ചോദ്യം : ജീവജാലങ്ങളുടെ വംശനാശം തടയാന്‍ സാമൂഹ്യതലത്തിലെന്തു ചെയ്യാന്‍ കഴിയും ?

അമ്മ : നിയമം കൊണ്ടുവരുന്നതു പ്രയോജനമാകും. പക്ഷേ, അതു കൃത്യമായി പാലിക്കുവാനും പാലിപ്പിക്കുവാനും ആളുണ്ടാകണം. ഇന്നു് നിയമംകൊണ്ടു വരുന്നവര്‍തന്നെ അതു് ആദ്യം തെറ്റിക്കുന്നു. അതു കൊണ്ടു്, പുതിയൊരു സംസ്‌കാരം വളരുന്ന തലമുറയ്ക്കു പകര്‍ന്നുകൊടുക്കുകയാണു ശാശ്വതമായ പരിഹാരം. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഓരോ വ്യക്തിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും നിഷ്‌കാമപ്രേമം ഉണര്‍ന്നൊഴുകുമ്പോള്‍പ്പിന്നെ പ്രകൃതിസംരക്ഷണത്തിനു മറ്റൊരു നിയമംതന്നെ ആവശ്യമില്ലാതെയാകും.

മറ്റൊന്നു്, ഓരോ ഗ്രാമത്തിലും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രയോജനം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സൊസൈറ്റികള്‍ രൂപവത്ക്കരിക്കണം. ഇതിനു ബുദ്ധി മാത്രം പോരാ, ഹൃദയംകൂടി പകരണം. എങ്കിലേ പ്രയോജനമുള്ളൂ. അതിനു മതാചാരങ്ങളുടെ പിന്‍ബലം സഹായകമായിരിക്കും. വര്‍ഷത്തില്‍ പ്രത്യേകദിവസം ഓരോ വീട്ടുകാരും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ അലങ്കരിച്ചാരാധിക്കുന്നതും ഒരിക്കല്‍ മതാചാരത്തിൻ്റെ ഭാഗമായിരുന്നു.

ജനങ്ങളുടെ സഹകരണം കൂടാതെ ഗവണ്മെന്റു മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അതുണ്ടാകണമെങ്കില്‍ ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റായിരിക്കണം. രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം അധികാരവും ധനസമ്പാദനവുമാകാതെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശ്രേയസ്സായിരിക്കണം. അവരിലും ധര്‍മ്മബോധമുണര്‍ത്താന്‍ ഈശ്വരവിശ്വാസംകൊണ്ടേ കഴിയൂ. ഭരണാധികാരികള്‍ക്കാണു് ഇന്നു് ആത്മവിദ്യ ഏറ്റവും അത്യാവശ്യമായിരിക്കുന്നതു്.

ചോദ്യം : ആദ്ധ്യാത്മികസാധനയ്ക്കും പ്രകൃതി സംരക്ഷണത്തിനും തമ്മിലുള്ള സമാനതകള്‍ എന്തൊക്കെയാണു്?

അമ്മ : ‘ഈശാവാസ്യമിദം സര്‍വ്വം’ സര്‍വ്വതിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നതു്. അപ്പോള്‍ നമ്മളെ സംബന്ധിച്ചു പ്രകൃതിസംരക്ഷണം എന്നതു് ഈശ്വരാരാധനം തന്നെയാണു്. പാമ്പിനെപ്പോലും ആരാധിക്കുന്ന സംസ്‌കാരമാണു് ഇവിടെയുള്ളതു്. എല്ലാറ്റിലും ഈശ്വരനെക്കണ്ടു എല്ലാറ്റിനെയും ഈശ്വരനായിട്ടു പൂജിക്കാനാണു മതം പറയുന്നതു്.

