കിളികള്‍ ഉണക്കചുള്ളിക്കമ്പിലിരുന്നു് ഇര കഴിക്കും ഉറങ്ങും എന്നാല്‍ അതിനറിയാം, ഒരു കാറ്റുവന്നാല്‍ ചുള്ളിക്കമ്പു കാറ്റിനെ ചെറുത്തുനിന്നു് അതിനു താങ്ങാവില്ല, അതൊടിഞ്ഞുവീഴും എന്നു്. അതിനാല്‍ കിളി എപ്പോഴും ജാഗ്രതയോടെയിരിക്കും. ഏതു നിമിഷവും പറന്നുയരാന്‍ തയ്യാറായിരിക്കും.

പ്രാപഞ്ചികലോകവും ഈ ഉണക്കചുള്ളിക്കമ്പുപോലെയാണു്. ഏതു നിമിഷവും അവ നഷ്ടമാകും. ആ സമയം ദുഃഖിച്ചു തളരാതിരിക്കണമെങ്കില്‍ നമ്മള്‍ എപ്പോഴും ആ പരമതത്ത്വത്തെ വിടാതെ മുറുകെ പിടിക്കണം. വീടിനു തീ പിടിച്ചാല്‍, നാളെ അണയ്ക്കാം എന്നു പറഞ്ഞു് ആരും കാത്തു നില്ക്കാറില്ല. ഉടനെ അണയ്ക്കും. ഇന്നു നമ്മുടെ ജീവിതത്തില്‍ ഉള്ളതു ദുഃഖം മാത്രമായിരിക്കാം. പക്ഷേ, അതുതന്നെ ഓര്‍ത്തോര്‍ത്തു തളര്‍ന്നിരുന്നു് ആയുസ്സും ആരോഗ്യവും നഷ്ടമാക്കാതെ, അതിനു നിവൃത്തി വരുത്തുവാന്‍ ശ്രമിക്കുകയാണു വേണ്ടതു്.

മക്കളേ, ഇന്നു നമ്മുടെ കൂടെയുള്ളവയൊന്നും എക്കാലവും നമ്മുടെ കൂടെയുണ്ടാകില്ല. നമ്മള്‍ സമ്പാദിക്കുന്ന ഈ വീടും സ്വത്തും പണവുമെല്ലാം എക്കാലവും നമ്മോടൊപ്പമുണ്ടാവില്ല. അവസാനകാലത്തു് ഇവയൊന്നും നമുക്കു കൂട്ടാവുകയില്ല. ഏതു കാലത്തും നമുക്കു കൂട്ടായിരിക്കുന്നതു പരമാത്മാവു് ഒന്നുമാത്രമാണു്.
എല്ലാം ഉപേക്ഷിക്കണമെന്നോ എല്ലാവരെയും വെറുക്കണമെന്നോ അല്ല അമ്മ പറയുന്നതു്. ഇതൊന്നും ശാശ്വതമല്ലെന്നറിഞ്ഞു ബന്ധമില്ലാതെ ജീവിക്കണമെന്നാണു്. അമ്മ ഉദ്ദേശിക്കുന്നതു ജീവിതത്തില്‍ ശാന്തി കണ്ടെത്തണമെങ്കില്‍ അതൊന്നു മാത്രമാണു മാര്‍ഗ്ഗം.

ഒരു കൊതുമ്പുവള്ളത്തില്‍ സമുദ്രത്തിലൂടെ യാത്രചെയ്യുകയാണു്. പെട്ടെന്നു് ആകാശം ഇരുണ്ടു. കാറും കോളും മൂടി. ചുഴലിക്കാറ്റും പേമാരിയുമായി. തിരമാലകള്‍ ഉയര്‍ന്നു പൊങ്ങി. സമുദ്രം ഇളകിമറിയുകയാണു്. നമ്മള്‍ എന്തുചെയ്യും. ഒരു നിമിഷം പാഴാക്കാതെ വള്ളം കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കും. മക്കളേ, ഇതുപോലൊരു സാഹചര്യത്തിലാണു നമ്മളിന്നു നില്ക്കുന്നതു്. നഷ്ടമാക്കാന്‍ ഒരു സെക്കന്‍ഡു പോലുമില്ല. പരമാത്മാവിനെ ലക്ഷ്യംവച്ചുകൊണ്ടു മുന്നോട്ടു തുഴയുകയാണു വേണ്ടതു്. അതൊന്നു മാത്രമാണു് അഭയസ്ഥാനം. സദാ അവിടുത്തെ ധ്യാനിക്കുക അതാണു ദുഃഖനിവൃത്തിക്കുള്ള മാര്‍ഗ്ഗം.

സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി പ്രയത്‌നിക്കുന്നതിനിടയില്‍ ചുറ്റും ഒന്നു കണ്ണോടിക്കുവാന്‍ മക്കള്‍ മറക്കരുതു്. കഴിഞ്ഞ മാസങ്ങളില്‍ എത്ര ഘോരമായ മഴയായിരുന്നു. ഈ മഴയത്തു ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുകീഴില്‍, ഏതു നിമിഷമാണു് അതു് ഇടിഞ്ഞു വീഴുന്നതെന്നതറിയാതെ, ഉറങ്ങാതെ കുത്തിയിരുന്നു നേരം വെളുപ്പിച്ച എത്രയോ ആയിരങ്ങള്‍ നമുക്കു ചുറ്റുമുണ്ടു്.

മദ്യം നിറച്ച ഗ്ലാസ്സുയര്‍ത്തുമ്പോള്‍ മക്കള്‍ അവരെക്കുറിച്ചോര്‍ക്കൂ. നമ്മള്‍ ഒരു മാസം അനാവശ്യമായി ചിലവുചെയ്യുന്ന പണം ഉണ്ടെങ്കില്‍, ആ കൂര മേഞ്ഞു കൊടുക്കാം. അവര്‍ക്കു സുഖമായി രാത്രി കഴിയാം. ഫീസില്ലാത്തതു കാരണം ഒന്നാമനായിരുന്നുവെങ്കിലും പഠിത്തം നിര്‍ത്തി, തെരുവിലിറങ്ങേണ്ടി വന്ന എത്രയോ സാധു കുഞ്ഞുങ്ങളാണുള്ളതു്. ഓരോ ആഡംബരവസ്ത്രം എടുക്കുമ്പോഴും നിഷ്‌കളങ്കരായ ഈ കുഞ്ഞുങ്ങളുടെ മുഖം മക്കള്‍ കാണുവാന്‍ ഒന്നു ശ്രമിക്കണം.

