിലാക്കേണ്ടതാണു്. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിൻ്റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന ലഘുലേഖ നോക്കി വേണം അതു പ്രവര്‍ത്തിപ്പിക്കുവാന്‍. അങ്ങനെ ചെയ്താല്‍ അപകടമുണ്ടാകില്ല, മെഷീന്‍ കേടാകുകയുമില്ല. അതുപോലെ ജീവിതം എങ്ങനെ നയിക്കണം എന്നു് ആദ്ധ്യാത്മികത കാട്ടിത്തരുന്നു. ആദ്യമായി പോകുന്ന സ്ഥലത്തേക്കു റൂട്ട് മാപ്പു നോക്കി യാത്ര ചെയ്താല്‍ ടെന്‍ഷന്‍ ഒഴിവാക്കി പോകാം. അതുപോലെ ആദ്ധ്യാത്മികശാസ്ത്രം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ പ്രതിസന്ധികളില്‍ തളരേണ്ടതില്ല; അവയെ മുന്‍കൂട്ടി കണ്ടറിഞ്ഞു് അതിജീവിക്കുവാന്‍ കഴിയും.

ജീവിതത്തിൻ്റെ പ്രായോഗിക ശാസ്‌ത്രമാണു് ആദ്ധ്യാത്മികത. അതു ലോകത്തിൻ്റെ സ്വഭാവത്തെ കാട്ടിത്തരുന്നു. അതനുസരിച്ചു വേണ്ടവിധം ജീവിക്കുവാന്‍ പഠിപ്പിക്കുന്നു. വെള്ളത്തില്‍ കുളിക്കാനിറങ്ങുന്നതു കുളിച്ചു കരയ്ക്കു കയറാന്‍ വേണ്ടിയാണു്, വെള്ളത്തില്‍തന്നെ കിടക്കാനല്ല. അതുപോലെ ഗൃഹസ്ഥാശ്രമജീവിതം ഈശ്വരനിലേക്കെത്തുവാനുള്ള തടസ്സം നീക്കലാണു്. ഗൃഹസ്ഥാശ്രമജീവിതത്തിലേക്കു കടന്നാല്‍ ജീവിതത്തിൻ്റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കി മുന്നോട്ടു പോകണം. തുടങ്ങിയ ഇടത്തുതന്നെ ജീവിതം അവസാനിപ്പിക്കരുതു്. ബന്ധങ്ങളില്‍നിന്നു മുക്തനായി ഈശ്വരനെ സാക്ഷാത്കരിക്കണം.

എൻ്റെ എന്ന ഭാവമാണു ബന്ധനത്തിനു കാരണം. അതു വിടാനുള്ള അവസരമായിവേണം ഗൃഹസ്ഥാശ്രമജീവിതത്തെ കാണുവാന്‍. എൻ്റെ ഭാര്യ, എൻ്റെ കുട്ടി, എൻ്റെ അച്ഛന്‍, എൻ്റെ അമ്മ വാസ്തവത്തില്‍ ഇവരൊക്കെ എൻ്റെതാണോ? എൻ്റെതാണെങ്കില്‍ അവരെപ്പോഴും എൻ്റെ കൂടെയുണ്ടാകേണ്ടെ? അവരുടേതാണു ഞാന്‍ എങ്കില്‍ അവരോടൊപ്പം ഞാനെന്നും ഉണ്ടാകേണ്ടെ? ഈ ബോധം ഉള്‍ക്കൊണ്ടു ജീവിതം നയിക്കുമ്പോള്‍ മാത്രമേ ആദ്ധ്യാത്മികതയെ ഉണര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയൂ. ഇതിനര്‍ത്ഥം ഉത്തരവാദിത്വത്തില്‍നിന്നും പിന്‍തിരിയണമെന്നല്ല. ചെയ്യേണ്ട കര്‍മ്മങ്ങള്‍ നമ്മുടെ കടമയെന്നു കണ്ടു സന്തോഷത്തോടെ നിര്‍വ്വഹിക്കണം. ഒപ്പം അതില്‍ ബന്ധിക്കാതിരിക്കാനും ശ്രദ്ധിക്കണം.

(തുടരും…….)

ചോദ്യം : ഇന്നുള്ള ബഹുഭൂരിപക്ഷത്തിനും പുറമെയുള്ള കാര്യങ്ങളിലാണു താത്പര്യം. അന്തര്‍മ്മുഖരാകാന്‍ ആര്‍ക്കും താത്പര്യമില്ല. അങ്ങനെയുള്ള ഒരു സമൂഹത്തോടു് അമ്മയ്ക്കു് എന്താണു പറയുവാനുള്ളതു്?


