വാക്കിനും ചിന്തയ്ക്കും, ജീവനും ചൈതന്യവും ഉണ്ടാകണമെങ്കിൽ, അതു ജീവിതമാകണം. ഈ ലക്ഷ്യം സാധിക്കാൻ മതവും ആധുനികശാസ്ത്രവും പരസ്പരം യോജിച്ചുപോകാനുള്ള മാർഗ്ഗങ്ങൾ ആരായണം. ഈ ഒത്തുചേരൽ വെറും ബാഹ്യമായൊരു ചടങ്ങു മാത്രമാകരുതു്. ആഴത്തിലറിയാനും മാനവരാശിക്കു നന്മചെയ്യുന്ന അംശങ്ങളെ ഉൾക്കൊള്ളാനുമുള്ള ഒരു തപസ്സായിരിക്കണം ആ ശ്രമം.
ശാസ്ത്രബുദ്ധി മാത്രമായാൽ, അവിടെ കാരുണ്യമുണ്ടാകില്ല. അപ്പോൾ, ആക്രമിക്കാനും കീഴടക്കാനും ചൂഷണം ചെയ്യാനും മാത്രമേ തോന്നുകയുള്ളൂ. ശാസ്ത്ര ബുദ്ധിയോടൊപ്പം മതത്തിൻ്റെ അന്തസ്സത്തയായ ആത്മീയബുദ്ധികൂടി ചേരുമ്പോൾ സഹജീവികളോടു കാരുണ്യവും സഹതാപവും ഉടലെടുക്കും.
നമ്മുടെ ലോകചരിത്രത്തിൽ പകയുടെയും പ്രതികാരത്തിൻ്റെയും വിദ്വേഷത്തിൻ്റെയും കഥകളാണു കൂടുതലുമുള്ളതു്. സകലതും വെട്ടിപ്പിടിച്ചു സ്വന്തം കാൽക്കീഴിൽ കൊണ്ടുവരാനുള്ള മനുഷ്യൻ്റെ അതിമോഹവും അതിനുവേണ്ടി അവനൊഴുക്കിയ ചോരപ്പുഴയും ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു. മാനവരാശിയുടെ ഭൂതകാലം കാരുണ്യത്തിൻ്റെ കണിക പോലും ഇല്ലാത്തവിധം ക്രൂരമാണെന്നു തോന്നിയേക്കാം.
ചരിത്രത്തിൻ്റെ ഇന്നലെകൾ നമുക്കു പാഠമാകണം. പക്ഷേ, അവിടെ ജീവിക്കരുതു്. ഭൂതകാലത്തിൻ്റെ ഇരുണ്ട ഇടനാഴികളിൽനിന്നു ശാന്തിയുടെയും സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രകാശത്തിലേക്കു വരാൻ നാം ശ്രമിക്കണം. അതിനുള്ള പുതിയ മാർഗ്ഗം സയൻസിൻ്റെയും ആത്മീയതയുടെയും ഒത്തുചേരലാണു്.
ധര്‍മ്മമെന്ന വാക്കുച്ചരിക്കാന്‍തന്നെ ഇന്നു ജനങ്ങള്‍ മടിക്കുന്നു. ഭാരതം ധര്‍മ്മത്തിൻ്റെ ഭൂമിയാണു്. ആ ധര്‍മ്മം വിശാലതയുടെ തത്ത്വമാണു്; സ്നേഹത്തിൻ്റെ തത്ത്വമാണു്.
ഭാരതധര്‍മ്മം ആനയുടെ പാദംപോലെയാണു് എന്നു പറയാറുണ്ടു്. ‘ആനയുടെ കാല്പാടിനുള്ളില്‍ മറ്റെല്ലാ മൃഗങ്ങളുടെ പാദവും കൊള്ളും. അത്ര വലുതാണതു്. അതുപോലെ, സര്‍വ്വതും ഉള്‍ക്കൊള്ളുവാന്‍ തക്ക വിശാലമായതാണു ഭാരതസംസ്‌കാരം. സര്‍വ്വതും ഉള്‍ക്കൊണ്ട തത്ത്വമാണു ഭാരതസംസ്‌കാരം. എന്നാല്‍ അതിന്നു് എല്ലാ രീതിയിലും നശിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെ തുടരുവാന്‍ പാടില്ല.
