അമൃതപുരി, സെപ്തംബർ 22,

സംസ്ഥാന ഗവൺമെന്റുകളുടെയും മറ്റു സംഘടനകളുടെയും പിന്തുണയും സഹകരണവുമുണ്ടെങ്കിൽ ഭാരതത്തിലുടനീളമുള്ള സ്‌കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാൻ മഠം തയ്യാറാണെന്നു് അമ്മ പറഞ്ഞു. ‘ഭാരതം വളരുന്നു, വികസിക്കുന്നു എന്നാണു പറയുന്നതു്. പക്ഷേ, പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ നമ്മൾ ഇപ്പോഴും നൂറ്റാണ്ടുകൾ പിന്നിലാണു്. നമ്മുടെ റോഡുകളുടെയും പൊതുസ്ഥലങ്ങളിലെ കുളിമുറികളുടെയും കക്കൂസുകളുടെയും വൃത്തിയില്ലായ്മ അതിനു തെളിവാണു്’ അമ്മ പറഞ്ഞു.

വിദേശരാജ്യങ്ങളിൽ റോഡുകളും പൊതുസ്ഥലങ്ങളും പബ്ലിക് ബാത്ത്‌റൂമുകളും ടോയ്‌ലറ്റുകളും അവർ പരമാവധി വൃത്തിയായിട്ടാണു സൂക്ഷിക്കുന്നതു്. അതു കാണുമ്പോൾ ഭാരതത്തിലെ നിരത്തുകളുടെയും പബ്ലിക് ടോയ്‌ലറ്റുകളുടെയും ശോചനീയാവസ്ഥയെക്കുറിച്ചു ദുഃഖം തോന്നാറുണ്ടു്. വഴിവക്കിൽനിന്നു മൂത്രമൊഴിക്കുന്നതും പൊതുനിരത്തിലും നടപ്പാതകളിലും തുപ്പുന്നതും ഇന്നും നമ്മുടെ നാട്ടിലെ ജനങ്ങളുടെ ശീലങ്ങളാണു്. ചവറ്റുകൊട്ടകൾ വച്ചിട്ടുണ്ടെങ്കിലും ചപ്പുംചവറും അവശിഷ്ടങ്ങളും അതിൽ നിക്ഷേപിക്കുന്ന ശീലവും നമുക്കില്ല. അതു നടുറോഡിലോ വഴിവക്കിലോ വലിച്ചെറിയും.

പരിസരവൃത്തി ശുചിത്വം ഇവ വികാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണു്. ഇതു നടപ്പാക്കാൻ നല്ല തോതിൽ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും റോഡിന്റെ വശങ്ങളിലും പരിസരവൃത്തിയെ കുറിച്ചോർമ്മിപ്പിക്കുന്ന സൂചനാഫലകങ്ങൾ ആവശ്യത്തിനു വയ്ക്കണം. ടി.വി., പത്രമാധ്യമങ്ങളുടെ ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഇതിന്റെ വിജയത്തിലേക്കു് ആവശ്യമാണെന്നും അമ്മ പറഞ്ഞു.

സംസ്ഥാന സർക്കാരുകളും സ്‌കൂൾ മാനേജ്‌മെന്റുകളും നാട്ടുകാരും സഹകരിച്ചാൽ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും പബ്ലിക് ടോയ്‌ലറ്റുകൾ നിർമ്മിക്കാൻ മാതാ അമൃതാനന്ദമയീ മഠം തയ്യാറാണെന്നു് അമ്മ അറിയിച്ചു.

കൃത്യമായി രൂപരേഖ തയ്യാറാക്കി വേണ്ടപോലെ ആസൂത്രണം ചെയ്തു്, വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടിയായിരിക്കും ഈ പദ്ധതി നടപ്പാക്കുക. കേരളത്തിലായിരിക്കും ഈ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുക. ക്രമേണ മറ്റു ഭാരത സംസ്ഥാനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.

26-09-2009, അമൃതപുരി
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ശ്രീ മാതാ അമൃതാനന്ദമയി ദേവി വിഭാവനം ചെയ്ത ‘വിദ്യാമൃതം’ 2007 സെപ്റ്റംബറിലാണ് ആരംഭിച്ചത്. കേരളം, മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികളും ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുട്ടികളും ഈ പദ്ധതിയുടെ ഗുണ ഭോക്താക്കളായി.

വിദ്യാമൃതം വിദ്യാസഹായ നിധി ലഭിക്കുന്ന കുട്ടികളുടെ സംഗമം ‘വിദ്യാമൃത സംഗമം 2009’ സെപ്റ്റംബര്‍ 25, 26 തിയ്യതികളില്‍ അമൃതപുരിയില്‍ നടന്നു. വിദ്യാമൃത ഗുണഭോക്താക്കള്‍ക്കായി വിവിധ ജില്ലകളില്‍ നടന്ന മത്സരങ്ങളുടെ അവസാന ഘട്ടം അമൃതപുരിയില്‍ നടന്നു.