അമ്മ: കണ്ണാടിയിലെ പ്രതിബിംബം കണ്ടു സത്യമെന്നു കരുതി കുരയ്ക്കുന്ന നായയെപ്പോലെയാകരുതു നമ്മുടെ ജീവിതം. അതു വെറും നിഴലാണു്, പുറമേക്കു കാണുന്നതെല്ലാം വെറും നിഴലാണു്. നിഴലിനെയല്ല നമ്മള്‍ പിന്‍തുടരേണ്ടതു്. നമ്മള്‍ നമ്മിലേക്കു തിരിയണം. ഈ ഒരു സന്ദേശമേ അമ്മയുടെ ജീവിതത്തിലൂടെ പകരുവാനുള്ളൂ.

നമ്മള്‍ നമ്മിലേക്കു തിരിയുക

ഭൗതികത്തിലും ആദ്ധ്യാത്മികത്തിലും സഞ്ചരിക്കുന്ന കോടിക്കണക്കിനു് ആളുകളെ കാണുകയും അവരുടെ ജീവിതം പഠിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തതിൻ്റെ വെളിച്ചത്തിലാണു് അമ്മ ഇതു പറയുന്നതു്. അല്ലാതെ ഒരു ചെറിയ ലോകത്തിൻ്റെ അനുഭവത്തിലൂടെയല്ല. പുറംലോകത്തോടുള്ള അമിതമായ ഭ്രമം വെടിഞ്ഞു നമ്മള്‍ നമ്മിലേക്കു തിരിയാത്തിടത്തോളം ജീവിതത്തില്‍ ശാന്തി അനുഭവിക്കുവാന്‍ കഴിയില്ല.

ചോദ്യം : ഈ ലോകത്തെ മിഥ്യയെന്നു കണ്ടു തള്ളിക്കളഞ്ഞാലേ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുകയുള്ളൂ എന്നുപറഞ്ഞു കേള്‍ക്കാറുണ്ടല്ലോ ?

അമ്മ: ലോകം മിഥ്യയെന്നു പറഞ്ഞു തീര്‍ത്തും തള്ളിക്കളയുവാന്‍ അമ്മ പറയുന്നില്ല. മിഥ്യ എന്നുപറഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്നതു് എന്നാണു്. അങ്ങനെയുള്ളവയെ ആശ്രയിച്ചാല്‍, അവയില്‍ ബന്ധിച്ചാല്‍ ദുഃഖിക്കാനേ സമയം കാണൂ എന്നുമാത്രമാണു് അമ്മ പറയുന്നതു്. ശരീരവും മാറിക്കൊണ്ടിരിക്കുന്നതാണു്, അതില്‍ കൂടുതല്‍ ഒട്ടല്‍ പാടില്ല എന്നാണു് അമ്മ പറയുന്നതു്. ശരീരത്തിലെ ഓരോ കോശവും നിമിഷംപ്രതി മാറിക്കാണ്ടിരിക്കുന്നു. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങനെ ജീവിതാവസ്ഥകളും മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ശരീരത്തെ സത്യമെന്നു കണ്ടു് അതിനുവേണ്ടി മാത്രം ജീവിതം അര്‍പ്പിക്കല്ലേ എന്നാണമ്മ പറയുന്നതു്. ലോകത്തിലെ ഓരോ വസ്തുവിൻ്റെയും സ്വഭാവം മനസ്സിലാക്കി നീങ്ങൂ. എന്നാല്‍ ദുഃഖിക്കേണ്ടി വരില്ല.

വസ്തുവിൻ്റെയും സ്വഭാവം മനസ്സിലാക്കി നീങ്ങുക

വൈരക്കല്ലു് ആഭരണമാക്കി മൂക്കിലണിയാം, കാതിലണിയാം, കഴുത്തിലണിയാം. പക്ഷേ, ഭംഗിയുള്ളതാണു്, വിലമതിച്ചതാണു് എന്നു കരുതി കഴിച്ചാല്‍ മരണമാണു ഫലം. അതുപോലെ ജീവിതത്തില്‍ ഓരോന്നിനും ഓരോ സ്ഥാനമുണ്ടു്. അതു മനസ്സിലാക്കി നീങ്ങിയാല്‍, അപകടം ഉണ്ടാകില്ല, ദുഃഖത്തിനു വഴിയില്ല. അതിനാണു് ആദ്ധ്യാത്മികം മനസ്സിലാക്കുവാന്‍ ഉപദേശിക്കുന്നതു്. മറിഞ്ഞു വീണശേഷം വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം ആരായുന്നതിനെ ക്കാള്‍ നല്ലതു്, വീഴുന്നതിനു മുന്‍പു വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം അറിഞ്ഞു പോകുന്നതല്ലേ? ഏറ്റവും ആദ്യം ഗ്രഹിക്കേണ്ട വിദ്യയാണു് ആത്മവിദ്യ.