ഈ ബോധം പ്രകൃതിയെ സ്നേഹിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. നാമാരും അറിഞ്ഞുകൊണ്ടു കൈയും കാലും കുത്തിമുറിക്കാറില്ല. തനിക്കു വേദനിക്കും എന്നറിയാം. ഇതുപോലെ എല്ലാ ചരാചരങ്ങളിലും ഒരേ ജീവചൈതന്യമാണെന്നു കാണുമ്പോള്‍ മറ്റുള്ളവരുടെ വേദനയും സ്വന്തം വേദനയായിത്തോന്നും. അവയെ രക്ഷിക്കുവാനുള്ള മനസ്സും വരും. ആവശ്യമില്ലാതെ ഒരു ജീവിയെപ്പോലും ഉപദ്രവിക്കില്ല. ഒരു പൂവിനു പത്തു ദിവസം ചെടിയില്‍ നില്ക്കാന്‍ കഴിയുമെങ്കില്‍ പത്താം ദിവസം മാത്രമേ അതു നുള്ളുകയുള്ളൂ.

പണ്ടുള്ള വീടുകളിലെല്ലാം പൂജാമുറിയുണ്ടാകും. ഒറ്റമുറിയിലുള്ള കുടിലില്‍ കഴിയുന്നവരുംകൂടി ഒരു മൂലയില്‍ ഭഗവാൻ്റെ ചിത്രംവച്ചു വിളക്കു കത്തിക്കും. നിത്യപൂജയ്ക്കുവേണ്ടി വളപ്പില്‍ ചെടികള്‍ വച്ചുപിടിപ്പിക്കും. അവയെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷിക്കും. സ്വയം നട്ടു വളര്‍ത്തിയ ചെടികളിലെ പൂക്കള്‍കൊണ്ടു ഭഗവാനു് അര്‍ച്ചന നടത്തുമ്പോള്‍ ഭക്തിഭാവം പുഷ്ടിപ്പെടുന്നു. ഏകാഗ്രതയോടെ ചെയ്യുന്ന അര്‍ച്ചനയുടെ ഫലമായി ചിന്തകളുടെ എണ്ണം കുറയുന്നു. അതു് അന്തഃകരണശുദ്ധിക്കു കാരണമാകുന്നു. മാത്രമല്ല, ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ അത്രയും സമയം ലൗകികകാര്യങ്ങളില്‍ മുഴുകിയാല്‍ മനസ്സിൻ്റെ ആധി കൂടുകയേയുള്ളൂ. ചിന്തകള്‍ കൂടുമ്പോള്‍ മനസ്സിനു സംഘര്‍ഷം കൂടും. അതു പ്രഷറിനും മറ്റു് അസുഖങ്ങള്‍ക്കും കാരണമാകും. ഒരു സാധനം വാങ്ങാതെ കടയില്‍ത്തന്നെയിരുന്നാല്‍ അതിൻ്റെ ഗ്യാരണ്ടി നഷ്ടമാകില്ല. ഉപയോഗിക്കുമ്പോള്‍ മുതലാണു ഗ്യാരണ്ടിയുടെ കാലാവധി കണക്കാക്കുന്നതു്. അതുപോലെ ചിന്തകളില്ലാത്ത മനസ്സിൻ്റെ ശക്തി നഷ്ടമാകുന്നില്ല.

പണ്ടു്, കാവുകളില്‍ ഉത്സവത്തിനു കീര്‍ത്തനങ്ങള്‍ പാടുന്നതു് ആചാരത്തിൻ്റെ ഭാഗമായിരുന്നു. കുടുംബത്തില്‍ പാടാനറിയാവുന്നവര്‍ ഇല്ലെങ്കില്‍ നല്ല പാട്ടുകാരെ കൊണ്ടുവന്നു പാടിക്കും. ഭക്തിയും ജ്ഞാനവും വഴിഞ്ഞൊഴുകുന്ന കീര്‍ത്തനങ്ങള്‍, അറിയാതെതന്നെ കേള്‍ക്കുന്നവരില്‍ ഒരു ആദ്ധ്യാത്മികസംസ്‌കാരം സൃഷ്ടിക്കും. ഇതു വൃക്ഷലതാദികള്‍ക്കും പുഷ്ടി നല്കും. ശാസ്ത്രം പറയുന്നു; സംഗീതം ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു എന്നു്, ചെടികളെ സ്നേഹിച്ചാല്‍ അവയില്‍നിന്നും കൂടുതല്‍ വിളവുകള്‍ കിട്ടുമെന്നു്. നമ്മുടെ ഋഷീശ്വരന്മാര്‍ എത്രയോ കാലം മുന്‍പുതന്നെ ഇതൊക്കെ കണ്ടറിയുക മാത്രമല്ല; ജനജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

