ഉല്ലാസവും സംസ്‌കാരവും ഒത്തുചേരുമ്പോഴാണു ജീവിതം ഉത്സവമായി മാറുന്നതു്. എന്നാല്‍ നമ്മള്‍ പലപ്പോഴും ഉല്ലാസത്തിനുവേണ്ടി സംസ്‌കാരത്തെ ബലികഴിക്കുന്നതായിട്ടാണു കാണുന്നതു്. സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ വളരെക്കാലത്തെ ക്ഷമയും അദ്ധ്വാനവും ആവശ്യമുണ്ടു്. അതു നശിപ്പിക്കാന്‍ എളുപ്പമാണു്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതവും നരകത്തിലേക്കാണു പോകുന്നതെന്നു നമ്മള്‍ അറിയുന്നില്ല. അഗാധമായ കുഴിയില്‍ച്ചെന്നു വീണു കഴിഞ്ഞിട്ടു കരകേറാന്‍ പാടുപെടുന്നതിലും നല്ലതു് ആദ്യമേ വീഴാതെ ശ്രദ്ധിക്കുകയല്ലേ?

ഓണം സമത്വസുന്ദരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മയ്ക്കാണു നമ്മള്‍ കൊണ്ടാടുന്നതു്. മഹാബലിയുടെ കാലത്തെപ്പോലെ ധര്‍മ്മം പുലരുന്ന, സമ്പത്തും സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ പറ്റുന്ന ഒരു സമൂഹം ഉണ്ടാകണമെന്നു നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ടാണു നമ്മുടെ രാജ്യം അതുപോലെ ആയിത്തീരാത്തതു്?

നമുക്കു് ഏതൊരു സാധനം കിട്ടണമെങ്കിലും അതിനു് ഒരു വില കൊടുക്കണം. അങ്ങോട്ടു് ഒന്നും കൊടുക്കാതെ എന്തെങ്കിലും നേടാന്‍ കര്‍മ്മരംഗത്തു സാദ്ധ്യമല്ല. നല്ല ഉദ്യോഗം കിട്ടണമെങ്കില്‍ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടു പഠിക്കണം. നല്ല വിളവു കിട്ടണമെങ്കില്‍ സമയത്തു വിത്തു വിതച്ചു വേണ്ട വളവും വെള്ളവുമെല്ലാം കൊടുക്കണം. അതുപോലെ സമൂഹത്തില്‍ നല്ല മാറ്റം വരണമെന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു നമ്മുടെ ഭാഗത്തുനിന്നു് ഒരു പ്രയത്‌നം ഉണ്ടാകണം. നമ്മള്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം. നമ്മള്‍ നന്നാകണമെന്നു വെറുതെ ആഗ്രഹിച്ചാല്‍ മാത്രം പോരാ. ഒരല്പം ത്യാഗം, ഒരല്പം പ്രയത്‌നം മക്കളുടെ ഭാഗത്തുനിന്നു് ഉണ്ടാകണം.

ത്യാഗത്തിന്റെ മഹത്ത്വമാണു മഹാബലിയില്‍ നാം കാണുന്നതു്. മഹാബലി ദാനശീലനായിരുന്നു. സത്യവ്രതനായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം ഐശ്വര്യവാനും പ്രതാപവാനും ആയി. ത്രിലോകത്തിന്റെയും ചക്രവര്‍ത്തിയായി. എന്നാല്‍ അതോടുകൂടി അല്പം അഹങ്കാരവും ബലിയെ ബാധിച്ചു. തന്റെ ഭക്തന്മാരുടെ അഹങ്കാരത്തെ നശിപ്പിക്കുക എന്നതു ഭഗവാന്റെ ധര്‍മ്മമാണു്. ബലിയുടെ ധനമദവും അഹങ്കാരവും നശിപ്പിച്ചു് അദ്ദേഹത്തെ തന്നോടൊന്നാക്കിത്തീര്‍ക്കുകയാണു ഭഗവാന്‍ ചെയ്തതു്. അതു് അവിടുത്തെ കൃപയാണു്.

പലരും പറഞ്ഞു കേള്‍ക്കാറുണ്ടു്, ഭഗവാന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതു് അധര്‍മ്മമായിപ്പോയി എന്നു്. ഭാഗവതത്തില്‍ ബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതായി പറയുന്നെന്നു തോന്നുന്നില്ല. സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ലോകത്തിന്റെ ആധിപത്യം മഹാബലിക്കു നല്കുകയും ഭഗവാന്‍ സ്വയം അദ്ദേഹത്തിന്റെ കാവല്ക്കാരനായി നില്ക്കാന്‍ തയ്യാറാവുകയും ചെയ്‌തെന്നാണു പറയുന്നതു്. വാസ്തവത്തില്‍ ഭഗവാന്‍ മഹാബലിയുടെ ത്യാഗത്തിനു് അനശ്വരമായ കീര്‍ത്തി നേടിക്കൊടുക്കുകയാണു ചെയ്തതു്. ജന്മംകൊണ്ടു് അസുരവംശത്തിലാണു പിറന്നതെങ്കിലും കര്‍മ്മംകൊണ്ടു്, ത്യാഗംകൊണ്ടു്, ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. ബലി തനിക്കായി ഒന്നും പിടിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. തന്റെ സമ്പത്തു മാത്രമല്ല, തന്നെത്തന്നെയും ഭഗവാനു മുന്നില്‍ സമര്‍പ്പിച്ചു. വിനയപൂര്‍വ്വം തന്റെ ശിരസ്സു് അവിടുത്തെ മുന്നില്‍ കുനിച്ചുകൊടുത്തു. ആ പൂര്‍ണ്ണസമര്‍പ്പണത്തിലൂടെ ബലി എല്ലാം നേടുകയാണു ചെയ്തതു്.

ഒരിക്കല്‍ വളരെ ധര്‍മ്മശീലനായ ഒരു കൃഷിക്കാരന്‍ തന്റെ ഭാര്യയുമൊത്തു് ഒരു കൊച്ചുകുടിലില്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം രാത്രി നല്ല മഴ പെയ്യുകയാണു്. അപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഭര്‍ത്താവു പറഞ്ഞു, ”പാവം മഴ നനഞ്ഞു വിഷമിക്കുന്ന ഏതെങ്കിലും വഴിപോക്കനായിരിക്കും. നീ വാതില്‍ തുറന്നു കൊടുക്ക്.” ഭാര്യ മടിച്ചു നിന്നു. ”ഈ മുറിയില്‍ നമുക്കു രണ്ടുപേര്‍ക്കും കഷ്ടിച്ചു കിടക്കാനുള്ള സ്ഥ ലമേയുള്ളൂ. ഇവിടെ ഒരാളെക്കൂടി കയറ്റുന്നതെങ്ങനെ?” ”രണ്ടുപേര്‍ക്കു കിടക്കാനിടമുണ്ടെങ്കില്‍ മൂന്നുപേര്‍ക്കു് ഇരിക്കാന്‍ സ്ഥലം കാണാതിരിക്കുമോ? നീ വാതില്‍ തുറന്നു കൊടുക്കു്.” ഭാര്യ പോയി വാതില്‍ തുറന്നു കൊടുത്തു. നനഞ്ഞൊലിച്ചു് ഒരു യാത്രക്കാരന്‍ അകത്തു കയറി. മൂന്നുപേരും മുറിയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ തട്ടുന്നതു കേട്ടു. കൃഷിക്കാരന്‍ വാതിലിനടുത്തിരുന്ന യാത്രക്കാര നോടു തുറന്നു കൊടുക്കാന്‍ പറഞ്ഞു. ”ഇവിടെ നമുക്കു മൂന്നു പേര്‍ക്കും കഷ്ടിച്ചു് ഇരിക്കാനുള്ള സ്ഥലമല്ലേയുള്ളൂ? ഇനിയൊരാളെ എങ്ങനെ കയറ്റാനാണു്?” ”മൂന്നുപേര്‍ക്കു് ഇരിക്കാമെങ്കില്‍ എന്തുകൊണ്ടു നാലുപേര്‍ക്കു നിന്നുകൂടാ? നിങ്ങള്‍ വാതില്‍ തുറന്നു കൊടുക്കൂ.” വാതില്‍ തുറന്നപ്പോള്‍ കണ്ടതു് ഒരു കഴുത നനഞ്ഞൊലിച്ചു നില്ക്കുന്നതാണു്. ”ഈ കഴുതയെ ഇതിനകത്തു കയറ്റുന്നതെന്തിനാണു്? ഇവിടെ മനുഷ്യനു കൂടി സ്ഥലമില്ല.” യാത്രക്കാരനും ഭാര്യയും ഒരുപോലെ പ്രതിഷേധിച്ചു. ”മനുഷ്യര്‍ക്കു മറ്റെവിടെയെങ്കിലും സ്ഥലം കിട്ടിയെന്നിരിക്കും. പാവം ഈ കഴുതയ്ക്കു പോകാന്‍ ഒരിടവുമില്ലാഞ്ഞതുകൊണ്ടല്ലേ ഈ വാതിലില്‍ തട്ടിയതു്? ആദ്യമായി വരുന്ന അതിഥിയെ മടക്കി അയയ്ക്കുന്നതു ശരിയല്ല.” അങ്ങനെ കഴുതയെയും അകത്തുകയറ്റി, നാലുപേരും നില്പായി.

അല്പം കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ ആരോ മുട്ടി വിളിക്കുന്നതു കേട്ടു. ”ഇനിയിപ്പോള്‍ ആരായാലും ശരി, ഇതി നകത്തു കയറ്റാന്‍ ഒരിഞ്ചു സ്ഥലം പോലുമില്ല.” യാത്രക്കാരന്‍ പറഞ്ഞു. അപ്പോഴും കൃഷിക്കാരന്‍ പറഞ്ഞു, ”ശരിയാണു് ഇതിനകത്തു് ഇനിയൊരാളിനു് ഇടമില്ല. എന്നാല്‍ ഇത്രനേരവും മഴ നനയാതെ ഇരുന്ന ഞാന്‍ പുറത്തിറങ്ങി നിന്നാല്‍ പുറത്തു നില്ക്കുന്ന ആളിനു കുറച്ചു നേരം മഴ കൊള്ളാതെ ഇരിക്കാമല്ലോ?” ഇതു പറഞ്ഞു് അദ്ദേഹം പുറത്തിറങ്ങി, വഴിയാത്രക്കാരനെ അകത്തു കടത്തി.

