മക്കളേ, എല്ലാത്തിൻ്റെയും അടിസ്ഥാനം വിനയവും ക്ഷമയുമാണു്. അതില്ലാത്തതുകൊണ്ടാണു സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതു്. അതിനാല്‍ വിനയവും ക്ഷമയുമുള്ള ഒരു മനസ്സാണു നമുക്കു വേണ്ടതു്.
ആധുനികലോകം ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇല്ല. ശത്രുക്കള്‍ മാത്രം; പരസ്പരം നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ടു നില്ക്കുന്ന ശത്രുക്കള്‍ മാത്രം. ഇപ്പോള്‍ ഒന്നിച്ചുനിന്നു മറുപക്ഷക്കാരോടു യുദ്ധം ചെയ്യും. പിന്നീടു്, ഭിന്നിച്ചുനിന്നു പരസ്പരം യുദ്ധം ചെയ്യും. ഈ കാഴ്ചയാണു പലയിടങ്ങളിലും കാണുന്നതു്.
സ്വാര്‍ത്ഥതയും അഹങ്കാരവും മനുഷ്യന്‍ ബിസിനസ്സാക്കി മാറ്റിയിരിക്കുന്നു. ഇനി മുന്നോട്ടുള്ള നീ ക്കങ്ങള്‍ എങ്ങനെയെന്നു പറയാന്‍ വയ്യ. അതിനാല്‍, മക്കളേ പരസ്പരം ക്ഷമയും സ്നേഹവും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.
മക്കളേ, ഇന്നു നമ്മള്‍ ബന്ധങ്ങളുടെ പേരില്‍ ബന്ധനസ്ഥരായിരിക്കുന്നു എന്ന സത്യം നാമറിയുന്നില്ല. ബന്ധങ്ങള്‍ വേണ്ട എന്നല്ല, പക്ഷേ, ബന്ധങ്ങളില്‍ച്ചെന്നുപെടുമ്പോള്‍, ആ വസ്തുവിനോ വ്യക്തിക്കോ നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം നാം വ്യക്തമായി മനസ്സിലാക്കുവാന്‍ ശ്രമിക്കണം. പരസ്പരം അറിഞ്ഞുള്ള ബന്ധമായാല്‍ മാത്രമേ യഥാര്‍ത്ഥ സ്നേഹം ഉടലെടുക്കുകയുള്ളൂ. വ്യക്തിയോടായാലും ലോകവസ്തുക്കളോടായാലും അതുമായി നമുക്കുള്ള ബന്ധം കൂടുവാനോ കുറയുവാനോ പാടില്ല.
സാധാരണ എല്ലാവരും പറയാറുണ്ടു്, ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നു്. എന്നാല്‍ ഇതല്ല ശരി. ‘ഞാന്‍ സ്നേഹമാണു്, സ്നേഹസ്വരൂപമാണു്’ ഇതാണു വാസ്തവം. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നുപറയുമ്പോള്‍, അവിടെ ‘ഞാന്‍’ വരുന്നു, ‘നീ’ വരുന്നു. ഇതിനിടയില്‍ കിടന്നു സ്നേഹം ഞെരിഞ്ഞമരുന്നു.
അതിനാല്‍ നമ്മില്‍നിന്നു സകലരിലേക്കും ഒഴുകുന്നതു സ്നേഹം മാത്രമായിരിക്കണം. സാഹചര്യങ്ങള്‍ക്കു് അതിന്റെ അളവിനെ കൂട്ടാനോ കുറയ്ക്കുവാനോ കഴിയില്ല. നമ്മള്‍ എല്ലാവരും സ്നേഹസ്വരൂപികളായിരിക്കാന്‍ പഠിക്കണം. അപ്പോള്‍ ഏവര്‍ക്കും നമ്മളില്‍നിന്നു നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ, ഉപദ്രവമുണ്ടാകില്ല. ഈ തത്ത്വത്തെയാണു നമ്മള്‍ സാക്ഷാത്കരിക്കേണ്ടതു്.
സ്വര്‍ണ്ണക്കൂട്ടിലെ, ചിറകു മുറിച്ച കിളിയെപ്പോലെ നാം മനസ്സാകുന്ന ജയിലില്‍ ബന്ധനസ്ഥരാണു്. പേരും പെരുമയും പ്രശസ്തിയും സ്ഥാനമാനങ്ങളും ധനവുമാകുന്ന ചങ്ങലകളാല്‍ നാം ബന്ധിക്കപ്പെട്ടിരിക്കുകയാണു്. ആ ചങ്ങലകളാകട്ടെ മനോഹരങ്ങളായ പുഷ്പങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇവിടെ സ്വാതന്ത്ര്യമല്ല പ്രശ്‌നം, നമ്മെ ബന്ധിച്ചിരിക്കുന്ന ആ കെട്ടു് എങ്ങനെ പൊട്ടിക്കണം എന്നുള്ളതാണു്. അതിനു്, കാലില്‍ ബന്ധിച്ചിരിക്കുന്ന ആ ചങ്ങലകളെ ചങ്ങലയായിത്തന്നെ കാണണം; പുഷ്പങ്ങളായി കാണരുതു്.
പുഷ്പാലങ്കാരങ്ങള്‍ പുറമേക്കു മാത്രമേയുള്ളൂ. അല്പം ശ്രദ്ധിച്ചു നോക്കിയാല്‍, പുഷ്പങ്ങള്‍കൊണ്ടു മൂടപ്പെട്ടിരിക്കുന്ന ആ ചങ്ങലകളെ നമുക്കു കാണുവാന്‍ സാധിക്കും. ജയിലിനെ ജയിലായി കാണുവാന്‍ കഴിയണം, വീടായി കാണരുതു്. എങ്കില്‍ മാത്രമേ, സ്വാതന്ത്ര്യത്തിനായി മനസ്സു് ആവേശത്തോടെ കുതിക്കുകയുള്ളൂ, ലക്ഷ്യത്തിലെത്തുകയുള്ളൂ.