സയന്‍സും സംസ്‌കാരവും സംസ്‌കാരം സയന്‍സില്‍നിന്നുണ്ടാകുന്ന ഒന്നല്ല, സംസ്‌കാരം സംസ്‌കാരത്തില്‍ നിന്നുമാണുണ്ടാകുന്നതു്. ആ സംസ്‌കാരമാകട്ടെ ആദ്ധ്യാത്മികതയില്‍ നിന്നുമാണു് ഉയിര്‍കൊള്ളുന്നതു്. സയന്‍സിനെ അമ്മ തള്ളിപ്പറയുകയല്ല, സയന്‍സ് നമുക്കു ഭൗതികസുഖസൗകര്യങ്ങള്‍ നല്കും, പക്ഷേ, ജീവിതസംസ്‌കാരം രൂപപ്പെടണമെങ്കില്‍ അതിനു് ആദ്ധ്യാത്മികസംസ്‌കാരത്തെതന്നെ ആശ്രയിക്കേണ്ടി വരും.
ഈ സംസ്‌കാരം എവിടെനിന്നും വന്നിട്ടുള്ളതാണു്? അതു നമുക്കു് ഋഷികളില്‍നിന്നുമാണു ലഭിച്ചിട്ടുള്ളതു്. ഋഷിപരമ്പരയുടെ ജീവിതതത്ത്വമാണു അതുള്‍ക്കൊള്ളുന്നതു്. അതു നമ്മുടെ ഉള്ളില്‍ തന്നെയുണ്ടു്. പൂര്‍ണ്ണമായി നശിച്ചിട്ടില്ല. അതിനെ ഉദ്ധരിക്കുക, പുനഃപ്രതിഷ്ഠ ചെയ്യുക. അതാണിന്നു വേണ്ടതു്.
ഋഷികള്‍ എന്താണു ചെയ്തുവന്നതെന്നു നമുക്കറിയാം. ഹിമാലയത്തിലെ മഞ്ഞു് സൂര്യൻ്റെ ചൂടില്‍ ഉരുകി, വിവിധ നദികളായി ഒഴുകി, ലോകോപകാരാര്‍ത്ഥമായി തീരുന്നു. അതുപോലെ, ആത്മജ്ഞാനികളായ തപസ്വികളുടെ പ്രേമവും കൃപയും കാരുണ്യവും സമസ്തജീവരാശികളിലേക്കും ഒഴുകിച്ചെല്ലുന്നു.
അതു നമ്മളിലെ ഞാനെന്ന ഭാവത്തെ ഇല്ലാതാക്കി, നമ്മളെ വിശ്വമനസ്സിന്നുടമകളാക്കി, നമ്മുടെ ജീവിതം ലോകോപകാരാര്‍ത്ഥമാക്കി തീര്‍ക്കുന്നു. ഇതാണു് ഋഷി പരമ്പരകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മ്മം. ഇന്നുള്ളവരുടെ നിയന്ത്രണമില്ലാത്ത ജീവിതം ആ പ്രേമത്തിൻ്റെയും നിസ്സ്വാര്‍ത്ഥതയുടെയും പ്രവാഹത്തെ മതില്‍കെട്ടി തടയുകയാണു്.
സ്‌കൂള്‍വിദ്യാഭ്യാസം കഴിഞ്ഞു കോളേജില്‍ ചേരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ നിയതി എനിക്കായി കാത്തു വച്ചതു മറ്റൊരു വിദ്യാഭ്യാസമായിരുന്നു.
അക്കാലത്തു് അമ്മയുടെ ആശ്രമത്തില്‍ ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് നടത്തുന്നുണ്ടായിരുന്നു. ഒരു ദിവസം അച്ഛന്‍ ആ കോഴ്‌സിൻ്റെ അപേക്ഷാഫോമുമായി വീട്ടിലെത്തി. അച്ഛൻ്റെ ഉദ്ദേശ്യത്തെ എതിര്‍ക്കാന്‍ എനിക്കു രണ്ടു കാരണമുണ്ടായിരുന്നു. ഒന്നാമതായി ഈ വിഷയം പഠിക്കാന്‍ എനിക്കു താത്പര്യമുണ്ടായിരുന്നില്ല. രണ്ടാമതു് ആശ്രമത്തിലെ താമസസൗകര്യവും ഭക്ഷണവും വളരെ പരിമിതമായിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നതു്. എന്നാല്‍ ഈ കോഴ്‌സ് ചെയ്തതിനുശേഷം കോളേജില്‍ ചേര്‍ന്നു് എനിക്കു് ഇഷ്ടപ്പെട്ട വിഷയം പഠിക്കുന്നതായിരിക്കും നല്ലതെന്നു് എൻ്റെ മൂത്ത സഹോദരൻ്റെ സുഹൃത്തായ ഒരു കോളേജ് പ്രൊഫസര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആശ്രമജീവിതം ഒന്നു ശ്രമിച്ചു നോക്കാം എന്നു ഞാന്‍ നിശ്ചയിച്ചു. ആ തീരുമാനം ഭാവിയില്‍ എനിക്കു് എത്ര ശ്രേയസ്‌കരമായിരിക്കുമെന്നു് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.