അമൃതവിശ്വവിദ്യാപീഠം അങ്കണത്തില്‍ തയ്യാറാക്കിയ പ്രൗഢഗംഭീരമായ പന്തലിലാണ് ചടങ്ങുകള്‍ നടന്നത്. കൃത്യം 4.30ന് അമ്മയ്‌ക്കൊപ്പം എത്തിയ വിശിഷ്ട അതിഥികളെ വിവിധ നിറങ്ങളിലുള്ള റിബണ്‍ വീശി കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി ബഹു. കേരള ഗവര്‍ണര്‍ ആര്‍. എസ് ഗവായ് വിദ്യാമൃത സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ഭരത് മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ജഗത്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ മഹനീയ സാന്നിധ്യം അനുഗ്രഹവര്‍ഷമായി. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗത വചനം അരുളി. ‘ത്യാഗത്തിന് മറുവാക്കായി കാരുണ്യത്തെ വളര്‍ത്തിയെടുക്കുകയല്ല അമ്മ ചെയ്യുന്നത്. സ്വന്തം കണ്‍കോണുകളിലെ മിഴിനീര്‍ തുടയ്ക്കുന്നതുപോലെയാണ് അമ്മ മറ്റുള്ളവരുടെ വേദനകളും സങ്കടങ്ങളും ഏറ്റെടുക്കുന്നത്’. അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രം സ്വാമി ചെറിയ വാക്കുകളില്‍ വരച്ചുകാട്ടി.

മാതാ അമൃതാനന്ദമയി മഠം നല്‍കിയ പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് എത്തിയ പതിനായിരക്കണക്കിന് കുട്ടികള്‍ ആഹ്ലാദത്തിന്റെ തിരകള്‍ ഉണര്‍ത്തി. വിദ്യാമൃതത്തിന്റെ പുതിയ ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് അന്‍പത് കുട്ടികള്‍ക്ക് ബഹു. മന്ത്രി വയലാര്‍ രവി, ഭരത് മോഹന്‍ലാല്‍ എന്നിവര്‍ വിദ്യാ സഹായധനം വിതരണം ചെയ്തു.

അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് വിലപ്പെട്ടതാണെന്ന് ശ്രീ വയലാര്‍ രവി ചൂണ്ടിക്കാട്ടി. മണ്‍മറഞ്ഞ തന്റെ പത്‌നിയ്ക്ക് അമ്മയോടുണ്ടായിരുന്ന ആദരവും ബഹുമാനവും അദ്ദേഹം അനുസ്മരിച്ചു. വിദ്യാമൃത സഹായനിധി വിതരണം ചെയ്തുകൊണ്ട് പ്രശസ്ത ചലചിത്ര താരം ഭരത് മോഹന്‍ലാല്‍ തുടര്‍ന്ന് സംസാരിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കായി അമ്മ നടത്തുന്ന നിസ്തുല സേവനങ്ങള്‍ എല്ലാവരും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാമൃത ഗുണഭോക്താക്കൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സമ്മാനാർഹരായവർക്ക് ബഹു. ഗവർണർ ആർ എസ് ഗവായ് സമ്മാനങ്ങൾ നൽകി. അമ്മയുടെ ജീവകാരുണ്യ പ്രവർത്തനമായ വിദ്യാമൃതം പദ്ധതിയുടെ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ തന്റെ ജന്മസ്ഥലമായ വിദർഭയിൽ നിന്നാണ് എന്ന് നന്ദിപൂർവ്വം സ്മരിച്ചു. വിദർഭയുടെ നൊമ്പരങ്ങൾ അകറ്റാൻ അമ്മ നടത്തുന്ന ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കരുണയുടെ നറും നിലാവായ അമ്മ ‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുത്തിരുന്ന പതിനായിരങ്ങൾ ഇതേറ്റു ചൊല്ലിയപ്പോൾ ലോക ശാന്തിയ്ക്കുള്ള അമ്മയുടെ മറ്റൊരു ശ്രമംകൂടി പൂവിടുന്നത് കാണാൻ സാധിച്ചു. ദേശീയ ഗാനാലാപനത്തോടെ സമ്മേളനം പര്യവസാനിച്ചു.

സമ്മേളനാനന്തരം കുട്ടികൾ ഏറെക്കാത്തിരുന്ന നിമിഷം സമാഗതമായി. നവരാത്രിനാളിൽ തങ്ങൾക്ക് വിദ്യാസഹായനിധി നൽകിയ, പുത്തൻ വസ്ത്രം നൽകിയ അമ്മയുടെ അനുഗ്രഹവർഷത്തിനായി അവർ അമ്മയ്ക്ക് ചുറ്റും എത്തി. കുട്ടികളുമായി സംവദിക്കുന്ന അമ്മ വേറിട്ട കാഴ്ച്ചയായി. അമ്മ നേതൃത്വം നൽകിയ ഭജനയിൽ കുട്ടികൾ ഏറ്റുപാടി. തുടർന്ന് അമ്മയുടെ ദർശനവും ഉണ്ടായിരുന്നു.