നേരം വെളുത്തപ്പോള്‍ ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു. അവസാനമായി വന്ന യാത്രക്കാരന്‍ പോകാന്‍നേരം പറഞ്ഞു, ”സഹോദരാ, ഞാന്‍ ഈ രാജ്യത്തിലെ രാജാവാണു്. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ വേഷം മാറി ഇറങ്ങിയതാണു്. കഴിഞ്ഞ രാത്രി അഭയം തേടി ഞാന്‍ പല വാതിലുകളിലും മുട്ടിവിളിച്ചു. വലിയ പണക്കാരായവര്‍പോലും വാതില്‍ തുറന്നില്ല. എന്നാല്‍ നിങ്ങള്‍ സ്വയം മഴ നനഞ്ഞും അതിഥിക്കു് അഭയം നല്കി. ഈ രാജ്യത്തിന്റെ ഐശ്വര്യം നിലനില്ക്കുന്നതു നിങ്ങളെപ്പോലെയുള്ള പ്രജകളുടെ ധര്‍മ്മബോധത്തിലാണു്. നിങ്ങള്‍ എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക. ഞാന്‍ തരാന്‍ തയ്യാറാണു്.”

കൃഷിക്കാരന്‍ പറഞ്ഞു, ”മഹാരാജാവേ! അങ്ങയെപ്പോലെ ഒരു വിശിഷ്ടാതിഥിക്കു് ഒരു രാത്രി തങ്ങാന്‍ ഇടംനല്കാന്‍ കഴിഞ്ഞതു് എന്റെ പുണ്യമാണെന്നു ഞാന്‍ കരുതുന്നു. അതിഥിയെ സ്വീകരിക്കുന്നതു പ്രതിഫലം മോഹിച്ചിട്ടല്ല. എന്നാല്‍ അഭയം തേടി കൊട്ടാരവാതിലില്‍ മുട്ടുന്ന ഒരു യാചകനെപ്പോലും നിരാശനായി മടക്കി അയയ്ക്കാതിരിക്കാന്‍ അവിടുന്നു മനസ്സു വയ്ക്കുമെങ്കില്‍ അതില്‍ക്കൂടുതലൊന്നും എനിക്കാവശ്യമില്ല.”

ഈ കൃഷിക്കാരനെപ്പോലെ നിസ്സ്വാര്‍ത്ഥതയും ധര്‍മ്മബോധവും വളര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ മാത്രമേ സമത്വസുന്ദരമായ സമൂഹം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയുള്ളൂ.

ഓണക്കാലത്തു നാം പൂക്കളം ഒരുക്കാറുണ്ടു്. ഭഗവാനോടുള്ള കൃതജ്ഞതയുടെയും ഭക്തിയുടെയും പ്രകടനമാണു പൂക്കളം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളിലാണു നമ്മള്‍ ഭഗവാനു പൂക്കളം ഒരുക്കേണ്ടതു്. ഓരോ ഹൃദയത്തിലും കാരുണ്യവും സ്നേഹവും നിറയുമ്പോള്‍ ആ ഹൃദയങ്ങളെല്ലാം ചേര്‍ന്നു ഭഗവാനു് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളമായിത്തീരും. ആ വിധമുള്ള ഹൃദയപുഷ്പങ്ങളാല്‍ തീര്‍ത്തതാകട്ടെ നാം ഭഗവാനെ വരവേല്ക്കാനൊരുക്കുന്ന പൂക്കളം. ധര്‍മ്മബോധവും ഈശ്വരചിന്തയും ഉള്‍ക്കൊണ്ടു പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ തീരുമാനമാവട്ടെ നാം ധരിക്കുന്ന ഓണക്കോടികള്‍. നമുക്കു് ആഹ്ലാദം തരുന്നതെന്തും മറ്റുള്ളവര്‍ക്കുകൂടി ആനന്ദം പകരുന്നതാകാന്‍ ഓണക്കളികള്‍ നമുക്കു മാതൃകയാകട്ടെ. ഓണക്കളികളില്‍ ജാതിമതചിന്തകളൊന്നും കൂടാതെ എല്ലാവരും ഒത്തുചേരുന്നതുപോലെ നമ്മിലെല്ലാം സഹോദരഭാവം നിറയട്ടെ. അങ്ങനെ ഐക്യത്തിലും സ്‌േനഹത്തിലും ആനന്ദത്തിലും നാമെല്ലാവിധ വ്യത്യാസങ്ങളും മറന്നു് ഒറ്റ മനസ്സായിത്തീരട്ടെ.

(അമ്മയുടെ 2001ലെ തിരുവോണസന്ദേശത്തില്‍ നിന്ന് )

ശരണാഗതേ, സ്‌നേഹലോലുപേ, നിന്റെ തൃ-
ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള-
മുരുകുമ്പൊഴൊക്കെയും മിഴിനീര്‍ തുടയ്ക്കുവാ-
നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ?

പറയുവാനാവാത്തൊരത്ഭുത ലീലകള്‍
നിറയുന്നൊരീ വിശ്വനാടകവേദിയില്‍
തളരാതെ താങ്ങായി നിര്‍ത്തുന്ന നിന്‍ മാതൃ-
ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ?

അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി-
ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ
അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ
ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ?

ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത-
സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും
നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം
നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ?

ഹേ! മഹാമായാപ്രപഞ്ചവിധായിനി
ഹേ! മഹിതാത്മപ്രകാശപ്രബോധിനീ
ചേതോവിമോഹിത ജന്മം കടഞ്ഞു നീ
പ്രേമാമൃതാനന്ദ ലോകത്തിലേക്കുള്ള
നേര്‍വഴീ കാട്ടുന്നതെത്ര കണ്ണീര്‍ക്കടല്‍
നീന്തി വന്നാണെന്നതാരറിഞ്ഞീടുവാന്‍…

എങ്കിലുമെല്ലാമറിയുവാന്‍ കേള്‍ക്കുവാന്‍
എന്നുമീ മക്കള്‍തന്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
ജന്മമെടുത്ത നിന്‍ തൃപ്പാദപൂജയായ്
കര്‍മ്മങ്ങളൊക്കെയും തീരുവാന്‍ പ്രാര്‍ത്ഥന!

_അമ്പലപ്പുഴ ഗോപകുമാര്‍

അന്‍പത്താറു സംവത്സരം ഞങ്ങള്‍-
ക്കിമ്പം തന്നു വളര്‍ത്ത മാതൃത്വമേ
സമ്പത്തും, പുനരന്തസ്സൊത്ത സത്സംഗവും
അംബികേ തരാവു വീണ്ടും.

ഭസ്മം മണക്കുന്ന സന്ധ്യകളവിടുത്തെ-
നക്ഷത്ര മാലയില്‍ രത്‌നം പതിക്കെ-
സ്വാസ്ഥ്യം തേടി വരുന്ന പതിതരില്‍ – നിത്യ
മോക്ഷപ്പൗര്‍ണ്ണമി, തീര്‍ത്ഥമായ്ത്തരിക തായേ.

എന്നും കണികണ്ടുണരുന്ന മിഴികളില്‍, വാത്സല്യത്തി-
ന്നാദിസൂര്യപരാഗമുതിരും ദിവ്യതേജസ്സേ..
നീയാം മന്ത്രം നൂറുരു ജപിച്ചാത്മബോധത്തി-
ലെന്നും മുങ്ങി മരിച്ചിടാമടിയനും, കാറ്റും, കടലിന്റെ പാട്ടും!

ഗിരീഷ് പുത്തഞ്ചേരി

ഭാവാത്മക വിദ്യാഭ്യാസം ആത്മീയമൂല്യവും ദേശീയ വിദ്യാഭ്യാസനയവും
സ്വാമി തുരീയാമൃതാനന്ദപുരി

ദിവ്യപ്രേമത്തിന്റെ അവതാരവും ആത്മീയ ജ്ഞാനത്തിന്റെ നിറവുമായ അമ്മയെ സ്മരിച്ചുകൊണ്ടും അഥര്‍വ്വവേദത്തിലെ ഒരു മന്ത്രം ഉദ്ധരിച്ചുകൊണ്ടും തുടക്കം കുറിക്കാം

‘ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദ
സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ
തതോ രാഷ്ട്രം ബലമോജശ്ച ജാതം
തസ്‌മൈ ദേവാ ഉപസം നമന്തു !’

‘ജനങ്ങളുടെ ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല്‍ ഋഷികള്‍ തപസ്സ് അനുഷ്ഠിച്ചു. (ആത്മജ്ഞാനമുള്ളവരായിട്ടുകൂടി അവര്‍ അങ്ങനെ ചെയ്തുവെന്നര്‍ത്ഥം.) അവരിലൂടെ രാഷ്ട്രത്തിനു ശക്തിയും ഓജസ്സും ലഭിച്ചു. അവ നമ്മളിലും വന്നണയാന്‍ ദേവന്മാരും ഋഷികളും നമ്മെ അനുഗ്രഹിക്കട്ടെ!’

ഇതാണ് വിദ്യാഭ്യാസത്തോടൊപ്പം സ്വായത്തമാകേണ്ടുന്ന ഭാവാത്മകമായ സമീപനം. അദ്ധ്യാത്മികത ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യമായെങ്കില്‍ മാത്രമേ ഇത്തരം ഭാവാത്മകമായ കാഴ്ചപ്പാട് ഉണ്ടാകുകയുള്ളു. മറിച്ച്, ആത്മീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുമ്പോള്‍ സൃഷ്ടി വൈവിദ്ധ്യത്തെ വൈരുദ്ധ്യമായി മാത്രമേ കാണാന്‍ കഴിയൂ. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന നാടിന്റെ സംസ്‌കാരം അന്യം നിന്നു പോയാല്‍ പിന്നെ സംഘര്‍ത്തിനാണ് ഏറെയും സാദ്ധ്യത. ആ സംഘര്‍ഷ വഹ്‌നിയില്‍ വെന്തു നീറാന്‍ വിധിക്കപ്പെട്ട യുവതലമുറ ‘സ്വത്വബോധം’ വിസ്മരിച്ച് ശൂന്യതയിലേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് എവിടെയും!