ക്രിക്കറ്റു് കളിക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. അന്നു് ആശ്രമത്തില്‍ ക്രിക്കറ്റു കളിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ആരോഗ്യകാര്യങ്ങളില്‍ വലിയ ശ്രദ്ധ വച്ചിരുന്ന ഞാന്‍ വ്യായാമം ചെയ്യാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കുമായിരുന്നില്ല. ഒരു ദിവസം രാവിലെ ആശ്രമത്തിൻ്റെ അടുക്കളയ്ക്കു മുന്നില്‍ പച്ചക്കറികളും മറ്റു സാമാനങ്ങളും നിറഞ്ഞ ഒരു വാന്‍ കിടക്കുന്നതു കണ്ടു. ഒരു ബ്രഹ്‌മചാരി ഒറ്റയ്ക്കു് അതു് ഇറക്കാന്‍ തുടങ്ങുകയായിരുന്നു. വ്യായാമത്തിനു നല്ല ഒരു അവസരമായല്ലോ എന്നു കരുതി ഞാന്‍ അദ്ദേഹത്തെ സഹായിക്കാന്‍ ചെന്നു. ബ്രഹ്‌മചാരിക്കും അതു സന്തോഷമാകും എന്നു് എനിക്കു് ഉറപ്പായിരുന്നു. രണ്ടു മണിക്കൂറുകൊണ്ടു് എല്ലാം ഇറക്കിവച്ചു ഞങ്ങള്‍ ഒന്നിച്ചു ചായ കുടിക്കുമ്പോള്‍ എൻ്റെ ഉള്ളില്‍ വലിയ ആനന്ദം അനുഭവപ്പെട്ടിരുന്നു.
വെറുതെ വ്യായാമം ചെയ്തതുകൊണ്ടല്ല, നിസ്സ്വാര്‍ത്ഥമായ സേവനം ചെയ്തതുകൊണ്ടാണു് ഈ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നതെന്നു് എനിക്കു മനസ്സിലായി. ഇനിയും എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ വിളിക്കണം എന്നു് ആ ബ്രഹ്‌മചാരിയോടു് അപേക്ഷിച്ചിട്ടാണു ഞാന്‍ മുറിയിലേക്കു പോയതു്. ആശ്രമത്തില്‍ സേവനം ചെയ്യാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. മണ്ണു ചുമക്കലായിരുന്നു അക്കാലത്തെ പ്രധാന സേവനം. മിക്ക ദിവസവും ഈ സേവനമുണ്ടാകും. ബ്രഹ്‌മചാരികളുടെ കൂടെ സാധാരണയായി പത്തോ പന്ത്രണ്ടോ പേരേ സേവനത്തിനായി ഉണ്ടാകാറുള്ളൂ. എന്നാല്‍ അമ്മ മണ്ണു ചുമക്കാന്‍ ഇറങ്ങിയാല്‍ അന്നു ധാരാളം പേര്‍ സേവനം ചെയ്യാനായി എത്തും.