ചോദ്യം: ശിവന്‍ ശ്മശാനത്തില്‍ വസിക്കുന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

അമ്മ: മനുഷ്യന്റെ ദുഃഖത്തിനു കാരണം ആഗ്രഹമാണ്. താന്‍ പൂര്‍ണ്ണനല്ലെന്ന ചിന്തയാണു് ഓരോ ആഗ്രഹങ്ങള്‍ക്കും പിന്നാലെ മനസ്സു പായാന്‍ കാരണം. ഭൗതികനേട്ടങ്ങളില്‍ മാത്രം മനസ്സുവച്ചു അവ നേടിയെടുത്തതുകൊണ്ടു മാത്രം ഒരിക്കലും ഒരുവനു പൂര്‍ണ്ണശാന്തി നേടാനാവില്ല. മനുഷ്യന്റെ എല്ലാ ഭൗതികമോഹങ്ങളും അതിനുപാധിയായ ശരീരവും എരിഞ്ഞടങ്ങുന്ന സ്ഥലമാണു ശവപ്പറമ്പ്. അവിടെ ആനന്ദനൃത്തം ചവിട്ടുന്നവനാണ് ശിവന്‍. അതിനാലാണു ശിവനെ ചുടലവാസിയായി പറയുന്നത്. ഇതിനര്‍ത്ഥം മരണശേഷമാണു് ആനന്ദം എന്നല്ല. എല്ലാം നമ്മളില്‍ തന്നെയുണ്ട്, നമ്മളും പ്രപഞ്ചവും ഒന്നു തന്നെയാണ്, രണ്ടും ഒരുപോലെ പൂര്‍ണ്ണമാണ്. ജ്ഞാനാഗ്നിയില്‍ ദേഹത്തോടുള്ള അഭിനിവേശം ചാമ്പലാകുമ്പോള്‍ നമ്മളില്‍ സ്വാഭാവികമായി നിറയുന്നതാണു് ആനന്ദം. ശിവന്റെ അലങ്കാരം ചുടലഭസ്മമാണ്. കാമനകളെ ജയിച്ചതിന്റെ പ്രതീകമാണത്. ഭസ്മം നെറ്റിയിലണിയുമ്പോള്‍ ശരീരത്തിന് അതിന്റെ ഔഷധഗുണം ലഭിക്കുന്നതിനു പുറമെ മനസ്സിന് ശരീരത്തിന്റെ നശ്വരതയെപ്പറ്റിയുള്ള ഉണര്‍വ്വും ഉണ്ടാകുന്നു. ഈ ശരീരം വേഗം നശിക്കുമെന്നും, ശരീരം നശിക്കുന്നതിന് മുന്‍പ് നല്ലകാര്യങ്ങള്‍ എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്നും ഓര്‍ക്കാന്‍ അതു നമുക്ക് പ്രേരണ തരുന്നു.

ശിവനെ വൈരാഗിയെന്നു വിളിക്കാറുണ്ട്. വൈരാഗ്യമെന്ന് കേള്‍ക്കുമ്പോള്‍ ലോകത്തോടുള്ള വെറുപ്പെന്ന് നമ്മള്‍ ധരിച്ചേക്കും. അങ്ങനെയല്ല അതിനര്‍ത്ഥം. ആസക്തി ഇല്ലാതിരിക്കുക എന്നാണതിനര്‍ത്ഥം. കുട്ടികള്‍ അവരുടെ കളിപ്പാട്ടങ്ങള്‍ക്കു കല്പിക്കുന്ന പ്രാധാന്യം മുതിര്‍ന്നവര്‍ക്ക് തോന്നുകയില്ലല്ലോ. അതുപോലെ സ്ഥാനമാനങ്ങള്‍ക്കും ദേഹസുഖത്തിനും ബന്ധുമിത്രാദികള്‍ക്കും മറ്റും അമിതമായ വില കല്പിക്കാതിരിക്കുന്നതാണു വൈരാഗ്യം. ശരിയായ വൈരാഗ്യം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നാക്കിന്‍ തുമ്പത്തായിരിക്കും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായി മാറും. ശരിയായ സ്വാതന്ത്ര്യം നേടിത്തരുന്നത് വൈരാഗ്യമാണ്. വൈരാഗ്യമുണ്ടെങ്കില്‍ നമ്മളില്‍ സഹജമായുള്ള ആനന്ദത്തെ മറയ്ക്കാന്‍ ഒരു ലോകവസ്തുവിനും കഴിയില്ല. ഭസ്മഭൂഷിതനും ശ്മശാനവാസിയുമായ ശിവന്‍ ആ തത്ത്വമാണു നമ്മെ പഠിപ്പിക്കുന്നത്. അതിനാലാണു ശിവന്‍ ആദിഗുരുവായിരിക്കുന്നത്.

ചോദ്യം: ശിവലിംഗത്തെ ചിലര്‍ അശ്ലീലമായി ചിത്രീകരിക്കുന്നു. ഇതിനു് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

