മതത്തിൻ്റെ പേരില്‍ ചിലര്‍ ചെയ്യുന്ന തെറ്റായ പ്രവൃത്തികളെ കണക്കിലെടുത്താണു് ഇന്നത്തെ ലോകം മതത്തെ  വിലയിരുത്തുന്നതു്.

ഒരു ഡോക്ടര്‍ തെറ്റായി മരുന്നുകള്‍ കുറിച്ചു കൊടുത്തതിനു് എല്ലാ ഡോക്ടര്‍മാരെയും വൈദ്യ ശാസ്ത്രത്തെ തന്നെയും കുറ്റപ്പെടുത്തുന്നതു പോലെയാണിതു്. ഇതു കുളിപ്പിച്ച വെള്ളത്തോടൊപ്പം കുഞ്ഞിനെ കൂടി ഉപേക്ഷിക്കുന്നതു പോലെയാണു്.

വ്യക്തികള്‍ ചിലപ്പോള്‍ നല്ലവരാകാം; ചിലപ്പോള്‍ ചീത്തവരാകാം. ദൗര്‍ബ്ബല്യം കാരണം ചിലര്‍ അവിവേകം പ്രവര്‍ത്തിച്ചേക്കാം. വ്യക്തികളില്‍ കാണുന്ന കുറ്റങ്ങളും കുറവുകളും മതത്തില്‍, മത തത്ത്വങ്ങളില്‍ ആരോപിക്കുന്നതു തെറ്റാണു്.

മനുഷ്യ ജീവിതത്തിനു് ഓജസ്സും വീര്യവും നല്കുന്നതു ആദ്ധ്യാത്മിക തത്ത്വങ്ങളാണു്. ആദ്ധ്യാത്മികവും അതിലുള്ള വിശ്വാസവും ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമിയിലെ മനുഷ്യ ജീവിതം ശൂന്യമായേനേ. ശവത്തിനു മേക്കപ്പിട്ടു വയ്ക്കുന്നതുപോലെ ജീവിതത്തിൻ്റെ സൗന്ദര്യവും സുഖവും വെറുമൊരു പുറംമോടി മാത്രമായേനേ! ജീവസ്സറ്റതായേനേ.

ആദ്ധ്യാത്മിക തത്ത്വങ്ങള്‍ ജനങ്ങള്‍ അല്പമെങ്കിലും ഉള്‍ക്കൊണ്ടു ജീവിക്കുന്നതു കൊണ്ടാണു്, ലോകത്തു കുറച്ചെങ്കിലും  സ്നേഹവും സൗന്ദര്യവും ഊര്‍ജ്ജസ്വലതയും ഐക്യവും ഇന്നും അവശേഷിക്കുന്നതു്. 

മക്കളേ, അഹങ്കാരവും ഇടുങ്ങിയ മനോഭാവവും ഉപേക്ഷിക്കാനുള്ള ജീവിതതത്ത്വങ്ങളാണു ആദ്ധ്യാത്മികം ഉപദേശിക്കുന്നതു്. എന്നാല്‍ മതത്തിന്റെ പൊരുള്‍ മനസ്സിലാക്കാത്തതു കൊണ്ടു് ഇന്നത്തെ മതം ഇതേ ദുര്‍ഗ്ഗുണങ്ങളുടെ വിളനിലമായി മാറുന്നു. ജനങ്ങള്‍ മതത്തിൻ്റെ അന്തഃസത്ത വേണ്ടവണ്ണം ഉള്‍ക്കൊണ്ടു് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാത്തതു കാരണം ഇടുങ്ങിയ മനഃസ്ഥിതിയും മത്സരവും കലഹവും വളരുന്നു.

ഇന്നു മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണു്. എന്നാല്‍ മതത്തില്‍ ജീവിക്കാന്‍ ആരും തയ്യാറല്ല. മതം ജീവിതമാണു്, ജീവിതരീതിയാണു്. ഇതു നമ്മള്‍ മനസ്സിലാക്കുന്നില്ല. മതതത്ത്വങ്ങള്‍ ദൈനംദിനജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന കാര്യം നാം മറക്കുന്നു.

