മക്കളേ, നിങ്ങളെ പ്രസവിച്ച അമ്മ നിങ്ങളുടെ ഒരു ജന്മത്തിലെ കാര്യം നോക്കുമായിരിക്കും. അതും ഇന്നു് അപൂര്‍വ്വമാണ്. എന്നാല്‍ നിങ്ങളുടെ എല്ലാ ജന്മങ്ങളിലും ആനന്ദം അനുഭവിക്കത്തക്ക രീതിയില്‍ നിങ്ങളെ നയിക്കുക എന്നതാണു് ‘അമ്മ’യുടെ ഉദ്ദേശ്യം.

മക്കളേ, അമ്മയെ സ്നേഹിക്കുകയെന്നു പറഞ്ഞാല്‍, ലോകത്തിലെ സകലജീവികളെയും തുല്യമായി സ്നേഹിക്കുകയെന്നതാണ്.

ഒരു ഉറുമ്പിനോടുപോലും നിഷ്‌കാമമായ സ്നേഹം ഉണ്ടാകുന്ന സമയത്തു മാത്രമേ നിങ്ങള്‍ അമ്മയെ സ്നേഹിക്കുന്നതായി അമ്മ കരുതുകയുള്ളൂ. അല്ലാത്ത സ്നേഹം സ്നേഹമായി അമ്മ കൈക്കൊള്ളുകയില്ല. സ്വാര്‍ത്ഥതയില്‍നിന്നുള്ള സ്നേഹം അതു് അമ്മയ്ക്കു പൊള്ളുകകൂടി ചെയ്യും.

ആശ്രമത്തില്‍ നില്ക്കുന്ന ഒരുവനു്, അമ്മയുടെ ഓരോ പ്രവൃത്തിയും കണ്ടു മനസ്സിലാക്കി മുന്നോട്ടു നീങ്ങിയാല്‍ മുക്തനാകാം. പറയുന്നതു് ഓര്‍മ്മയില്‍ നിര്‍ത്തിയാല്‍ ഒരു ശാസ്ത്രവും പഠിക്കേണ്ടതില്ല.

മക്കളേ, നിങ്ങള്‍ അമ്മയെ വിശ്വസിക്കണമെന്നോ, മുകളിലുള്ള ഒരു ഈശ്വരനെ വിശ്വസിക്കണമെന്നോ അമ്മ പറയുന്നില്ല. നീ നിന്നെ വിശ്വസിച്ചാല്‍ മാത്രം മതി. എല്ലാം നിന്നില്‍ത്തന്നെയുണ്ട്.

അമ്മയെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ സാധനചെയ്തു നിങ്ങള്‍ ആരെന്നറിയുക. അമ്മ നിങ്ങളെ സ്നേഹിക്കുന്നതു നിങ്ങളില്‍നിന്നു് ഒന്നും പ്രതീക്ഷിച്ചല്ല. രാപകലേതെന്നറിയാതെ എന്റെ മക്കള്‍ നിത്യവും ശാന്തിയനുഭവിക്കുന്നതു് അമ്മയ്ക്കു കണ്ടാല്‍ മതി.

ഉല്ലാസവും സംസ്‌കാരവും ഒത്തുചേരുമ്പോഴാണു ജീവിതം ഉത്സവമായി മാറുന്നതു്. എന്നാല്‍ നമ്മള്‍ പലപ്പോഴും ഉല്ലാസത്തിനുവേണ്ടി സംസ്‌കാരത്തെ ബലികഴിക്കുന്നതായിട്ടാണു കാണുന്നതു്. സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ വളരെക്കാലത്തെ ക്ഷമയും അദ്ധ്വാനവും ആവശ്യമുണ്ടു്. അതു നശിപ്പിക്കാന്‍ എളുപ്പമാണു്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതവും നരകത്തിലേക്കാണു പോകുന്നതെന്നു നമ്മള്‍ അറിയുന്നില്ല. അഗാധമായ കുഴിയില്‍ച്ചെന്നു വീണു കഴിഞ്ഞിട്ടു കരകേറാന്‍ പാടുപെടുന്നതിലും നല്ലതു് ആദ്യമേ വീഴാതെ ശ്രദ്ധിക്കുകയല്ലേ?

ഓണം സമത്വസുന്ദരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മയ്ക്കാണു നമ്മള്‍ കൊണ്ടാടുന്നതു്. മഹാബലിയുടെ കാലത്തെപ്പോലെ ധര്‍മ്മം പുലരുന്ന, സമ്പത്തും സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ പറ്റുന്ന ഒരു സമൂഹം ഉണ്ടാകണമെന്നു നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ടാണു നമ്മുടെ രാജ്യം അതുപോലെ ആയിത്തീരാത്തതു്?