അമ്മ: മക്കളേ, ശിവലിംഗത്തിന്റെ ശരിയായ തത്ത്വം മനസ്സിലാക്കാത്തതുകൊണ്ടാണു് അവര്‍ അങ്ങനെ പറയുന്നത്. ഓരോരുത്തരും അവനവന്റെ ആന്തരിക സംസ്‌കാരമനുസരിച്ചാണ് ഏതൊന്നിലും നല്ലതും ചീത്തയും ആരോപിക്കുന്നത്. ഓരോ മതത്തിനും സംഘടനയ്ക്കും അതിന്റെതായ പ്രതീകങ്ങള്‍ ഉണ്ട്. ഒരു രാഷ്ട്രത്തിന്റെയോ, പാര്‍ട്ടിയുടെയോ കൊടിക്കു് ഉപയോഗിച്ച തുണിക്കു പത്തുരൂപ മാത്രമേ വിലയുണ്ടാവുകയുള്ളൂ. എന്നാല്‍ അതിനു നല്കുന്ന മൂല്യം എത്ര വലുതാണ്. അതില്‍ ജനങ്ങള്‍ കാണുന്നതു് ഒരു രാഷ്ട്രത്തെയാണ്, പാര്‍ട്ടിയെയാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു തങ്ങളുടെ കൊടി പാര്‍ട്ടിയുടെ ആദര്‍ശത്തിന്റെ പ്രതീകമാണ്. ഈ തുണിക്കു പത്തുരൂപയുടെ വിലയേ ഉള്ളൂ എന്നു പറഞ്ഞുകൊണ്ടു് ആരെങ്കിലും ഒന്നു തുപ്പട്ടെ, ഒന്നു വലിച്ചുകീറട്ടെ, അവിടെ വലിയ സംഘര്‍ഷം നടക്കും. ആ കൊടി കാണുമ്പോള്‍ ഇതു പരുത്തിനൂലില്‍ നെയ്തതാണ്. പരുത്തിയ്ക്കു വളം കാഷ്ടമാണു്. അതിനെത്ര ദുര്‍ഗ്ഗന്ധമായിരിക്കും എന്നും മറ്റും ആരും ചിന്തിക്കാറില്ല. മറിച്ചു് ആ കൊടിയില്‍ പാര്‍ട്ടിയെയും അതിന്റെ ആദര്‍ശത്തെയുമാണു നമ്മള്‍ കാണുന്നത്.

ക്രിസ്ത്യാനിമക്കള്‍ക്കു കുരിശ് ത്യാഗത്തിന്റെ പ്രതീകമാണ്. കുരിശിന്റെ മുന്നില്‍നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ കുറ്റവാളികളെ ക്രൂശിലേറ്റാന്‍ ഉപയോഗിക്കുന്ന ഉപാധി എന്നല്ല ചിന്തിക്കുന്നത്. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ടാണു കുരിശിനെ കാണുന്നത്. മുസ്ലീം മക്കള്‍ മെക്കയെ ലക്ഷ്യമാക്കി നിസ്‌കരിക്കുന്ന സമയത്തു് അവര്‍ ചിന്തിക്കുന്നതു് ഈശ്വരീയ ഗുണങ്ങളെയാണ്. അപ്പോള്‍ എന്തുകൊണ്ടു ചിലര്‍ ഹിന്ദു ധര്‍മ്മത്തിലെ ഈശ്വരരൂപങ്ങളെയും വിഗ്രഹങ്ങളെയും മാത്രം അധിക്ഷേപിക്കുന്നു എന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. പിതാവിന്റെ ചിത്രം കാണുന്ന സമയത്തു പെയിന്റിനെയും വരച്ച ആളെയുമല്ല മകന്‍ ഓര്‍ക്കുന്നത്, പിതാവിനെയാണ്.

ശിവലിംഗം ഒരു പ്രത്യേക മതത്തിന്റെ പ്രതീകമല്ല. ഒരു ശാസ്ത്രീയതത്ത്വത്തെയാണു് അതു് ഉള്‍ക്കൊള്ളുന്നത്. കണക്കിലും സയന്‍സിലും മറ്റും എത്രയോ ചിഹ്‌നങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിനു ഗുണനചിഹ്‌നം, ഹരണചിഹ്‌നം. എല്ലാ മതക്കാരും എല്ലാ ദേശക്കാരും അതു് ഉപയോഗിക്കുന്നില്ലേ? ഏതു മതസ്ഥനാണു് അതു കണ്ടെത്തിയതെന്നു് അന്വേഷിച്ചു് ആരും അതിനെ തള്ളിക്കളയുന്നില്ല. കണക്കു പഠിക്കാനാഗ്രഹിക്കുന്നവര്‍ എല്ലാവരും അതിലെ ചിഹ്‌നങ്ങളും ഉള്‍ക്കൊള്ളുന്നു. അതുപോലെ സത്യാന്വേഷികളായ ആര്‍ക്കും ശിവലിംഗത്തെ, അതിന്റെ പിന്നിലെ തത്ത്വം മനസ്സിലാക്കിയാല്‍ തള്ളിക്കളയാനാവില്ല.