വിദ്യാലയങ്ങളിലെ ഇന്നത്തെ മത്സരബുദ്ധിയും വിദ്വേഷ മനോഭാവവും മാറി പരസ്പര സഹകരണവും സ്‌നേഹവായ്പും പുലരണമെങ്കില്‍ വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംസ്‌കാരത്തിന്റെ നനവും പ്രസാദവും കൂടി ഹൃദയത്തിനുണ്ടായിരിക്കണമെന്നര്‍ത്ഥം. അതുപോലെ അകൃത്രിമമായ ദേശക്കൂറും കൂട്ടായ്മയും സേവന മനഃസ്ഥിതിയും കൈവരണമെങ്കില്‍ ആത്മീയതയില്‍ ഊന്നിയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ.

ഒരേ ബുദ്ധി തന്നെ വിധ്വംസകമായും വിധായകത്വമായും ഭവിക്കാം. ആത്മശക്തി സ്വാംശീകരിച്ചാല്‍ ബുദ്ധി വിധായക സ്വഭാവം പുലര്‍ത്തും. മറിച്ച്, കായശക്തിയില്‍ അഭിരമിച്ചാല്‍ അത് വിധ്വംസകമായും കലാശിക്കും. മറ്റൊരു പ്രകാരത്തില്‍ പറഞ്ഞാല്‍ ആത്മശക്തിയാല്‍ പ്രചോദിതമെങ്കില്‍ ബുദ്ധി സര്‍ഗ്ഗാത്മകമായിത്തീരും. ശരീരബലത്തില്‍ അഭിമാനിക്കുന്ന ബുദ്ധി വിനാശകരമായും ഭവിക്കും. അതുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ അദ്ധ്യാത്മിക മൂല്യത്തിനുകൂടി പരിഗണന വേണമെന്ന് പറയുന്നത്.

നിങ്ങള്‍ ജനിച്ചത് നിങ്ങള്‍ക്കു വേണ്ടി മാത്രമാണെങ്കില്‍ അന്യര്‍ക്കതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്നാല്‍, നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെങ്കില്‍ എല്ലാവരും നിങ്ങളെ ഗൗനിക്കും. എല്ലാവര്‍ക്കും നിങ്ങള്‍ വിലപ്പെട്ടവനും ആദരണീയനുമായിത്തീരും. നിങ്ങള്‍ അന്യനെ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ സ്വയം മൂല്യമുള്ളവനായിത്തീരുന്നു. നിങ്ങള്‍ അന്യനെ അവഗണിക്കുമ്പോള്‍ നിങ്ങള്‍ സ്വയം വിലകെട്ടവനുമായിത്തീരുന്നു. നിങ്ങള്‍ക്ക് അന്യനോട് കടപ്പാടില്ലെങ്കില്‍ അന്യന് നിങ്ങളോടും കടപ്പാട് ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ, അത്തരമൊരു സമൂഹം നാടിന് ആപത്താണ്. അത്തരം പ്രവണതകള്‍ സാര്‍വത്രികമാകാതിരിക്കാന്‍ നാം വളരെ മുന്‍കരുതലുള്ളവരാകണം.

‘അന്യനെ തന്നില്‍ നിന്നന്യമായ് കാണുകില്‍
അന്യനാകും താനുമോര്‍ക്കൂ !’ എന്ന് അമ്മ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എല്ലാ മഹാത്മാക്കളും എല്ലാക്കാലത്തും ആത്മാവിന്റെ ഏകതയെക്കുറിച്ചും, ലോക സാഹോദര്യത്തെക്കുറിച്ചുമൊക്കെ മഹത്തായ ഉപദേശങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ, മഹാത്മക്കളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന ശീലം നമുക്ക് അന്യം നിന്നുപോയിരിക്കുന്നു. എങ്കിലും അമ്മയുടെ വാക്കുകളില്‍ നമുക്ക് വിശ്വാസം അര്‍പ്പിക്കാം;

‘സദ്ഗുരുക്കന്മാരുരയ്ക്കും – വാക്കു
നിത്യമാരാധ്യമെന്നോര്‍ക്കൂ
വ്യര്‍ത്ഥമായ് പോകില്ല, സത്യദ്രഷ്ടാക്കള്‍ തന്‍
സത്യവാക്കെന്നും നവീനം! ‘

ഉന്നത വിദ്യാഭ്യാസം നേടാന്‍ ഇന്നു വലിയ ഉത്സാഹമാണ്. എന്നാല്‍ അതിന്റെ പിന്നിലെ താല്പര്യമെന്താണ്? എങ്ങനെയും മികച്ച ജോലി തരപ്പെടുത്തണം. ജോലിയെന്തിനാണ്? പണമുണ്ടാക്കാന്‍! ഇതാണ് ഇന്നു വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഉദ്യോഗനേട്ടത്തിനായി മാത്രം വിദ്യാഭ്യാസം ചെയ്യുന്ന ആള്‍ക്കാര്‍ ഇന്നു നമ്മുടെ രാജ്യത്തു മാത്രമേ കാണുകയുള്ളു. മറ്റു പല രാജ്യങ്ങളിലും ഉദ്യോഗം നേടലോ പണം ഉണ്ടാക്കലോ മാത്രമല്ല, നല്ല പൗരന്മാരെ സൃഷ്ടിക്കലാണ് അവര്‍ ലക്ഷ്യമിടുന്നത്. അവര്‍ രാഷ്ട്രത്തിന്റെ ശക്തിയാണ്, രാഷ്ട്രത്തിന്റെ മൂല്യമാണ്, രാഷ്ട്രത്തിന്റെ ഓജസ്സാണ്. അവരെല്ലാം നിസ്വാര്‍ത്ഥരാണെന്നല്ല വിവക്ഷ. അവര്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങളുണ്ട്. അവരുടെ സ്വാര്‍ത്ഥ ലക്ഷ്യം സാമ്രാജ്യത്വമോഹത്തില്‍ അധിഷ്ഠിതമാണെങ്കില്‍ പോലും, വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം വ്യക്തി താല്പര്യമല്ലെന്നര്‍ത്ഥം.

എന്നാല്‍, നമ്മളാരും സാമ്രാജ്യത്വ മോഹികളല്ല. എന്തുകൊണ്ട്? നമ്മള്‍ ആത്മധനന്മാരായതുകൊണ്ട്! ആത്മധനത്തിനും മീതെ മറ്റൊന്നില്ലെന്ന് പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചതുകൊണ്ട്! അവ്വിധം ആത്മാവില്‍ നാം വിശ്വസിക്കുന്നവരായതുകൊണ്ട്! എന്നാല്‍ ആ വിശ്വാസത്തിനും ദര്‍ശനത്തിനും ഇളക്കം തട്ടുന്ന തരത്തിലുള്ള വിദ്യാഭ്യാസ നയം നമ്മെ സ്വാര്‍ത്ഥികളാക്കി മാറ്റുന്നു!

അതുകൊണ്ടുതന്നെ കുറ്റമറ്റൊരു വിദ്യഭ്യാസനയം ദേശീയ തലത്തില്‍ നമുക്കിന്ന് അനിവാര്യമാണ്. അത് എങ്ങനെയുള്ളതായിരിക്കണം? കുറഞ്ഞ പക്ഷം അത് ഉപഭോഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാകരുത്. അത് ത്യാഗ സംസ്‌കാരത്തെ ഉണര്‍ത്തുന്നതാകണം.
‘തീജ്വാലപോലുള്ളിലാളും ഭോഗ
കാംക്ഷയ്ക്കധീനരായ് തീര്‍ന്നാല്‍
നന്മയെ നഞ്ചെന്നപോലെ വെറുത്തിടും
തിന്മയെ നെഞ്ചോടണയ്ക്കും !’ എന്ന് അമ്മ പറയുന്നു. അതെ ! തിന്മയെ നെഞ്ചോണയ്ക്കുന്നതിന്റെ തിക്തഫലങ്ങള്‍ രാഷ്ട്രമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും മോചനം നേടണമെങ്കില്‍ ത്യാഗ സംസ്‌കാരത്തില്‍ അധിഷ്ഠിതമാതിരിക്കണം നമ്മുടെ ദേശീയ വിദ്യഭ്യാസനയം. സേവനതല്പരത വളര്‍ത്തുന്ന തരത്തിലായിരിക്കണമത്. അതു നാടിന്റെ സംസ്‌കൃതിക്ക് ഇണങ്ങും മട്ടിലായിരിക്കണം രാഷ്ട്രത്തിന്റെ ‘സ്വത്വം’ പ്രതിഫലിക്കുന്നതായിരിക്കണം. അത് സമഗ്രമായ വ്യക്തിത്വ വികാസത്തിന് ഊന്നല്‍ നല്‍കുന്നതാകണം. ഏകത്വത്തില്‍ നിന്നും നാനാത്വത്തിലേയ്ക്കുള്ള ഭാരതത്തിന്റെ ഉത്ഗ്രഥനാത്മകമായ കാഴ്ചപ്പാടും നാനാത്വത്തില്‍ നിന്നും ഏകത്വത്തിലേയ്ക്കുള്ള അപഗ്രഥനാത്മകമായ ദാര്‍ശനിക വീക്ഷണവും സവിശേഷമായി അതില്‍ സമഞ്ജസിക്കണം. സൃഷ്ടിവൈവിദ്ധ്യത്തെ വൈരുദ്ധ്യമായി അവതരിപ്പിച്ച് സാമൂഹിക സംഘര്‍ഷത്തിനു വഴി വെയ്ക്കാതെ, അതിനെ സമന്വയാത്മകമായി ദര്‍ശിക്കാന്‍ കഴിയുന്ന വിധമായിരിക്കണം അതിന്റെ ഉള്ളടക്കം. മാനവികതയും ദൈവികതയും ആ ചട്ടക്കൂടിനു ഊടും പാവുമായിരിക്കണം. ധാര്‍മ്മികത അതിനു പശയായിരിക്കണം.

ചുരുക്കത്തില്‍, പുരാതന ഭാരതത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യത്തിന് അനുഗുണമായി, നിസ്വാര്‍ത്ഥരായ നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതും അടിസ്ഥാനപരമായി അവനാരെന്ന് അറിയാന്‍ ഉതകുന്നതുമായിരിക്കണം നമ്മുടെ ദേശീയ വിദ്യാഭ്യാസനയമെന്നര്‍ത്ഥം. ആത്മനിഷ്ഠമായ ഒരു കാഴ്ചപ്പാട് അതിനുണ്ടായിരിക്കണം. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയുടെ സംഘാതമല്ല, മനുഷ്യന്‍ അതിനെല്ലാം അപ്പുറമുള്ള ആത്മചൈതന്യമാണെന്ന ബോധം കൂടി ഉണര്‍ത്തുന്നതിന് ഉതകുന്നതാകണം വിദ്യാഭ്യാസം. എന്നുവെച്ചാല്‍ മനുഷ്യനെ അവന്റെ സമഗ്രതയില്‍ അറിയാന്‍ ഉപകരിക്കണമെന്നര്‍ത്ഥം.