നമുക്കു് ഏതൊരു സാധനം കിട്ടണമെങ്കിലും അതിനു് ഒരു വില കൊടുക്കണം. അങ്ങോട്ടു് ഒന്നും കൊടുക്കാതെ എന്തെങ്കിലും നേടാന്‍ കര്‍മ്മരംഗത്തു സാദ്ധ്യമല്ല. നല്ല ഉദ്യോഗം കിട്ടണമെങ്കില്‍ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടു പഠിക്കണം. നല്ല വിളവു കിട്ടണമെങ്കില്‍ സമയത്തു വിത്തു വിതച്ചു വേണ്ട വളവും വെള്ളവുമെല്ലാം കൊടുക്കണം. അതുപോലെ സമൂഹത്തില്‍ നല്ല മാറ്റം വരണമെന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു നമ്മുടെ ഭാഗത്തുനിന്നു് ഒരു പ്രയത്‌നം ഉണ്ടാകണം. നമ്മള്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം. നമ്മള്‍ നന്നാകണമെന്നു വെറുതെ ആഗ്രഹിച്ചാല്‍ മാത്രം പോരാ. ഒരല്പം ത്യാഗം, ഒരല്പം പ്രയത്‌നം മക്കളുടെ ഭാഗത്തുനിന്നു് ഉണ്ടാകണം.

ത്യാഗത്തിന്റെ മഹത്ത്വമാണു മഹാബലിയില്‍ നാം കാണുന്നതു്. മഹാബലി ദാനശീലനായിരുന്നു. സത്യവ്രതനായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം ഐശ്വര്യവാനും പ്രതാപവാനും ആയി. ത്രിലോകത്തിന്റെയും ചക്രവര്‍ത്തിയായി. എന്നാല്‍ അതോടുകൂടി അല്പം അഹങ്കാരവും ബലിയെ ബാധിച്ചു. തന്റെ ഭക്തന്മാരുടെ അഹങ്കാരത്തെ നശിപ്പിക്കുക എന്നതു ഭഗവാന്റെ ധര്‍മ്മമാണു്. ബലിയുടെ ധനമദവും അഹങ്കാരവും നശിപ്പിച്ചു് അദ്ദേഹത്തെ തന്നോടൊന്നാക്കിത്തീര്‍ക്കുകയാണു ഭഗവാന്‍ ചെയ്തതു്. അതു് അവിടുത്തെ കൃപയാണു്.

പലരും പറഞ്ഞു കേള്‍ക്കാറുണ്ടു്, ഭഗവാന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതു് അധര്‍മ്മമായിപ്പോയി എന്നു്. ഭാഗവതത്തില്‍ ബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതായി പറയുന്നെന്നു തോന്നുന്നില്ല. സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ലോകത്തിന്റെ ആധിപത്യം മഹാബലിക്കു നല്കുകയും ഭഗവാന്‍ സ്വയം അദ്ദേഹത്തിന്റെ കാവല്ക്കാരനായി നില്ക്കാന്‍ തയ്യാറാവുകയും ചെയ്‌തെന്നാണു പറയുന്നതു്. വാസ്തവത്തില്‍ ഭഗവാന്‍ മഹാബലിയുടെ ത്യാഗത്തിനു് അനശ്വരമായ കീര്‍ത്തി നേടിക്കൊടുക്കുകയാണു ചെയ്തതു്. ജന്മംകൊണ്ടു് അസുരവംശത്തിലാണു പിറന്നതെങ്കിലും കര്‍മ്മംകൊണ്ടു്, ത്യാഗംകൊണ്ടു്, ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. ബലി തനിക്കായി ഒന്നും പിടിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. തന്റെ സമ്പത്തു മാത്രമല്ല, തന്നെത്തന്നെയും ഭഗവാനു മുന്നില്‍ സമര്‍പ്പിച്ചു. വിനയപൂര്‍വ്വം തന്റെ ശിരസ്സു് അവിടുത്തെ മുന്നില്‍ കുനിച്ചുകൊടുത്തു. ആ പൂര്‍ണ്ണസമര്‍പ്പണത്തിലൂടെ ബലി എല്ലാം നേടുകയാണു ചെയ്തതു്.