നായ എല്ലിന്‍കഷ്ണം കിട്ടിയാല്‍ അതിലിട്ടു കടിക്കും. ചോര നുണയുമ്പോള്‍ സന്തോഷമാകും. വീണ്ടും കടിക്കും. അവസാനം മോണ വേദനിക്കുമ്പോഴാണു് അറിയുന്നതു സ്വന്തം മോണ മുറിഞ്ഞുവന്ന രക്തമാണു താനിതുവരെ നുണഞ്ഞതെന്നു്. ഇതുപോലെയാണു വസ്തുക്കളില്‍ ആനന്ദം തേടുന്നതു്, ഫലമോ എല്ലാ ശക്തിയും നഷ്ടമായി നാം തളരുന്നു. വാസ്തവത്തില്‍ ആനന്ദം ബാഹ്യവസ്തുക്കളിലല്ല അവനവനില്‍ത്തന്നെയാണു്. ഈ തത്ത്വം മനസ്സിലാക്കിവേണം ലോകത്തില്‍ നീങ്ങുവാന്‍.

ചോദ്യം : അദ്വൈതമാണു സത്യമെങ്കില്‍ ഭാവദര്‍ശനത്തിൻ്റെ ആവശ്യമെന്താണു്?

അദ്വൈതം പറയുന്ന വേദാന്തികളാരും വസ്ത്രം ധരിക്കാതെ നടക്കുന്നില്ലല്ലോ? അവരും വേഷമിടുന്നുണ്ടു്, ഉണ്ണുന്നുണ്ടു്, ഉറങ്ങുന്നുണ്ടു്. അതൊക്കെ ശരീരത്തിൻ്റെ നിലനില്പിനു് ആവശ്യമാണെന്നു് അവര്‍ക്കറിയാം. സമൂഹത്തിൻ്റെ സ്വഭാവം അനുസരിച്ചു വസ്ത്രം ധരിക്കുന്നു. ഓരോ കാലഘട്ടത്തിൻ്റെ ആവശ്യമനുസരിച്ചാണു മഹാത്മാക്കള്‍ വരുന്നതു്. ശ്രീരാമന്‍ വന്നു, ശ്രീകൃഷ്ണന്‍ വന്നു. ശ്രീരാമനെപ്പോലെയായിരിക്കണം ശ്രീകൃഷ്ണന്‍ എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.