അമ്മയുടെ അടുക്കല്‍ വിവിധ സ്വഭാവക്കാരായ എത്രയോ ആളുകള്‍ വരുന്നു. പല കുടുംബ പ്രശ്‌നങ്ങളും നിസ്സാര കാര്യങ്ങള്‍ കൊണ്ടു ഉണ്ടാകുന്നതാണു്. ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണ്. അല്പം ക്ഷമയുണ്ടെങ്കില്‍, എത്രയോ പ്രശ്‌നങ്ങള്‍ നമുക്കു് ഒഴിവാക്കാന്‍ കഴിയും.

ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും കൂടി അമ്മയുടെ അടുക്കല്‍ വന്നു. ഭാര്യയ്ക്കു ചില സമയങ്ങളില്‍ മനസ്സിൻ്റെ സമനില അല്പം തെറ്റും. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടാകുമ്പോഴാണു് ഇതു സംഭവിക്കുന്നതു്. പിന്നെ അവര്‍ എന്താണു പറയുന്നതെന്നു് അവര്‍ക്കു തന്നെ അറിയില്ല. അവര്‍ക്കു ഭര്‍ത്താവിനെ വലിയ സ്നേഹവുമാണു്.

ഇതറിഞ്ഞു് അമ്മ ആ മോനോടു പറഞ്ഞു, മോന്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ മതി. ആ മോള്‍ എന്തെങ്കിലും അവിവേകമായി പറഞ്ഞാല്‍ക്കൂടി അതിൻ്റെ അസുഖം കൊണ്ടാണെന്നു മനസ്സിലാക്കി മോന്‍ ക്ഷമിക്കണം. ക്രമേണ ഈ അസുഖം മാറിക്കിട്ടുകയും ചെയ്യും.

പക്ഷേ, ആ മോനതു കൂട്ടാക്കിയില്ല. ‘ഞാനെന്തിനു വിട്ടുകൊടുക്കണം? അവള്‍ എന്റെ ഭാര്യയല്ലേ?’ ഇതാണു് ആ മോൻ്റെ ഭാവം. ഇതിൻ്റെ ഫലമായി എന്തു സംഭവിച്ചു? വീട്ടില്‍ ശണ്ഠ വര്‍ദ്ധിച്ചു. ഭാര്യയ്ക്കു് അസുഖം കൂടുതലായി. ഭാര്യയെ അവരുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ആ മോൻ്റെ ജീവിതമാകെ തകര്‍ന്നു. മദ്യപനായി. സമ്പത്തു മുഴുവന്‍ കുടിച്ചുതീര്‍ത്തു. ജീവിതം നരകമാക്കി ത്തീര്‍ത്തു.

ഭാര്യയുടെ അസുഖത്തെക്കുറിച്ചു മനസ്സിലാക്കി, അതിനനുസരിച്ചു ക്ഷമയോടെ, സ്നേഹത്തോടെ പെരുമാറിയിരുന്നു എങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. അതിനാല്‍ മക്കള്‍, ഓരോ സാഹചര്യവും മനസ്സിലാക്കി നീങ്ങണം.

”നീ ലോകത്തില്‍ ജീവിക്കൂ, ജോലി ചെയ്തുകൊള്ളൂ, സുഖങ്ങള്‍ അനുഭവിച്ചുകൊള്ളൂ; എന്നാല്‍ ഒരു കാര്യം ഉള്ളില്‍ എപ്പോഴും ഓര്‍ക്കണം സമ്പാദിക്കലും തേടലും  കരുതി വയ്ക്കലും എല്ലാം കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിച്ചു വയ്ക്കുന്നതു പോലെയേ ഉള്ളൂ.

ഇതിന്നര്‍ത്ഥം ലോകമെല്ലാം ഉപേക്ഷിച്ചു കാട്ടില്‍ പോയി കണ്ണടച്ചിരിക്കണം എന്നാണോ എന്നു മക്കള്‍ ചോദിക്കാം. അല്ല. ലോകം ഉപേക്ഷിക്കണം എന്നില്ല. എന്നാല്‍ അലസതയും തമസ്സും പാടില്ല. ഏതു കാലത്തു ജീവിച്ചാലും എങ്ങനെ ജീവിച്ചാലും സമയമാകുമ്പോള്‍ മരണം വന്നെത്തും.