പ്രകൃതിയിലേക്കു നോക്കുമ്പോള്‍ നമ്മുടെ കഴിവിൻ്റെ പരിമിതികള്‍ നമുക്കു ബോദ്ധ്യമാകും. അതു് ഈശ്വരനോടു ഭക്തി വളര്‍ത്താനും സമര്‍പ്പണം ഉണ്ടാവാനും സഹായിക്കും. വാസ്തവത്തില്‍ പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി കാണാന്‍ കഴിയുന്ന ഈശ്വരരൂപമാണു പ്രകൃതി. അതിനെ സ്നേഹിക്കുന്നതിലൂടെ, സേവിക്കുന്നതിലൂടെ നാം ഈശ്വരനെത്തന്നെയാണു് ആരാധിക്കുന്നതു്. തേങ്ങയെ തെങ്ങാക്കുന്നതുപോലെ, വിത്തിനെ വൃക്ഷമാക്കുന്നപോലെ, ജീവനു പരമാത്മതലത്തിലേക്കെത്താനുള്ള സാഹചര്യം ഒരുക്കിത്തരുന്നതു പ്രകൃതിയാണു്.

ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ?

അമ്മ : അതിഥിയെ ഈശ്വരനായിക്കരുതി ആദരിക്കാനാണു നമ്മുടെ സംസ്‌കാരം അനുശാസിക്കുന്നതു്. കുടുംബാംഗങ്ങളോടുള്ള സ്നേഹം മമതയില്‍നിന്ന് ഉണ്ടാകുന്നതാണു്. നമ്മളെ വിശാലഹൃദയരാക്കാനതു് ഉപകരിക്കില്ല. എന്നാല്‍, അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില്‍ നിന്നു് ഉടലെടുക്കുന്നതാണു്. ലോകത്തെ ഒറ്റ കുടുംബമായിക്കണ്ടു സ്നേഹിക്കാനതു നമ്മെ പ്രാപ്തരാക്കുന്നു.

വൃക്ഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും ദേവവാഹനങ്ങളുടെയും സ്ഥാനമാണു നമ്മള്‍ നല്കിയിരുന്നതു്. വളര്‍ത്തുമൃഗങ്ങളെ ഊട്ടിക്കഴിഞ്ഞിട്ടേ, തുളസിക്കോ, ആലിനോ, കൂവളത്തിനോ വെള്ളമൊഴിച്ചു കഴിഞ്ഞിട്ടേ പണ്ടു വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. പൂജാപുഷ്പങ്ങള്‍ക്കായി ഒരു പൂച്ചെടി നടുമ്പോള്‍, അതിനെ പരിചരിക്കുമ്പോള്‍, അതില്‍ പൂ വിടരുന്നതു കാണുമ്പോള്‍, പൂവിറുത്തു മാല കൊരുക്കുമ്പോള്‍ ഒക്കെത്തന്നെ നമ്മുടെ മനസ്സു് ആ കര്‍മ്മത്തിലല്ല; ഈശ്വരനിലാണു നില്ക്കുന്നതു്.

നമ്മള്‍ സുഹൃത്തിനു കത്തെഴുതുവാന്‍ തീരുമാനിച്ചു. പേപ്പറെടുക്കുമ്പോഴും പേനയെടുക്കുമ്പോഴും മഷിയെടുക്കുമ്പോഴും എല്ലാം ‘ഇന്നയാളിനു് എഴുത്തെഴുതുവാന്‍’ എന്ന ബോധം ഉള്ളില്‍ക്കിടക്കുകയാണു്. പേനയും മഷിയുമെല്ലാം നാനാത്വമായ വസ്തുക്കളാണെങ്കിലും അവയില്‍ക്കൂടിയെല്ലാം ഏകത്വത്തെ – സുഹൃത്തിനെയാണു ദര്‍ശിക്കുന്നതു്. അതുപോലെ, ഏതു പ്രവൃത്തിയിലും ഈശ്വരനെ മാത്രം ദര്‍ശിക്കുക. ഈശ്വരനുവേണ്ടി എന്ന ബോധത്തോടെ ഏതു കര്‍മ്മവും ചെയ്യുക. ഇതുമൂലം നാനാത്വമായ കര്‍മ്മങ്ങളില്‍ക്കൂടിയും വിഷയങ്ങളില്‍ക്കൂടിയും ഏകത്വത്തെയാണു സാക്ഷാത്ക്കരിക്കുന്നതു്. അദ്വൈതം പലരും പറഞ്ഞുനടക്കാറുണ്ടു്. ആരും അനുഷ്ഠിച്ചു കാണുന്നില്ല. എന്നാല്‍ ശരിയായ ഭക്തന്‍ ഭൂതയജ്ഞത്തിലൂടെ സര്‍വ്വചരാചരങ്ങളിലും ഏകമായ ആ സത്യത്തെ ദര്‍ശിക്കുകയാണു ചെയ്യുന്നതു്. താനറിയാതെ അയാള്‍ അദ്വൈതതത്ത്വത്തില്‍ ജീവിക്കുകയാണു ചെയ്യുന്നതു്.

ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ?

അമ്മ : പൂജയും ഹോമവും തത്ത്വമറിഞ്ഞു ചെയ്താല്‍ വളരെ നല്ലതാണു്. ഹോമാഗ്നിയില്‍ ദ്രവ്യങ്ങള്‍ ഹോമിക്കുമ്പോള്‍ ഇഷ്ടവസ്തുക്കളോടുള്ള മമതയാണു നമ്മള്‍ അഗ്നിക്കര്‍പ്പിക്കുന്നതെന്ന ഭാവന വേണം. പൂജാവേളയില്‍ ചന്ദനത്തിരി കത്തിക്കുമ്പോള്‍ ഇപ്രകാരം സ്വയം എരിഞ്ഞു ലോകത്തിനു സുഗന്ധം പരത്തുന്നതാകണം തൻ്റെ ജീവിതവുമെന്നു സങ്കല്പിക്കണം. ആരതിക്കു കര്‍പ്പൂരമുഴിയുമ്പോള്‍ തൻ്റെ അഹങ്കാരമാണു തരിപോലും ബാക്കിയാകാതെ പൂര്‍ണ്ണമായും ജ്ഞാനാഗ്നിയില്‍ കത്തിയമരുന്നതെന്നു ഭാവന വേണം. മന്ത്രോച്ചാരണവും ഹോമധൂമവും അവനവൻ്റെ മനഃശുദ്ധിക്കൊപ്പം അന്തരീക്ഷ ശുദ്ധിക്കും സഹായിക്കുന്നു.

പൂജയും ഹോമവും തത്ത്വമറിഞ്ഞു ചെയ്യണം

ഓരോ വസ്തുവിനെയും ദേവതാരൂപങ്ങളായി സങ്കല്പിച്ചിരുന്നതു കാരണം എന്തെടുക്കുമ്പോഴും ശ്രദ്ധയും ഭക്തിയുമുണ്ടാകും. കത്തിച്ചുവച്ച നിലവിളക്കിനുമുന്‍പില്‍ ആരും അറിയാതെ കൈകൂപ്പിപ്പോകുന്നതു്, അവിടെ ഈശ്വരസാന്നിദ്ധ്യമുണ്ടെന്ന വിശ്വാസം പരമ്പരാഗതമായി ലഭ്യമായിട്ടുള്ളതുകൊണ്ടാണു്.
അതുപോലെതന്നെ ഉപവാസവും മറ്റു വ്രതങ്ങളും മനഃസംയമനത്തിനും ആരോഗ്യത്തിനും ഏറ്റവും സഹായിക്കുന്നവയാണു്. മിക്ക വ്രതാനുഷ്ഠാനങ്ങളും വാവുദിവസവുമായി ബന്ധപ്പെട്ടതാണെന്നു കാണാം. ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങള്‍ മനസ്സിനെ ബാധിക്കുന്നതായി ശാസ്ത്രം ഇപ്പോള്‍ സമ്മതിക്കുന്നുണ്ടു്. വാവുദിവസങ്ങളില്‍ മാനസികരോഗമുള്ളവര്‍ക്കു് അസുഖം വര്‍ദ്ധിക്കും; കോപം കൂടും; വികാരവിചാരങ്ങള്‍ ഏറും. തത്സമയം പ്രാര്‍ത്ഥനയിലൂടെയും മറ്റും മനസ്സിനെ ഏകാഗ്രപ്പെടുത്തിയാല്‍, ഭക്ഷണം കുറയ്ക്കുകയും അതു പഴവര്‍ഗ്ഗങ്ങളാക്കുകയും ചെയ്താല്‍ മനസ്സിൻ്റെ ചഞ്ചലത കുറയും; ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനങ്ങള്‍ ഒരു സമൂഹം മുഴുവന്‍ ആചരിക്കുമ്പോള്‍ അതു പ്രകൃതിയിലും അനുകൂലതരംഗം സൃഷ്ടിക്കും. കാലാകാലങ്ങളില്‍ വേണ്ടത്ര മഴയും വെയിലും ലഭിക്കും. ഇതാണു യജ്ഞംകൊണ്ടു് ദേവതകള്‍ പ്രസാദിച്ചിട്ടു യഥാകാലം മഴ പെയ്യിക്കുന്നുവെന്നു പറയുന്നതിൻ്റെ പിന്നിലെ തത്ത്വം.