കാലഘട്ടത്തിൻ്റെ ആവശ്യമനുസരിച്ചാണു
മഹാത്മാക്കള്‍ വരുന്നതു്

ഡോക്ടറുടെ അടുത്തു പലതരം രോഗികള്‍ വരും. എല്ലാവര്‍ക്കും ഒരേ മരുന്നു കൊടുക്കാന്‍ പറ്റില്ല. ആളും രോഗവും നോക്കിയാണു ചികിത്സ നിശ്ചയിക്കുന്നതു്. ചിലര്‍ക്കു ഗുളിക കൊടുക്കും ചിലര്‍ക്കു് ഇഞ്ചക്ഷന്‍ വേണ്ടിവരും. അതുപോലെ ഇവിടെ വരുന്നവരെ അവരുടെ തലത്തിലേക്കിറങ്ങിച്ചെന്നുവേണം ഉദ്ധരിക്കുവാന്‍. ഒരേ മിഠായി പല വര്‍ണ്ണക്കടലാസ്സുകളില്‍ പൊതിഞ്ഞു വച്ചിരിക്കുന്നതു കാണാം. ഉള്ളിലെല്ലാം ഒന്നുതന്നെ. പുറമേക്കു കാണുമ്പോള്‍ വ്യത്യസ്തമായിത്തോന്നാം. ഇതേപോലെ സകലതിലും കുടികൊള്ളുന്നതു് ഒരേ ചൈതന്യമാണു്. ഇതു ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കണമെങ്കില്‍, ആദ്യം നമ്മള്‍ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലാതെ പറ്റില്ല. എന്നാല്‍ അവിടെത്തന്നെ അവരെ നിര്‍ത്താതെ അവരെക്കൂടി, ഏകത്വബോധത്തിലേക്കു് ഉയര്‍ത്തിക്കൊണ്ടുവരികയാണു് ഉദ്ദേശ്യം. അതാണമ്മ ചെയ്യുന്നതു്. എല്ലാവരോടും അദ്വൈതം പറയുവാന്‍ പറ്റില്ല. എല്ലാവര്‍ക്കും നിര്‍ഗ്ഗുണവും നിരാകാരവും ഉള്‍ക്കൊള്ളാന്‍ ആവില്ല. ചിലര്‍ക്കു രാധയോടൊപ്പമുള്ള കൃഷ്ണനെയാണിഷ്ടം. ചിലര്‍ക്കു യശോദാകൃഷ്ണനെയാണിഷ്ടം, ചിലര്‍ക്കു മുരളീകൃഷ്ണനെ യാണു വേണ്ടതു്. ഓരോരുത്തര്‍ക്കും ഓരോന്നിഷ്ടം. അവരതില്‍ ആനന്ദം കണ്ടെത്തുന്നു. അതു തെറ്റെന്നു പറയുവാന്‍ പറ്റില്ല. എല്ലാവരും ഒന്നില്‍ത്തന്നെ ഇഷ്ടം കണ്ടെത്തണം എന്നു് അമ്മയ്ക്കു പറയുവാന്‍ കഴിയില്ല. അതുപോലെ ഓരോരുത്തരും ഓരോ ഭാവത്തില്‍ അമ്മയെ ഉള്‍ക്കൊള്ളുന്നു.

അദ്വൈതം പറഞ്ഞപ്പോള്‍ അതിനു ചേര്‍ന്ന സംസ്‌കാരമുള്ള ചിലര്‍ക്കു് ഉയരത്തിലേക്കു പോകാന്‍ പറ്റി. മറ്റുള്ളവര്‍ക്കു് ആഴത്തിലേക്കു പോകാനായില്ല. ചിലര്‍ വളരെ ദുര്‍ബ്ബലരായി തീര്‍ന്നു. ഒരു ജോലിയും ചെയ്യാതെ അലസരായിരിക്കുന്ന ചിലരുണ്ടു്. ചോദിച്ചാല്‍ പറയും, ”ആരു് ആരെ സേവിക്കാനാണു്? എല്ലാം ഒരാത്മാവല്ലേ?” എന്നു്. മദ്യപിച്ചതെന്തിനെന്നു ചോദിച്ചാല്‍ മറുപടി, ”ഞാന്‍ കുടിക്കുന്നില്ല, ഞാന്‍ ആത്മാവാണു്”. ഇങ്ങനെ അദ്വൈതം പറഞ്ഞും മദ്യപിച്ചും സ്‌ത്രീകളെ ഉപദ്രവിച്ചും ജീവിക്കുന്നവരുണ്ടു്. അവര്‍ക്കു തങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മറയ്ക്കുവാനുള്ള ഒരുപാധി മാത്രമാണു വേദാന്തം. എല്ലാം ഒന്നെന്നു് അനുഭവിച്ചറിയുന്നതുവരെ നിത്യമേതു്, അനിത്യമേതു് എന്നു വിവേചിച്ചു നീങ്ങണം. ധര്‍മ്മമേതു്, അധര്‍മ്മമേതു് എന്നറിഞ്ഞു് അധര്‍മ്മത്തെ വെടിയണം. ചോക്ലേറ്റു മധുരമാണു് എന്നു കരുതി, നിയന്ത്രണം വിട്ടു കഴിച്ചാല്‍ വയറിനു് അസുഖമാകും. കൊല്ലുന്നതാണെൻ്റെ സന്തോഷം എന്നു പറഞ്ഞു് ഒരുവന്‍ കാണുന്നവരെയൊക്കെ കൊല്ലാന്‍ തുനിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?