അമ്മയുടെ സാമീപ്യം ലഭിക്കാന്‍ അതു നല്ലൊരു അവസരമായിരുന്നു. തമാശകള്‍ പറഞ്ഞും ഭജന പാടിയും അമ്മ സേവനം ചെയ്യുമ്പോള്‍ ആ വാത്സല്യവും ആനന്ദവും നുകര്‍ന്നു് എല്ലാവരും ഉത്സാഹത്തോടെ കൂടെച്ചേരും. എത്ര ആരോഗ്യമില്ലാത്തവരും അങ്ങനെ ധാരാളം സേവനം ചെയ്യും. അമ്മയുടെ സാമീപ്യത്തില്‍ ശാരീരിക പരിമിതികള്‍ മറക്കാന്‍ കഴിയുമെന്നു് അങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയതു്. ഞങ്ങള്‍ക്കു സെമസ്റ്റർ പരീക്ഷ തുടങ്ങുന്നതിൻ്റെ തലേദിവസം രാത്രി ഒന്‍പതു മണിക്കു്, എല്ലാം പഠിച്ചുകഴിഞ്ഞു എന്നുറപ്പായപ്പോള്‍ ഇനി മണ്ണു ചുമക്കാന്‍ പോകാം എന്നു ഞാന്‍ തീരുമാനിച്ചു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മയും മണ്ണു ചുമക്കാന്‍ എത്തി. രണ്ടു മണിക്കൂറോളം മണ്ണു ചുമന്നു കഴിഞ്ഞപ്പോള്‍ അമ്മ സേവനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ നോക്കുമ്പോള്‍ അമ്മ സേവനം കഴിഞ്ഞിട്ടും ചിരിച്ചു കളിച്ചു് ആഹ്ളാദവതിയായി ഇരിക്കുകയാണു്. കൂടെയുള്ള ഞങ്ങള്‍ക്കും ക്ഷീണമൊന്നും തോന്നിയിരുന്നില്ല. ആ ദിവസങ്ങളില്‍ അമ്മ രാത്രി കുറെസമയം എല്ലാവരുടെയും കൂടെ കഥ പറഞ്ഞും ഭജന പാടിയും ഇരിക്കാറുണ്ടു്. നിലാവുള്ള രാത്രികളില്‍, കടല്‍ക്കാറ്റിൻ്റെ കുളിരില്‍ അമ്മയുടെ ഭജനകളും തമാശകളും കേട്ടിരിക്കുന്നതു സ്വര്‍ഗ്ഗീയമായ അനുഭവം തന്നെയായിരുന്നു.
സേവനം കഴിഞ്ഞപ്പോള്‍ ഞാന്‍ കാളീക്ഷേത്രത്തിനു മുകളിലുള്ള എൻ്റെ മുറിയിലേക്കു തിരിച്ചു. ഒരു ബ്രഹ്‌മചാരി വഴിയില്‍വച്ചു്, ‘സേവനം ചെയ്തവര്‍ക്കൊക്കെ അമ്മ പ്രസാദം കൊടുക്കുന്നുണ്ടു് എന്നും അതു വാങ്ങിയിട്ടു മുറിയില്‍ പോയാല്‍ മതി’ എന്നും പറഞ്ഞു. അമ്മ വെറും സാധാരണ ഒരു സ്ത്രീയല്ല എന്നു് അപ്പോഴേക്കും ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും പ്രസാദം വാങ്ങാന്‍ എനിക്കപ്പോള്‍ താത്പര്യം തോന്നിയില്ല. ഒരു കുസൃതി ചിന്ത മനസ്സില്‍ വരുകയും ചെയ്തു: ‘ഞാന്‍ മണ്ണു ചുമക്കാന്‍ ചെന്നിരുന്നു എന്നു് അമ്മ അറിയുന്നുണ്ടെങ്കില്‍ എന്നെ വിളിക്കട്ടെ. അപ്പോള്‍ പോകാം.’മണ്ണു ചുമക്കുമ്പോള്‍ ചിലപ്പോള്‍ ചാക്കു കീറി ദേഹത്തും തലയിലുമെല്ലാം മണ്ണു വീഴാറുണ്ടു്. അതുകൊണ്ടു് ആ പാതിരാത്രിയിലും ഞാന്‍ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു മുറിയിലേക്കു നടക്കുമ്പോള്‍ മറ്റൊരു ബ്രഹ്‌മചാരി എന്നെ തേടിവരുന്നു.
”നിങ്ങള്‍ മണ്ണു ചുമക്കാന്‍ വന്നിരുന്നില്ലേ? ഒരു മോന്‍ പ്രസാദം വാങ്ങിക്കാതെ കാളീക്ഷേത്രത്തിനു മുകളിലേക്കു പോയിട്ടുണ്ടു് എന്നുപറഞ്ഞു് അമ്മ അവിടെ കാത്തിരിക്കുന്നു. വേഗം ചെന്നു പ്രസാദം വാങ്ങൂ.” എൻ്റെ കുസൃതി നിറഞ്ഞ ആഗ്രഹം അമ്മ അറിഞ്ഞു എന്നു മനസ്സിലായപ്പോള്‍ ഞാന്‍ പ്രസാദം വാങ്ങാന്‍ ഓടി.