പിതൃയജ്ഞമെന്നാല്‍ തര്‍പ്പണാദികര്‍മ്മങ്ങള്‍ മാത്രമല്ല; മാതാപിതാക്കളോടും പ്രായംചെന്നവരോടും നമുക്കുള്ള ആദരവും സ്നേഹവും അവരെ സേവിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നതാണു ശരിയായ പിതൃയജ്ഞം. പ്രായമായി അവശരായിക്കിടക്കുന്നവരെ നാം വേണ്ടവണ്ണം ശുശ്രൂഷിച്ചില്ലെങ്കില്‍ അവരുടെ മനസ്സിൻ്റെ ശാപം അന്തരീക്ഷത്തില്‍ തങ്ങിനില്ക്കും. പ്രകൃതിയില്‍ രേഖപ്പെടുത്തിയ അവരുടെ ഉള്ളിൻ്റെ ഉള്ളിലെ ദീനവിലാപം എന്നെങ്കിലും നമുക്കുതന്നെ തിരിച്ചടിയാവുകയും ചെയ്യും. മാതാപിതാക്കളെ ആത്മാര്‍ത്ഥമായി ശുശ്രൂഷിക്കുന്ന ഒരുവന്‍ വേറെ ഈശ്വരപൂജ ചെയ്യേണ്ട ആവശ്യം തന്നെയില്ലെന്നാണു പറയുന്നതു്.

ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ?

അമ്മ : ഏതൊരു ദേശത്തും ഏതൊരു കാലത്തും ഏതൊരു ജനതയ്ക്കും പരസ്പരം സ്നേഹമായും ഐക്യമായും പ്രകൃതിനിയമങ്ങളനുസരിച്ചു ജീവിക്കുവാന്‍ പഠി പ്പിക്കുന്ന തത്ത്വമാണു യജ്ഞത്തിന്റെതു്. നാം പ്രകൃതിയില്‍നിന്നെടുക്കുന്നതിന്റെ ഒരംശം മടക്കിനല്കാന്‍ ബാദ്ധ്യസ്ഥരാണെന്ന ആശയത്തില്‍നിന്നാണു പഞ്ചയജ്ഞങ്ങള്‍ ഉടലെടുത്തതു്. ഋഷിയജ്ഞം (ആദ്ധ്യാ ത്മിക ശാസ്ത്രപഠനം) ദേവയജ്ഞം (പൂജ, ഹോമം ഇത്യാദി ആരാധനാകര്‍മ്മങ്ങള്‍) നൃയജ്ഞം (അതിഥി സത്കാരം) പിതൃയജ്ഞം (മാതാപിതാക്കളുടെ സംരക്ഷണം) ഭൂതയജ്ഞം (പക്ഷിമൃഗാദികളുടെ പരിപാലനം) ഇവയാണു ഗൃഹസ്ഥാശ്രമികള്‍ അനുഷ്ഠിച്ചിരിക്കേണ്ട പഞ്ചയജ്ഞങ്ങള്‍.