അമ്മയ്ക്കു വേദാന്തം വാക്കിലല്ല, പ്രവര്‍ത്തിയാലാണ്

ഏതിനും ഒരു ധര്‍മ്മമുണ്ടു്. ആ ധര്‍മ്മമനുസരിച്ചു ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കണം. അവിടെ വേദാന്തം വാക്കിലല്ല, പ്രവര്‍ത്തിയാലാണു കാണേണ്ടതു്. ധര്‍മ്മമാചരിച്ചു ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കണമെങ്കില്‍ നാം ആദ്യം അവരുടെ തലത്തിലേക്കിറങ്ങി ചെല്ലണം. അമ്മയ്ക്കിതിൻ്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞു മാറിയിരുന്നാല്‍ ജനങ്ങളെ ഉദ്ധരിക്കാനാവില്ല. ചെവി കേള്‍ക്കാത്തവരെ ആംഗ്യം കാട്ടിയാണു പഠിപ്പിക്കുന്നതു്, പഠിപ്പിക്കുന്ന ആളിനു ചെവി കേള്‍ക്കാഞ്ഞിട്ടല്ല. അതിലൂടെയേ അവരെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുവാന്‍ കഴിയൂ. അമ്മ ആംഗ്യം കാണിക്കുന്നതു് അമ്മയ്ക്കു ഭാഷയറിയാഞ്ഞിട്ടല്ല, മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ അതുവേണ്ടി വരുന്നു. കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും എന്നു പറയുന്നതു കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടിയാണു്. അതു സത്യമായിരുന്നുവെങ്കില്‍ ലോകത്തു് അന്ധന്മാര്‍ മാത്രമല്ലേ കാണുകയുള്ളു? പറയുന്നതു കള്ളമാണെങ്കില്‍ക്കൂടി അതിലൂടെ കുട്ടികളെ സത്യം പറയുന്നവരാക്കിത്തീര്‍ക്കാന്‍ കഴിയുന്നു. ഇതുപോലെ ജനങ്ങളുടെ സ്വഭാവമനുസരിച്ചു നമുക്കു നീങ്ങേണ്ടി വരും. അമ്മയുടെ ലക്ഷ്യം, എങ്ങനെയും ജനങ്ങളെ സത്യത്തിലേക്കു നയിക്കുക എന്നതു മാത്രമാണു്. ജനങ്ങളെ ഉദ്ധരിക്കുവാന്‍ സഹായിക്കുന്നതെന്തോ, അതാണു് യഥാര്‍ത്ഥ യുക്തി. ജനങ്ങളുടെ ഉദ്ധാരണം, അതു മാത്രമേ അമ്മ നോക്കുന്നുള്ളൂ. അതില്‍ക്കവിഞ്ഞു ലോകത്തിൻ്റെ ഒരു സര്‍ട്ടിഫിക്കറ്റും അമ്മ ആഗ്രഹിക്കുന്നില്ല.

ഒരാള്‍ ചെളിയില്‍ വീണു കിടക്കുന്നതു വീടിൻ്റെ മട്ടുപ്പാവില്‍ നിന്ന ഒരുവന്‍ കണ്ടു. അവിടെനിന്നു് അയാള്‍ കൈ നീട്ടിയാല്‍ വീണു കിടക്കുന്നവനെ രക്ഷിക്കുവാന്‍ കഴിയുകയില്ല. അയാള്‍ താഴെ ഇറങ്ങിച്ചെന്നു ചെളിയില്‍ കിടക്കുന്നവൻ്റെ കൈ പിടിച്ചുയര്‍ത്തണം. ഇതുപോലെ ജനങ്ങളെ ഉദ്ധരിക്കണമെങ്കില്‍ നമ്മള്‍ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലണം. ഇടവഴി കടന്നേ മെയിന്‍ റോഡിലെത്താന്‍ പറ്റുകയുള്ളൂ. മെയിന്‍ റോഡിലെത്തി ക്കഴിഞ്ഞാല്‍പ്പിന്നെ നേരേ പോകാം. നല്ല വാഹന സൗകര്യമുണ്ടു്. ബസ്സുണ്ടു്. എന്നാല്‍ ഇടവഴിയില്‍ നിന്നും മെയിന്‍ റോഡിലെ ത്തണ്ടേ? അതിനു സൈക്കിളിൻ്റെയും ഓട്ടോറിക്ഷയുടെയും ഉന്തുവണ്ടിയുടെയും ഒക്കെ സഹായം വേണ്ടിവരും. അതുപോലെ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഇടവഴികളില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ അദ്വൈതമാകുന്ന വിശാലവീഥിയില്‍ എത്തിക്കാന്‍ ഇന്നു് ഈ മാര്‍ഗ്ഗങ്ങളൊക്കെ ആവശ്യമാണു്.