മക്കളേ, അമ്മ ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. ലോകത്തിൻ്റെ സ്ഥിതി അമ്മ ഓര്‍ത്തുപോയി എന്നു മാത്രം. ഒരു കാര്യം അമ്മയ്ക്കുറപ്പുണ്ടു്, മക്കള്‍ വിചാരിച്ചാല്‍, ഇന്നത്തെ സ്ഥിതിക്കു മാറ്റം വരുത്താന്‍ കഴിയും. മക്കളേ, യഥാര്‍ത്ഥ ഈശ്വരപൂജ അതൊന്നുമാത്രമാണു്. മക്കളില്‍നിന്നും അമ്മ പ്രതീക്ഷിക്കുന്നതു് അതാണു്. ?

അശോക് നായര്‍

അമ്മയോടു പലരും ചോദിച്ചിട്ടുണ്ടു്, ”അമ്മേ, അമ്മ എന്താണു് അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാത്തതു്?” അമ്മ പുഞ്ചിരിച്ചുകൊണ്ടു പറയും, ”മക്കളേ, ആദ്ധ്യാത്മികത എന്നുപറഞ്ഞാല്‍ അദ്ഭുതപ്രവൃത്തികളല്ല. ഒരിക്കല്‍ അദ്ഭുതമെന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മക്കള്‍ അതു തന്നെ വീണ്ടുംവീണ്ടും കാണണമെന്നാഗ്രഹിക്കും. അമ്മ മക്കളുടെ ആഗ്രഹങ്ങള്‍ വളര്‍ത്താന്‍ വന്നതല്ല. മക്കളുടെ ആഗ്രഹങ്ങള്‍ ഇല്ലാതാകണം എന്നാണു് അമ്മയുടെ ആഗ്രഹം.”

അമ്മയുടെ വാക്കുകള്‍ ഏറ്റു പറയാന്‍ ശ്രമിക്കുന്നുവെങ്കിലും ഒന്നെനിക്കറിയാം, അമ്മയെ മനസ്സിലാക്കാന്‍ ഈ ഒരു ജന്മം മതിയാകില്ല. അതുകൊണ്ടു് അനന്തമായ ഒന്നിൻ്റെ അവസാനം കണ്ടു പിടിക്കാനുള്ള പാഴ്ശ്രമം ഞാന്‍ ചെയ്യുന്നില്ല. എന്നാല്‍, ഞങ്ങള്‍ പോലുമറിയാതെ അമ്മ എന്നെയും കുടുംബത്തെയും ഉള്ളംകൈയില്‍വച്ചു രക്ഷിച്ച ഒരു കഥയാണു് എനിക്കു പറയാനുള്ളതു്…

2002 ജൂലായു് ഓഗസ്റ്റ് മാസങ്ങളില്‍ ഞങ്ങള്‍ പതിവുപോലെ ദോഹയില്‍നിന്നു് അവധിക്കു നാട്ടിലെത്തിയപ്പോള്‍ അമ്മയുടെ ദര്‍ശനത്തിനു പോയി. അത്തവണ ദര്‍ശനം കഴിഞ്ഞു പ്രസാദം കൈയില്‍ വച്ചുതന്നിട്ടും അമ്മ എന്നെ വിട്ടില്ല. കുറച്ചു സമയം കൂടി എന്നെ ചേര്‍ത്തു പിടിച്ചു, എന്നിട്ടു ചോദിച്ചു, ”മോനു് അമ്മയോടു് ഒന്നും ചോദിക്കാനില്ലേ?” ”ഇല്ല അമ്മേ, സന്തോഷമായിരിക്കുന്നു” ഞാന്‍ പറഞ്ഞു.

സെപ്തംബര്‍ ആദ്യത്തെ ആഴ്ച ഞങ്ങള്‍ അവധി കഴിഞ്ഞു തിരിച്ചുപോയി. ആ മാസം പകുതിയോടെ എൻ്റെ ഭാര്യ സുജയ്ക്കു് ഒരു പനി വന്നു. മൂന്നു ദിവസം മാത്രം നീണ്ടുനിന്ന ഒരു ചെറിയ പനി. രണ്ടു നാള്‍കൊണ്ടു പനി മാറുകയും ചെയ്തു. അമ്മയുടെ ജന്മദിനം ദോഹയിലെ ഞങ്ങളുടെ ഒരു സുഹൃത്തിൻ്റെ വീട്ടില്‍വച്ചു് ആഘോഷിച്ചു. പനിയുടെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും സുജ അന്നും പതിവുപോലെ ഭജന പാടുകയും ചെയ്തു.

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുജയ്ക്കു വീണ്ടും സുഖമില്ലാതെയായി. ഡോക്ടറെ കണ്ടപ്പോള്‍ മൂത്രാശയത്തില്‍ പഴുപ്പാണെന്നു പറഞ്ഞു മരുന്നു തന്നു. മരുന്നു കഴിച്ചുവെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതിസാരം ബാധിച്ചു സുജ തീരെ അവശനിലയിലായി. ഉടനെ ഞാന്‍ ദോഹയിലെ പ്രധാന ഗവണ്‍മെൻ്റ് ഹോസ്പിറ്റലായ ഹമദ് ഹോസ്പിറ്റലിലേക്കു സുജയെ കൊണ്ടുപോയി. പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍ പറഞ്ഞതു്, സുജ കഴിക്കുന്ന മരുന്നിൻ്റെ കുഴപ്പമാണെന്നാണു്. വേറെ പ്രശ്‌നങ്ങളൊന്നുമില്ല എന്നു പറഞ്ഞു മരുന്നു മാറ്റിത്തന്നു. എന്നാല്‍ അന്നു വൈകുന്നേരമായപ്പോഴേക്കും ഭാര്യയ്ക്കു സംസാരിക്കാനോ നടക്കാനോ പറ്റാതെയായി. ബോധവും നഷ്ടപ്പെടാന്‍ തുടങ്ങി. ഭയന്നുപോയ ഞാന്‍ ഞങ്ങളുടെ ഓഫീസ് ഡോക്ടറുടെ അഭിപ്രായമനുസരിച്ചു ഭാര്യയെ അവിടത്തെ സ്വകാര്യാശുപത്രിയായ അമേരിക്കന്‍ ഹോസ്പിറ്റലിലേക്കു മാറ്റി.