എന്നെ കണ്ടപ്പോള്‍ അമ്മ വിളിച്ചു, ”എന്താ മോനേ പ്രസാദം വാങ്ങിക്കാതെ പോയതു്? വേഗം വാ.” അമ്മയുടെ ചുറ്റും ഭക്തര്‍ കൈയില്‍ അവില്‍ കുഴച്ചതും കട്ടന്‍ ചായയുമായി ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പ്രസാദം വാങ്ങാന്‍ വലതു കൈ നീട്ടിയപ്പോള്‍, വേറെ കമ്പ്യൂട്ടര്‍ മക്കളാരെങ്കിലും സേവനത്തിനു വന്നിരുന്നോ എന്നു് അമ്മ അന്വേഷിച്ചു. അടുത്ത ദിവസം പരീക്ഷയായിരുന്നതുകൊണ്ടു് എല്ലാവരും പഠിക്കുകയാണെന്നും ഞാന്‍ മാത്രമേ സേവനത്തിനു ചെന്നിരുന്നുള്ളൂ എന്നു ഞാന്‍ പറഞ്ഞു. മറ്റുള്ളവര്‍ അപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണു് എന്നറിഞ്ഞപ്പോള്‍ അമ്മ എന്നോടു രണ്ടു കൈയും നീട്ടാന്‍ പറഞ്ഞു, ‘പഠിക്കുന്ന മക്കള്‍ക്കു വിശക്കുന്നുണ്ടാകും. അവര്‍ക്കു കൂടി കൊടുക്കണം’ എന്നു പറഞ്ഞു കൈ നിറയെ അവില്‍ തന്നു. സേവനം ചെയ്യുന്നവരെ മാത്രമല്ല, ആശ്രമത്തിലുള്ള എല്ലാവരെക്കുറിച്ചും അമ്മയ്ക്കു ചിന്തയുണ്ടു്.
അമ്മ രണ്ടു കൈയിലും നിറച്ചു് അവല്‍ തന്നതുകൊണ്ടു് എനിക്കു ചായ കുടിക്കാന്‍ കഴിഞ്ഞില്ല. പ്രസാദവുമായി തിരിഞ്ഞു നടക്കുമ്പോള്‍ പാതിരാത്രി സമയത്തു രണ്ടു മണിക്കൂര്‍ മണ്ണു ചുമന്നതിനുശേഷം ഒരു കപ്പു് കട്ടന്‍ചായ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നേനെ എന്നൊരു ചിന്ത വീണ്ടും മനസ്സില്‍ പൊന്തി. ഉടന്‍ ”മോനേ… മോനേ…” എന്നു് അമ്മയുടെ വിളി കേട്ടു. മറ്റാരെയെങ്കിലും ആയിരിക്കും എന്നു കരുതി ഞാന്‍ നടത്തം തുടര്‍ന്നപ്പോള്‍, എന്നെത്തന്നെയാണു വിളിക്കുന്നതെന്നു് ഒരു ബ്രഹ്‌മചാരി പറഞ്ഞു. ഞാന്‍ വീണ്ടും അമ്മയുടെ അടുത്തേക്കു ചെന്നു. ”മോനു ചായ വേണോ?”എൻ്റെ അമ്മേ, ഇതല്ലേ ഇപ്പോള്‍ തന്നെ ഞാന്‍ ചിന്തിച്ചതു്! മനസ്സില്‍ ഒന്നു മിന്നിമറഞ്ഞ ആ ചിന്ത ഞാന്‍തന്നെ മറക്കാന്‍ തുടങ്ങിയതാണു്. പക്ഷേ, അമ്മ അതറിഞ്ഞു. ”വേണം അമ്മേ” ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.
അപ്പോഴേക്കും കെറ്റിലില്‍ ചായ കഴിഞ്ഞതുകൊണ്ടു് അതു നിറയ്ക്കാനായി അടുക്കളയിലേക്കു കൊണ്ടുപോയിരുന്നു. അങ്ങനെ അമ്മയുടെ മുന്നില്‍ കുറച്ചു സമയം നില്ക്കാന്‍ എനിക്കു് അവസരം കിട്ടി. അമ്മയുടെ സ്നേഹവും ലാളനയും ആസ്വദിച്ചുകൊണ്ടു ഞാന്‍ പരിസരം മറന്നു് അവിടെ നിന്നു. ചായ വന്നു. എൻ്റെ രണ്ടു കൈയിലും അവലാണു്. ”അമ്മ മാതൃസ്വരൂപിണിയാണു്, എല്ലാവരുടെയും അമ്മയാണു്, എങ്കില്‍ സ്വന്തം കൈകൊണ്ടു് എനിക്കു ചായ വായിലൊഴിച്ചു തരണം,” എന്നായി എൻ്റെ അടുത്ത ചിന്ത.