ഒരിക്കല്‍ വളരെ ധര്‍മ്മശീലനായ ഒരു കൃഷിക്കാരന്‍ തന്റെ ഭാര്യയുമൊത്തു് ഒരു കൊച്ചുകുടിലില്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം രാത്രി നല്ല മഴ പെയ്യുകയാണു്. അപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഭര്‍ത്താവു പറഞ്ഞു, ”പാവം മഴ നനഞ്ഞു വിഷമിക്കുന്ന ഏതെങ്കിലും വഴിപോക്കനായിരിക്കും. നീ വാതില്‍ തുറന്നു കൊടുക്ക്.” ഭാര്യ മടിച്ചു നിന്നു. ”ഈ മുറിയില്‍ നമുക്കു രണ്ടുപേര്‍ക്കും കഷ്ടിച്ചു കിടക്കാനുള്ള സ്ഥ ലമേയുള്ളൂ. ഇവിടെ ഒരാളെക്കൂടി കയറ്റുന്നതെങ്ങനെ?” ”രണ്ടുപേര്‍ക്കു കിടക്കാനിടമുണ്ടെങ്കില്‍ മൂന്നുപേര്‍ക്കു് ഇരിക്കാന്‍ സ്ഥലം കാണാതിരിക്കുമോ? നീ വാതില്‍ തുറന്നു കൊടുക്കു്.” ഭാര്യ പോയി വാതില്‍ തുറന്നു കൊടുത്തു. നനഞ്ഞൊലിച്ചു് ഒരു യാത്രക്കാരന്‍ അകത്തു കയറി. മൂന്നുപേരും മുറിയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ തട്ടുന്നതു കേട്ടു. കൃഷിക്കാരന്‍ വാതിലിനടുത്തിരുന്ന യാത്രക്കാര നോടു തുറന്നു കൊടുക്കാന്‍ പറഞ്ഞു. ”ഇവിടെ നമുക്കു മൂന്നു പേര്‍ക്കും കഷ്ടിച്ചു് ഇരിക്കാനുള്ള സ്ഥലമല്ലേയുള്ളൂ? ഇനിയൊരാളെ എങ്ങനെ കയറ്റാനാണു്?” ”മൂന്നുപേര്‍ക്കു് ഇരിക്കാമെങ്കില്‍ എന്തുകൊണ്ടു നാലുപേര്‍ക്കു നിന്നുകൂടാ? നിങ്ങള്‍ വാതില്‍ തുറന്നു കൊടുക്കൂ.” വാതില്‍ തുറന്നപ്പോള്‍ കണ്ടതു് ഒരു കഴുത നനഞ്ഞൊലിച്ചു നില്ക്കുന്നതാണു്. ”ഈ കഴുതയെ ഇതിനകത്തു കയറ്റുന്നതെന്തിനാണു്? ഇവിടെ മനുഷ്യനു കൂടി സ്ഥലമില്ല.” യാത്രക്കാരനും ഭാര്യയും ഒരുപോലെ പ്രതിഷേധിച്ചു. ”മനുഷ്യര്‍ക്കു മറ്റെവിടെയെങ്കിലും സ്ഥലം കിട്ടിയെന്നിരിക്കും. പാവം ഈ കഴുതയ്ക്കു പോകാന്‍ ഒരിടവുമില്ലാഞ്ഞതുകൊണ്ടല്ലേ ഈ വാതിലില്‍ തട്ടിയതു്? ആദ്യമായി വരുന്ന അതിഥിയെ മടക്കി അയയ്ക്കുന്നതു ശരിയല്ല.” അങ്ങനെ കഴുതയെയും അകത്തുകയറ്റി, നാലുപേരും നില്പായി.

അല്പം കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ ആരോ മുട്ടി വിളിക്കുന്നതു കേട്ടു. ”ഇനിയിപ്പോള്‍ ആരായാലും ശരി, ഇതി നകത്തു കയറ്റാന്‍ ഒരിഞ്ചു സ്ഥലം പോലുമില്ല.” യാത്രക്കാരന്‍ പറഞ്ഞു. അപ്പോഴും കൃഷിക്കാരന്‍ പറഞ്ഞു, ”ശരിയാണു് ഇതിനകത്തു് ഇനിയൊരാളിനു് ഇടമില്ല. എന്നാല്‍ ഇത്രനേരവും മഴ നനയാതെ ഇരുന്ന ഞാന്‍ പുറത്തിറങ്ങി നിന്നാല്‍ പുറത്തു നില്ക്കുന്ന ആളിനു കുറച്ചു നേരം മഴ കൊള്ളാതെ ഇരിക്കാമല്ലോ?” ഇതു പറഞ്ഞു് അദ്ദേഹം പുറത്തിറങ്ങി, വഴിയാത്രക്കാരനെ അകത്തു കടത്തി.