‘അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ’
‘അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍ ജീവികള്‍ മോഹത്തെ പ്രാപിക്കുന്നു’ എന്നു ഭഗവദ്ഗീത പറയുന്നു. അതിനാല്‍ മോഹത്തെ അകറ്റുന്ന – അഥവാ മൗ™്യത്തെ ദൂരീകരിക്കുന്ന കലര്‍പ്പറ്റ ജ്ഞാനം സ്വായത്തമാക്കാന്‍ കഴിയുന്നതാവണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ‘സ്വത്വം’ തിരിച്ചറിയാന്‍ കഴിയുന്ന ആദ്ധ്യാത്മിക സാംസ്‌കാരിക വിദ്യാഭ്യാസം.

പരിശുദ്ധ പ്രേമത്തിന്റെയും ത്യാഗത്തിന്റെയും നടമാടും ദൈവമായ അമ്മയുടെ ശ്രീചരണങ്ങളില്‍ ആദരപൂര്‍വ്വം നമിച്ചുകൊണ്ട് തല്ക്കാലം വിരമിക്കട്ടെ !

തിരുവനന്തപുരം ബ്രഹ്മസ്ഥാന വാര്‍ഷികാഘോഷവേളയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ. പി പരമേശ്വരന്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് 24/1/2010.

‘യാ ദേവീ സര്‍വ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ’

ശക്തിമയിയും വാത്‌സല്യമയിയുമായ ജഗദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിയുടെ തൃപ്പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഏതാനും വാക്കുകള്‍ സംസാരിക്കാന്‍ മുതിരുകയാണ്.

നമ്മുടെ തലസ്ഥാന നഗരി ഒരു പുണ്യനഗരിയായി മാറിയിരിക്കുകയാണ്, ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്. എല്ലാവഴികളും അമ്മയുടെ അടുക്കലേക്ക്… ഭക്തജനങ്ങളുടെ പ്രവാഹം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഈ തരത്തിലുള്ള പുണ്യതീര്‍ത്ഥങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ ആവശ്യമാണ്. നിത്യസ്‌നാനം ദേഹത്തെ ശുദ്ധീകരിക്കും, ഈ തരത്തിലുള്ള സത്‌സംഗങ്ങള്‍, ഭക്തജനസമാഗമങ്ങള്‍, മഹാത്മാക്കളുടെ സാന്നിദ്ധ്യം, ഇത് നൂറുനൂറു വ്യാപാരങ്ങളില്‍ മുങ്ങിയിരിക്കുന്ന മനുഷ്യന്റെ മനസ്സിനെ ശുദ്ധീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ, പ്രയോജനപ്രദമായ, അവസരമാണ്. വാസ്തവത്തില്‍ ഈ തരത്തിലുള്ള സംഗമങ്ങളില്‍ കൂടിയാണ്, തീര്‍ത്ഥസ്‌നാനങ്ങളില്‍ കൂടിയാണ്, നമ്മുടെ സമൂഹം ഇന്നും കുറെയെങ്കിലും ഭദ്രമായി, കുറെയെങ്കിലും സുരക്ഷിതമായി, കുറെയെങ്കിലും നന്മയോടുകൂടി, നിലനില്ക്കുന്നത്. ഭരണകൂടത്തിന്റെ സ്വാധീനം കൊണ്ടോ, പോലീസിന്റെ പ്രഭാവം കൊണ്ടോ, ജയിലുകളും കോടതികളും ഉള്ളതു കൊണ്ടോ ഒന്നുമല്ല സമൂഹം ഭദ്രമായി, സുരക്ഷിതമായി നിലനില്ക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മനസ്സുകളാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സ്, നമ്മുടെ ഓരോരുത്തരുടെയും ജീവിതം, നമ്മുടെ കുടുംബ ജീവിതം, നമ്മുടെ സമൂഹ ജീവിതം ഇതിനെയെല്ലാം നിലനിര്‍ത്തുന്നത്.

ഭാരതം പുണ്യതീര്‍ത്ഥങ്ങളുടെ നാടാണ്. ഭാരതത്തിലുടനീളം ആയിരക്കണക്കിന് പുണ്യതീര്‍ത്ഥങ്ങളുണ്ട്. ഈ പുണ്യതീര്‍ത്ഥങ്ങളെല്ലാംതന്നെ മഹാത്മാക്കളുടെ സാന്നിദ്ധ്യംകൊണ്ട് ചൈതന്യമാര്‍ജ്ജിച്ചവയാണ്. അതുപോലെ തന്നെ പുണ്യനദികളുടെ സംഗമങ്ങള്‍ പുണ്യതീര്‍ത്ഥസ്ഥാനങ്ങളാണ്. പ്രയാഗയായാലും ഹരിദ്വാര്‍ ആയാലും അതുപോലെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെല്ലാംതന്നെ മഹാത്മാക്കളുടെ നിരന്തരമായ സാന്നിദ്ധ്യം കൊണ്ടും പുണ്യപവിത്ര നദികളുടെ നിരന്തരമായ പ്രവാഹംകൊണ്ടും ശുദ്ധിയാര്‍ജ്ജിച്ചവയാണ്. നദികള്‍ സ്വയമേ പവിത്രങ്ങളാണ്. കാരണം അവ ഒഴുകുന്നു. നിരന്തരമായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന, ഒന്നും സൂക്ഷിച്ചുവയ്ക്കാതെ, എല്ലാം സദാ നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാഹങ്ങളാണ് നദികള്‍. അത്തരം പ്രവാഹങ്ങള്‍ പവിത്രങ്ങളാണ്. അത്തരം നദികളുടെ സംഗമങ്ങളാണ് തീര്‍ത്ഥാടനകേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അമ്മയുടെ ജീവിതവും ഒരു മഹാപ്രവാഹമാണ്. ഒരിടത്തും തങ്ങിനില്ക്കാതെ, ഒന്നും സൂക്ഷിച്ചുവയ്ക്കാതെ, എല്ലാ വരദാനങ്ങളും സമൂഹത്തിന്, ലോകത്തിന്, നിരന്തരം പ്രദാനം ചെയ്തുകൊണ്ട് ഒഴുകുന്ന പവിത്രമായ ഒരു അമൃതഗംഗാപ്രവാഹമാണ്, വാസ്തവത്തില്‍ അമ്മയുടെ ജീവിതം. അമ്മയുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലങ്ങളെല്ലാം തന്നെ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാനും, നമ്മുടെ വിചാരങ്ങളെ, ആശയങ്ങളെ പവിത്രമാക്കാനും സഹായിക്കുന്നവയാണ്.

ഭാരതം മുഴുവന്‍ ഒരു പുണ്യതീര്‍ത്ഥമായി, ഒരു പുണ്യക്ഷേത്രമായി, പവിത്രഭൂമിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, ഭൂഖണ്ഡങ്ങളെ സംബന്ധിച്ചിടത്തോളം, അവ ഭോഗപ്രധാനമാണ്. ഭാരതം ത്യാഗപ്രധാനമാണ്. ഇത് ഋഷിമാരുടെ നാടാണ്, ഋഷിപരമ്പരയുടെ നാടാണ്. ആര്‍ഷസംസ്‌കാരത്തിന്റെ നാടാണ്. ആ പരമ്പരയ്ക്ക് ഒരിക്കലും കണ്ണിയറ്റുപോയിട്ടില്ല. പൈതൃകകാലം തുടര്‍ന്നിങ്ങോട്ട് ഒരു നദീപ്രവാഹം പോലെ നമ്മുടെ ഋഷിമാരുടെ പരമ്പരയും നിലനിന്നുപോന്നിട്ടുണ്ട് ആ പാരമ്പര്യം കാലാകാലങ്ങളില്‍ നമ്മുടെ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. പലപ്പോഴും പലകാരണങ്ങള്‍കൊണ്ടും സംസ്‌കാരങ്ങള്‍ക്ക് ലോപം സംഭവിക്കാം. പുറത്തുനിന്നുകൊണ്ടുള്ള കടന്നുകയറ്റം കൊണ്ടാകാം, ഉള്ളില്‍ നിന്നുള്ള മലിനീകരണം കൊണ്ടാകാം, സംസ്‌കാരത്തിന് ലോപം സംഭവിക്കാം, മൂല്യബോധത്തിന് ക്ഷതം സംഭവിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാം, ധര്‍മ്മത്തിന് എപ്പോഴാണോ ച്യുതിയുണ്ടാകുന്നത്, ധര്‍മ്മത്തിന് ലോപം സംഭവിക്കുന്നത്, അത്തരം സന്ദര്‍ഭങ്ങളിലെല്ലാം, നമ്മുടെ ഭാരതത്തില്‍ നാം കണ്ടുവന്നിട്ടുള്ള ഒരു പ്രതിഭാസം എന്തെന്നാല്‍ ഓരോ സന്ദര്‍ഭത്തിലും, ഓരോ പ്രദേശത്തും, മഹാത്മാക്കള്‍ അവതരിക്കും, അവതാര പുരുഷന്മാരുണ്ടാകും. അത്തരം അവതാരങ്ങള്‍, മഹാത്മാക്കള്‍, ധര്‍മ്മത്തെ പുനഃസ്ഥാപിക്കും. ആചരണത്തില്‍ കൂടി ജനങ്ങളുടെ മുന്നില്‍ ധര്‍മ്മത്തെ അവര്‍ പുനരുദ്ധരിക്കും. സമൂഹം വീണ്ടും ധര്‍മ്മാധിഷ്ഠിതമായി മുന്നോട്ടുപോകും. അങ്ങനെ അനേകായിരം കൊല്ലങ്ങളിലൂടെ, ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളതുപോലെ അവതാരങ്ങളുടെ പരമ്പരയില്‍ കൂടി, നമ്മുടെ ഭാരതീയ സംസ്‌കാരം, നമ്മുടെ ജീവിത ദര്‍ശനം, നമ്മുടെ ആര്‍ഷ പാരമ്പര്യം നിലനിന്നുപോന്നിട്ടുണ്ട്. ഈ ആര്‍ഷപാരമ്പര്യം നിലനിന്നുപോന്നതുകൊണ്ടാണ് മറ്റു പല രാഷ്ട്രങ്ങള്‍ അസ്തമിച്ച കാലത്തും നമ്മുടെ ഭാരതം സജീവമായി, ഐശ്വര്യ പൂര്‍ണമായി, സമാധാനപരമായി നിലനിന്നുപോന്നിട്ടുള്ളത്. ഉള്ളില്‍നിന്നും പുറത്തുനിന്നും ഉള്ള അസ്വസ്ഥതകളും, അക്രമങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ ധര്‍മ്മം നിലനിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ എല്ലാകാലത്തും നിരന്തരമായി നടന്നുപോന്നിട്ടുണ്ട്. മറ്റുപല രാഷ്ട്രങ്ങളിലും സംഭവിച്ചതുപോലെ നമ്മുടെ രാജ്യത്തില്‍ ഈ ജീവിതത്തിന്റെ ഗംഗാപ്രവാഹം ഒരിക്കലും അസ്തമിച്ചിട്ടില്ല, ഒരിക്കലും ഭംഗം വന്നുപോയിട്ടില്ല. പൈതൃകകാലം മുതല്‍, ഉപനിഷത്തുകളുടെ കാലത്തും, ബുദ്ധന്റെയും വര്‍ദ്ധമാനമഹാവീരന്റെയും ഒക്കെ കാലത്തും, പുരാണ ഇതിഹാസങ്ങളുടെ കാലത്തും, പിന്നീട് വിദേശ ആക്രമണത്തില്‍ ഭാരതം അടിമപ്പെട്ടു പോയിരുന്ന കാലത്തു പോലും, ഭക്തിപ്രസ്ഥാനത്തിന്റെ ഒരു മഹാപ്രവാഹരില്‍കൂടി ഉത്തരദക്ഷിണ ഭാരതങ്ങളില്‍ മുഴുവനും, ധര്‍മ്മവും, ജീവിതമൂല്യങ്ങളും എല്ലാം നിലനിന്നുപോന്നിട്ടുണ്ട്.