മക്കളേ, ലിംഗം എന്നതിനു് വിലയസ്ഥാനം എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചം മുഴുവന്‍ ഏതൊന്നില്‍നിന്നു് ഉത്ഭവിച്ചുവോ, ഏതൊന്നില്‍ വിലയിക്കുന്നുവോ അതാണു ലിംഗം. ഈ പ്രപഞ്ചത്തിന്റെ തുടക്കം അന്വേഷിച്ച ഋഷീശ്വരന്മാര്‍ അവരുടെ തപസ്സിലൂടെ എല്ലാത്തിനും ആദിയും ആധാരവുമായുള്ളത് ബ്രഹ്മം ആണെന്ന് കണ്ടെത്തി. അതിനെ വാക്കാല്‍ വിവരിക്കാനാവില്ല, ചൂണ്ടിക്കാണിക്കാനാവില്ല. സര്‍വ്വതിന്റെയും തുടക്കവും ഒടുക്കവും അതിലാണ്. എല്ലാ ഗുണങ്ങള്‍ക്കും ഇരിപ്പിടമാകയാല്‍ അത് നിര്‍ഗുണമാണ്, നിരാകാരമാണ്. നിര്‍ഗുണമായതിനെ എങ്ങനെ വിവരിക്കാന്‍ കഴിയും? സഗുണമായതു മാത്രമേ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും വിഷയമാവുകയുള്ളൂ. ഈയൊരു വിഷമസന്ധിയില്‍ ബ്രഹ്മത്തിനും സൃഷ്ടിക്കും ഇടയിലുള്ള ആ തുടക്കഘട്ടത്തെ സൂചിപ്പിക്കാനായി, ഋഷീശ്വരന്മാര്‍ കണ്ടെത്തിയ പ്രതീകമാണ് ശിവലിംഗം. ബ്രഹ്മത്തില്‍നിന്നുള്ള പ്രപഞ്ചസൃഷ്ടിയെയാണു് അതു കുറിക്കുന്നത്. ഋഷീശ്വരന്മാര്‍ അനുഭവിച്ചറിഞ്ഞ സത്യത്തെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാവത്തില്‍ വെളിവാക്കിയതാണു ശിവലിംഗം. നിര്‍ഗുണമായ പരമസത്യം നാമത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അതീതമാണ്. ഇതു് ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അതിനെ ധ്യാനിക്കാനും ആരാധിക്കാനുമുള്ള സൗകര്യത്തിനായി ഋഷീശ്വരന്മാര്‍ സ്വീകരിച്ച ശാസ്ത്രീയ പ്രതീകമാണു ശിവലിംഗം.

കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത ചില രശ്മികളെക്കുറിച്ചു പഠിച്ച ശാസ്ര്തജ്ഞന്മാര്‍ അവയെ മറ്റുള്ളവര്‍ക്കു വിശദീകരിക്കാനായി ചിഹ്‌നങ്ങള്‍ ഉപയോഗിക്കുന്നു. എക്‌സറേ എന്നു പറയുമ്പോള്‍ അതു് ഒരു പ്രത്യേക രശ്മിയെ സൂചിപ്പിക്കുന്നതായി നമ്മള്‍ അറിയുന്നു. അതുപോലെ ശിവലിംഗം എന്നു കേള്‍ക്കുമ്പോള്‍ നിര്‍ഗുണബ്രഹ്മത്തിന്റെ സഗുണഭാവമായി നാം മനസ്സിലാക്കുന്നു. ‘ശിവ’ ശബ്ദത്തിനു മംഗളം എന്നും അര്‍ത്ഥമുണ്ട്. മംഗളത്തിന് സ്വയമൊരു രൂപമില്ല. അതിന്റെ ചിഹ്‌നമായ ശിവലിംഗത്തിന്റെ ആരാധനയിലൂടെ അവനവന് മംഗളം ഭവിക്കുകയാണ് ചെയ്യുന്നത്. മംഗളത്തിനു ജാതിഭേദമില്ല. ശരിയായ തത്ത്വമറിഞ്ഞു ശിവലിംഗത്തെ ആരാധിക്കുന്ന ആര്‍ക്കും മംഗളം ഭവിക്കും.

മക്കളേ, പരമസത്യം സൃഷ്ടിയുടെ ആരംഭത്തില്‍ പ്രകൃതിയും പുരുഷനുമായി വേര്‍പിരിഞ്ഞു. ഇവിടെ പുരുഷന്‍ എന്നതു് ആണുങ്ങളെ കുറിയ്ക്കാനല്ല, ആത്മചൈതന്യത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ പ്രകൃതി എന്ന പദംകൊണ്ടു നമുക്ക് അനുഭവിക്കാനും അറിയാനും കഴിയുന്ന പ്രപഞ്ചത്തെയാണു ഋഷിമാര്‍ അര്‍ത്ഥമാക്കിയത്. പുരുഷനും പ്രകൃതിയും രണ്ടല്ല. തീയും അതിന്റെ ദാഹകശക്തിയുംപോലെ അവ ഒന്നാണ്. അവയെ വേര്‍പ്പെടുത്താനാവില്ല. പുരുഷശബ്ദം കേള്‍ക്കുമ്പോള്‍ ആദ്ധ്യാത്മികം പഠിച്ചിട്ടില്ലാത്ത സാധാരണക്കാരനു് ആണിനെയാണു ഓര്‍മ്മ വരുന്നത്. അതുകൊണ്ടു ബോധസ്വരൂപമായ പരമാത്മാവിനു പുരുഷാകാരം കല്പിച്ചു ശിവനെന്നു പേര്‍ നല്‍കി. പ്രകൃതിയെ സ്ത്രീരൂപത്തില്‍ ശക്തിയെന്നും ദേവിയെന്നും വിളിച്ചു. ഏതൊരു ചലനത്തിനു പിന്നിലും ചലിക്കാത്ത ഒരു ആധാരമുണ്ടായിരിക്കും ഉരലും ഉലക്കയും പോലെ, അരകല്ലും കുഴവിയുംപോലെ. ഇതുപോലെ പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങള്‍ക്കും ആധാരമായ നിശ്ചലതത്ത്വമാണു ശിവന്‍. പ്രകൃതി, ചലനകാരണമായ ശക്തിയും. ഈ ശിവശക്തി ഐക്യത്തിന്റെ പ്രതീകമായ ശിവലിംഗത്തെ ഏകാഗ്രതയോടെ ധ്യാനിക്കുമ്പോള്‍ ആ പരമസത്യം നമ്മില്‍ ഉണരും.