അന്നു പകല്‍ മുഴുവന്‍ ഓരോ ടെസ്റ്റുകള്‍ ചെയ്തു. ഒന്നിലും ഒരു കുഴപ്പവും കാണുന്നില്ല, എന്നാല്‍ ഭാര്യയുടെ സ്ഥിതി മെച്ചപ്പെടുന്നുമില്ല. അവിടത്തെ ഡോക്ടറുടെ ഉപദേശം അനുസരിച്ചു തലയുടെ ഒരു എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യുകയുണ്ടായി. അതിൻ്റെ റിപ്പോര്‍ട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്നു കണ്ട ഡോക്ടര്‍ അവളെ തിരിച്ചു ഹമദ് ഹോസ്പിറ്റലിലേക്കുതന്നെ കൊണ്ടുപോകാന്‍ പറഞ്ഞു.

അപ്പോഴേക്കും നടക്കാന്‍ വയ്യാതായ ഭാര്യയെ വീല്‍ച്ചെയറിലിരുത്തി അന്നു രാത്രി വീണ്ടും ഹമദ് ഹോസ്പിറ്റലിലേക്കു പോയി. അവിടെ ഡോക്ടര്‍മാരുടെ ഒരു ടീം തന്നെ സുജയെ പരിശോധിക്കാനെത്തി. അവര്‍ എല്ലാ തരത്തിലുമുള്ള ടെസ്റ്റുകളും ചെയ്യുന്നുണ്ടായിരുന്നു. ഇത്രയൊക്കെയായിട്ടും രോഗിയുടെ സ്ഥിതി വീണ്ടുംവീണ്ടും വഷളായിക്കൊണ്ടിരുന്നു. ഒന്‍പതാം തീയതിയായപ്പോഴേക്കും സുജയുടെ ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ടു പതുക്കെപ്പതുക്കെ അബോധാവസ്ഥയിലേക്കു പോകാന്‍ തുടങ്ങി. അന്യനാടു്. സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കൊച്ചുപെണ്മക്കള്‍. രോഗമെന്താണെന്നു പോലും നിര്‍ണ്ണയിക്കാന്‍ കഴിയാതെ, ചികിത്സ തുടങ്ങാനാകാതെ അബോധാവസ്ഥയിലായ ഭാര്യ. ഡോക്ടര്‍മാരായ സുഹൃത്തുക്കള്‍പോലും രോഗിയെ ഭാരതത്തില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. ഹോസ്പിറ്റലിലെ ജോലിക്കാരും അതുതന്നെ പറഞ്ഞു. എൻ്റെ നിസ്സഹായാവസ്ഥ ആരും മനസ്സിലാക്കിയില്ല. ഭാര്യയോടു് എനിക്കു സ്നേഹമില്ലാത്തതുകൊണ്ടാണു ഞാന്‍ അവള്‍ക്കു വേണ്ടി മികച്ച ചികിത്സ തേടാത്തതു് എന്നുവരെ ചിലര്‍ പറയാന്‍ തുടങ്ങി.

ഹൃദയത്തില്‍ ഞാന്‍ അമ്മയോടു മാത്രം അപേക്ഷിച്ചു, ”അമ്മേ, അവസാനം ഞാന്‍ ദര്‍ശനത്തിനു വന്നപ്പോള്‍ ‘അമ്മയോടു് ഒന്നും ചോദിക്കാനില്ലേ’ എന്നു് അമ്മ ചോദിച്ചു. ഞാന്‍ ‘സന്തോഷമായിരിക്കുന്നു’ എന്നു് അമ്മയോടു പറഞ്ഞു. അന്നു് എനിക്കൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്നു് എനിക്കു ചോദിക്കാനുണ്ടു് അമ്മേ എൻ്റെ ഭാര്യയുടെ ജീവന്‍.”

അമ്മയാണെങ്കില്‍ ആ സമയത്തു യൂറോപ്യന്‍ പര്യടനത്തിലായിരുന്നു. എൻ്റെ നിസ്സഹായത കണ്ടു് ഒരു സുഹൃത്തു് അമ്മയെ അറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം അമ്മയോടൊപ്പമുണ്ടായിരുന്ന സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരിയുമായി സംസാരിക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സ്വാമിജി അമ്മയെ അറിയിക്കാമെന്നു് ഉറപ്പുതന്നു. അധികം താമസിയാതെ സ്വാമിജി തിരിച്ചു വിളിച്ചു. ”ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ചികിത്സ തന്നെ തുടരാനാണു് അമ്മ പറഞ്ഞിരിക്കുന്നതു്” എന്നു സ്വാമിജി പറഞ്ഞു.

എൻ്റെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എന്തു തീരുമാനമെടുക്കണം എന്നു് അറിയാതെ വരുമ്പോള്‍ ഗുരുവിൻ്റെ ഏറ്റവും സരളമായ കുറച്ചു വാക്കുകള്‍ മതി, തീരുമാനം എളുപ്പമാകും. അമ്മ പറഞ്ഞതു പ്രകാരം എൻ്റെ ഭാര്യയ്ക്കു് ഇപ്പോഴത്തെ ഡോക്ടറുടെ ചികിത്സതന്നെ തുടരാന്‍ ഞാന്‍ നിശ്ചയിച്ചു.