നേരം വെളുത്തപ്പോള്‍ ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു. അവസാനമായി വന്ന യാത്രക്കാരന്‍ പോകാന്‍നേരം പറഞ്ഞു, ”സഹോദരാ, ഞാന്‍ ഈ രാജ്യത്തിലെ രാജാവാണു്. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ വേഷം മാറി ഇറങ്ങിയതാണു്. കഴിഞ്ഞ രാത്രി അഭയം തേടി ഞാന്‍ പല വാതിലുകളിലും മുട്ടിവിളിച്ചു. വലിയ പണക്കാരായവര്‍പോലും വാതില്‍ തുറന്നില്ല. എന്നാല്‍ നിങ്ങള്‍ സ്വയം മഴ നനഞ്ഞും അതിഥിക്കു് അഭയം നല്കി. ഈ രാജ്യത്തിന്റെ ഐശ്വര്യം നിലനില്ക്കുന്നതു നിങ്ങളെപ്പോലെയുള്ള പ്രജകളുടെ ധര്‍മ്മബോധത്തിലാണു്. നിങ്ങള്‍ എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക. ഞാന്‍ തരാന്‍ തയ്യാറാണു്.”

കൃഷിക്കാരന്‍ പറഞ്ഞു, ”മഹാരാജാവേ! അങ്ങയെപ്പോലെ ഒരു വിശിഷ്ടാതിഥിക്കു് ഒരു രാത്രി തങ്ങാന്‍ ഇടംനല്കാന്‍ കഴിഞ്ഞതു് എന്റെ പുണ്യമാണെന്നു ഞാന്‍ കരുതുന്നു. അതിഥിയെ സ്വീകരിക്കുന്നതു പ്രതിഫലം മോഹിച്ചിട്ടല്ല. എന്നാല്‍ അഭയം തേടി കൊട്ടാരവാതിലില്‍ മുട്ടുന്ന ഒരു യാചകനെപ്പോലും നിരാശനായി മടക്കി അയയ്ക്കാതിരിക്കാന്‍ അവിടുന്നു മനസ്സു വയ്ക്കുമെങ്കില്‍ അതില്‍ക്കൂടുതലൊന്നും എനിക്കാവശ്യമില്ല.”

ഈ കൃഷിക്കാരനെപ്പോലെ നിസ്സ്വാര്‍ത്ഥതയും ധര്‍മ്മബോധവും വളര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ മാത്രമേ സമത്വസുന്ദരമായ സമൂഹം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയുള്ളൂ.

ഓണക്കാലത്തു നാം പൂക്കളം ഒരുക്കാറുണ്ടു്. ഭഗവാനോടുള്ള കൃതജ്ഞതയുടെയും ഭക്തിയുടെയും പ്രകടനമാണു പൂക്കളം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളിലാണു നമ്മള്‍ ഭഗവാനു പൂക്കളം ഒരുക്കേണ്ടതു്. ഓരോ ഹൃദയത്തിലും കാരുണ്യവും സ്നേഹവും നിറയുമ്പോള്‍ ആ ഹൃദയങ്ങളെല്ലാം ചേര്‍ന്നു ഭഗവാനു് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളമായിത്തീരും. ആ വിധമുള്ള ഹൃദയപുഷ്പങ്ങളാല്‍ തീര്‍ത്തതാകട്ടെ നാം ഭഗവാനെ വരവേല്ക്കാനൊരുക്കുന്ന പൂക്കളം. ധര്‍മ്മബോധവും ഈശ്വരചിന്തയും ഉള്‍ക്കൊണ്ടു പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ തീരുമാനമാവട്ടെ നാം ധരിക്കുന്ന ഓണക്കോടികള്‍. നമുക്കു് ആഹ്ലാദം തരുന്നതെന്തും മറ്റുള്ളവര്‍ക്കുകൂടി ആനന്ദം പകരുന്നതാകാന്‍ ഓണക്കളികള്‍ നമുക്കു മാതൃകയാകട്ടെ. ഓണക്കളികളില്‍ ജാതിമതചിന്തകളൊന്നും കൂടാതെ എല്ലാവരും ഒത്തുചേരുന്നതുപോലെ നമ്മിലെല്ലാം സഹോദരഭാവം നിറയട്ടെ. അങ്ങനെ ഐക്യത്തിലും സ്‌േനഹത്തിലും ആനന്ദത്തിലും നാമെല്ലാവിധ വ്യത്യാസങ്ങളും മറന്നു് ഒറ്റ മനസ്സായിത്തീരട്ടെ.