”മോനിങ്ങടുത്തു വാ,” അമ്മ വിളിച്ചു. ഞാന്‍ ചെന്നതും ഇടതു കൈകൊണ്ട് എൻ്റെ തല പിറകിലേക്കു മലര്‍ത്തി വായില്‍ ചായ ഒഴിച്ചുതരാന്‍ തുടങ്ങി. അല്പനേരത്തേക്കു് എൻ്റെ മനസ്സടങ്ങി, ചിന്തകള്‍ ഇല്ലാതെയായി. ഉള്ളില്‍ ആനന്ദം മാത്രം.”ചൂടു കൂടുതലാണോ മോനേ?” അമ്മയുടെ ചോദ്യത്തിനു് എനിക്കു് ഉത്തരം പറയാന്‍ കഴിയുന്നില്ല. അമ്മയെ ബുദ്ധിമുട്ടിക്കരുതെന്നു കരുതി വായിലൊഴിക്കുന്ന ചായ ഞാന്‍ വേഗത്തില്‍ കുടിക്കുകയായിരുന്നു.”പതുക്കെ കുടിക്കു് മോനേ,” അമ്മ വാത്സല്യം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കപ്പു ചായ മുഴുവന്‍ വായിലൊഴിച്ചു തന്നിട്ടു് അമ്മ ചോദിച്ചു, ”ഇനിയും വേണോ?”അമ്മയെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ എനിക്കു് മനസ്സു് വന്നില്ല. ”വേണ്ടമ്മേ, മതി” ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.
ഉള്ളില്‍ ഒരു ചിന്തയുമില്ലാതെ, ആനന്ദത്തോടെ ഞാന്‍ മുറിയിലേക്കു തിരിച്ചുനടന്നു. മനസ്സില്‍ അമ്മയുടെ രൂപം മാത്രം, കാതില്‍ ”മോനേ” എന്നുള്ള ആ വിളിമാത്രം. എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമായിരുന്നു അതു്. സത്യത്തില്‍ അന്നു ഞാനനുഭവിച്ച ആനന്ദം ഒരിക്കലും വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല. പതുക്കെപ്പതുക്കെ അമ്മയുടെ സേവനപ്രവര്‍ത്തനങ്ങളിലേക്കും പ്രോജക്ടുകളിലേക്കും ഞാന്‍ ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങി, അമ്മയുടെ മഹത്ത്വപൂര്‍ണ്ണമായ ഉപദേശങ്ങള്‍ എനിക്കു മനസ്സിലാകാന്‍ തുടങ്ങി. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനും എല്ലാവരെയും താന്‍തന്നെയായി കാണാനും കഴിഞ്ഞാല്‍ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും ആനന്ദ പൂര്‍ണ്ണവും ആകുകയുള്ളൂ എന്നു് ഇന്നു ഞാന്‍ അറിയുന്നു.
ഒരു മഹാത്മാവു്, ‘കാരുണ്യം ജീവിതത്തിൽ’ എന്ന വിഷയത്തെക്കുറിച്ചൊരു പുസ്തകം എഴുതി. അതു് അച്ചടിക്കാനുള്ള പണത്തിനുവേണ്ടി അദ്ദേഹം തൻ്റെ ചില സുഹൃത്തുക്കളെ സമീപിച്ചു. അവരെല്ലാം വേണ്ട സഹായം ചെയ്തുകൊടുത്തു. എന്നാൽ പുസ്തകം പ്രസ്സിൽ കൊടുക്കുന്നതിനു മുൻപു്, ആ നഗരത്തിൽ പട്ടിണിമൂലം പലരും മരിക്കുകയുണ്ടായി. മഹാത്മാവു മറ്റൊന്നും ചിന്തിച്ചില്ല. പുസ്തകം അച്ചടിക്കാനുള്ള പണമെടുത്തു് അദ്ദേഹം ജനങ്ങൾക്കു് ആഹാരം വാങ്ങാൻ നല്കി.