അടുത്ത ദിവസം സുജയുടെ ഡോക്ടര്‍ പരിശോധിക്കാന്‍ വരുന്നതും കാത്തു ഞാന്‍ നിന്നു. ഡോക്ടറുടെ പരിശോധന കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനോടു നേരിട്ടു സംസാരിക്കണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എന്നെ അദ്ദേഹത്തിൻ്റെ മുറിയിലേക്കു ക്ഷണിച്ചു. പരിചയപ്പെട്ടപ്പോഴാണു് അറിയുന്നതു് അദ്ദേഹം ഒരു പാകിസ്ഥാനിയാണെന്നു്. അതെന്നെ വിഷമിപ്പിച്ചു. ഏതു ഭാരതീയനെയുംപോലെ പാകിസ്ഥാനികളോടു് എനിക്കു് ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍തന്നെ ചികിത്സിച്ചാല്‍ മതി എന്നതു് അമ്മയുടെ തീരുമാനമാണു്. എനിക്കതു് അനുസരിക്കാതിരിക്കാന്‍ വയ്യ.

എൻ്റെ ഭാര്യയുടെ അസുഖത്തെക്കുറിച്ചും അവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചും ഒരു വിദഗ്‌ദ്ധോപദേശം തേടിയാണു ഞാന്‍ വന്നിരിക്കുന്നതെന്നു ഡോക്ടറോടു തുറന്നു പറഞ്ഞു. ഇനി മറ്റേതെങ്കിലും ഹോസ്പിറ്റലില്‍ ഇതിലും മികച്ച ചികിത്സ ലഭിക്കുമെന്നാണു ഡോക്ടറുടെ അഭിപ്രായമെങ്കില്‍, ലോകത്തില്‍ എവിടെയാണെങ്കിലും അവിടേക്കു് എൻ്റെ ഭാര്യയെ കൊണ്ടു പോകാന്‍ തയ്യാറാണെന്നും ഞാന്‍ അറിയിച്ചു. ഡോക്ടര്‍ മുഖം താഴ്ത്തി ഞാന്‍ പറയുന്നതു മുഴുവന്‍ ക്ഷമയോടെ കേട്ടിരുന്നു. ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അദ്ദേഹം മുഖമുയര്‍ത്തി എന്നെ നോക്കി. ”നിങ്ങള്‍ അനുഭവിക്കുന്നതെന്താണെന്നു് എനിക്കു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ വൈദ്യശാസ്ത്രത്തിനു ചെയ്യാന്‍ കഴിയുന്നതൊക്കെ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ടു്. നിങ്ങള്‍ കുറച്ചുകൂടി ക്ഷമിക്കൂ. എല്ലാം ശരിയാകും.” അദ്ദേഹം എനിക്കു് ഉറപ്പു നല്കി. അദ്ദേഹത്തെ വിശ്വസിച്ചു് ഏല്പിക്കുകയാണെങ്കില്‍ സ്വന്തം സഹോദരിയെ നോക്കുന്നതുപോലെ എൻ്റെ ഭാര്യയെ നോക്കിക്കൊള്ളാം എന്നും അദ്ദേഹം എനിക്കു വാക്കുതന്നു. എൻ്റെ ഭാര്യയെ ഞാന്‍ ഡോക്ടറെ ഏല്പിക്കുകയാണു് എന്നു പറഞ്ഞു ഞാന്‍ മുറി വിട്ടിറങ്ങി.

പിന്നെ നടന്നതാണു് അദ് ഭുതം. അന്നു രാത്രി ഒരു പുതിയ മരുന്നു് ആരംഭിച്ചുകൊണ്ടു് ആ പാകിസ്ഥാനി ഡോക്ടര്‍ ചികിത്സ തുടങ്ങി. അതുവരെ മരുന്നുകളോടു പ്രതികരിക്കാതിരുന്ന രോഗിക്കു് അസുഖം പതുക്കെ ഭേദമാകാനും തുടങ്ങി. വെറും രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം സുജയെ വീട്ടിലേക്കു കൊണ്ടുവന്നു. ആദ്യം കൊടുത്ത മരുന്നുതന്നെ പത്തു ദിവസം കൂടി തുടര്‍ന്നു. വീട്ടിലേക്കു വന്നുവെങ്കിലും സുജ സാധാരണ നിലയിലായിരുന്നില്ല. സംസാരിക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള വ്യായാമങ്ങളാണു പിന്നെ ചെയ്തിരുന്നതു്. വസ്ത്രം ഉടുക്കാനും 2+1=3 എന്നു കൂട്ടാനുമൊക്കെ ഒരു കൊച്ചുകുഞ്ഞിനെ പഠിപ്പിക്കുന്നതുപോലെ ഞങ്ങള്‍ സുജയെ പഠിപ്പിച്ചു. പക്ഷേ, സുജ തികച്ചും പഴയപടിയാകും എന്ന കാര്യത്തില്‍ എനിക്കു് ഒരു തരി പോലും സംശയം ഉണ്ടായിരുന്നില്ല. കാരണം, അമ്മ പറയുന്നതൊക്കെ സത്യമായിത്തീരും എന്നെനിക്കു് ഉറപ്പായിരുന്നു. വെറും മൂന്നു മാസംകൊണ്ടു സുജ എണ്‍പതു ശതമാനം കഴിവുകളും വീണ്ടെടുത്തു. അവള്‍ നടക്കാന്‍ തുടങ്ങി, സംസാരിക്കാനും പാടാനും തുടങ്ങി, ഡ്രൈവു ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ അവസാനമായി ഡോക്ടറുടെ അടുത്തു പോയപ്പോള്‍ ഇനി പരിശോധനയൊന്നും ആവശ്യമില്ലെന്നു ഡോക്ടര്‍ പറഞ്ഞു.

അസുഖം വന്നു രണ്ടുവര്‍ഷത്തിനു ശേഷം ഒരു ദിവസം ഞങ്ങള്‍ പതിവുള്ള വൈദ്യപരിശോധനയ്ക്കായി പോയപ്പോള്‍, ഞാന്‍ ആദ്യമായി ഡോക്ടറുടെ റൂമില്‍ച്ചെന്നു സംസാരിച്ച രംഗം വ്യക്തമായി ഓര്‍ക്കുന്നുവെന്നു് അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകുമെന്നു് അന്നു പറഞ്ഞതു കള്ളമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മെഡിക്കല്‍ ഫയല്‍ അദ്ദേഹം എനിക്കു കാണിച്ചു തന്നു. ”രോഗി ഒരു മരുന്നിനും പ്രതികരിക്കുന്നില്ല. നില വഷളായിക്കൊണ്ടിരിക്കുകയാണു്” എന്നാണു ഫയലില്‍ എഴുതിയിരുന്നതു്. രോഗി രക്ഷപ്പെടുമെന്നു് അദ്ദേഹത്തിനു തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. തന്നെ രക്ഷപ്പെടുത്തിയതിനു സുജ അദ്ദേഹത്തോടു നന്ദി പറഞ്ഞപ്പോള്‍ ”ഞാന്‍ ഒന്നും ചെയ്തില്ല. നിങ്ങള്‍ സ്വയം അസുഖം മാറ്റുകയാണു ചെയ്തതു്” എന്നാണു് അദ്ദേഹം പറഞ്ഞതു്.