ഇത് എല്ലായിടത്തും സംഭവിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിലും. ശ്രീ ശങ്കരാചാര്യരുടെ കാലം നമുക്കറിയാം. ഭാരതത്തിനു് മുഴുവനും ധാര്‍മ്മികമായ അപചയം സംഭവിച്ച കാലത്ത്, വേദാന്തധര്‍മ്മത്തെ, സനാതന ധര്‍മ്മത്തെ, പുനരുദ്ധരിക്കാന്‍ വേണ്ടി അവതരിച്ച ശ്രീ ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച് എല്ലാ ആരാധനാ സമ്പ്രദായങ്ങളെയും കൂട്ടിയിണക്കി, എല്ലാ ദര്‍ശനങ്ങളെയും കൂട്ടിയിണക്കി, ഒരു സന്ന്യാസപരമ്പരയ്ക്ക്, സംവിധാനത്തിന് രൂപം നല്‍കി. ഭാരതത്തിന്റെ നാലു മൂലകളില്‍ നാല് ആശ്രമങ്ങള്‍ സ്ഥാപിച്ചു. ബദരിയിലും, പുരിയിലും, ശൃംഗേരിയിലും, ദ്വാരകയിലും എല്ലാം. അവരില്‍കൂടി വൈദികധര്‍മ്മം പ്രചരിച്ചു, പിന്നീട് വന്ന ഒരു ആയിരം കൊല്ലത്തെ അടിമത്തത്തിന്റെ കാലത്തും ഭാരതം സാംസ്‌കാരികമായി, ശക്തമായി, സ്വതന്ത്രമായി നിലനിന്നത് ജഗദ്ഗുരു ശങ്കരാചാര്യസ്വാമികളുടെ തപസ്സിന്റെ, ജ്ഞാനതപസ്സിന്റെയും കര്‍മ്മതപസ്സിന്റെയും, ഫലമായിട്ടായിരുന്നു.

കേരളത്തിലും ഭക്തകവികളായ തുഞ്ചത്താചാര്യനും, പൂന്താനവും, ചെറുശ്ശേരിയും എല്ലാം അവതരിച്ചത് നമ്മുടെ ധര്‍മ്മത്തിന് അപചയം സംഭവിച്ച ഈ കാലത്താണ്. വിദേശികള്‍ നമ്മുടെ മേല്‍ അവരുടെ സംസ്‌കാരവും, അവരുടേതായ ആചാര്യമര്യാദകളും അടിച്ചേല്പിക്കുകയും മതം മാറ്റം നടത്തുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന കാലത്താണ് തുഞ്ചത്താചാര്യനും, പൂന്താനവും, ചെറുശ്ശേരിയുമെല്ലാം, അവരുടെ ഭക്തിപ്രസ്ഥാനത്തില്‍ക്കൂടി നമ്മുടെ മഹാപുരുഷന്മാരുടെ അവതാരകഥകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. രാമായണവും, മഹാഭാരതവും, ഭാഗവതവും എല്ലാം അങ്ങനെയാണ് പ്രചരിച്ചത്. പിന്നീടും വൈദേശികാധിപത്യം വന്നു, ബ്രിട്ടീഷു് ആധിപത്യം വന്നു. വിദേശ മിഷനറിമാരുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടു. സനാതനധര്‍മ്മം ക്ഷയിക്കാന്‍ തുടങ്ങി. ആ സമയത്താണ് നമ്മുടെ കേരളത്തില്‍ ശ്രീനാരായണ ഗുരുദേവനേയും, ചട്ടമ്പിസ്വാമികളേയും പോലുള്ള മഹാത്മാക്കള്‍ ഉണ്ടായി, ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ച് സംസ്‌കാരം പ്രചരിപ്പിച്ച്, വേദാന്തതത്വങ്ങള്‍ പ്രചരിപ്പിച്ച്, സാംസ്‌കാരികമായ ഉന്നമനത്തിന് വഴി തെളിച്ചത്. ഭാരതീയ സംസ്‌കാരവും, അതില്‍ വിശ്വസിക്കുന്നവരും ഇന്നും നാമമാത്രമായെങ്കിലും ഭൂരിപക്ഷമായി നില്ക്കുന്നത് അത്തരം ആദ്ധ്യാത്മികാചാര്യന്മാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ്.

ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട്, സ്വാതന്ത്ര്യത്തിനുശേഷം ഒരു ആഗോളവത്കരണത്തിന്റെ പരിഷ്‌ക്കാരം, പാശ്ച്യാത്യ നാഗരികതയുടെ മേധാവിത്വം, ഉപഭോഗ സംസ്‌കാരം, ആഡംബരഭ്രമം, പാശ്ച്യാത്യവത്കരണം, ഇതെല്ലാം വളരെ ശക്തമായി അലയടിച്ചുതുടങ്ങിയ കാലഘട്ടത്തിലാണ് ശ്രീമാതാ അമൃതാനന്ദമയീ ദേവി കേരളക്കരയില്‍ ഏറ്റവും പിന്നോക്ക പ്രദേശത്ത് അവതരിക്കുകയും, അമ്മയുടെ ജീവിതത്തിലൂടെ, തപസ്സിലൂടെ, ആചാരത്തിലൂടെ, സമൂഹസേവനത്തിലൂടെ ഒരു സാംസ്‌കാരിക നവോത്ഥാനം സൃഷ്ടിക്കുകയും ചെയ്തത്. ആ സാംസ്‌കാരിക നവോത്ഥാനത്തിന്റെ അലയടികള്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മാത്രമല്ല, നമുക്കറിയാം, ലോകം മുഴുവന്‍ പ്രകടമായിട്ടുണ്ട്. ലോകം മുഴുവന്‍ ഇന്ന് വാസ്തവത്തില്‍ ഭാരതത്തിലേയ്ക്ക്, ഇവിടുത്തെ ആദ്ധ്യാത്മിക ആചാര്യന്മാരിലേയ്ക്ക്, മഹാത്മാക്കളിലേയ്ക്ക്, ശ്രദ്ധ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അമൃതപുരി ഇന്ന് ആഗോളതലത്തിലുള്ള ആദ്ധ്യാത്മികതയുടെ തലസ്ഥാനനഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ആളുകള്‍ അവിടേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഉപഭോഗസംസ്‌കാരം കൊണ്ടും, അതിന്റെ തിന്മകള്‍കൊണ്ടും ലോകം അനുഭവിക്കുന്ന കഷ്ടപ്പാടുകളും, തിരിച്ചടികളും നേരിടാന്‍, അതിനെ തരണം ചെയ്യാന്‍, ഭാരതത്തിനേ സാധിക്കൂ, ഭാരതത്തിന്റെ സംസ്‌കാരത്തിനേ സാധിക്കൂ. ഉപഭോഗത്തിന്റെയും ആഡംബരത്തിന്റെയും സംസ്‌കാരം ലോകത്തില്‍ വിപത്തിന്റെ വിത്തുകള്‍ വിതയ്ക്കുകയാണ്. ഈ സമയത്ത് യഥാര്‍ത്ഥത്തിലുള്ള ആദ്ധ്യാത്മികമായ ജീവിതത്തിന്റെ സന്ദേശം ലോകത്തില്‍ പ്രചരിക്കേണ്ടതായിട്ടുണ്ട്.