നമുക്കുള്ളതെല്ലാം ഒറ്റയടിക്കു് അപഹരിച്ചു് അതു നമ്മളെ പരാജയപ്പെടുത്തും. എല്ലാം ഇട്ടിട്ടു നമുക്കു പോകേണ്ടി വരും. നാം നേടിയതും സമ്പാദിച്ചതും സ്വന്തക്കാരെന്നു നിനച്ചതും ഒന്നും നമുക്കു സഹായത്തിന് എത്തുകയില്ല. അതുകൊണ്ടു്, മതം പറയുന്നു ”ഈ ജീവിതത്തിൻ്റെ ലക്ഷ്യം ശരീരത്തെ സംരക്ഷിക്കലും പോഷിപ്പിക്കലും മാത്രമല്ല; നിൻ്റെ ആത്മസ്വരൂപമായ പൂര്‍ണ്ണതയിലേക്കുയരുക എന്നതു കൂടിയാണു്.”

ലോകത്തിൻ്റെ നശ്വരസ്വഭാവം മനസ്സിലാക്കി ജീവിക്കുന്ന ഒരാളിനു പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോള്‍ തളരാതെ, ആത്മധൈര്യം കൈവിടാതെ  സന്തോഷപൂര്‍വ്വം ജീവിതത്തെ പുല്കുവാന്‍ സാധിക്കും. നീന്തലറിയാത്ത ഒരുവനു കടലിലെ തിരമാലകളെ നേരിടുവാന്‍ പ്രയാസമാണു്. ശക്തമായ തിരകള്‍ അയാളെ മറിച്ചിട്ടുവെന്നും വരാം. ചിലപ്പോള്‍ അയാള്‍ മുങ്ങിമരിച്ചെന്നും വരാം.

നേരെ മറിച്ചു്, നീന്തല്‍ പഠിച്ച ഒരുവനു തിരമാലകളില്‍ കളിച്ചു രസിക്കുന്നതു് ആനന്ദകരമായ ഒരനുഭവമാണു്. തിരമാലകള്‍ക്കു് അവനെ കീഴടക്കാനാവില്ല. അതു പോലെ ലോക സുഖങ്ങളുടെ അസ്ഥിരത മനസ്സിലാക്കി ജീവിക്കുന്ന ഒരുവനു ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍, ആനന്ദ പൂര്‍ണ്ണമായ ഒരു ലീലയായി അനുഭവപ്പെടുന്നു. അനുകൂലവും പ്രതികൂലവുമായ ജീവിത അനുഭവങ്ങളെ അവന്‍ പുഞ്ചിരിച്ചു കൊണ്ടു് സമദൃഷ്ടിയോടെ സ്വാഗതം ചെയ്യും.

എന്നാല്‍ ഈ തത്ത്വം ഉള്‍ക്കൊള്ളാത്തവനു ജീവിതം താങ്ങാനാവാത്ത ഭാരമായിരിക്കും, സദാ ദുഃഖപൂര്‍ണ്ണമായിരിക്കും. മതം ജീവിത പ്രതിസന്ധികളെ സമചിത്തതയോടും ശാന്തിയോടും നേരിടുവാനുള്ള ശക്തിയും ധൈര്യവും നല്കുന്നു. ജീവിതത്തെ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ഉത്സാഹത്തോടെ പുണരുവാന്‍ മതം മനുഷ്യനു വഴിയൊരുക്കുന്നു. മതതത്ത്വങ്ങള്‍ നല്ലതുപോലെ ഉള്‍ക്കൊണ്ടു ജീവിക്കുന്ന ഒരുവനു ജീവിതം, നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ കേളിപോലെ ആനന്ദ പൂര്‍ണ്ണമായിരിക്കും.

മുതുകുളം മാധവൻ പിള്ള

കാൽക്കൽ കെട്ടിപിടിച്ച്

ഒരു മന്ത്രമെന്ന് കെഞ്ചിയപ്പോൾ

മന്ദഹസിച്ചതേയുള്ളൂ – മഹാമായാ !

കെട്ടിപ്പിടിച്ചുവെങ്കിലും

ആകാശനീലിമപോലെ

അകലെയായിരുന്നു – ആദർശനം !

ഒന്നുകിൽ പ്രപഞ്ചം, അല്ലെങ്കിൽ അമ്മ.

രണ്ടുംകൂടി ?

ഒരിക്കലും സാദ്ധ്യമല്ല .

ഒന്നു മാത്രമേ ലഭിക്കൂ – ഒന്നുമാത്രം !

അമ്മയല്ലാതെ മറ്റാരും

സ്വന്തമല്ലെന്ന്, ഹൃദയം പറഞ്ഞപ്പോൾ

തൊട്ടുമുന്നിലായിരുന്നു

തൊട്ടുരുമ്മിക്കൊണ്ട് – ആദർശനം !