താന്‍ കണ്ടിട്ടുള്ളതില്‍വച്ചു് ഏറ്റവും അസാധാരണമായ ദമ്പതികളാണു ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നാട്ടില്‍ പോയപ്പോഴോ മറ്റോ വേറെ ഏതെങ്കിലും ഡോക്ടറുടെ അഭിപ്രായത്തിനു ശ്രമിച്ചിരുന്നോ എന്നു് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ മിടുക്കനായതുകൊണ്ടു വേറെ ആരെയും കാണേണ്ട ആവശ്യമില്ല എന്നാണു ഞങ്ങളുടെ ഗുരു പറഞ്ഞിരുന്നതു് എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. സുജ വിരലിലെ മോതിരം കാണിച്ചിട്ടു് ഇതാണു ഞങ്ങളുടെ ഗുരു എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ നിഷ്‌കളങ്കതയോടെ, ‘ഒരിക്കലും കാണാത്ത തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനു ഗുരുവിനു് അദ്ദേഹത്തിൻ്റെ നന്ദി അറിയിക്കണ’മെന്നു പറഞ്ഞു. സുജ ബോധമില്ലാതെ കിടക്കുമ്പോള്‍, എന്തെങ്കിലും പ്രതികരണം കിട്ടാന്‍ വേണ്ടി, ഈ മോതിരം ചൂണ്ടി ‘എന്താണു ലതാമങ്കേഷ്‌കറുടെ മോതിരമിട്ടു നടക്കുന്നതു്’ എന്നു ഡോക്ടര്‍ തമാശയായി ചോദിക്കാറുണ്ടായിരുന്നു.

അദ്ഭുതം തോന്നുന്ന വേറെയും സംഭവങ്ങളുണ്ടു്. സുജയെ ആദ്യമായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ മറ്റൊരു ഡോക്ടറുടെ പേരാണു ഫയലില്‍ എഴുതിയിരുന്നതു്. ഹോസ്പിറ്റലിലെ ജീവനക്കാരന്‍ ഈ പാകിസ്ഥാനി ഡോക്ടറുടെ മേശപ്പുറത്തു ഫയല്‍ ‘തെറ്റി’ വയ്ക്കുകയാണുണ്ടായതു്. ഇതൊരു അസാധാരണമായ കേസായതിനാല്‍ ഇദ്ദേഹം അതു സ്വയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ ഉപദേശം ചോദിക്കുന്നതിനു മുന്‍പുതന്നെ തൻ്റെ മകളെ ഏതു ഡോക്ടറെക്കൊണ്ടു ചികിത്സിപ്പിക്കണം എന്നു് അമ്മ തീരുമാനിച്ചിട്ടുണ്ടാകണം.

ഈ സംഭവങ്ങളെല്ലാം എന്നെ പല പാഠങ്ങളും പഠിപ്പിച്ചു. സുഹൃത്ബന്ധങ്ങളുടെ വില എനിക്കു മനസ്സിലായി. സ്വന്തം വിധിയുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത മനുഷ്യന്‍ എത്ര നിസ്സഹായനാണെന്നും എനിക്കു മനസ്സിലായി. നമ്മുടെ കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ഈശ്വരശക്തി നമ്മെ എപ്പോഴും താങ്ങിക്കൊണ്ടിരിക്കും എന്നെനിക്കു് ഉറപ്പായി.

അദ്ഭുതങ്ങള്‍ മായയാണെന്നു് അമ്മ പറഞ്ഞിട്ടുണ്ടു്. എന്നാല്‍ അമ്മയുടെ വാക്കുകള്‍ അനുസരിച്ചപ്പോള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ മായയാണെങ്കിലും സത്യംതന്നെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരാളുടെ ജീവന്‍ തിരിച്ചു ലഭിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും ജീവിതമാണു രക്ഷപ്പെട്ടതു്. ഇനിയുള്ള ഞങ്ങളുടെ ജീവിതം അമ്മയ്ക്കുള്ള സമര്‍പ്പണമാണു്. •
(വിവ: പത്മജ ഗോപകുമാര്‍)

അമ്പലപ്പുഴ ഗോപകുമാര്‍

അമ്മ അറിയാത്ത ലോകമുണ്ടോ
അമ്മ നിറയാത്ത കാലമുണ്ടോ
അമ്മ പറയാത്ത കാര്യമുണ്ടോ
അമ്മ അരുളാത്ത കര്‍മ്മമുണ്ടോ?

അമ്മ പകരാത്ത സ്നേഹമുണ്ടോ
അമ്മ പുണരാത്ത മക്കളുണ്ടോ
അമ്മ അലിയാത്ത ദുഃഖമുണ്ടോ
അമ്മ കനിയാത്ത സ്വപ്‌നമുണ്ടോ…?

അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോ
അമ്മ ഒളിക്കാത്ത ചിത്തമുണ്ടോ
അമ്മ വിളക്കാത്ത ബന്ധമുണ്ടോ
അമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…?

ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങും
എന്നും പ്രകാശിക്കുമാത്മദീപം
മണ്ണിലും വിണ്ണിലും സത്യമായി
മിന്നിജ്ജ്വലിക്കുന്ന പ്രേമദീപം!

കണ്ണിലുള്‍ക്കണ്ണിലാദീപനാളം
കണ്ടുനടക്കുവാന്‍ ജന്മമാരേ
തന്നതാക്കാരുണ്യവായ്പിനുള്ളം
അമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!