അന്നൊരുനാള്‍ ആശ്രമത്തില്‍നിന്നും അമ്മയുടെ ദര്‍ശനവും കഴിഞ്ഞു് അമൃതപുരിയില്‍ ബസ്സു് കാത്തുനില്ക്കുകയായിരുന്നു. വൈകിയുള്ള മടക്കയാത്രയായതിനാല്‍ ഏതെങ്കിലും വണ്ടികള്‍ വരുന്നുണ്ടോയെന്നു് ആകാംക്ഷയോടെ റോഡിലേക്കു നോക്കിനില്ക്കുന്ന നിമിഷം. സന്ധ്യാ കിരണങ്ങള്‍ ഏറ്റുവാങ്ങി പുളകം കൊള്ളുന്ന വിശാലമായ കടല്‍ത്തിരമാലകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആജാനുബാഹുവായ ഒരു യൂറോപ്യന്‍ എൻ്റെ അടുത്തേക്കു നടന്നു വരുന്നു. അയാളുടെ ഉയരത്തിനൊപ്പം നില്ക്കുന്ന വളരെ വലിയ ഒരു ബാഗ് മുതുകില്‍ തൂക്കിയിട്ടുണ്ടു്. ‘ഓം നമഃശിവായ’ എന്നു് അഭിസംബോധന ചെയ്തുകൊണ്ടു സുസ്‌മേരവദനനായി എൻ്റെ അരികിലേക്കു് അയാള്‍ വന്നു നിന്നു. ബഹുമാനപൂര്‍വ്വം ഞാനും ‘ഓം നമഃശിവായ’ പറഞ്ഞു.
എവിടെയോ കണ്ടു് എൻ്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന അയാളുടെ മുഖം. എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയാതെയുള്ള എൻ്റെ നിസ്സഹായത. എൻ്റെ ഓര്‍മ്മയിലുള്ള ഓരോ ഇഴകളും തെളിഞ്ഞു പുറത്തു വരുന്തോറും വളരെ ക്രൂരനായ ഒരു മനുഷ്യനെ മാത്രമേ അയാളുടെ മുഖരൂപത്തില്‍ എനിക്കു് ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. ഇത്രയ്ക്കു മനുഷ്യത്വമില്ലാത്ത ഒരാളിനെ കാണാന്‍ ഇടയാകരുതേ എന്നുപോലും മനസ്സില്‍ കുറിച്ചിട്ടിരുന്നുവോ! പക്ഷേ, ഇത്രയും സൗമ്യനായി പെരുമാറുന്ന ഈ മനുഷ്യനെ ഞാനെന്തിനു സംശയിക്കണം.
ലാളിത്യമാര്‍ന്ന ആംഗലേയഭാഷയില്‍ അയാള്‍ യാത്രയുടെ വിവരങ്ങള്‍ എന്നോടു പറഞ്ഞു: ”മൂന്നു ദിവസം ഞാന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ഇന്നെനിക്കു് അമ്മയുടെ ദര്‍ശനം ലഭിച്ചു. ഞാനിനി കോവളത്തേക്കു പോവുകയാണു്. എൻ്റെ കൂട്ടുകാര്‍ ഇന്നലെ ഇവിടെനിന്നു പോയി. അവിടെ ഒരു ഹോട്ടലില്‍ താമസിക്കുകയാണു്. ഞാന്‍ ചെന്നതിനു ശേഷം രണ്ടുദിവസം കഴിഞ്ഞു ഞങ്ങള്‍ കൊച്ചിയിലേക്കു പോകും. അതിനുശേഷം ഞങ്ങള്‍ എല്ലാവരും ഒരു പ്രാവശ്യംകൂടി അമ്മയെ വന്നു കണ്ടതിനു ശേഷമേ നാട്ടിലേക്കു മടങ്ങുകയുള്ളൂ. ‘ഓ മൈ മദര്‍! ഹൗ മെനി ചെയിഞ്ചസ് ദേര്‍ ഹാവ് ബീന്‍ ഇന്‍ മൈ ലൈഫ്’ (എൻ്റെ അമ്മേ, എൻ്റെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു).” അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
”ഇതിനു മുന്‍പു ഞാന്‍ അമ്മയെ കാണാന്‍ നാലു പ്രാവശ്യം അമൃതപുരിയില്‍ വന്നിട്ടുണ്ടു്. അപ്പോഴൊക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്നും ടാക്‌സി പിടിച്ചാണു ഞങ്ങള്‍ ഇവിടേക്കു വന്നിരുന്നതു്. ഞാന്‍ തനിച്ചു കോവളത്തേക്കു യാത്ര ചെയ്യുന്നതു് ഇതാദ്യമായാണു്. എനിക്കു പോകേണ്ട ബസ്സു് റൂട്ടു പറഞ്ഞു തരണം.” എന്നോടു പറഞ്ഞു നില്ക്കുന്നതിനിടയില്‍ ഒരു പ്രൈവറ്റ് ബസ്സു് വന്നു. ഞങ്ങള്‍ രണ്ടു പേരും ആ ബസ്സില്‍ കയറി കരുനാഗപ്പള്ളി ബസ്സ്സ്റ്റാന്‍ഡില്‍ എത്തി. പക്ഷേ, അര മണിക്കൂര്‍ കഴിഞ്ഞിട്ടും തിരുവനന്തപുരത്തേക്കുള്ള ബസ്സു് കണ്ടില്ല. പോകാന്‍ വളരെ തിടുക്കമുണ്ടായിട്ടും ഇത്രയ്ക്കു് ആത്മാര്‍ത്ഥമായി സംസാരിക്കുന്ന ഈ മനുഷ്യനെ യാത്രയാക്കിയിട്ടു പോകാമെന്നു ഞാനും തീരുമാനിച്ചു.