(അമ്മയുടെ 2001ലെ തിരുവോണസന്ദേശത്തില്‍ നിന്ന് )

ശരണാഗതേ, സ്‌നേഹലോലുപേ, നിന്റെ തൃ-
ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള-
മുരുകുമ്പൊഴൊക്കെയും മിഴിനീര്‍ തുടയ്ക്കുവാ-
നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ?

പറയുവാനാവാത്തൊരത്ഭുത ലീലകള്‍
നിറയുന്നൊരീ വിശ്വനാടകവേദിയില്‍
തളരാതെ താങ്ങായി നിര്‍ത്തുന്ന നിന്‍ മാതൃ-
ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ?

അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി-
ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ
അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ
ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ?

ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത-
സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും
നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം
നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ?

ഹേ! മഹാമായാപ്രപഞ്ചവിധായിനി
ഹേ! മഹിതാത്മപ്രകാശപ്രബോധിനീ
ചേതോവിമോഹിത ജന്മം കടഞ്ഞു നീ
പ്രേമാമൃതാനന്ദ ലോകത്തിലേക്കുള്ള
നേര്‍വഴീ കാട്ടുന്നതെത്ര കണ്ണീര്‍ക്കടല്‍
നീന്തി വന്നാണെന്നതാരറിഞ്ഞീടുവാന്‍…

എങ്കിലുമെല്ലാമറിയുവാന്‍ കേള്‍ക്കുവാന്‍
എന്നുമീ മക്കള്‍തന്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
ജന്മമെടുത്ത നിന്‍ തൃപ്പാദപൂജയായ്
കര്‍മ്മങ്ങളൊക്കെയും തീരുവാന്‍ പ്രാര്‍ത്ഥന!

_അമ്പലപ്പുഴ ഗോപകുമാര്‍

അന്‍പത്താറു സംവത്സരം ഞങ്ങള്‍-
ക്കിമ്പം തന്നു വളര്‍ത്ത മാതൃത്വമേ
സമ്പത്തും, പുനരന്തസ്സൊത്ത സത്സംഗവും
അംബികേ തരാവു വീണ്ടും.

ഭസ്മം മണക്കുന്ന സന്ധ്യകളവിടുത്തെ-
നക്ഷത്ര മാലയില്‍ രത്‌നം പതിക്കെ-
സ്വാസ്ഥ്യം തേടി വരുന്ന പതിതരില്‍ – നിത്യ
മോക്ഷപ്പൗര്‍ണ്ണമി, തീര്‍ത്ഥമായ്ത്തരിക തായേ.

എന്നും കണികണ്ടുണരുന്ന മിഴികളില്‍, വാത്സല്യത്തി-
ന്നാദിസൂര്യപരാഗമുതിരും ദിവ്യതേജസ്സേ..
നീയാം മന്ത്രം നൂറുരു ജപിച്ചാത്മബോധത്തി-
ലെന്നും മുങ്ങി മരിച്ചിടാമടിയനും, കാറ്റും, കടലിന്റെ പാട്ടും!

ഗിരീഷ് പുത്തഞ്ചേരി

ഭാവാത്മക വിദ്യാഭ്യാസം ആത്മീയമൂല്യവും ദേശീയ വിദ്യാഭ്യാസനയവും
സ്വാമി തുരീയാമൃതാനന്ദപുരി

ദിവ്യപ്രേമത്തിന്റെ അവതാരവും ആത്മീയ ജ്ഞാനത്തിന്റെ നിറവുമായ അമ്മയെ സ്മരിച്ചുകൊണ്ടും അഥര്‍വ്വവേദത്തിലെ ഒരു മന്ത്രം ഉദ്ധരിച്ചുകൊണ്ടും തുടക്കം കുറിക്കാം

‘ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദ
സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ
തതോ രാഷ്ട്രം ബലമോജശ്ച ജാതം
തസ്‌മൈ ദേവാ ഉപസം നമന്തു !’

‘ജനങ്ങളുടെ ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല്‍ ഋഷികള്‍ തപസ്സ് അനുഷ്ഠിച്ചു. (ആത്മജ്ഞാനമുള്ളവരായിട്ടുകൂടി അവര്‍ അങ്ങനെ ചെയ്തുവെന്നര്‍ത്ഥം.) അവരിലൂടെ രാഷ്ട്രത്തിനു ശക്തിയും ഓജസ്സും ലഭിച്ചു. അവ നമ്മളിലും വന്നണയാന്‍ ദേവന്മാരും ഋഷികളും നമ്മെ അനുഗ്രഹിക്കട്ടെ!’