ഒരു ബ്രഹ്മചാരി തപാലിൽ വന്ന കത്തുകൾ ഓഫീസിൽനിന്നു കൊണ്ടുവന്നു. അമ്മ അതു വാങ്ങി വായിക്കാൻ ആരംഭിച്ചു. ഇടയ്ക്കു ഭക്തരോടായി പറഞ്ഞു.
ഈ കത്തുകൾ വായിച്ചാൽ മതി ജീവിതം മുഴുവൻ നമുക്കു കാണാം. മിക്കതും കഷ്ടപ്പാടിൻ്റെ കഥകൾ മാത്രം.

ബ്രഹ്മചാരി: ആദ്ധ്യാത്മികകാര്യങ്ങൾ ചോദിച്ചുകൊണ്ടു കത്തു വരാറില്ലേ?’
അമ്മ: ഉണ്ട്. പക്ഷേ, കൂടുതലും കണ്ണീരിൻ്റെ കഥകളാണ്. കഴിഞ്ഞ ദിവസം ഒരു കത്തു വന്നു. ഒരു മോളുടെതാണ്. അവരുടെ ഭർത്താവു കുടിച്ചിട്ടുവന്നു ദിവസവും അവരെ ഇടിക്കും. ഒരു ദിവസം അവരുടെ രണ്ടുവയസ്സു പ്രായമുള്ള കുട്ടി ഇടയ്ക്കു വന്നു കയറി. കുടിച്ചു ലക്കുകെട്ടു നില്ക്കുന്ന ആൾക്കു കുട്ടിയെന്നുണ്ടോ? ഒരു ചവിട്ട്. ആ കുഞ്ഞിൻ്റെ ഒരു കാലൊടിഞ്ഞു. ഇപ്പോൾ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതുകഴിഞ്ഞിട്ടും ഭർത്താവിൻ്റെ കുടിക്കു കുറവില്ല. ആ മോളൊറ്റയ്ക്കാണു കുട്ടിയുടെ കാര്യവും വീട്ടുകാര്യവും എല്ലാം നോക്കുന്നത്. ഭർത്താവിൻ്റെ കുടി മാറാൻ അമ്മ അനുഗ്രഹിക്കണമെന്നും പറഞ്ഞുകൊണ്ടാണു് എഴുത്ത്.

ഭക്തൻ: ഈ വരുന്ന കത്തുകൾ എല്ലാം അമ്മ വായിക്കുമോ? ഇന്നുതന്നെ ഒരു കെട്ടുണ്ടല്ലോ?

അമ്മ: അവരുടെ കണ്ണീരോർക്കുമ്പോൾ വായിക്കാതിരിക്കാൻ കഴിയുമോ? ചിലതിനൊക്കെ അമ്മതന്നെ മറുപടി എഴുതും. വളരെയധികം കത്തുകളുണ്ടെങ്കിൽ ചിലതിനു മറുപടി എഴുതാൻ അമ്മ പറഞ്ഞു കൊടുക്കും. എല്ലാം വായിച്ചു മറുപടി എഴുതുന്ന കാര്യം വലിയ കഷ്ടമാണ്. ചില കത്തുകൾ പത്തും പന്ത്രണ്ടും പേപ്പറുകൾ കാണും. വായിക്കാൻകൂടി സമയം തികയാറില്ല. മിക്ക ദിവസവും രാത്രി കത്തുവായിച്ചു തീരുമ്പോൾ നേരം വെളുക്കാറാകും. വല്ലതും കഴിക്കുമ്പോഴും ഒരു കൈയിൽ എഴുത്തായിരിക്കും. ചിലപ്പോൾ മറുപടി എഴുതാനുള്ളതു പറഞ്ഞുകൊടുക്കുന്നതു കുളിക്കുന്ന സമയമായിരിക്കും.

മോനിതെല്ലാം മുറിയിൽ കൊണ്ടുവയ്ക്ക്. പിന്നീടു വായിക്കാം. അമ്മ കത്തുകളെല്ലാം ഒരു ബ്രഹ്മചാരിയെ ഏല്പിച്ചു.

കാ.ഭാ. സുരേന്ദ്രന്‍

”ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്‌കാരത്തെയാണു് അനുകരിച്ചുകാണുന്നതു്. നമുക്കില്ലാത്ത പല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്‌കാരത്തെ പാടെ മറന്നു പാശ്ചാത്യരീതികളെ അന്ധമായി അനുകരിക്കുന്നതായാണു് ഇന്നു കണ്ടു വരുന്നതു്. അതു പ്ലാസ്റ്റിക്ക് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്.” അമ്മ ഒരിക്കല്‍ പറഞ്ഞതാണിതു്.

യുവാക്കള്‍ പണ്ടത്തെതില്‍ നിന്നു് ഏറെ മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഡിഗ്രി കഴിഞ്ഞു ജോലി തേടി അലയുന്ന, ഒട്ടൊക്കെ നിരാശരും അസംതൃപ്തരുമായ യുവജനങ്ങളായിരുന്നു ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുന്‍പുവരെ. എന്നാല്‍ വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയും പുതുതലമുറ ബാങ്കുകളും സ്വതന്ത്രവിപണിയും വമ്പന്‍ കോര്‍പ്പറേറ്റു സ്ഥാപനങ്ങളുടെ വരവും ഒക്കെയായി പുതിയൊരു ലോകത്തിലേക്കാണു് ഇന്നത്തെ തലമുറ ജനിച്ചു വീഴുന്നതു്. ആധുനിക സാങ്കേതികവിദ്യാഭ്യാസവും ഇഷ്ടമുള്ള ഉദ്യോഗവും കൈനി റയെ പണവും ‘ടാര്‍ജറ്റു്’ എത്തിക്കാനുള്ള കഠിനപ്രയത്‌നവും ഇന്നത്തെ തലമുറയുടെ സവിശേഷതയാണു്.