ഇതിനിടെ ഞങ്ങള്‍ പരസ്പരം വളരെയധികം കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ”ഞാന്‍ അമ്മയുടെ ഒരു ഭക്തനാണു്. എന്നു മാത്രമല്ല, അമ്മയെപ്പറ്റി കവിതകള്‍ എഴുതാറുണ്ടു്.” ഇതു കേട്ടപ്പോള്‍ എൻ്റെ കൈവശമുള്ള ബാഗില്‍ പിടികൂടിയിട്ടു് അദ്ദേഹം പറഞ്ഞു, ”പ്ലീസ് ഗിവ് മീ ദി പോയംസ്. (ദയവായി ആ കവിതകള്‍ എനിക്കു തരൂ.)” ഞാന്‍ സന്തോഷത്തോടു കൂടി ബാഗിലുണ്ടായിരുന്ന അമ്മയുടെ ഈ വര്‍ഷത്തെ മാതൃവാണി ജന്മദിനപ്പതിപ്പിലുള്ള എൻ്റെ കവിത അദ്ദേഹത്തെ കാണിച്ചു കൊടുത്തു. പെട്ടെന്നു് അദ്ദേഹം എൻ്റെ കൈ പിടിച്ചു് ഉമ്മവച്ചിട്ടു് ”യു ആര്‍ എ ലക്കി ഫെലോ. അമ്മാസ് ബ്ലസിങ്‌സ് ആര്‍ വിത്ത് യു. (നിങ്ങള്‍ തികച്ചും ഭാഗ്യവാനാണു്. അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടു്)” എന്നു പറഞ്ഞു. സന്തോഷകിരണങ്ങള്‍ മനസ്സിൻ്റെ ഉള്ളിലേക്കു് ആഴ്ന്നിറങ്ങി എന്ന തോന്നല്‍!
”ഇപ്പോള്‍ മലയാളം എനിക്കു കുറയൊക്കെ അറിയാം. അമ്മയുടെ അഷ്ടോത്തരം ഞാനെന്നും ചൊല്ലാറുണ്ടു്.” ശരീരഗാംഭീര്യം കൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും ആരെയും ആകര്‍ഷിക്കാന്‍ പോന്ന ആ ഇറ്റലിക്കാരനുമായുള്ള എൻ്റെ സംഭാഷണം നീണ്ടുപോയി. ”നിങ്ങള്‍ ആദ്യമായി ഭാരതത്തില്‍ വന്നതു് ഓര്‍മ്മയുണ്ടോ?” ഞാന്‍ ചോദിച്ചു. ഉടനെ അദ്ദേഹം വലിയ ബാഗിൻ്റെ സൈഡിലുണ്ടായിരുന്ന ചെറിയ ഒരു അറ തുറന്നു് ഒരു ഡയറി പുറത്തെടുത്തു. ”ഇതില്‍ എല്ലാ വിവരങ്ങളും കുറിച്ചിട്ടിട്ടുണ്ടു്. ആദ്യമായി ഞാന്‍ കേരളത്തില്‍ വന്നതു് 1977ലാണു്.” ഞാന്‍ വളരെ ആകാംക്ഷയോടെ ആ ദിവസം തിരക്കി. കൃത്യമായി ഡയറി നോക്കിയിട്ടു പുനലൂര്‍ വഴി മദ്രാസ്സില്‍ പോയിട്ടുള്ള വിവരം കാണിച്ചുതന്നു. ഫെബ്രുവരി 9. എൻ്റെ എല്ലാ സംശയങ്ങളും ദൂരീകരിച്ച നിമിഷം! ”അന്നു് ആ ട്രെയിനില്‍വച്ചു ഞാന്‍ നിങ്ങളെ കണ്ടിട്ടുണ്ടു്. ഞാനും എൻ്റെ ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള ഞങ്ങളുടെ മകളുംകൂടി പുനലൂരില്‍നിന്നു പണ്ടുരുട്ടി സ്റ്റേഷന്‍വരെ ആ കമ്പാര്‍ട്ടുമെൻ്റില്‍ ഉണ്ടായിരുന്നു.”
പെട്ടെന്നു് ഒരു മ്ലാനത അനുഭവപ്പെട്ടവനെപ്പോലെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ”സോറി, സോറി അന്നൊന്നും ഞാന്‍ ഒരു നല്ല മനുഷ്യനേ ആയിരുന്നില്ല. മുന്‍പു ഞാന്‍ അമ്മയെപ്പറ്റി കേട്ടിട്ടില്ലായിരുന്നു. മറ്റുള്ളവരോടു് ഇടപഴകാന്‍ എനിക്കു തീരെ അറിയില്ലായിരുന്നു. പ്രത്യേകിച്ചും ഭാരതത്തിലുള്ളവരോടു് അപമര്യാദയായി ഞാന്‍ പെരുമാറിയിട്ടുണ്ടു്. ഇപ്പോഴുള്ള എല്ലാ മാറ്റങ്ങള്‍ക്കും കാരണം അമ്മയാണു്. എൻ്റെ നാട്ടില്‍ മൂല്യങ്ങളൊന്നും പറഞ്ഞുതരുന്നതിനു് ആരും തുനിഞ്ഞിരുന്നില്ല. ഇപ്പോള്‍ പതിനാലു വര്‍ഷങ്ങളായി ഞാന്‍ അമ്മയുടെ ഭക്തനായിട്ടു്. എനിക്കു മനുഷ്യത്വം എന്താണെന്നു് അമ്മ കാണിച്ചുതന്നു. മനുഷ്യരെ മാത്രമല്ല, എല്ലാ ജീവജാലങ്ങളെയും എനിക്കിപ്പോള്‍ വലിയ ഇഷ്ടമാണു്.”