ഇതാണ് വിദ്യാഭ്യാസത്തോടൊപ്പം സ്വായത്തമാകേണ്ടുന്ന ഭാവാത്മകമായ സമീപനം. അദ്ധ്യാത്മികത ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യമായെങ്കില്‍ മാത്രമേ ഇത്തരം ഭാവാത്മകമായ കാഴ്ചപ്പാട് ഉണ്ടാകുകയുള്ളു. മറിച്ച്, ആത്മീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുമ്പോള്‍ സൃഷ്ടി വൈവിദ്ധ്യത്തെ വൈരുദ്ധ്യമായി മാത്രമേ കാണാന്‍ കഴിയൂ. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന നാടിന്റെ സംസ്‌കാരം അന്യം നിന്നു പോയാല്‍ പിന്നെ സംഘര്‍ത്തിനാണ് ഏറെയും സാദ്ധ്യത. ആ സംഘര്‍ഷ വഹ്‌നിയില്‍ വെന്തു നീറാന്‍ വിധിക്കപ്പെട്ട യുവതലമുറ ‘സ്വത്വബോധം’ വിസ്മരിച്ച് ശൂന്യതയിലേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് എവിടെയും!

വിദ്യാലയങ്ങളിലെ ഇന്നത്തെ മത്സരബുദ്ധിയും വിദ്വേഷ മനോഭാവവും മാറി പരസ്പര സഹകരണവും സ്‌നേഹവായ്പും പുലരണമെങ്കില്‍ വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംസ്‌കാരത്തിന്റെ നനവും പ്രസാദവും കൂടി ഹൃദയത്തിനുണ്ടായിരിക്കണമെന്നര്‍ത്ഥം. അതുപോലെ അകൃത്രിമമായ ദേശക്കൂറും കൂട്ടായ്മയും സേവന മനഃസ്ഥിതിയും കൈവരണമെങ്കില്‍ ആത്മീയതയില്‍ ഊന്നിയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ.

ഒരേ ബുദ്ധി തന്നെ വിധ്വംസകമായും വിധായകത്വമായും ഭവിക്കാം. ആത്മശക്തി സ്വാംശീകരിച്ചാല്‍ ബുദ്ധി വിധായക സ്വഭാവം പുലര്‍ത്തും. മറിച്ച്, കായശക്തിയില്‍ അഭിരമിച്ചാല്‍ അത് വിധ്വംസകമായും കലാശിക്കും. മറ്റൊരു പ്രകാരത്തില്‍ പറഞ്ഞാല്‍ ആത്മശക്തിയാല്‍ പ്രചോദിതമെങ്കില്‍ ബുദ്ധി സര്‍ഗ്ഗാത്മകമായിത്തീരും. ശരീരബലത്തില്‍ അഭിമാനിക്കുന്ന ബുദ്ധി വിനാശകരമായും ഭവിക്കും. അതുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ അദ്ധ്യാത്മിക മൂല്യത്തിനുകൂടി പരിഗണന വേണമെന്ന് പറയുന്നത്.

നിങ്ങള്‍ ജനിച്ചത് നിങ്ങള്‍ക്കു വേണ്ടി മാത്രമാണെങ്കില്‍ അന്യര്‍ക്കതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്നാല്‍, നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെങ്കില്‍ എല്ലാവരും നിങ്ങളെ ഗൗനിക്കും. എല്ലാവര്‍ക്കും നിങ്ങള്‍ വിലപ്പെട്ടവനും ആദരണീയനുമായിത്തീരും. നിങ്ങള്‍ അന്യനെ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ സ്വയം മൂല്യമുള്ളവനായിത്തീരുന്നു. നിങ്ങള്‍ അന്യനെ അവഗണിക്കുമ്പോള്‍ നിങ്ങള്‍ സ്വയം വിലകെട്ടവനുമായിത്തീരുന്നു. നിങ്ങള്‍ക്ക് അന്യനോട് കടപ്പാടില്ലെങ്കില്‍ അന്യന് നിങ്ങളോടും കടപ്പാട് ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ, അത്തരമൊരു സമൂഹം നാടിന് ആപത്താണ്. അത്തരം പ്രവണതകള്‍ സാര്‍വത്രികമാകാതിരിക്കാന്‍ നാം വളരെ മുന്‍കരുതലുള്ളവരാകണം.