ഇതിനിടയില്‍ മതപ്രചാരകന്മാരും ‘കമ്പനി’ ഉദ്യോഗസ്ഥരും ബ്രിട്ടീഷ് സാമ്രാജ്യവും സംഘടിതമായി നടപ്പാക്കിയ പാശ്ചാത്യാനുകരണശൈലി തലമുറകള്‍ കടന്നുപോന്നപ്പോഴേക്കും നമ്മെയെല്ലാം അപരന്മാരാക്കിയിരുന്നു. പടിഞ്ഞാറുനിന്നും വരുന്നതൊക്കെ പരിഷ്‌കൃതവും ഭാരതീയമായതൊക്കെ പ്രാകൃതവും എന്ന ധാരണ ഭൂരിപക്ഷം സാക്ഷരരെയും കീഴടക്കി. ഇന്നും ഇംഗ്ലീഷു് വിദ്യാഭ്യാസവും വേഷവും ജീവിതശൈലിയും ഒക്കെയാണല്ലോ നാം കൊണ്ടുനടക്കുന്നതു്. അഭിവാദ്യം, ആശംസ, ആഘോഷം എല്ലാം നമ്മെ സായ്പ്പിൻ്റെ വെറും പൊയ്മുഖങ്ങളാക്കി മാറ്റി. അങ്ങനെ മാറ്റിയതില്‍ സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്കും അഭ്യസ്തവിദ്യരെന്നു് അഭിമാനിക്കുന്ന പൗരജനങ്ങള്‍ക്കുംകൂടി പങ്കുണ്ടെന്ന കാര്യം മറക്കരുതു്.

ഇതെല്ലാം ഉദ്യോഗവും സമ്പത്തും നേടാനാണെന്നു നാം ന്യായം പറയുകയും ചെയ്യും. ഇതു മാറ്റിയെടുക്കാന്‍ കഴിഞ്ഞെങ്കിലേ ഭാരതത്തിനു നിലനില്പുള്ളൂ. ‘ഇന്നു നമ്മള്‍ കനകംകൊടുത്തു കാക്കപ്പൊന്നു സമ്പാദിക്കുകയാണു്. ഈ മണ്ണിൻ്റെ ആത്മീയ സംസ്‌കാരം കളഞ്ഞുകുളിക്കാതെ തന്നെ നമുക്കു സമ്പത്തു നേടാന്‍ കഴിയു’മെന്നു് അമ്മ പറയുന്നു. അമ്മയുടെ ഈ വാക്കുകളെ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറുണ്ടോ? ‘വെണ്ണനെയ്യു് വീട്ടില്‍വച്ചു് ഉരുക്കുനെയ്യു് തേടി’ അലയുന്ന മൂഢത്വം നാം ഉപേക്ഷിക്കണം. നമുക്കു സമ്പത്തു് ആര്‍ജ്ജിക്കാന്‍ മതം അഥവാ ആദ്ധ്യാത്മികത ഉപേക്ഷിക്കേണ്ട കാര്യമില്ല. കാരണം, ഇവിടെ മതവും സമ്പത്തും ശാസ്ത്രവുമൊന്നും പരസ്പരവിരുദ്ധങ്ങളല്ല.

നൂറ്റാണ്ടുകള്‍ക്കു മുന്‍പു യൂറോപ്പില്‍ ഉയര്‍ന്നുവന്ന വിശ്വാസമാണു മതവും ശാസ്ത്രവും വിരുദ്ധങ്ങളെന്നതു്. അതവിടെ ഏറെ കുഴപ്പങ്ങള്‍ക്കു കാരണമാവുകയും ഭയാനകമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, ഭാരതത്തില്‍ മറ്റുള്ളവര്‍ പറഞ്ഞുപോരുന്ന മതവിശ്വാസങ്ങള്‍ക്കല്ല മുന്‍ഗണന. ഇവിടെ ആദ്ധ്യാത്മികതയാണു മുന്നിട്ടുനിന്നതും പ്രചരിപ്പിച്ചു പോന്നതും. അതുകൊണ്ടാണു് ഇവിടെ വ്യത്യസ്ത മതങ്ങളുണ്ടായതും അനേകം ദൈവസങ്കല്പങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതും. എല്ലാത്തിൻ്റെയും അടിത്തറ ആദ്ധ്യാത്മികദര്‍ശനമായിരുന്നു. അതുകൊണ്ടുതന്നെ ധനവും ഒരു ആരാധ്യവസ്തുവാണു്.

സമ്പത്തു് ആര്‍ജ്ജിക്കുന്നതിനു് ആദ്ധ്യാത്മികത തടസ്സമല്ല. തന്നെയല്ല, ആദ്ധ്യാത്മികതയിലൂന്നി നിന്നുകൊണ്ടു സമ്പത്തു് ആര്‍ജ്ജിച്ചാല്‍ അതു കലഹ കാരണമാവുകയില്ല. ദൗര്‍ഭാഗ്യവശാല്‍ ഇന്നു യുവതലമുറ ധാരാളം പണം സമ്പാദിക്കുന്നുണ്ടെങ്കിലും അതില്‍ ആദ്ധ്യാത്മികസ്പര്‍ശം വളരെ കുറവെന്നു വിലയിരുത്തേണ്ടിവരും. പരിഹാരം, വളര്‍ന്നുവരുന്ന തലമുറയില്‍ ശരിയായ ജീവിത വീക്ഷണവും ശൈലിയും പകര്‍ന്നു നല്കുക എന്നതാണു്. ‘ചട്ടിയിലുള്ളതേ ചിരട്ടയില്‍ വരൂ’ എന്നൊരു ചൊല്ലുണ്ടു്. എന്താണോ നമ്മില്‍ ഉള്ളതു് അതേ പകര്‍ന്നു നല്കാന്‍ കഴിയൂ. അതു കൊണ്ടു് ആദ്യം മാതാപിതാക്കളാണു ഗൃഹപാഠം ചെയ്യേണ്ടതു്.