ഏകദേശം മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ട്രെയിനില്‍വച്ചു കണ്ട ക്രൂരനായ ആ വിദേശിയാണോ എൻ്റെ മുന്‍പില്‍ ഇരിക്കുന്നതെന്നു വിശ്വസിക്കാന്‍ പറ്റാത്ത നിമിഷം. വളരെയധികം തിരക്കുണ്ടായിരുന്ന ആ ട്രെയിനില്‍ നാലു പേര്‍ക്കെങ്കിലും ഇരിക്കേണ്ടുന്ന സീറ്റ് ഒറ്റയ്ക്കു കൈക്കലാക്കി, അയാളുടെ വലിയ കാലുകള്‍ ഇടനാഴിയിലേക്കു നീട്ടിവച്ചു്, അവിടെ ഞെരുങ്ങി കുത്തിയിരിക്കുന്ന പ്രായമുള്ളവരുടെ ദേഹത്തേക്കു്, വലിയ ചെരുപ്പിട്ട അയാളുടെ കാലുകള്‍കൊണ്ടു നിര്‍ദ്ദയം ചവുട്ടി, ടി.ടി.ആര്‍. വന്നിട്ടും ഒട്ടും മൈന്‍ഡ് ചെയ്യാതെ വിരട്ടിവിടുന്ന ആ രൂപം എൻ്റെ മനസ്സിനെ അന്നു വല്ലാതെ വേദനിപ്പിച്ചിരുന്നു.
നാല്പത്തിയഞ്ചു മിനിട്ടു ഞങ്ങള്‍ കരുനാഗപ്പള്ളിയില്‍ വെയ്റ്റു ചെയ്തിട്ടും തിരുവനന്തപുരത്തേക്കുള്ള ഒരു ബസ്സുപോലും വന്നില്ല. വീണ്ടും ഞാന്‍ അന്വേഷണ കൗണ്ടറില്‍ തിരക്കി. മൂന്നു ബസ്സുകള്‍ വഴിയില്‍ ബ്ലോക്കായി കിടപ്പാണു്. ഉത്സവസീസണായതിനാല്‍ റോഡു പലയിടത്തും ബ്ലോക്കാണെന്നു മനസ്സിലായി.
”അടുത്ത മാര്‍ച്ചില്‍ അമ്മയെ കാണാന്‍ ഞങ്ങള്‍ വീണ്ടും വരുന്നുണ്ടു്.” അതു പറയുമ്പോള്‍ പീറ്ററിനു് എന്തെന്നില്ലാത്ത സന്തോഷം. ”ഇറ്റലിയില്‍ മാത്രമല്ല, ഫ്രാന്‍സിലും ജര്‍മ്മനിയിലും അമ്മ വന്നപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു.” അമ്മയെപ്പറ്റി പറയുമ്പോള്‍ പീറ്റര്‍ വാചാലനാകുന്നുണ്ടായിരുന്നു. വളരെനേരത്തെ കാത്തിരിപ്പിനുശേഷം അതാ ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്. ഞാന്‍ പീറ്ററിനു് വണ്ടി കാണിച്ചുകൊടുത്തു. തിരക്കുള്ള ആ ബസ്സിൻ്റെ വാതിലില്‍ പീറ്ററിൻ്റെ വലിയ ബാഗു കടത്തുന്നതിനു ഞാനുംകൂടി സഹായിച്ചു. വണ്ടി ലെയ്റ്റായി വന്നതിനാല്‍ കണ്ടക്ടര്‍ ഉടന്‍ തന്നെ ബെല്ലുകൊടുത്തു. ഞാന്‍ കൈ കാണിക്കുന്നതിനിടയില്‍ കണ്ടക്ടറോടു ”പ്ലീസ് വെയ്റ്റ്, വെയ്റ്റ്” എന്നു പറഞ്ഞിട്ടു ഫുട്ബോര്‍ഡില്‍നിന്നു താഴേക്കിറങ്ങിവന്നു് എന്നെ കെട്ടിപ്പിടിച്ചു്, ”ഓം നമഃശിവായ! മേ ഗോഡ് ബ്ലെസ്സു് യു. (ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ)” എന്നു പറഞ്ഞു പീറ്റര്‍ വണ്ടിയിലേക്കു ചാടി ക്കയറി. ആ കണ്ണുകള്‍ സ്നേഹപൂര്‍വ്വം എന്നിലേക്കുതന്നെ നോക്കിക്കൊണ്ടു കൈകള്‍ വീശുന്നതിനിടയില്‍ ബസ്സു് ദൂരേക്കു മറഞ്ഞു.
മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പു കണ്ട ക്രൂരനായ ആ പീറ്റര്‍ ഗോമസിനെ ഇന്നത്തെ ഈ നിഷ്‌കളങ്കനായ മനുഷ്യനാക്കി മാറ്റിയെടുക്കുന്നതിനു നമ്മുടെ അമ്മയ്ക്കല്ലാതെ ഏതൊരു വ്യക്തിക്കാണു കഴിയുക. എത്രയോ സ്വദേശികളെയും വിദേശികളെയും അമ്മ സന്മാര്‍ഗ്ഗികളാക്കി മാറ്റിയിരിക്കുന്നു. എങ്കിലും അറിയാതെ ഞാന്‍ സന്തോഷപൂര്‍വ്വം ഉരുവിട്ടു, ”ഇത്രയ്ക്കു മാറ്റമോ പീറ്ററേ!”