എന്തുകൊണ്ടു ശിവലിംഗത്തിനു് ആ ആകൃതി കൊടുത്തു എന്നും നമ്മള്‍ ചിന്തിക്കണം. ഇന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നതു പ്രപഞ്ചം ഒരു മുട്ടയുടെ ആകൃതിയിലാണെന്നാണ്. മുട്ടയ്ക്കു് അണ്ഡം എന്നു പറയും. പ്രപഞ്ചത്തെ കുറിയ്ക്കാന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഭാരതത്തില്‍ ഉപയോഗിച്ചു വന്ന വാക്ക് ബ്രഹ്മാണ്ഡം എന്നായിരുന്നു. ബ്രഹ്മം എന്നുവച്ചാല്‍ ഏറ്റവും വലുതെന്നര്‍ത്ഥം. അണ്ഡാകൃതിയിലുള്ള ആ പ്രപഞ്ചത്തിന്റെ ചെറിയ പതിപ്പാണു ശിവലിംഗം. ശിവലിംഗത്തെ ആരാധിക്കുന്നതിലൂടെ സമസ്ത പ്രപഞ്ചത്തേയും മംഗളസ്വരൂപമായി കണ്ട്, ഈശ്വരചൈതന്യമായി കണ്ട്, ആരാധിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ആകാശത്തിനപ്പുറമിരിക്കുന്ന ഒരീശ്വരനെ ആരാധിക്കുന്നതല്ല അതിന്റെ തത്ത്വം. മനുഷ്യനും ജീവജാലങ്ങളും ഉള്‍പ്പെട്ട പ്രപഞ്ചത്തിനു ചെയ്യുന്ന സേവ ശിവപൂജയായി കാണാനാണതു പഠിപ്പിക്കുന്നത്.

ഇന്ന് നമ്മുടെയൊക്കെ അവസ്ഥ അഹങ്കാരമാകുന്ന മുട്ടത്തോടിനുള്ളിലിരിക്കുന്ന പക്ഷിക്കുഞ്ഞിനെ പോലെയാണ്. പക്ഷിക്കുഞ്ഞിനു് ആകാശത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കാണാനേ കഴിയൂ, അനുഭവിക്കാന്‍ പറ്റുകയില്ല. അതിന് കഴിയണമെങ്കില്‍ തള്ളപ്പക്ഷിയുടെ ചൂടില്‍ മുട്ടത്തോടു വിരിഞ്ഞു പുറത്തു വരണം. അതു പോലെ ആത്മാനന്ദം നമുക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ അഹങ്കാരമാകുന്ന മുട്ടത്തോടു പൊട്ടണം. ആ ബോധം ഉണര്‍ത്താന്‍ മുട്ടയുടെ ആകൃതിയുള്ള ശിവലിംഗം ഉപാസകനെ സഹായിക്കും.

‘ആകാശലിംഗാ പാഹിമാം, ആത്മലിംഗാ പാഹിമാം’ എന്നും മറ്റും നാം പാടുമ്പോള്‍, ആകാശംപോലെ സര്‍വ്വവ്യാപിയായ ഈശ്വരന്‍ നമ്മളെ രക്ഷിക്കട്ടെ, നമ്മുടെ തന്നെ ശരിയായ സ്വരൂപമായിരിക്കുന്ന പരമാത്മാവ് നമ്മളെ രക്ഷിക്കട്ടെ, എന്നൊക്കെയാണു് ആ വരികളുടെ അര്‍ത്ഥം. അല്ലാതെ മനുഷ്യന്റെ ഒരു അവയവം തന്നെ രക്ഷിക്കട്ടെ എന്നു വിഡ്ഢികള്‍പോലും പ്രാര്‍ത്ഥിക്കുകയില്ലല്ലോ. മക്കളെ, ജനകോടികള്‍ ആയിരമായിരമാണ്ടുകളായി ആത്മോന്നതി നേടാന്‍ ഉപയോഗിക്കുന്ന ഒരു ദിവ്യപ്രതീകത്തെ അതിനില്ലാത്ത അര്‍ത്ഥം കല്പിച്ചു് അപഹസിക്കുന്നതുകൊണ്ട് ആര്‍ക്കു് എന്തു ഗുണമാണു് ഉണ്ടാകുന്നത്? വെറുതെ വിദ്വേഷം സൃഷ്ടിക്കാനേ അതു കാരണമാകൂ.

