ചോദ്യം : ഇന്നത്തെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ജനങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരെ സമീപിക്കുന്നതു് അവരെ ബുദ്ധിമുട്ടിക്കുകയാകുമോ ?

അമ്മ : നാം വളര്‍ത്തുന്ന ഒരു ചെടി കരിഞ്ഞുപോയാല്‍ നമ്മള്‍ ഇരുന്നു കരഞ്ഞുകൊണ്ടിരിക്കും. അതോര്‍ത്തു കരയാതെ മറ്റൊരു ചെടി വച്ചുപിടിപ്പിക്കുക. ശ്രദ്ധയോടെ, എന്നാല്‍ മമത വയ്ക്കാതെ കര്‍മ്മംചെയ്യുക. ഇതാണു് ആദ്ധ്യാത്മികാചാര്യന്മാര്‍ പറയുന്നതു്.

എല്ലാവരെയും സ്നേഹിക്കാനും മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്

കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മനുഷ്യന്‍ തളരാന്‍ പാടില്ല. തന്നെപ്പോലെ എല്ലാവരെയും സ്നേഹിക്കാനും തനിക്കുവേണ്ടിച്ചെയ്യുന്ന കര്‍മ്മങ്ങള്‍പോലെ, മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്. ഇതു് ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നു പഠിക്കുവാന്‍ കഴിയില്ല. ആദ്ധ്യാത്മികാചാര്യന്മാരെത്തന്നെ സമീപിക്കണം.

സുഖംമാത്രം തേടിപ്പോകുന്ന നമ്മുടെ മനസ്സു പോലെയല്ല മഹാത്മാക്കളുടെ മനസ്സു്. തന്നെ വെട്ടുന്നവനും തണല്‍ കൊടുക്കുന്ന, മധുരഫലങ്ങള്‍ നല്കുന്ന, വൃക്ഷത്തിനെപ്പോലെയാണവര്‍. മെഴുകിതിരിപോലെ സ്വയം ഉരുകി സമൂഹത്തില്‍ സ്നേഹത്തിൻ്റെയും ശാന്തിയുടെയും പ്രകാശം പരത്തുന്നതാണവര്‍ക്കു സന്തോഷം.

അഹങ്കാരവും മമതയും നിറഞ്ഞ നമ്മളെ ശരിയായ പാതയില്‍, ധര്‍മ്മമാര്‍ഗ്ഗത്തില്‍, നയിക്കാന്‍ അവര്‍ക്കേ കഴിയൂ. അതവര്‍ക്കു ബുദ്ധിമുട്ടല്ല. അവര്‍ ഒരു പ്രത്യേകവ്യക്തിക്കുവേണ്ടി നിലകൊള്ളുകയില്ല. മനുഷ്യന്‍ നന്നാകുന്നതിലവര്‍ക്കു് ആനന്ദമേയുള്ളൂ.

ചോദ്യം : വനങ്ങള്‍ ഭൂമിയുടെ അവശ്യ ഘടകമാണോ ?

അമ്മ : അതേ. വനങ്ങള്‍ പ്രകൃതിക്കു ചെയ്യുന്ന ഗുണങ്ങള്‍ നിരവധിയാണെന്നു ശാസ്ത്രം മനസ്സിലാക്കി വരുന്നതേയുള്ളൂ. അന്തരീക്ഷശുദ്ധിക്കും ഉഷ്ണം വര്‍ദ്ധിക്കുന്നതു തടയാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പക്ഷിമൃഗാദികളെ സംരക്ഷിക്കാനുമെല്ലാം വനങ്ങള്‍ ആവശ്യമാണു്.

നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി

മനുഷ്യൻ്റെ അത്യാവശ്യങ്ങള്‍ക്കു വനത്തില്‍നിന്നു തടിയും ഔഷധസസ്യങ്ങളും എടുക്കുന്നതില്‍ തെറ്റില്ല. നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രകൃതിക്കുതന്നെ അറിയാം. സംരക്ഷണത്തിൻ്റെ പേരില്‍ ഇന്നു മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണു്. പക്ഷിമൃഗാദികള്‍ കാട്ടില്‍ ആനന്ദിച്ചു കഴിയുന്നു. അവയുടെ ഏകശത്രു മനുഷ്യന്‍ മാത്രമാണു്. പ്രകൃതിയെ നശിപ്പിക്കുകവഴി മനുഷ്യന്‍ അവൻ്റെതന്നെ ശത്രുവായിത്തീര്‍ന്നിരിക്കുകയാണു്. ഒരു വൃക്ഷത്തിൻ്റെ ചുവട്ടില്‍ മഴുവെറിയുമ്പോള്‍, സ്വയം ശവക്കുഴി തോണ്ടുകയാണെന്നു് അവനോര്‍ക്കുന്നില്ല.