നവാഗതനായ ബ്രഹ്മചാരിയോടായി ചോദിച്ചു, ”മോനിപ്പോൾ പുസ്തകമെന്തെങ്കിലും വായിക്കുന്നുണ്ടോ?” ബ്രഹ്മചാരി: ഉണ്ടമ്മേ, പക്ഷേ അമ്മേ, മിക്ക പുസ്തകങ്ങളിലും ഒരേ കാര്യംതന്നെ. അതും പലയിടത്തും ആവർത്തിച്ചു പറയുന്നതായിക്കാണുന്നു.
അമ്മ: മോനേ, പറയാനുള്ളതു് ഒന്നുമാത്രം. നിത്യമേതു്, അനിത്യമേത്. നന്മയേതു്, തിന്മയേത്. നിത്യത്തെ എങ്ങനെ സാക്ഷാത്കരിക്കാം. ഗീതയും പുരാണങ്ങളുമെല്ലാം ഒരേ തത്ത്വം ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. അതിനാൽ സാരമായ ഉപദേശങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നു. അവയുടെ പ്രാധാന്യം കാണിക്കാനാണത്. പലതവണ കേട്ടാലേ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ അത് തങ്ങി നിൽക്കുകയുള്ളൂ.
പിന്നെ ബാഹ്യമായി ചില മാറ്റങ്ങൾ കാണുമായിരിക്കും. രാമായണത്തിൽ രാമരാവണയുദ്ധമാണെങ്കിൽ, ഭാരതത്തിൽ കൗരവപാണ്ഡവ യുദ്ധമാണെന്നുമാത്രം. അടിസ്ഥാനതത്ത്വം എല്ലാറ്റിലും ഒന്നുതന്നെ. വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ ഒരേ തത്ത്വത്തെ മുറുകെപിടിച്ചുകൊണ്ടു നീങ്ങുന്നതെങ്ങനെയായിരിക്കണം, അതാണു് എല്ലാ മഹാത്മാക്കളും ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നതു്.
മറ്റൊരു ബ്രഹ്മചാരി: അമ്മേ, ഈയിടെയായി ശരീരത്തിനു ഭയങ്കര ക്ഷീണം. യോഗാസനം പഠിക്കാൻ തുടങ്ങിയതിനു ശേഷമാണ്. അമ്മ: മോനേ, യോഗാസനം പഠിക്കാനാരംഭിച്ചാൽ ആദ്യത്തെ ഒരു മാസം കുറച്ചു പ്രയാസം ഉണ്ടാകും. ശരീരത്തിനു ക്ഷീണം അനുഭവപ്പെടും. ഈ സമയത്തു് ആഹാരം വേണ്ടത്ര കഴിക്കണം.
ശീലമായിക്കഴിഞ്ഞാൽ ശരീരസ്ഥിതിയും സാധാരണപോലെയാകും. പിന്നെ ഭക്ഷണവും പഴയതുപോലെ മതി. (ചിരിച്ചുകൊണ്ട്) അല്ലെങ്കിൽ ശരിക്കു് ഭക്ഷണം കഴിക്കാൻ അമ്മ പറഞ്ഞിട്ടുണ്ടു് എന്നുംപറഞ്ഞു മൂക്കുമുട്ടെ കഴിക്ക്. അങ്ങനെ വല്ലതും കണ്ടാൽ….. (എല്ലാവരും ചിരിക്കുന്നു).
അമ്മ തുടർന്നു, സാധകർ ഭക്ഷണക്കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നതാണു നല്ലത്. രാവിലെ പതിനൊന്നുമണിവരെ ധ്യാനംകൊണ്ടു മനസ്സിനെ നിറയ്ക്കണം.
ആഹാരം അധികമായാൽ തമോഗുണം കൂടും. മനസ്സിനു് എല്ലാ ദുഃസ്വഭാവങ്ങളും ഉണ്ടാകും. രാവിലെ എന്തെങ്കിലും കഴിക്കുകയാണെങ്കിൽ വളരെ കുറച്ചേ പാടുള്ളൂ. ധ്യാനത്തിൽ മാത്രമായിരിക്കണം മനസ്സ്. രാത്രിയിലും ലഘുഭക്ഷണമേ ആകാവൂ.
ഭക്തരെക്കൊണ്ടു് അമ്മ ചെയ്യിക്കുന്ന അതിപ്രധാനമായൊരു സാധനയാണു ലളിതാസഹസ്രനാമാര്‍ച്ചന. എന്നാല്‍, അതിലൊളിഞ്ഞിരിക്കുന്ന അമ്മയുടെ ദിവ്യഭാവവും സന്ദേശവും കണ്ടെത്തിയവര്‍ എത്രയുണ്ടാകും? അത്തരമൊരു കണ്ടെത്തല്‍ ലളിതാസഹസ്രനാമത്തിലെ ആദ്യ ശ്ലോക ധ്യാനത്തില്‍ക്കൂടി അതാണിവിടെ ശ്രമിക്കുന്നതു്.