കാമദേവനെ തൃക്കണ്ണാല്‍ ദഹിപ്പിച്ചവനാണു ശിവന്‍ എന്നു പുരാണ കഥ പറയുന്നു. ഇന്നു ഭൗതികമായവയെ നാം സത്യമെന്നും നിത്യമെന്നും സ്വന്തമെന്നുമൊക്കെ കരുതുന്നു. അവ കാണാനുള്ള കണ്ണു മാത്രമേ നമുക്കുള്ളൂ. എന്നാല്‍ ജ്ഞാനത്തിന്റേതായ മൂന്നാം കണ്ണു തുറന്നാല്‍ മാത്രമേ അവയൊക്കെ നശ്വരമാണെന്നും ആത്മചൈതന്യം മാത്രം നിത്യമാണെന്നും മനസ്സിലാക്കി പരമമായ ആനന്ദം അനുഭവിക്കാന്‍ കഴിയൂ. അപ്പോള്‍ അവിടെ ആണെന്നും പെണ്ണെന്നും എന്റെതെന്നും നിന്റെതെന്നും ഉള്ള ഭേദമില്ല. അതാണു കാമന്‍ നശിക്കുന്നു എന്നു പറയുന്നത്. ഈ തത്ത്വമുള്‍ക്കൊണ്ടു മനസ്സിനെ കാമമുക്തമാകാന്‍ സഹായിക്കുന്നതാണ് ശിവലിംഗം. അതു കൊണ്ടാണതിനെ ആണും പെണ്ണും ചണ്ഡാലനും ബ്രാഹ്മണനും വൃദ്ധനും കുട്ടിയും ഒരുപോലെ പൂജിക്കുന്നത്. അതിനെ കാമത്തിന്റെ പ്രതീകമായിക്കാണാന്‍ കാമമോഹിതമായ മനസ്സിനു മാത്രമേ കഴിയൂ. അങ്ങനെയുള്ളവര്‍ക്കു ശരിയായ തത്ത്വം പറഞ്ഞുകൊടുത്തു് അവരുടെ മനസ്സിനെക്കൂടി ശുദ്ധീകരിക്കുവാനാണു നാം ശ്രമിക്കേണ്ടത്.

ശിവനും ശക്തിയും രണ്ടല്ല, ഒന്നു തന്നെയാണെന്നാണു ശിവലിംഗം കാണിക്കുന്നത്. കുടുംബജീവിതത്തിലും ഇതു പ്രസക്തമാണ്. ഭാര്യയും ഭര്‍ത്താവും ഒറ്റ മനസ്സായി കഴിയണം. കുടുംബത്തിന്റെ ആധാരം പുരുഷനാണെങ്കില്‍ ശക്തി സ്ത്രീയാണ്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തുല്യതയും പ്രേമവും ഇതുപോലെ വ്യക്തമാക്കുന്ന മറ്റൊരു പ്രതീകമുണ്ടോ എന്നു സംശയമാണ്. അതുകൊണ്ടു കൂടിയാണു അമ്മ സ്ഥാപിച്ച ബ്രഹ്മസ്ഥാനക്ഷേത്രങ്ങളില്‍ ശിവലിംഗത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്നത്.

നമുക്കാവശ്യമുള്ള സാധനം ഇന്ന കടയില്‍ കിട്ടുമെന്നറിഞ്ഞാല്‍പ്പിന്നെ എന്തിനാണു മക്കളേ കമ്പോളത്തിലുള്ള സകല കടകളിലും അലഞ്ഞു നടക്കുന്നത്? സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. അതുപോലെ, ഗുരുവിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അലച്ചില്‍ നിര്‍ത്തി സാധനചെയ്തു ലക്ഷ്യത്തിലെത്താനാണു ശ്രമിക്കേണ്ടത്. സാധകന്റെ അടുക്കല്‍ ഗുരു താനേ എത്തും. അന്വേഷിച്ചലയേണ്ട ആവശ്യമില്ല. സാധകന്‍ അത്ര വൈരാഗ്യമുള്ളവന്‍ ആയിരിക്കണമെന്നു മാത്രം.

ഒരു സാധകനു ഗുരു തീര്‍ത്തും ആവശ്യമാണ്. കൊച്ചുകുട്ടി കുളത്തിന്റെ വക്കത്തുചെന്നാല്‍ അമ്മ അപകടം ചൂണ്ടിക്കാട്ടി അവിടെനിന്നു പിന്തിരിപ്പിക്കും. അതുപോലെ, ഗുരു, ശിഷ്യനു വേണ്ട രീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കും. സദാസമയവും ശിഷ്യനില്‍ ശ്രദ്ധയുണ്ടായിരിക്കുകയും ചെയ്യും.

ഈശ്വരന്‍ എല്ലായിടത്തുമുണ്ടെങ്കിലും ഗുരു സാമീപ്യത്തിനു പ്രത്യേകതയുണ്ട്. കാറ്റു് എല്ലായിട ത്തുമുണ്ടെങ്കിലും വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴുള്ള കുളിര്‍മ്മ മറ്റെങ്ങുമില്ല. ഇലയില്‍ത്തട്ടി വരുന്ന കാറ്റു് ഉഷ്ണത്തില്‍ കഴിയുന്ന നമുക്കു കുളിര്‍മ്മ നല്കുകയില്ലേ? അതുപോലെ ലൗകികത്തിന്റെ ചൂടില്‍ക്കഴിയുന്ന നമുക്കു ഗുരുവിന്റെ ആവശ്യമുണ്ട്. ആ സാമീപ്യം നമുക്കു ശാന്തിയും സമാധാനവും തരും.