ചോദ്യം : ജീവജാലങ്ങളുടെ വംശനാശം തടയാന്‍ സാമൂഹ്യതലത്തിലെന്തു ചെയ്യാന്‍ കഴിയും ?

അമ്മ : നിയമം കൊണ്ടുവരുന്നതു പ്രയോജനമാകും. പക്ഷേ, അതു കൃത്യമായി പാലിക്കുവാനും പാലിപ്പിക്കുവാനും ആളുണ്ടാകണം. ഇന്നു് നിയമംകൊണ്ടു വരുന്നവര്‍തന്നെ അതു് ആദ്യം തെറ്റിക്കുന്നു. അതു കൊണ്ടു്, പുതിയൊരു സംസ്‌കാരം വളരുന്ന തലമുറയ്ക്കു പകര്‍ന്നുകൊടുക്കുകയാണു ശാശ്വതമായ പരിഹാരം. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഓരോ വ്യക്തിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും നിഷ്‌കാമപ്രേമം ഉണര്‍ന്നൊഴുകുമ്പോള്‍പ്പിന്നെ പ്രകൃതിസംരക്ഷണത്തിനു മറ്റൊരു നിയമംതന്നെ ആവശ്യമില്ലാതെയാകും.

മറ്റൊന്നു്, ഓരോ ഗ്രാമത്തിലും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രയോജനം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സൊസൈറ്റികള്‍ രൂപവത്ക്കരിക്കണം. ഇതിനു ബുദ്ധി മാത്രം പോരാ, ഹൃദയംകൂടി പകരണം. എങ്കിലേ പ്രയോജനമുള്ളൂ. അതിനു മതാചാരങ്ങളുടെ പിന്‍ബലം സഹായകമായിരിക്കും. വര്‍ഷത്തില്‍ പ്രത്യേകദിവസം ഓരോ വീട്ടുകാരും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ അലങ്കരിച്ചാരാധിക്കുന്നതും ഒരിക്കല്‍ മതാചാരത്തിൻ്റെ ഭാഗമായിരുന്നു.

ജനങ്ങളുടെ സഹകരണം കൂടാതെ ഗവണ്മെന്റു മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അതുണ്ടാകണമെങ്കില്‍ ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റായിരിക്കണം. രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം അധികാരവും ധനസമ്പാദനവുമാകാതെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശ്രേയസ്സായിരിക്കണം. അവരിലും ധര്‍മ്മബോധമുണര്‍ത്താന്‍ ഈശ്വരവിശ്വാസംകൊണ്ടേ കഴിയൂ. ഭരണാധികാരികള്‍ക്കാണു് ഇന്നു് ആത്മവിദ്യ ഏറ്റവും അത്യാവശ്യമായിരിക്കുന്നതു്.

ചോദ്യം : ആദ്ധ്യാത്മികസാധനയ്ക്കും പ്രകൃതി സംരക്ഷണത്തിനും തമ്മിലുള്ള സമാനതകള്‍ എന്തൊക്കെയാണു്?

അമ്മ : ‘ഈശാവാസ്യമിദം സര്‍വ്വം’ സര്‍വ്വതിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നതു്. അപ്പോള്‍ നമ്മളെ സംബന്ധിച്ചു പ്രകൃതിസംരക്ഷണം എന്നതു് ഈശ്വരാരാധനം തന്നെയാണു്. പാമ്പിനെപ്പോലും ആരാധിക്കുന്ന സംസ്‌കാരമാണു് ഇവിടെയുള്ളതു്. എല്ലാറ്റിലും ഈശ്വരനെക്കണ്ടു എല്ലാറ്റിനെയും ഈശ്വരനായിട്ടു പൂജിക്കാനാണു മതം പറയുന്നതു്.

ഈ ബോധം പ്രകൃതിയെ സ്നേഹിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. നാമാരും അറിഞ്ഞുകൊണ്ടു കൈയും കാലും കുത്തിമുറിക്കാറില്ല. തനിക്കു വേദനിക്കും എന്നറിയാം. ഇതുപോലെ എല്ലാ ചരാചരങ്ങളിലും ഒരേ ജീവചൈതന്യമാണെന്നു കാണുമ്പോള്‍ മറ്റുള്ളവരുടെ വേദനയും സ്വന്തം വേദനയായിത്തോന്നും. അവയെ രക്ഷിക്കുവാനുള്ള മനസ്സും വരും. ആവശ്യമില്ലാതെ ഒരു ജീവിയെപ്പോലും ഉപദ്രവിക്കില്ല. ഒരു പൂവിനു പത്തു ദിവസം ചെടിയില്‍ നില്ക്കാന്‍ കഴിയുമെങ്കില്‍ പത്താം ദിവസം മാത്രമേ അതു നുള്ളുകയുള്ളൂ.