ശ്രീപരമേശ്വരിയുടെ ആജ്ഞയനുസരിച്ചു വാഗ്‌ദേവിമാര്‍ ഒന്നിച്ചിരുന്നു കൂടിയാലോചിച്ചു് അനന്തനാലും വര്‍ണ്ണിക്കാന്‍ പ്രയാസമായ ദേവിയുടെ എല്ലാ വൈഭവങ്ങളെയും കണക്കിലെടുത്തുകൊണ്ടു് അത്യുത്തമമായ ഒരു സ്തോത്രം രചിച്ചു. ഒരിക്കല്‍ ദേവീദേവന്മാരുടെ നിറഞ്ഞ സദസ്സില്‍ അവര്‍ക്കെല്ലാം ദര്‍ശനം കൊടുത്തതിനുശേഷം ദേവിയുടെ പ്രേരണയാല്‍ വശിന്യാദി ദേവതമാര്‍ സ്വനിര്‍മ്മിതമായ ദിവ്യ നാമസഹസ്രത്താല്‍ ദേവിയെ സ്തുതിച്ചു. ഭക്തകോടികളുടെ സകലാഭീഷ്ടപൂരണത്തിനായി ഈ സഹസ്രനാമം ഉപകരിക്കും എന്നു ദേവി വാഗ്ദാനവും ചെയ്തു. അര്‍ത്ഥസമ്പുഷ്ടമായ ഈ ദിവ്യസ്തോത്രത്തിൻ്റെ ആദ്യ ശ്ലോകത്തില്‍ത്തന്നെ വ്യക്തിവികാസത്തിന്നുതകുന്ന അത്യദ്ഭുതകരമായ ഒരു സന്ദേശം ഒളിഞ്ഞു കിടക്കുന്നതായി കാണപ്പെടുന്നു. ആ സന്ദേശത്തെ ആവിഷ്‌കരിക്കാന്‍ അമ്മയുടെ മഹജ്ജീവിതം നമുക്കു പ്രചോദനം നല്കുന്നു.
വശിന്യാദി ദേവതകള്‍ ഈ മഹത്തായ സ്തോത്രത്തിനു സര്‍വ്വ പ്രഥമമായ അലങ്കാരമായി ചേര്‍ത്തുവച്ചിരിക്കുന്ന പദം നാം ശ്രദ്ധിക്കേണ്ടതാണു്. ‘ശ്രീമാതാ’എന്ന അഭിസംബോധനത്തില്‍ക്കൂടിയാണു സ്തോത്രം ആരംഭിക്കുന്നതു്. വെറും മാതൃത്വമല്ല, ശ്രീയുടെ സകലൈശ്വര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടവും ആധാരവും പ്രചോദനവുമായി നിലകൊള്ളുന്ന മാതൃത്വം. അങ്ങനെ ദിവ്യമായ ലളിതാസഹസ്രനാമം മാതൃത്വത്തിൻ്റെ അപാരമായ മഹത്ത്വത്തെയും വൈഭവത്തെയും പ്രകീര്‍ത്തിച്ചു കൊണ്ടാണു തുടങ്ങുന്നതു്. അതിലുള്ള മറ്റെല്ലാ പദങ്ങളെക്കാള്‍ കൂടുതല്‍ ഹൃദയഹാരിയും അര്‍ത്ഥസമ്പുഷ്ടവുമായ പദമാണിതെന്നു പറയേണ്ടതില്ലല്ലോ. ‘മാതൃ ദേവോ ഭവ’ എന്ന ഉപനിഷദ്വാക്യത്തെ ഓര്‍മ്മിപ്പിക്കുന്നു ‘ശ്രീമാതാ’ എന്ന ഈ പദം.
ഓരോ ജീവനും പരാശക്തിയുടെ ഒരു പ്രത്യേക ശക്തിസ്പന്ദനത്തിൻ്റെ, സന്ദേശത്തിൻ്റെ ആവിഷ്കരണമാണല്ലോ. ഒരു അനന്ത വൈഭവത്തിൻ്റെ സ്ഫുരണം. അങ്ങനെ നാമെല്ലാവരും ദേവകാര്യ സമുദ്യതന്മാരായിട്ടാണു ജന്മമെടുക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. ചിലര്‍ ആ ദേവകാര്യത്തെപ്പറ്റി ബോധവാന്മാരാകുന്നു. മറ്റു ചിലര്‍ അജ്ഞരായി, അന്ധരായി ജീവിതം നയിക്കുന്നു. അമ്മ അതിനെപ്പറ്റി പൂര്‍ണ്ണബോധവതിയായി തൻ്റെ മനോവാക്കായ പ്രവൃത്തികളിലൂടെ ആ ഭാവത്തെ സദാ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു എന്നതാണു് ആ ദിവ്യ ജീവിതത്തിൻ്റെ മഹത്ത്വം.
പുരാണേതിഹാസങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുള്ള ശിവശക്തിഭാവങ്ങളെപ്പറ്റി നാം ധാരാളം കേട്ടറിഞ്ഞിട്ടുള്ളതാണല്ലോ. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതരിച്ച അമ്മയില്‍ നിക്ഷിപ്തമായിരുന്ന കര്‍ത്തവ്യം, സ്ത്രീത്വത്തിൻ്റെ മാതൃത്വത്തിൻ്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞുനില്ക്കുന്ന ധര്‍മ്മപുനഃസ്ഥാപനസാദ്ധ്യതകളെ ലോകത്തിനു മുന്നില്‍ എടുത്തുകാണിക്കുക എന്നതാണ്. സംസാരാന്ധകാരത്തിലാണ്ടു്, ആത്മവിസ്മൃതിയില്‍ മുഴുകി ശരിയായ അര്‍ത്ഥത്തില്‍ ‘ജീവിക്കുവാന്‍’ മറന്നുകൊണ്ടിരിക്കുന്നവരാണു ബഹുഭൂരിപക്ഷം ജനങ്ങളും. അതില്‍നിന്നു വ്യത്യസ്തമായി സദാ ‘ദേവകാര്യ സമുദ്യത’യായി പരാശക്തിയെപ്പോലെയാണു് അമ്മ സ്വജീവിതത്തിൻ്റെ നാഴികകളും വിനാഴികകളും കഴിച്ചുവരുന്നതു്. ‘മാതൃ ദേവോ ഭവ’ എന്ന ഋഷിവാക്യത്തിൻ്റെ സമ്പൂര്‍ണ്ണ ആശയാവിഷ്കരണമാണു നാം അമ്മയുടെ ജീവിതത്തില്‍ ദര്‍ശിക്കുന്നതു്. മാതൃത്വത്തിൻ്റെ വിശ്വാത്മനിലവാരം പുലര്‍ത്താന്‍, ഒരു നിമിഷം വ്യര്‍ത്ഥമാക്കാതെ, അമ്മ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പരമോന്നതമായ ശ്രീ മാതൃത്വഭാവമാണു് അമ്മയില്‍നിന്നു സദാ പ്രസരിച്ചുകൊണ്ടിരിക്കുന്നതു്.
വര്‍ത്തമാനകാലത്തു രണ്ടു തലങ്ങളിലാണു് അമ്മയുടെ ദേവകാര്യപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു്. ഒന്നാമതായി സാമാന്യജനങ്ങളില്‍പ്പോലും മാതൃത്വമെന്ന അനുഭൂതിയിലൂടെ അദ്വൈതതത്ത്വത്തെ പ്രതിഷ്ഠിച്ചു ജ്ഞാനമാര്‍ഗ്ഗത്തിലേക്കു നയിക്കുക. രണ്ടാമതു്, എണ്ണമറ്റ സേവാപ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തില്‍ നടനമാടിക്കൊണ്ടിരിക്കുന്ന ആസുരപ്രവണതകളെ ചെറുത്തുനിര്‍ത്തുക. അവയുടെ സംഹാരശക്തികളെ തൻ്റെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ നിര്‍വ്വീര്യമാക്കുക. സുനാമി കെടുതിയെത്തുടര്‍ന്നു് അമ്മ ചെയ്തുവച്ചിരിക്കുന്ന അതുല്യമായ സേവാപ്രവര്‍ത്തനങ്ങള്‍ ഇതു് എടുത്തുകാട്ടുന്നു. അമ്മയുടെ സേവാപദ്ധതികള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെ അധികരിച്ചു നില്ക്കുന്നതിനുള്ള കാരണം അതിലടങ്ങിയിരിക്കുന്ന അജയ്യമായ വിശ്വപ്രേമരൂപത്തിലുള്ള ആദ്ധ്യാത്മിക ശക്തികൊണ്ടാണു്. അങ്ങനെ സ്ത്രീത്വത്തിൻ്റെ, മാതൃത്വത്തിൻ്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞുനില്ക്കുന്ന ധര്‍മ്മ സ്ഥാപനസാദ്ധ്യതകളെ അമ്മ ലോകത്തിൻ്റെ മുന്‍പില്‍ എടുത്തു കാണിച്ചുകൊണ്ടിരിക്കുന്നു.
നമ്മളോരോരുത്തരും അമ്മയെ അനുകരിച്ചു് ഈ ദേവകാര്യം ഏകത്വമായ സത്യത്തെ നാനാത്വത്തില്‍ കണ്ടറിഞ്ഞു ത്യാഗത്തിലൂടെയും സേവനത്തില്‍ക്കൂടിയും ആരാധിക്കുക സാക്ഷാല്‍ പരാശക്തിയെ സ്വജീവിതത്തില്‍ സദാ പ്രസന്നയാക്കുക എന്നതു ജീവിത ദൗത്യമായി സ്വീകരിക്കണം.
ഈ അറിവിൻ്റെ അഥവാ അവബോധത്തിൻ്റെ ഉറവിടം എവിടെ നിന്നാണു്. അമ്മയുടെ ജീവിതത്തെപ്പറ്റി പഠിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണു്. സ്‌കൂളോ കോളേജോ യൂണിവേഴ്‌സിറ്റിയോ ഡിഗ്രിയോ ഇതൊന്നുംതന്നെ അതിൻ്റെ പിന്നിലില്ല. പിന്നെയോ? സഹസ്രനാമം എടുത്തുകാണിക്കുന്ന ‘ചിദഗ്നികുണ്ഡസംഭൂതാ’. ഈ അറിവു ബാഹ്യമായ യാതൊരു പ്രയത്‌നത്തില്‍ക്കൂടിയും നേടിയെടുക്കാന്‍ ആവില്ല. ആ ജ്ഞാനശക്തി ജ്വലിപ്പിക്കേണ്ടതു സ്വന്തം ചിത്തിലാണു്. അതുകൊണ്ടാണു് അമ്മ ആദ്ധ്യാത്മികതയുടെ ആവശ്യകതയെപ്പറ്റി നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നതു്.