അമ്മയുടെ ജീവിതത്തില്‍ നാം കാണുന്നത് ഇതുപോലെയുള്ള ഒരു വലിയ പ്രവാഹങ്ങളുടെ സംഗമമാണ്. ഒരു ത്രിവേണി സംഗമമാണ് നാം അമ്മയുടെ ജീവിതത്തില്‍ പ്രത്യക്ഷമായി കാണുന്നത്. നാമെല്ലാം ആഗ്രഹിക്കുന്നത് മൂന്നു കാര്യങ്ങളാണ്. നമുക്ക് അറിവ് വേണം, നമുക്ക് ഐശ്വര്യം വേണം, നമുക്ക് ശക്തി വേണം, ഇതുമൂന്നും എല്ലാവര്‍ക്കും ആവശ്യമാണ്. അറിവ് കൂടിയേ കഴിയൂ. ‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ.’ ജ്ഞാനം പോലെ നമ്മെ പവിത്രീകരിക്കുന്നതായി മറ്റൊന്നുമില്ല. പക്ഷേ, ജ്ഞാനം മാത്രം പോര, ഐശ്വര്യമായി ജീവിക്കാന്‍ സാധിക്കണം, ഐശ്വര്യം ആവശ്യമാണ്. ജ്ഞാനവും, ഐശ്വര്യവും അതോടൊപ്പം ശക്തിയും ഉണ്ടായിരിക്കണം. ഈ മൂന്നിനേയും നാം നമ്മുടെ ഹൈന്ദവ പാരമ്പര്യത്തില്‍ മൂന്നു ദേവതകളായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അറിവിന്റെ ദേവതയാണ് സരസ്വതി, ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മി, ശക്തിയുടെ ദേവതയാണ് ദുര്‍ഗ്ഗ. ഇതു മൂന്നും ഒരേ ദേവതയുടെ മൂന്നു ഭാഗങ്ങളാണ്, മൂന്നു ദേവതകളല്ല, ഒരേ ദേവതയുടെ മൂന്നു ഭാഗങ്ങളാണ്. ഐശ്വര്യത്തിന്റെ രൂപമായ മഹാലക്ഷ്മി, അറിവിന്റെ ആവിഷ്‌കാരമായ സരസ്വതി, ശക്തിയുടെ പ്രഭവമായ ദുര്‍ഗ്ഗാദേവി, ഈ മൂന്നിന്റെയും സമന്വയം നമുക്ക് നമ്മുടെ അമ്മയില്‍ കാണാന്‍ സാധിക്കും. ഏതു കാര്യത്തെക്കുറിച്ചും അറിവ് ലഭിക്കാന്‍ ഏറ്റവും വലിയ പണ്ഡിതന്മാര്‍ പോലും അമ്മയുടെ അടുക്കല്‍ വരുന്നതായി നമുക്ക് കാണാം. അതുപോലെ അമ്മയുടെ പ്രവര്‍ത്തനം എവിടെയെല്ലാം എത്തിയിട്ടുണ്ടോ അവിടെ ഐശ്വര്യവും വളര്‍ന്നുവരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഇന്നത്തെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി ജീവിതം നയിക്കണമെങ്കില്‍ കരുത്താവശ്യമാണ്. ശാരീരികമായ കരുത്തുവേണം, മാനസികമായ കരുത്തുവേണം, ബുദ്ധിപരമായ കരുത്തുവേണം, ആത്മീയമായ കരുത്തുവേണം, ഈ കരുത്തു് നമ്മള്‍ക്ക് അമ്മയുടെ ജീവിതത്തില്‍ നിന്നും, ഉപദേശത്തില്‍ നിന്നും കിട്ടുന്നുണ്ട്.

വാസ്തവത്തില്‍ ഇതെല്ലാം സമ്പത്തുകളാണ്. ഈ സമ്പത്തുകളെയാണ് ഭഗവദ്ഗീതയില്‍ ‘ദൈവീസമ്പത്ത്’ എന്നു പറയുന്നത്. സമ്പത്തിനെ രണ്ടായി വിഭജിച്ചിട്ടുണ്ട്, ‘ദൈവീസമ്പത്ത്’, ‘ആസുരി സമ്പത്ത്’. അമ്മ പ്രതിനിധീകരിക്കുന്നത് അറിവിലായാലും, ഐശ്വര്യത്തിലായാലും, ശക്തിയിലായാലും ദൈവീസമ്പത്താണ്. ശ്രീമദ് ഭഗവദ്ഗീതയില്‍ ഈ രണ്ടു സമ്പത്തുകളെയും വിവരിക്കുന്ന സമയത്ത് അര്‍ജ്ജുനന് സംശയം, ‘ഞാന്‍ ദൈവീ സമ്പത്തിലാണോ, ആസുരീ സമ്പത്തിലാണോ പെടുന്നത്?’ ഭഗവാന്‍ പറയുന്നു ‘മാ ശുചാ സമ്പതം ദൈവീകം അഭിജാതോസി പാണ്ഡവ’, ‘ദുഃഖിക്കേണ്ടതില്ല, നീ ജനിച്ചീരിക്കുന്നത് ദൈവീസമ്പത്തിലാണ്.’ അമ്മയുടെ ഭക്തന്മാരായിട്ടുള്ള, അമ്മയുടെ ആരാധകരായിട്ടുള്ള, അമ്മയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഉറപ്പായിട്ടു പറയാന്‍ സാധിക്കും നാമെല്ലാം ഈ ദൈവീസമ്പത്തിന്റെ അവകാശികളാണെന്ന്. ഐശ്വര്യപൂര്‍ണമായ സമ്പത്ത്.

സമ്പത്ത് രണ്ടുതരത്തിലുണ്ടാകാം, ദൈവീകവും ആകാം, ആസുരികവുമാകാം. ധര്‍മ്മാനുഷ്ഠാനത്തില്‍ കൂടി ധാര്‍മ്മികമായി ആര്‍ജ്ജിക്കുന്ന സമ്പത്ത് ദൈവീസമ്പത്താണ്. അധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ അധാര്‍മ്മികമായി കുന്നുകൂട്ടുന്ന സമ്പത്ത് ആസുരിസമ്പത്താണ്. ലങ്കയില്‍ നാം കണ്ടത് ആസുരിസമ്പത്താണ്, അയോദ്ധ്യയില്‍ നാം കണ്ടത് ദൈവീസമ്പത്താണ്. ലങ്ക ദഹിപ്പിക്കപ്പെട്ടു, അയോദ്ധ്യയില്‍ പട്ടാഭിഷേകം നടന്നു. ദൈവീസമ്പത്തിനാണ് വിജയം, അത് ഐശ്വര്യത്തിനാണെങ്കിലും, അറിവിനാണെങ്കിലും, കരുത്തിനാണെങ്കിലും, ഈ ദൈവീസമ്പത്ത്, ഇതാണ് വാസ്തവത്തില്‍ ഇന്ന് നാമോരുത്തരും വ്യക്തിപരമായും, സാമൂഹികമായും നേരിടുന്ന വെല്ലുവിളികള്‍ക്കും, ഭീഷണികള്‍ക്കും, പരിഹാരമായിട്ടുള്ളത്. ദൈവീകമായ സമ്പത്ത് സമ്പാദിക്കണം, ദൈവീകമായ അറിവ് സമ്പാദിക്കണം, ദൈവീകമായ കരുത്ത് സമ്പാദിക്കണം, ഇതുകൊണ്ട് നമുക്ക് നമ്മുടെ ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ സാധിക്കും.

ഇന്ന് വാസ്തവത്തില്‍ ലോകത്തില്‍ ആസുരീസമ്പത്തുകൊണ്ടുണ്ടാകുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ നാം കാണുന്നു. ഉപഭോഗത്തിനുവേണ്ടി, ആഡംബരത്തിനുവേണ്ടി, പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നാം കാണുന്നു. ഈ ചൂഷണത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനം വരുന്നത് നാം കാണുന്നു. ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകിക്കൊണ്ടിരിക്കുന്നതായി നാം കാണുന്നു. പറയുന്നത് ഏറിപ്പോയാല്‍ ഒരു നാല്‍പതോ, അന്‍പതോ കൊല്ലം കഴിഞ്ഞാല്‍ ഹിമാലയത്തിന്റെ ശിഖരങ്ങള്‍, അവിടുത്തെ മഞ്ഞുരുകി ഇല്ലാതായിത്തീരുമെന്നാണ്. കാലാവസ്ഥയ്ക്ക് വരുന്ന ഈ വ്യതിയാനം കാരണം സമുദ്രതീരത്തിലെ ജലനിരപ്പുയര്‍ന്ന് ഭൂഖണ്ഡങ്ങള്‍ തന്നെ കടലില്‍ ആണ്ടുപോകാം. സുനാമി കൊണ്ട് സംഭവിച്ചതുപോലെ. ഈ ഉപഭോഗത്തിന്റെ ഫലമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു, മനുഷ്യനെ ചൂഷണം ചെയ്യുന്നു. അതിന്റെ ഭാഗമായി ഉപഭോഗഭ്രാന്ത് വര്‍ദ്ധിക്കുന്നു. മദ്യപാനം വര്‍ദ്ധിക്കുന്നു, സ്ത്രീപീഡനം വര്‍ദ്ധിക്കുന്നു. ആത്മഹത്യ പെരുകുന്നു. ഇതെല്ലാം നാം ലോകത്തില്‍ കാണുന്നു. കേരളത്തിലും ഇത് നാം കാണുന്നു. ഇതിനെന്താണ് പരിഹാരം? ഈ ആസുരീ സമ്പത്തിന് പരിഹാരം ദൈവീസമ്പത്ത് വളര്‍ത്തിയെടുക്കുകയെന്നതാണ്.