ശരിയായ ജീവിതം എങ്ങനെ നയിക്കണമെന്നും ലോകത്തിന്റെ സ്വഭാവമെന്തെന്നും പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ അവയെ അതിജീവിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കുന്നവയാണു് ആദ്ധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങള്‍. കൃഷിശാസ്ത്രം പഠിച്ചവന്‍ ചെടിക്കു രോഗം ബാധിക്കുംമുന്‍പു വേണ്ട പരിഹാരം ചെയ്തിരിക്കും. ഏതു ചെടിക്കു് ഏതു മണ്ണാണു യോജിച്ചതു്, എന്തു വളമാണു വേണ്ടതു് എന്നെല്ലാം അയാള്‍ക്കറിയാം. ഇതൊന്നും അറിയാതെ കൃഷി ചെയ്യാനിറങ്ങിയാല്‍ ചിലപ്പോള്‍ വിളവെല്ലാം നശിച്ചുപോയെന്നു വരാം. ഇതുപോലെ ജീവിതമെന്തെന്നു ശരിയായി മനസ്സിലാക്കാന്‍ സദ്ഗ്രന്ഥപാരായണം നമുക്കു സഹായകമാണു്. അമിട്ടുപൊട്ടുന്ന ശബ്ദം അറിയാതെ കേട്ടാല്‍ നമ്മള്‍ ഞെട്ടിവിറച്ചെന്നു വരും. എന്നാല്‍ അറിഞ്ഞു കൊണ്ടു കേള്‍ക്കുമ്പോള്‍ അത്ര ഭയമുണ്ടാവുകയില്ല. നീന്തലറിയാത്തവന്‍ കടലിലെ തിരകളുടെ അടിയേറ്റു തളരുമ്പോള്‍ നീന്തലറിയുന്നവന്‍ തിരകളില്‍ ആനന്ദ പൂര്‍വ്വം നീന്തി ഉല്ലസിക്കുന്നു. ഇതാണു ശാസ്ത്ര പഠനം കൊണ്ടുള്ള പ്രയോജനം.

ശരിയായി പ്രവര്‍ത്തിപ്പിക്കാനറിയാതെ ഒരു യന്ത്രം ഉപയോഗിച്ചാല്‍ അതു കേടാകും. ആപ്തകാമന്മാരായ നമ്മുടെ ഋഷീശ്വരന്മാര്‍ ഉപദേശിച്ച ജീവിതത്തിന്റെ തത്ത്വശാസ്ത്രമാണു് ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്കു പകര്‍ന്നുതരുന്നതു്. അവ ദിവസേന പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ ഋഷികളോടുള്ള നമ്മുടെ കടം വീട്ടുകയാണു നാം ചെയ്യുന്നതു്. പഠിച്ചതുകൊണ്ടുമാത്രമായില്ല; ആ അറിവു പ്രയോഗത്തില്‍ കൊണ്ടുവരുകയും വേണം. പാചകഗ്രന്ഥം വായിച്ചു് ആര്‍ക്കെങ്കിലും വിശപ്പുമാറ്റാന്‍ പറ്റുമോ? ഋഷിപ്രോക്തങ്ങളായ ആദ്ധ്യാത്മികതത്ത്വങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ പഠിപ്പിക്കുന്നതാണു ദേവയജ്ഞം.

പൂജ, ജപം, ധ്യാനം, വ്രതാനുഷ്ഠാനങ്ങള്‍ എല്ലാം ദേവയജ്ഞത്തില്‍പ്പെടും. ഇതു കൊണ്ടൊക്കെ മനസ്സിന്റെ ഏകാഗ്രതയും ബുദ്ധികൂര്‍മ്മതയും ചിത്തപ്രസാദവും സത്ത്വശുദ്ധിയും കൈവരിക്കുക എന്നതാണു ലക്ഷ്യം. മന്ത്രജപത്തിലൂടെ മനസ്സില്‍ അന്യചിന്തകള്‍ കടന്നുവരുന്നതു തടയുവാന്‍ കഴിയും. ധ്യാനത്തിലൂടെ ബുദ്ധിക്കു തെളിച്ചവും സൂക്ഷ്മതയും ലഭിക്കുകയും മനസ്സിന്റെ വിക്ഷേപമടങ്ങുകയും ശാന്തിയും സമാധാനവുമുണ്ടാകുകയും ചെയ്യുന്നു.