നല്ല അദ്ധ്യാപകര്‍ ക്ലാസ്സെടുക്കുന്നതിനു മുന്‍പു വളരെയേറെ തയ്യാറെടുപ്പുകള്‍ നടത്തും. അത്തരക്കാരുടെ ക്ലാസ്സുകള്‍ ആനന്ദപ്രദവും ഒപ്പം വിജ്ഞാന പ്രദവുമായിരിക്കും. അവര്‍ക്കു കുട്ടികളെ ശരിയായി ചിന്തിപ്പിക്കാനും ഉത്തരം കണ്ടെത്താന്‍ പ്രാപ്തിയുള്ളവരാക്കാനും കഴിയും. അതേപോലെയാണു മാതാപിതാക്കളും. അവര്‍ ശരിയായാല്‍ കുട്ടികള്‍ ശരിയാകും. കുട്ടികള്‍ നേരെയായാല്‍ തലമുറ നേരെയാകും. തലമുറ നേരെയായാല്‍ നാടും നന്നാകും.”കൊച്ചു കുട്ടികളുടെ മനസ്സു് പുതിയതായി സിമൻ്റിട്ട തറപോലെയാണു്. അതില്‍ പതിയുന്ന കാല്പാടുകള്‍ മായുകയില്ല. അതവിടെ തെളിഞ്ഞുകിടക്കും. അതിനാല്‍ ചെറുപ്പകാലത്തു തന്നെ അവരില്‍ നല്ല സംസ്‌കാരം വളര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. ആദ്യം പകര്‍ന്നു നല്കുന്ന ഈ സംസ്‌കാരമാണു് അവരുടെ ജീവിതത്തിൻ്റെ ആണിക്കല്ലു്.” അമ്മ നിര്‍ദ്ദേശിക്കുന്ന പരിഹാരവും ഒപ്പം മുന്നറിയിപ്പുമാണിതു്. അമ്മയുടെ ഈ വാക്കുകള്‍ അനുസരിച്ചാല്‍ നമുക്കു പുത്തന്‍ തലമുറയെപ്പറ്റി ഖേദിക്കേണ്ടി വരില്ല.

ഇന്നു ശരിയായ സംസ്‌കാരം പൊതുവിദ്യാഭ്യാസത്തില്‍നിന്നു പ്രതീക്ഷിക്കുക സാദ്ധ്യമല്ല. അതു കിട്ടരുതു് എന്നു മനഃപൂര്‍വ്വം ആരോ തീരുമാനിച്ചിട്ടുള്ളതുപോലെ തോന്നും ‘വിദഗ്ദ്ധരുടെ’ പദ്ധതികളും നിര്‍ദ്ദേശങ്ങളും കണ്ടാല്‍. ‘ഇന്നു സ്‌കൂളും കോളേജുമെല്ലാം ഒരു യുദ്ധക്കളംപോലെയാണു്. യുദ്ധക്കളത്തിലെ വെട്ടും കുത്തുമെല്ലാം ഇന്നു വിദ്യാലയങ്ങളില്‍ കാണാം. അതു രാഷ്ട്രീയത്തിൻ്റെ പേരിലായാലും മറ്റെന്തിൻ്റെ പേരിലായാലും. ‘ഇന്നു വിദ്യാലയങ്ങളിലും കലാലയങ്ങളിലുമെല്ലാം സൗഹൃദവും സന്മനസ്സുമല്ല സൃഷ്ടിക്കപ്പെടുന്നതു്. കാരുണ്യവും സഹാനുഭൂതിയുമല്ല ഉറവെടുക്കുന്നതു്. സമരസതയും സമന്വയവുമല്ല വളര്‍ത്തുന്നതു്. പോരാടുവാനാണു്, ആരോടെല്ലാമോ യുദ്ധം ചെയ്യാനാണു നയിക്കപ്പെടുന്നതു്.

പാഠ്യക്രമവും ശീര്‍ഷാസനത്തിലാണു്. ‘ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എങ്ങനെയെന്നു വച്ചാല്‍ ഉടുപ്പിനുവേണ്ടി ശരീരത്തെ മുറിക്കുന്നതുപോലെയാണു്. ചെരുപ്പിനുവേണ്ടി കാലു മുറിച്ചു ചെറുതാക്കുന്നതുപോലെയാണു്. ഇന്നു വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ നടക്കുന്ന കമ്പ്യൂട്ടര്‍പോലെയായിത്തീര്‍ന്നിരിക്കുന്നു. ഹൃദയം അവിടെ നഷ്ടപ്പെട്ടുപോയിരിക്കുന്നു.’ അമ്മ ചൂണ്ടിക്കാണിച്ച ഈ നഷ്ടഹൃദയം നമുക്കു വീണ്ടെടുക്കാന്‍ കഴിയണം. പരിഹാരവും അമ്മ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. ‘വ്യക്തിമനസ്സു് മാറ്റിയെടുക്കണം. മാറ്റം വ്യക്തി മനസ്സില്‍നിന്നു് ആരംഭിച്ചാല്‍ നമുക്കു സമൂഹത്തിലാകെ പരിവര്‍ത്തനം നടത്താന്‍ കഴിയും.’

ശരിയായ വ്യക്തിനിര്‍മ്മാണമാണു നടക്കേണ്ടതു്. ഈ വ്യക്തി മനസ്സിനെ പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതുകൊണ്ടാണു് അമ്മ ആവര്‍ത്തിച്ചു പറയുന്നതു്, കുട്ടികളുടെ മനസ്സില്‍ പതിയുന്ന പാടുകള്‍ ശ്രദ്ധിക്കണമെന്നു്. നല്ല കാഴ്ചയാണു കുട്ടികള്‍ കണ്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അവരുടെ ഭാവനയും നല്ലതായിരിക്കും. കേള്‍ക്കുന്നതെല്ലാം നല്ലതാണെങ്കില്‍ കുട്ടി പറയുന്നതും നല്ല വാക്കുകളായിരിക്കും. ‘കണ്ടതും കേട്ടതുമാണു ജീവിതം.’ അങ്ങനെയല്ലേ ഒരു നരേന്ദ്രന്‍ സ്വാമി വിവേകാനന്ദനായതു്. അങ്ങനെയല്ലേ ഒരു കൊച്ചു ശിവന്‍ ഛത്രപതി ശിവജിയായതു്. അങ്ങനെയല്ലേ ഒരു നാണു നാരായണഗുരു സ്വാമിയായതു്; ഒരു കുമാരു മഹാകവി കുമാരനാശാനായതു്. മക്കള്‍ മാറാന്‍ അമ്മ മാറുക. അമ്മമാര്‍ക്കു മാറാന്‍ ‘അമ്മ’യെ അനുസരിക്കുക. ആരാധന മാത്രം പോരാ. അനുസരണവും വേണം.