ദൈവീസമ്പത്തിന്റെ മൂര്‍ത്തിമദ്ഭാവമായ നമ്മുടെ അമ്മ ശ്രീമാതാ അമൃതാനന്ദമയീ ദേവി, അമ്മയുടെ ജീവിതത്തില്‍ കൂടി, ഉപദേശങ്ങളില്‍ കൂടി അമ്മ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഇന്നിപ്പോള്‍ ഭൂമിയില്‍ വെള്ളം കിട്ടാനില്ലാതാകുന്നു. അപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ വിചാരിക്കുന്നത് ചന്ദ്രമണ്ഡലത്തില്‍ വെള്ളം ഉണ്ട് അവിടെ പോയി വെള്ളം എടുക്കാം, ചൊവ്വായില്‍ കേറി കുടിയേറിപ്പാര്‍ക്കാം, ഇതാണ് ഇന്ന് ശാസ്ത്രം ശ്രമിക്കുന്നത്. ചൊവ്വയിലും, ചന്ദ്രനിലും പോയി താമസിക്കാം, അവിടെ വെള്ളം ഉണ്ട് അതുകൊണ്ട് ഉപജീവിക്കാം, അമ്മ പറയുകയുണ്ടായി ‘നിങ്ങള്‍ ചന്ദ്രനില്‍ പോയിട്ട് എന്തുചെയ്യും? ചൊവ്വയില്‍ പോയിട്ട് എന്തുചെയ്യും? ഈ ഭൂമിയില്‍ മനുഷ്യരെപ്പോലെ ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഇവിടുത്തെ നദികള്‍ എല്ലാം നിങ്ങള്‍ മലിനമാക്കിക്കഴിഞ്ഞെങ്കില്‍, ഇവിടുത്തെ ജലസ്രോതസ്സുകളെല്ലാം വറ്റി വരണ്ടുപോയിട്ടുണ്ടെങ്കില്‍, ഈ മാനസികാവസ്ഥയോടുകൂടി നിങ്ങള്‍ ചന്ദ്രനില്‍ ചെന്നാല്‍ ഇതുതന്നെയല്ലെ ചെയ്യുക? ചൊവ്വയില്‍ ചെന്നാലും നിങ്ങള്‍ ഇതുതന്നെയല്ലെ ചെയ്യുക? നാം ചെയ്യേണ്ടത് ഈ ഭൂമിയില്‍ ജീവിക്കാന്‍ പഠിക്കുക, മനുഷ്യരായി ജീവിക്കുവാന്‍ പഠിക്കുക, നല്ല മനുഷ്യരായി ജീവിക്കുവാന്‍ പഠിക്കുക, സത്ഗുണങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുക, ദൈവീസമ്പത്തുകള്‍ ഉള്‍ക്കൊള്ളുക, ഭോഗത്തിനു പകരം ത്യാഗം ശീലിക്കുക, സമൂഹത്തെ സേവിക്കുക, കഷ്ടപ്പെടുന്നവരെ സഹായിക്കുക, ഈ മനോഭാവത്തോടുകൂടി നമുക്ക് ഈ ഭൂമിയില്‍ ജീവിക്കുവാന്‍ കഴിഞ്ഞാല്‍ നമുക്ക് വേണ്ടതെല്ലാം പ്രദാനം ചെയ്യാന്‍ ഈ ഭൂമാതാവിനു് കഴിയും.

വിഭവങ്ങള്‍ വേണ്ടിടത്തോളം ഉണ്ട്. നാമൊരിക്കലും ഈ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതില്‍ വിശ്വസിച്ചിരുന്നില്ല, പാശ്ചാത്യസംസ്‌കാരമാണ് ചൂഷണം. നാമതില്‍ വിശ്വസിച്ചിരുന്നില്ല. ദോഹനം -കറന്നെടുക്കുക നാം പശുവിന്റെ അകിട്ടില്‍ നിന്ന് പാല്‍ കറന്നെടുക്കുന്നു, പശുവിനെ ചൂഷണം ചെയ്യുകയല്ല. അമ്മയുടെ മുലപ്പാല്‍ നുകര്‍ന്നു് കുടിക്കും, ചൂഷണം ചെയ്യുകയല്ല. പ്രകൃതിമാതാവില്‍ നിന്ന് നാം ദോഹനം ചെയ്യും, കറന്നെടുക്കും. അത് വീണ്ടും നികന്നു വരും, വീണ്ടും വളര്‍ന്നുവരും, വീണ്ടും വര്‍ദ്ധിച്ചുമിരിക്കും, ഒരിക്കലും ക്ഷയമുണ്ടാവുകയില്ല, അക്ഷയയാണ് അമ്മ. ഭൂമാതാവ് അക്ഷയയാണ്, പ്രകൃതിമാതാവ് അക്ഷയയാണ്. നാം ചൂഷണത്തിനു പകരം ദോഹനത്തിന്റെ സംസ്‌കാരം അഭ്യസിച്ചാല്‍ ഈ ഭൂമിയില്‍ നമുക്ക് സുഖമായിട്ട് ജീവിക്കാന്‍, ഐശ്വര്യത്തോടുകൂടി ജീവിക്കാന്‍, സാധിക്കും. ഈ ഐശ്വര്യത്തിന്റെ സമ്പത്ത്, ഈ ദൈവികമായ കരുത്ത്, ഈ ദൈവികമായ അറിവ്, ഇതു് നമുക്ക് പകര്‍ന്നുതരിക വഴിയാണ് ഇന്ന് നാശത്തിലേക്കും നശീകരണത്തിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിന് അമ്മ വഴികാട്ടിയായി തീരുന്നത്, ജഗദ്ഗുരുവായിത്തീരുന്നത്.

ഭാരതത്തില്‍ മാത്രമല്ല ലോകമെമ്പാടും ഈ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഭാരതത്തിന്റെ സനാതനധര്‍മ്മത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അമ്മ വാസ്തവത്തില്‍ ഒരു വലിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചരിത്രത്തില്‍ പങ്കാളികളാണ് നമ്മളെല്ലാം. പക്ഷേ, നാമത് അറിയുന്നില്ല. ശ്രീരാമന്റെ കാലത്ത് വാനരന്മാര്‍ അറിഞ്ഞിരുന്നില്ല, തങ്ങളൊരു വലിയ യുഗപരിവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണെന്ന്. ശ്രീകൃഷ്ണന്റെ കാലത്ത് ഗോപന്മാരും ഗോപികമാരും അറിഞ്ഞിരുന്നില്ല തങ്ങള്‍ ഒരു വലിയ യുഗപരിവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണെന്ന്. ഇന്ന് നാമും മനസ്സിലാക്കുന്നുണ്ടോയെന്ന് ആലോചിക്കണം, ഒരു പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയില്‍ നാമറിഞ്ഞോ അറിയാതെയോ പങ്കാളികളായിക്കൊണ്ടിരിക്കുകയാണെന്ന്. അമ്മ ഒരു യുഗപരിവര്‍ത്തനത്തിന്റെ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്, ലോകമെമ്പാടും ഒരു യുഗപരിവര്‍ത്തനം വരുത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കൊല്ലം അമ്മ വര്‍ക്കലയില്‍, ശിവഗിരിയില്‍ പോയി. ശ്രീനാരായണദേവന്റെ തപസ്സുകൊണ്ട് പവിത്രമായിത്തീര്‍ന്ന ശിവഗിരിയില്‍ ശ്രീമാതാ അമൃതാനന്ദമയീ ദേവി സന്ദര്‍ശനം നടത്തി. അത് വെറുമൊരു സന്ദര്‍ശനമായിരുന്നില്ല അത് ഒരു ചരിത്രം സൃഷ്ടിച്ചതായിരുന്നു, ഒരു ചരിത്രം മാറ്റിക്കുറിക്കലായിരുന്നു. 1920കളില്‍ മഹാത്മാഗാന്ധി വര്‍ക്കലയില്‍ ശിവഗിരി സന്ദര്‍ശിച്ചു, അത് വെറുമൊരു സന്ദര്‍ശനം മാത്രമായിരുന്നില്ല അതിനെ തുടര്‍ന്നാണ് അയിത്തത്തിന് എതിരായ വലിയൊരു പ്രസ്ഥാനം കേരളത്തില്‍ രൂപംകൊണ്ടതും ക്ഷേത്രപ്രവേശനമൊക്കെ നിര്‍വ്വഹിക്കപ്പെട്ടതും. അത് ഒരു ചരിത്രം കുറിക്കലായിരുന്നു.

അതിനുശേഷം അമ്മ പന്മന ആശ്രമത്തില്‍ പോയി, ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ആശ്രമത്തില്‍! ശ്രീ ചട്ടമ്പിസ്വാമികളും, ശ്രീ നാരായണഗുരുദേവനും യോജിച്ച് സഹകരിച്ച് പ്രവര്‍ത്തിച്ചാണ് കേരളത്തില്‍ ഇന്ന് നവോത്ഥാനം കൊണ്ടുവന്നത്. അയിത്തത്തിനെതിരായി, മദ്യപാനത്തിനെതിരായി, ആലസ്യത്തിനെതിരായി, അജ്ഞതയ്‌ക്കെതിരായി ഒരു വലിയ സാമൂഹിക വിപ്ലവം സംഘടിപ്പിച്ചത് അവരായിരുന്നു. ആ രണ്ടു സ്ഥലങ്ങളിലും അമ്മ സന്ദര്‍ശനം നടത്തിയ വഴി ഒരു പുതിയ നവോത്ഥാനത്തിന്റെ തുടക്കം, ഒരു പുതിയ ചരിത്രം രചിക്കുകയാണ്.

കഴിഞ്ഞ ദിവസം ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍, അദ്ദേഹം തിരുവനന്തപുരത്ത് വന്നിരുന്നു. ഇവിടുത്തെ പൗരാവലി വലിയൊരു സ്വീകരണം നല്‍കി. അതിനുശേഷം ആചാര്യസ്വാമികള്‍ വലിയ മുന്നറിയിപ്പൊന്നും കൂടാതെ തന്നെ നേരെ അമൃതപുരിയിലെ ആശ്രമത്തിലേയ്ക്ക് പോയി. അമ്മയുടെ സന്നിധാനത്തില്‍ ചെന്നു. അവിസ്മരണീയമായ ഒരു സംഭവമായിരുന്നു അത്. അഭൂതപൂര്‍വ്വമായ ഒരു സംഭവമായിരുന്നു. ഒരു പത്തോ ഇരുപതോ കൊല്ലം മുന്‍പ് ആലോചിക്കാന്‍ കഴിയാത്ത ഒരു സംഭവമായിരുന്നു. ശങ്കരാചാര്യ സ്വാമികള്‍ നേരെ അമൃതപുരിയില്‍ ചെന്ന് അമ്മയുടെ ആഥിത്യം സ്വീകരിക്കുകയും, അമ്മയെ സന്ദര്‍ശിക്കുകയും, അമ്മ തൃക്കൈകള്‍ കൊണ്ടു് കൊടുത്ത രുദ്രാക്ഷമാല സ്വയം അണിയുകയും അതിനുശേഷം അവിടെ കൂടിയിരുന്ന ഭക്തജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തു. ഇതും വലിയ ഒരു പരിവര്‍ത്തനത്തിന്റെ ലക്ഷണമാണ്.