ഉള്ളിൻ്റെ കോണിലെങ്ങോ ചുരുണ്ടുകൂടി

ഞാനാരെന്ന് തെല്ലും ബോധമില്ലാതെ

ഉറങ്ങിക്കിടന്ന ബ്രഹ്മഭാവത്തെ

പ്രണവമന്ത്രത്തിലുണർത്തി

മേലോട്ടൊഴുക്കി

ആനന്ദത്തിൻ്റെ ദിവ്യ ചലനങ്ങളിൽ

ഞാനാരെന്നറിയിക്കുവാൻ

ഒരുനിമിഷമേ വേണ്ടിവന്നുള്ളൂ

ആനന്ദമയിയായ എൻ്റെ അമ്മയ്ക്ക് !

ഇനിയും മകൻ ധീരനായ് നടക്കും.

ഒരിക്കലും കൈവിടാത്ത

അമ്മയല്ലേ പിടിച്ചിരിക്കുന്നത്

കരുണാമയിയായ ഭാവതരിണി.

ഒന്നും നമ്മുടെ ഇച്ഛയ്‌ക്കൊത്തല്ല നീങ്ങുന്നതെന്നു മക്കള്‍ മനസ്സിലാക്കണം. പത്തു മുട്ട വിരിയാന്‍ വച്ചാല്‍ പത്തും വിരിഞ്ഞു കാണാറില്ല. നമ്മുടെ ഇച്ഛയാണു നടക്കുന്നതെങ്കില്‍ പത്തും വിരിഞ്ഞു കാണണം. അതുണ്ടാകാറില്ല. അതിനാല്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കാനുള്ള ഒരു മനോഭാവം, ആ ശരണാഗതി നമ്മളില്‍ വളരണം. അതായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം.

ചിലര്‍ ചോദിക്കും, ‘നിങ്ങളുടെ കൃഷ്ണന്‍ പറയുന്നതു്, കൂലി വാങ്ങാതെ ജോലി ചെയ്യാനല്ലേ’ എന്നു്. ഒരിക്കലും ഇതു ശരിയല്ല. കര്‍മ്മം ചെയ്താല്‍ ഫലം എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെ വരണമെന്നില്ല, അതുകൊണ്ടു ഫലത്തില്‍ പ്രതീക്ഷ വച്ചാല്‍ ദുഃഖിക്കേണ്ടി വരും എന്നാണു ഭഗവാന്‍ പറഞ്ഞതു്. അല്ലാതെ കൂലി വാങ്ങാതെ ജോലി ചെയ്യാനല്ല. ശരിയായ കൂലി കിട്ടാന്‍ വേണ്ടിയാണു് ഈ മനോഭാവം വളര്‍ത്തുവാന്‍ ഭഗവാന്‍ പറഞ്ഞതു്.

ജീവിതം സുഖവും ദുഃഖവും നിറഞ്ഞതാണ് എന്നു പറയും. ക്ലോക്കിൻ്റെ പെന്‍ഡുലം പോലെ സുഖത്തിലേക്കുള്ള ആയം എടുപ്പു് അവിടെ നില്ക്കാനല്ല. ദുഃഖത്തിലേക്ക് എത്തുവാനാണു്. എന്നാല്‍ ഇതു രണ്ടിനെയും സമന്വയിപ്പിച്ചുകൊണ്ടു പോകാനുള്ളതാണു് ആദ്ധ്യാത്മികത.

നീന്തലറിയുന്നവനേ സമുദ്രത്തിലെ തിരകളെ ആസ്വദിക്കാന്‍ കഴിയൂ. നീന്തലറിയാത്തവന്‍, തിരയില്‍ തളര്‍ന്നു വീഴും. അതിനാല്‍, ജീവിതത്തില്‍ മുന്നേറാനുള്ള വിദ്യ പഠിപ്പിച്ചു തരുന്ന ആദ്ധ്യാത്മികത അറിഞ്ഞു കൊണ്ടു നീങ്ങിയാല്‍ ഏതു സാഹചര്യത്തിലും പുഞ്ചിരി മായാതെ നിര്‍ത്തുവാന്‍ കഴിയും. തീര്‍ച്ചയായും ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയും. കൃഷ്ണന്‍, തളരാതെ എങ്ങനെ ലക്ഷ്യത്തെ പ്രാപിക്കാം എന്നു് ഉപദേശിക്കുകയാണു ചെയ്യുന്നതു്.