‘അന്യനെ തന്നില്‍ നിന്നന്യമായ് കാണുകില്‍
അന്യനാകും താനുമോര്‍ക്കൂ !’ എന്ന് അമ്മ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എല്ലാ മഹാത്മാക്കളും എല്ലാക്കാലത്തും ആത്മാവിന്റെ ഏകതയെക്കുറിച്ചും, ലോക സാഹോദര്യത്തെക്കുറിച്ചുമൊക്കെ മഹത്തായ ഉപദേശങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ, മഹാത്മക്കളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന ശീലം നമുക്ക് അന്യം നിന്നുപോയിരിക്കുന്നു. എങ്കിലും അമ്മയുടെ വാക്കുകളില്‍ നമുക്ക് വിശ്വാസം അര്‍പ്പിക്കാം;

‘സദ്ഗുരുക്കന്മാരുരയ്ക്കും – വാക്കു
നിത്യമാരാധ്യമെന്നോര്‍ക്കൂ
വ്യര്‍ത്ഥമായ് പോകില്ല, സത്യദ്രഷ്ടാക്കള്‍ തന്‍
സത്യവാക്കെന്നും നവീനം! ‘

ഉന്നത വിദ്യാഭ്യാസം നേടാന്‍ ഇന്നു വലിയ ഉത്സാഹമാണ്. എന്നാല്‍ അതിന്റെ പിന്നിലെ താല്പര്യമെന്താണ്? എങ്ങനെയും മികച്ച ജോലി തരപ്പെടുത്തണം. ജോലിയെന്തിനാണ്? പണമുണ്ടാക്കാന്‍! ഇതാണ് ഇന്നു വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഉദ്യോഗനേട്ടത്തിനായി മാത്രം വിദ്യാഭ്യാസം ചെയ്യുന്ന ആള്‍ക്കാര്‍ ഇന്നു നമ്മുടെ രാജ്യത്തു മാത്രമേ കാണുകയുള്ളു. മറ്റു പല രാജ്യങ്ങളിലും ഉദ്യോഗം നേടലോ പണം ഉണ്ടാക്കലോ മാത്രമല്ല, നല്ല പൗരന്മാരെ സൃഷ്ടിക്കലാണ് അവര്‍ ലക്ഷ്യമിടുന്നത്. അവര്‍ രാഷ്ട്രത്തിന്റെ ശക്തിയാണ്, രാഷ്ട്രത്തിന്റെ മൂല്യമാണ്, രാഷ്ട്രത്തിന്റെ ഓജസ്സാണ്. അവരെല്ലാം നിസ്വാര്‍ത്ഥരാണെന്നല്ല വിവക്ഷ. അവര്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങളുണ്ട്. അവരുടെ സ്വാര്‍ത്ഥ ലക്ഷ്യം സാമ്രാജ്യത്വമോഹത്തില്‍ അധിഷ്ഠിതമാണെങ്കില്‍ പോലും, വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം വ്യക്തി താല്പര്യമല്ലെന്നര്‍ത്ഥം.

എന്നാല്‍, നമ്മളാരും സാമ്രാജ്യത്വ മോഹികളല്ല. എന്തുകൊണ്ട്? നമ്മള്‍ ആത്മധനന്മാരായതുകൊണ്ട്! ആത്മധനത്തിനും മീതെ മറ്റൊന്നില്ലെന്ന് പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചതുകൊണ്ട്! അവ്വിധം ആത്മാവില്‍ നാം വിശ്വസിക്കുന്നവരായതുകൊണ്ട്! എന്നാല്‍ ആ വിശ്വാസത്തിനും ദര്‍ശനത്തിനും ഇളക്കം തട്ടുന്ന തരത്തിലുള്ള വിദ്യാഭ്യാസ നയം നമ്മെ സ്വാര്‍ത്ഥികളാക്കി മാറ്റുന്നു!