പണ്ടുള്ള വീടുകളിലെല്ലാം പൂജാമുറിയുണ്ടാകും. ഒറ്റമുറിയിലുള്ള കുടിലില്‍ കഴിയുന്നവരുംകൂടി ഒരു മൂലയില്‍ ഭഗവാൻ്റെ ചിത്രംവച്ചു വിളക്കു കത്തിക്കും. നിത്യപൂജയ്ക്കുവേണ്ടി വളപ്പില്‍ ചെടികള്‍ വച്ചുപിടിപ്പിക്കും. അവയെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷിക്കും. സ്വയം നട്ടു വളര്‍ത്തിയ ചെടികളിലെ പൂക്കള്‍കൊണ്ടു ഭഗവാനു് അര്‍ച്ചന നടത്തുമ്പോള്‍ ഭക്തിഭാവം പുഷ്ടിപ്പെടുന്നു. ഏകാഗ്രതയോടെ ചെയ്യുന്ന അര്‍ച്ചനയുടെ ഫലമായി ചിന്തകളുടെ എണ്ണം കുറയുന്നു. അതു് അന്തഃകരണശുദ്ധിക്കു കാരണമാകുന്നു. മാത്രമല്ല, ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ അത്രയും സമയം ലൗകികകാര്യങ്ങളില്‍ മുഴുകിയാല്‍ മനസ്സിൻ്റെ ആധി കൂടുകയേയുള്ളൂ. ചിന്തകള്‍ കൂടുമ്പോള്‍ മനസ്സിനു സംഘര്‍ഷം കൂടും. അതു പ്രഷറിനും മറ്റു് അസുഖങ്ങള്‍ക്കും കാരണമാകും. ഒരു സാധനം വാങ്ങാതെ കടയില്‍ത്തന്നെയിരുന്നാല്‍ അതിൻ്റെ ഗ്യാരണ്ടി നഷ്ടമാകില്ല. ഉപയോഗിക്കുമ്പോള്‍ മുതലാണു ഗ്യാരണ്ടിയുടെ കാലാവധി കണക്കാക്കുന്നതു്. അതുപോലെ ചിന്തകളില്ലാത്ത മനസ്സിൻ്റെ ശക്തി നഷ്ടമാകുന്നില്ല.

പണ്ടു്, കാവുകളില്‍ ഉത്സവത്തിനു കീര്‍ത്തനങ്ങള്‍ പാടുന്നതു് ആചാരത്തിൻ്റെ ഭാഗമായിരുന്നു. കുടുംബത്തില്‍ പാടാനറിയാവുന്നവര്‍ ഇല്ലെങ്കില്‍ നല്ല പാട്ടുകാരെ കൊണ്ടുവന്നു പാടിക്കും. ഭക്തിയും ജ്ഞാനവും വഴിഞ്ഞൊഴുകുന്ന കീര്‍ത്തനങ്ങള്‍, അറിയാതെതന്നെ കേള്‍ക്കുന്നവരില്‍ ഒരു ആദ്ധ്യാത്മികസംസ്‌കാരം സൃഷ്ടിക്കും. ഇതു വൃക്ഷലതാദികള്‍ക്കും പുഷ്ടി നല്കും. ശാസ്ത്രം പറയുന്നു; സംഗീതം ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു എന്നു്, ചെടികളെ സ്നേഹിച്ചാല്‍ അവയില്‍നിന്നും കൂടുതല്‍ വിളവുകള്‍ കിട്ടുമെന്നു്. നമ്മുടെ ഋഷീശ്വരന്മാര്‍ എത്രയോ കാലം മുന്‍പുതന്നെ ഇതൊക്കെ കണ്ടറിയുക മാത്രമല്ല; ജനജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

പ്രകൃതിയിലേക്കു നോക്കുമ്പോള്‍ നമ്മുടെ കഴിവിൻ്റെ പരിമിതികള്‍ നമുക്കു ബോദ്ധ്യമാകും. അതു് ഈശ്വരനോടു ഭക്തി വളര്‍ത്താനും സമര്‍പ്പണം ഉണ്ടാവാനും സഹായിക്കും. വാസ്തവത്തില്‍ പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി കാണാന്‍ കഴിയുന്ന ഈശ്വരരൂപമാണു പ്രകൃതി. അതിനെ സ്നേഹിക്കുന്നതിലൂടെ, സേവിക്കുന്നതിലൂടെ നാം ഈശ്വരനെത്തന്നെയാണു് ആരാധിക്കുന്നതു്. തേങ്ങയെ തെങ്ങാക്കുന്നതുപോലെ, വിത്തിനെ വൃക്ഷമാക്കുന്നപോലെ, ജീവനു പരമാത്മതലത്തിലേക്കെത്താനുള്ള സാഹചര്യം ഒരുക്കിത്തരുന്നതു പ്രകൃതിയാണു്.

ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ?

അമ്മ : അതിഥിയെ ഈശ്വരനായിക്കരുതി ആദരിക്കാനാണു നമ്മുടെ സംസ്‌കാരം അനുശാസിക്കുന്നതു്. കുടുംബാംഗങ്ങളോടുള്ള സ്നേഹം മമതയില്‍നിന്ന് ഉണ്ടാകുന്നതാണു്. നമ്മളെ വിശാലഹൃദയരാക്കാനതു് ഉപകരിക്കില്ല. എന്നാല്‍, അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില്‍ നിന്നു് ഉടലെടുക്കുന്നതാണു്. ലോകത്തെ ഒറ്റ കുടുംബമായിക്കണ്ടു സ്നേഹിക്കാനതു നമ്മെ പ്രാപ്തരാക്കുന്നു.

വൃക്ഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും ദേവവാഹനങ്ങളുടെയും സ്ഥാനമാണു നമ്മള്‍ നല്കിയിരുന്നതു്. വളര്‍ത്തുമൃഗങ്ങളെ ഊട്ടിക്കഴിഞ്ഞിട്ടേ, തുളസിക്കോ, ആലിനോ, കൂവളത്തിനോ വെള്ളമൊഴിച്ചു കഴിഞ്ഞിട്ടേ പണ്ടു വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. പൂജാപുഷ്പങ്ങള്‍ക്കായി ഒരു പൂച്ചെടി നടുമ്പോള്‍, അതിനെ പരിചരിക്കുമ്പോള്‍, അതില്‍ പൂ വിടരുന്നതു കാണുമ്പോള്‍, പൂവിറുത്തു മാല കൊരുക്കുമ്പോള്‍ ഒക്കെത്തന്നെ നമ്മുടെ മനസ്സു് ആ കര്‍മ്മത്തിലല്ല; ഈശ്വരനിലാണു നില്ക്കുന്നതു്.

നമ്മള്‍ സുഹൃത്തിനു കത്തെഴുതുവാന്‍ തീരുമാനിച്ചു. പേപ്പറെടുക്കുമ്പോഴും പേനയെടുക്കുമ്പോഴും മഷിയെടുക്കുമ്പോഴും എല്ലാം ‘ഇന്നയാളിനു് എഴുത്തെഴുതുവാന്‍’ എന്ന ബോധം ഉള്ളില്‍ക്കിടക്കുകയാണു്. പേനയും മഷിയുമെല്ലാം നാനാത്വമായ വസ്തുക്കളാണെങ്കിലും അവയില്‍ക്കൂടിയെല്ലാം ഏകത്വത്തെ – സുഹൃത്തിനെയാണു ദര്‍ശിക്കുന്നതു്. അതുപോലെ, ഏതു പ്രവൃത്തിയിലും ഈശ്വരനെ മാത്രം ദര്‍ശിക്കുക. ഈശ്വരനുവേണ്ടി എന്ന ബോധത്തോടെ ഏതു കര്‍മ്മവും ചെയ്യുക. ഇതുമൂലം നാനാത്വമായ കര്‍മ്മങ്ങളില്‍ക്കൂടിയും വിഷയങ്ങളില്‍ക്കൂടിയും ഏകത്വത്തെയാണു സാക്ഷാത്ക്കരിക്കുന്നതു്. അദ്വൈതം പലരും പറഞ്ഞുനടക്കാറുണ്ടു്. ആരും അനുഷ്ഠിച്ചു കാണുന്നില്ല. എന്നാല്‍ ശരിയായ ഭക്തന്‍ ഭൂതയജ്ഞത്തിലൂടെ സര്‍വ്വചരാചരങ്ങളിലും ഏകമായ ആ സത്യത്തെ ദര്‍ശിക്കുകയാണു ചെയ്യുന്നതു്. താനറിയാതെ അയാള്‍ അദ്വൈതതത്ത്വത്തില്‍ ജീവിക്കുകയാണു ചെയ്യുന്നതു്.