നമുക്കറിയാം മഹാത്മാക്കള്‍, അവതാരപുരുഷന്മാരെല്ലാം, ഉടലെടുക്കുമ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും, ഒരുപാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടിവരും. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചില്ലേ ? ശ്രീരാമചന്ദ്രന് 14 കൊല്ലം വനവാസം അനുഭവിക്കേണ്ടി വന്നില്ലേ ? ശ്രീകൃഷ്ണനെ മോഷ്ടാവെന്ന് വിളിച്ചില്ലേ! സ്യമന്തക മണി മോഷ്ടിച്ച കള്ളനെന്ന് വിളിച്ചില്ലേ ? എല്ലാ അവതാരപുരുഷന്മാര്‍ക്കും, മഹാപുരുഷന്മാര്‍ക്കും സമൂഹത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ പരിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും തടസ്സങ്ങള്‍ നേരിടും. (ജയേന്ദ്രസരസ്വതി) ശങ്കരാചാര്യസ്വാമികള്‍ക്കും അത് ഉണ്ടായി. ജയിലില്‍ കഴിയേണ്ടി വന്നു. പക്ഷേ അഗ്നിപരീക്ഷ കഴിഞ്ഞ് സീതാദേവി പുറത്തുവന്നതുപോലെ വന്നുകഴിഞ്ഞപ്പോള്‍ ആചാര്യസ്വാമികള്‍ക്ക് എല്ല്യൂാ സ്ഥലത്തും ജനങ്ങള്‍ സത്യം മനസ്സിലാക്കി സ്വീകരണവും, പാദപൂജയും എല്ലാം നടത്തുകയാണ്. ആ സ്വാമികള്‍ അമൃതപുരിയില്‍ ചെന്നു. അമ്മ സ്വീകരിച്ചു. ഇതും ഒരു വലിയ പരിവര്‍ത്തനത്തിന്റെ, ഒരു പുതിയ ചരിത്രം നിര്‍മ്മിക്കപ്പെടുന്നതിന്റെ, അനുഭവമാണ്

ഡിസംബര്‍ മാസം 31-ന് അമ്മ ഡല്‍ഹിയില്‍ വന്നു. എല്ലാ വിദേശ മന്ത്രാലയങ്ങളുടെയും ആസ്ഥാനമായ ചാണക്യപുരിയില്‍, എല്ലാ എംബസികളും, അംബാസിഡര്‍മാരും താമസിക്കുന്ന ആ ചാണക്യപുരിയില്‍, വിവേകാനന്ദകേന്ദ്ര ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഉത്ഘാടന കര്‍മ്മത്തിനുവേണ്ടി അമ്മ സദയം അവിടെ എത്തിച്ചേര്‍ന്നു. അമേരിക്കയിലായിരുന്ന അമ്മ ആ കര്‍മ്മത്തിനുവേണ്ടി മാത്രം അവിടെ പറന്നു വന്നു. പലരും ചോദിച്ചു, അമ്മ വന്നാല്‍ എന്താണ് ചെയ്യുക? അവിടെ വന്നിരിക്കുന്ന ആളുകളെല്ലാവരും ഹിന്ദിയും ഇഗ്ലീഷും മാത്രം അറിയുന്നവരാണ്, അതും വലിയ പ്രഗല്‍ഭരായ ആളുകളാണ്, എംബസിയില്‍പ്പെട്ടവരാണ്, അതുപോലെ വളരെ പ്രമുഖരായ ആളുകളാണ്, അപ്പോള്‍ അമ്മ വന്ന് അവരെ ആശീര്‍വദിച്ചിട്ടു് പോകും അല്ലേ? അത്രയല്ലേ ചെയ്യൂ, എന്ന് പലരും പറഞ്ഞിരുന്നു. അമ്മ ഡല്‍ഹിയില്‍ വന്ന് അവിടുത്തെ ഏറ്റവും പ്രമുഖരായ ആളുകള്‍ അടങ്ങുന്ന ഒരു വലിയ സദസ്സില്‍, ആ സദസ്സിനെ അഭിമുഖീകരിച്ച് 45 മിനിട്ട് നേരം സന്ദേശം നല്‍കി. ഒരേ സമയം ഹിന്ദിയിലും ഇംഗ്ലീഷിലും അത് വിവര്‍ത്തനം ചെയ്തു. അത് കേട്ടുകൊണ്ടിരുന്നവരെല്ലാം അത്ഭുതസ്തബ്ധരായി പോയി! ഒരു വലിയ ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നു അതുവഴി അമ്മ ചെയ്തത്. ഭാരതത്തില്‍ താമസിക്കുന്ന എല്ലാ എംബസികളുടെയും കേന്ദ്രത്തില്‍ വച്ച് സ്വാമി വിവേകാനന്ദന്റെ ജീവിതത്തെയും, സന്ദേശത്തെയും കുറിച്ച് 45 മിനിട്ടുനേരം നടത്തിയ പ്രഭാഷണം. അത് അച്ചടിച്ച് പുസ്തകമായി ഇവിടെ വന്നു കഴിഞ്ഞു. അത്ഭുതകരമായ, ആശയസമ്പുഷ്ടമായ ഒരു പ്രഭാഷണം.

ഞാന്‍ പറഞ്ഞു വരുന്നത് ഇന്നത്തെ മാറിവരുന്ന ലോക പരിതഃസ്ഥിതിയില്‍, പല പ്രശ്‌നങ്ങളും, പ്രതിസന്ധികളും നേരിടുന്ന ആഗോള പരിതഃസ്ഥിതിയില്‍, ഭാരതവും ഒരുപാട് വെല്ലുവിളികള്‍ നേരിടുന്ന ഈ പരിതഃസ്ഥിതിയില്‍, ഈ കാലാവസ്ഥ വ്യതിയാനത്തിന്റെയെല്ലാം ഫലമായി ഈ ഭൂമി തന്നെ നിലനില്‍ക്കുമോ, ഈ മാനവരാശി ഇതിനെ അതിജീവിക്കുമോ എന്നെല്ലാം ഭയപ്പെടുന്ന ഒരു അവസ്ഥയില്‍, ലോകരാഷ്ട്രത്തിന്റെ തലവന്മാരെല്ലാം കോപന്‍ഹേഗനിലും മറ്റും ഒരുമിച്ചുകൂടി എങ്ങനെയാണ് ഈ ലോകത്തെ രക്ഷിക്കുക എന്ന് ഗൗരവപൂര്‍വ്വം ചിന്തിക്കുമ്പോള്‍, അതിനുള്ള മാര്‍ഗ്ഗം, ഈ ഭോഗത്തിന്റെയും ആഡംബരത്തിന്റെയും, ഭൗതികവാദത്തിന്റെയും പരിഷ്‌കാരമല്ല, നേരെ മറിച്ച് ഭാരതത്തിലെ ഋഷിമാര്‍ മുന്നോട്ടു വച്ചിട്ടുള്ള ത്യാഗനിഷ്ഠമായ ‘തേന ത്യക്‌തേന ഭുഞ്ജീഥാ’ ത്യാഗത്തില്‍ കൂടി ആസ്വദിക്കുക, ഈ സന്ദേശം, ഗീതയുടെ സന്ദേശം, ഉപനിഷത്തിന്റെ സന്ദേശം, സനാതനധര്‍മ്മത്തിന്റെ സന്ദേശം ഇതാണ് അമ്മ ലോകത്തിന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു നൂറുകൊല്ലം മുന്‍പ് സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വെച്ച് പറഞ്ഞു ‘ഈ പാശ്ചാത്യ നാഗരികത ഒരു അഗ്നിപര്‍വ്വതത്തിന്റെ വക്കിലാണ് നിലനില്‍ക്കുന്നത്, ഇത് പൊട്ടിത്തെറിക്കും നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍. ഇതിനു് രക്ഷ നല്കാന്‍ പോകുന്നത് ഭാരതത്തിലെ ഉപനിഷത്തിന്റെ സന്ദേശമാണ്’ എന്ന്. ആ സന്ദേശമാണ് ഇന്ന് അമ്മയില്‍ കൂടി പാശ്ചാത്യ നാടുകളിലും, ഐക്യരാഷ്ട്രസഭകളിലും, ലോകമെമ്പാടും പ്രചരിച്ചു
കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ഇത്ര വലിയ ഒരു സംഭവം, ഒരു ചരിത്ര നിര്‍മ്മാണ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ കണ്‍മുന്‍പില്‍ വച്ച്. അതിന് സാക്ഷികളാണ് നാം, അതില്‍ പങ്കാളികളാണ് നാം, വാസ്തവത്തില്‍ ഈ തലമുറയില്‍ ഈ സന്ദര്‍ഭത്തില്‍ ഇവിടെ ജനിച്ച്, ഇതിലെല്ലാം പങ്കാളികളാകാന്‍ കഴിയുന്ന നാം എന്തോ വലിയ പൂര്‍വ്വജന്മസുകൃതത്തിന്റെ ഫലമായി അതിന്റെ
ഭാഗ്യമനുഭവിക്കുന്നവരാണ്. ഇതു് പൂര്‍ണമായി ഉള്‍ക്കൊള്ളുവാനും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഈ ആദ്ധ്യാത്മികത, ഈ സനാതനധര്‍മ്മം, ഈ ലളിത ജീവിതം, ഈ സ്വഭാവശുദ്ധി, ഈ ചാരിത്രശുദ്ധി, ഈ അറിവ്, ഈ കരുത്ത്, ഇത് നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍ ഭാരതം വീണ്ടും ജഗദ്ഗുരുവായി മാറും.

ജഗദ്ഗുരു ശങ്കരാചാര്യരെക്കുറിച്ച് നാം പറഞ്ഞു. ഇന്ന് ശ്രീമാതാ അമൃതാനന്ദമയീ ദേവി ജഗദ്ഗുരുവാണ്. വാസ്തവത്തില്‍ ഭാരതം എല്ലാക്കാലത്തും ജഗദ്ഗുരുവായിരുന്നിട്ടുള്ള നാടാണ്. വീണ്ടും ഇന്നത്തെ സാഹചര്യത്തില്‍ ഭാരതത്തിന്റെ സന്ദേശത്തിന് ലോകം മുഴുവനും പ്രസക്തിയുണ്ട്. പക്ഷേ, അത് നാം ആചരിച്ചു് കാണിച്ചുകൊടുക്കണം, പുസ്തകത്തില്‍ എഴുതി പ്രസിദ്ധീകരിച്ചതുകൊണ്ടായില്ല, ഓരോ ഭാരതീയനും, ഓരോ ഹിന്ദുവും ഈ സനാതനധര്‍മ്മമനുസരിച്ച് ജീവിക്കുന്ന, ശക്തമായ ആത്മീയ തേജസ്സിന്റെ പുഞ്ജങ്ങളായി മാറണം. അതിനുള്ള അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഇത് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ അമ്മയുടെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു,

നമസ്‌കാരം.

******