ഓരോ ജീവനും പ്രാപഞ്ചിക തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സൃഷ്ടിസ്ഥിതിസംഹാരയജ്ഞത്തില്‍, ദേവകാര്യത്തില്‍, പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണു്. അതിനെക്കുറിച്ചുള്ള അറിവു നേടുക എന്നതാണു് ജീവിതത്തില്‍ വിദ്യാഭ്യാസംകൊണ്ടും മതാനുഷ്ഠാനങ്ങളില്‍ക്കൂടിയും നമുക്കു നേടിയെടുക്കാനുള്ളതു്. അതിനായി അജ്ഞാനബന്ധനങ്ങളില്‍നിന്നും സ്വയം ചിദഗ്നി കുണ്ഡം ജ്വലിപ്പിച്ചു ശുദ്ധികൈവരിക്കണം. എല്ലാ ജീവിതാനുഭവങ്ങളും വിവേകിയായ ഒരുവൻ്റെ മുന്‍പില്‍, വളരാനും വികസിക്കാനുമുള്ള അവസരങ്ങളാണു്. കര്‍മ്മത്തെ കര്‍മ്മയോഗമാക്കി മാറ്റി, പ്രേമത്തെ ഭക്തിയോഗമാക്കി, അറിവിനെ സത്യത്തിലേക്കു നയിക്കുന്ന ജ്ഞാനയോഗമാക്കി മാറ്റി, ജീവിതാനുഭവങ്ങളെ എല്ലാം തന്നെ നമ്മെ ഈശ്വരനുമായി ബന്ധിപ്പിക്കുന്ന, സത്യത്തിലേക്കു് അടുപ്പിക്കുന്ന, സ്വര്‍ണ്ണച്ചരടുകളാക്കി മാറ്റാം.
അമ്മയുടെ ജീവിതത്തിൻ്റെ ആദ്യഘട്ടങ്ങളിലേക്കു് കണ്ണോടിച്ചാല്‍ ഇതിൻ്റെ പൊരുള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയും. സദാ സംസാരത്തിലേക്കുതന്നെ വലിച്ചിഴയ്ക്കുന്ന, കുടുംബക്കാര്‍, ദാരിദ്ര്യത്തിൻ്റെ കെടുതികള്‍, ഇവരെല്ലാം ചുറ്റുംനിന്നു ജ്വലിപ്പിച്ചുകൊണ്ടിരുന്ന തീച്ചൂളയിലാണു് അമ്മ തൻ്റെ ആദ്ധ്യാത്മികസത്തയെ ചുട്ടുപഴുപ്പിച്ചു തനിത്തങ്കമാക്കി മാറ്റിയതു്. മഹത്തായ ഒരു തപസ്സുതന്നെയായിരുന്നു അതു്. സാധാരണ സ്ത്രീകള്‍ തളര്‍ന്നു പോകാനും തങ്ങള്‍ക്കു വന്നു ചേര്‍ന്നിരിക്കുന്ന ജീവിതസൗഭാഗ്യങ്ങളെ വലിച്ചെറിയാനും മടിക്കാത്ത അനുഭവങ്ങള്‍! അതിനെയെല്ലാം യാതൊരു ചാഞ്ചല്യവുമില്ലാതെ നേരിട്ടു്, സ്വജീവിതത്തെ മുന്നോട്ടു നയിച്ചു തൻ്റെ മാതൃത്വത്തിനെ അമ്മ പരിപോഷിപ്പിച്ചെടുത്തു. വള്ളിക്കാവിലെ കടലോരങ്ങളില്‍ ചെയ്യപ്പെട്ട ആ തപസ്സിനെ ലോകം കണ്ടില്ല. ആ ചിദഗ്നിയുടെ ജ്വാലകളില്‍ ഒരു ചെറിയ ശലഭം പോലും വെന്തുമരിച്ചില്ല. അത്ര സമുജ്ജ്വലമായ ഉണരലും വികാസവുമാണു് അമ്മ സാധിച്ചെടുത്തതു്. അതിൻ്റെ ഫലമോ? ലോക സമാരാദ്ധ്യമായ വിശ്വമാതൃത്വത്തിൻ്റെ മാതൃകയായി വിലസുന്നു അമൃതാനന്ദമയീദേവി.
ഏതൊരു മാതാവും ശ്രീമാതാവായി ഉയരുമ്പോള്‍ പ്രപഞ്ചശക്തികള്‍ മുഴുവനും അവളെ കുമ്പിടുന്നു. അവളൊരു ‘മഹാരാജ്ഞി’യായി മനുഷ്യഹൃദയങ്ങളുടെ സാമ്രാജ്യശാലിനിയായിത്തീരുന്നു. സഹസ്രനാമത്തിലെ രണ്ടാമത്തെ പദം ഈ സാമ്രാജ്യത്വത്തെയാണു് എടുത്തുകാണിക്കുന്നതു്.
ത്യാഗസേവസനസന്നദ്ധതയോടെ ആത്മസമര്‍പ്പണം ചെയ്യാന്‍ തയ്യാറായി, അമ്മയുടെ പാദ പാംസുക്കളെ ശിരസ്സിലണിയാന്‍ തയ്യാറായി ശിഷ്യര്‍ എത്തിച്ചേര്‍ന്നതോടെ അമ്മ മൂന്നാമത്തെ വിശേഷണത്തെ സ്വന്തമാക്കി. യാതൊരു ഉലച്ചിലും തട്ടാതെ ‘ശ്രീമത്‌സിംഹാസനേശ്വരി’യായി, ലോകത്തിൻ്റെ മുഴുവന്‍ ആദരവിനു പാത്രമായി. ജാതിമതരാഷ്ട്രഭാഷാഭേദമെന്യേ എല്ലാവരുടെയും ഹൃദയസിംഹാസനങ്ങളില്‍ അധിഷ്ഠിതയായി, അക്ഷയമായ യശസ്സിനും കീര്‍ത്തിക്കും പാത്രമായിരിക്കുന്നു എന്നതു ഭാരതീയ തത്ത്വചിന്തയുടെ, സനാതനധര്‍മ്മത്തിൻ്റെ പരിപൂര്‍ണ്ണതയ്ക്കുള്ള മഹത്തായ അംഗീകാരമാണു്.