അതുകൊണ്ടുതന്നെ കുറ്റമറ്റൊരു വിദ്യഭ്യാസനയം ദേശീയ തലത്തില്‍ നമുക്കിന്ന് അനിവാര്യമാണ്. അത് എങ്ങനെയുള്ളതായിരിക്കണം? കുറഞ്ഞ പക്ഷം അത് ഉപഭോഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാകരുത്. അത് ത്യാഗ സംസ്‌കാരത്തെ ഉണര്‍ത്തുന്നതാകണം.
‘തീജ്വാലപോലുള്ളിലാളും ഭോഗ
കാംക്ഷയ്ക്കധീനരായ് തീര്‍ന്നാല്‍
നന്മയെ നഞ്ചെന്നപോലെ വെറുത്തിടും
തിന്മയെ നെഞ്ചോടണയ്ക്കും !’ എന്ന് അമ്മ പറയുന്നു. അതെ ! തിന്മയെ നെഞ്ചോണയ്ക്കുന്നതിന്റെ തിക്തഫലങ്ങള്‍ രാഷ്ട്രമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും മോചനം നേടണമെങ്കില്‍ ത്യാഗ സംസ്‌കാരത്തില്‍ അധിഷ്ഠിതമാതിരിക്കണം നമ്മുടെ ദേശീയ വിദ്യഭ്യാസനയം. സേവനതല്പരത വളര്‍ത്തുന്ന തരത്തിലായിരിക്കണമത്. അതു നാടിന്റെ സംസ്‌കൃതിക്ക് ഇണങ്ങും മട്ടിലായിരിക്കണം രാഷ്ട്രത്തിന്റെ ‘സ്വത്വം’ പ്രതിഫലിക്കുന്നതായിരിക്കണം. അത് സമഗ്രമായ വ്യക്തിത്വ വികാസത്തിന് ഊന്നല്‍ നല്‍കുന്നതാകണം. ഏകത്വത്തില്‍ നിന്നും നാനാത്വത്തിലേയ്ക്കുള്ള ഭാരതത്തിന്റെ ഉത്ഗ്രഥനാത്മകമായ കാഴ്ചപ്പാടും നാനാത്വത്തില്‍ നിന്നും ഏകത്വത്തിലേയ്ക്കുള്ള അപഗ്രഥനാത്മകമായ ദാര്‍ശനിക വീക്ഷണവും സവിശേഷമായി അതില്‍ സമഞ്ജസിക്കണം. സൃഷ്ടിവൈവിദ്ധ്യത്തെ വൈരുദ്ധ്യമായി അവതരിപ്പിച്ച് സാമൂഹിക സംഘര്‍ഷത്തിനു വഴി വെയ്ക്കാതെ, അതിനെ സമന്വയാത്മകമായി ദര്‍ശിക്കാന്‍ കഴിയുന്ന വിധമായിരിക്കണം അതിന്റെ ഉള്ളടക്കം. മാനവികതയും ദൈവികതയും ആ ചട്ടക്കൂടിനു ഊടും പാവുമായിരിക്കണം. ധാര്‍മ്മികത അതിനു പശയായിരിക്കണം.

ചുരുക്കത്തില്‍, പുരാതന ഭാരതത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യത്തിന് അനുഗുണമായി, നിസ്വാര്‍ത്ഥരായ നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതും അടിസ്ഥാനപരമായി അവനാരെന്ന് അറിയാന്‍ ഉതകുന്നതുമായിരിക്കണം നമ്മുടെ ദേശീയ വിദ്യാഭ്യാസനയമെന്നര്‍ത്ഥം. ആത്മനിഷ്ഠമായ ഒരു കാഴ്ചപ്പാട് അതിനുണ്ടായിരിക്കണം. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയുടെ സംഘാതമല്ല, മനുഷ്യന്‍ അതിനെല്ലാം അപ്പുറമുള്ള ആത്മചൈതന്യമാണെന്ന ബോധം കൂടി ഉണര്‍ത്തുന്നതിന് ഉതകുന്നതാകണം വിദ്യാഭ്യാസം. എന്നുവെച്ചാല്‍ മനുഷ്യനെ അവന്റെ സമഗ്രതയില്‍ അറിയാന്‍ ഉപകരിക്കണമെന്നര്‍ത്ഥം.

‘അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ’
‘അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍ ജീവികള്‍ മോഹത്തെ പ്രാപിക്കുന്നു’ എന്നു ഭഗവദ്ഗീത പറയുന്നു. അതിനാല്‍ മോഹത്തെ അകറ്റുന്ന – അഥവാ മൗ™്യത്തെ ദൂരീകരിക്കുന്ന കലര്‍പ്പറ്റ ജ്ഞാനം സ്വായത്തമാക്കാന്‍ കഴിയുന്നതാവണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ‘സ്വത്വം’ തിരിച്ചറിയാന്‍ കഴിയുന്ന ആദ്ധ്യാത്മിക സാംസ്‌കാരിക വിദ്യാഭ്യാസം.

പരിശുദ്ധ പ്രേമത്തിന്റെയും ത്യാഗത്തിന്റെയും നടമാടും ദൈവമായ അമ്മയുടെ ശ്രീചരണങ്ങളില്‍ ആദരപൂര്‍വ്വം നമിച്ചുകൊണ്ട് തല്ക്കാലം വിരമിക്കട്ടെ !