ഇതിഷ്ടപ്പെടാതെ സംഭാവന ചെയ്തവർ മഹാത്മാവിനോടു ചോദിച്ചു, ”അങ്ങെന്താണീ കാണിച്ചതു്? ഇനിയെങ്ങനെ പുസ്തകം അച്ചടിക്കും? പട്ടിണിയും ദാരിദ്ര്യവും ഒക്കെ സാധാരണമാണു്. ഓരോ നിമിഷവും ഈ ലോകത്തിൽ ജനനവും മരണവും നടക്കുന്നുണ്ടു്. പക്ഷേ, അതിൻ്റെ പേരിൽ ഇത്ര വലിയൊരു തുക ചെലവാക്കിയതു ശരിയായില്ല.” മറുത്തൊന്നും പറയാതെ മഹാത്മാവു ചിരിക്കുകമാത്രം ചെയ്തു.
കുറെനാൾ കഴിഞ്ഞപ്പോൾ പുസ്തകം അച്ചടിക്കാനുള്ള അപേക്ഷയുമായി മഹാത്മാവു വീണ്ടും പഴയ സുഹൃത്തുക്കളെ സമീപിച്ചു. അല്പം മടിച്ചിട്ടാണെങ്കിലും അവർ പണം നല്കി. പക്ഷേ, പുസ്തകം അച്ചടിക്കാൻ കൊടുക്കുന്നതിനു തലേദിവസം ആ നഗരത്തിൽ വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടായി. ആയിരങ്ങൾ മരിച്ചു; അനവധിപേരുടെ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു. ഇത്തവണയും മഹാത്മാവു്, പുസ്തകം അച്ചടിക്കാൻ വച്ചിരുന്ന പണമെടുത്തു ദുരന്തബാധിതരെ സഹായിക്കാൻ കൊടുത്തു. പണം സംഭാവന ചെയ്തവർക്കിതു തീരെ ഇഷ്ടപ്പെട്ടില്ല. അവർ മഹാത്മാവിനോടു ക്ഷുഭിതരായി സംസാരിച്ചു. എല്ലാം കേട്ടു് അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു.
ഇങ്ങനെയൊക്കെയായിട്ടും മഹാത്മാവു വളരെ ബുദ്ധിമുട്ടി പണം ശേഖരിച്ചു പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷേ, അതിൻ്റെ കവറിൽ, ‘മൂന്നാം പതിപ്പു്’ എന്നെഴുതിയിരുന്നു. പണം കൊടുത്തവരും മറ്റും അദ്ദേഹത്തിനോടു ക്ഷോഭിച്ചു, ”ഹേ മനുഷ്യാ, നിങ്ങളൊരു സന്ന്യാസിയല്ലേ? ഇങ്ങനെ കള്ളം പറയാമോ? ഇതെങ്ങനെ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാകും? ഇതിൻ്റെ ഒന്നും രണ്ടും പതിപ്പുകൾ എവിടെ? നിങ്ങളെന്താ ഞങ്ങളെ വിഡ്ഢികളാക്കുകയാണോ?”
മഹാത്മാവു ചിരിച്ചുകൊണ്ടു പറഞ്ഞു, ”അതേ, ഈ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പു തന്നെയാണിതു്. ആദ്യത്തതു് ഈ നഗരത്തിൽ പട്ടിണിമരണം ഉണ്ടായപ്പോഴായിരുന്നു. രണ്ടാംപതിപ്പു വെള്ളപ്പൊക്കത്തിൽ ആയിരങ്ങളുടെ ജീവനും സ്വത്തും നശിച്ചപ്പോഴായിരുന്നു. പ്രിയപ്പെട്ടവരേ, പുസ്തകത്തിൽനിന്നു വെറും പൊള്ളയായ അറിവു മാത്രമേ കിട്ടുകയുള്ളൂ. ഈ പുസ്തകത്തിൻ്റെ ആദ്യത്തെ രണ്ടു പതിപ്പുകളും കാരുണ്യം ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണു കാട്ടിത്തന്നതു്. ജീവൻ തുടിക്കുന്ന മനുഷ്യൻ സഹായത്തിനായി കേഴുമ്പോൾ, അവരെ കൈ നീട്ടി സ്നേഹപൂർവ്വം കരകയറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണു കാരുണ്യത്തെക്കുറിച്ചു വർണ്ണിക്കുന്ന പുസ്തകവും അതിലെ വാക്കുകളും?”