മക്കളേ, എത്രകാലം കാട്ടത്തിനു വെയിലേറ്റാലും ഗന്ധം മാറണമെങ്കില്‍ കാറ്റു തട്ടണം. അതു പോലെ എത്ര യുഗം തപസ്സുചെയ്താലും വാസനാക്ഷയം സംഭവിക്കണമെങ്കില്‍ ഗുരുവിനോടൊത്തു തന്നെ കഴിയണം. ഗുരുകൃപ ആവശ്യമാണ്. നിഷ്‌കളങ്കമായ മനസ്സിലേ ഗുരു കൃപ ചൊരിയൂ.

ആദ്ധ്യാത്മികപുരോഗതിക്കു ഗുരുവില്‍ സര്‍വ്വാര്‍പ്പണമനോഭാവം ഉണ്ടാകണം. അക്ഷരം പഠിക്കാന്‍ ചെല്ലുന്ന കുട്ടിയുടെ വിരല്‍പിടിച്ചു് ആശാന്‍ മണലില്‍ എഴുതിപ്പഠിപ്പിക്കും. കുട്ടിയുടെ വിരല്‍ ആശാന്റെ നിയന്ത്രണത്തിലാണ്. അഹങ്കാരം കൊണ്ടു്, ‘എനിക്കെല്ലാം അറിയാം’ എന്ന ഭാവത്തോട ആശാനെ അനുസരിക്കാതിരുന്നാല്‍ കുട്ടിക്കെങ്ങനെ പഠിക്കുവാന്‍ കഴിയും?

അവനവന്റെ അനുഭവമാണു മക്കളേ യഥാര്‍ത്ഥ ഗുരു. ദുഃഖം നമ്മളെ ഈശ്വരനിലേക്കു് അടുപ്പിക്കുന്ന ഗുരുവാണ്. ഗുരുവിനോടു ഭയഭക്തി ഉണ്ടായിരിക്കണം. അതോടൊപ്പം ഗുരു തന്റെ സ്വന്തമാണെന്ന രീതി യിലുള്ള ബന്ധവും വേണം. കുട്ടിയെ അമ്മ എത്ര തല്ലിയാലും തള്ളിമാറ്റിയാലും കുട്ടി തള്ളയെ വിടാതെ മുറുകെപ്പിടിക്കുന്നതുപോലെയുള്ള ബന്ധമായിരിക്കണം അത്. ഭയഭക്തി വളര്‍ച്ചയ്ക്കു സഹായകമാണ്. എന്നാല്‍ ശരിയായ പ്രയോജനം ബന്ധം മൂലമേ ലഭിക്കൂ.

മക്കളേ, ഗുരുവിനെ സ്നേഹിച്ചുവെന്നു വിചാരിച്ചു വാസനകള്‍ നശിക്കില്ല. തത്ത്വത്തിലെ വിശ്വാസവും ഭക്തിയുമാണു വേണ്ടത്. ശരീരമനോബുദ്ധികളുടെ അര്‍പ്പണം ഉണ്ടാകണം. ഇങ്ങനെ ഗുരുവില്‍ വിശ്വാസവും അനുസരണയും ഉണ്ടായാല്‍ മതി വാസന നശിക്കുവാന്‍.
വൃക്ഷങ്ങളുടെ തണലില്‍ വിത്തുകള്‍ പാകി കിളിര്‍പ്പിക്കും. കുറച്ചു വളര്‍ന്നുകഴിഞ്ഞാല്‍ അവ പറിച്ചു മാറ്റി നടണം. അല്ലെങ്കില്‍ ശരിക്കു വളരില്ല. അതുപോലെ ഗുരുവിനോടൊത്തു കുറച്ചുനാള്‍ കുറഞ്ഞതു രണ്ടുമൂന്നുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടു മാറിനിന്നു് ഏകാന്തതയില്‍ സാധനചെയ്യണം. അതവന്റെ വളര്‍ച്ചയ്ക്കാവശ്യമാണ്.

ശരിയായ ഗുരുക്കന്മാര്‍ ശിഷ്യന്റെ ഉന്നതി മാത്രമേ കാംക്ഷിക്കുകയുള്ളൂ. പരീക്ഷണങ്ങള്‍ ശിഷ്യന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ്. അവന്റെ ദുര്‍ബ്ബലത മാറ്റുവാനാണ്. ചെയ്യാത്ത കാര്യങ്ങള്‍ക്കു കൂടി ഗുരു ശിഷ്യനില്‍ കുറ്റം ആരോപിച്ചുവെന്നു വരാം. അതിലും തളരാതെ നില്ക്കുന്നവനേ വളരാന്‍ കഴിയൂ. യഥാര്‍ത്ഥ ഗുരുവിനെ അനുഭവത്തില്‍ക്കൂടിയേ അറിയുവാന്‍ കഴിയൂ.

പ്രത്യേക ഭക്ഷണം, പ്രത്യേക കാലാവസ്ഥ ഇതൊന്നുമില്ലെങ്കില്‍ ശീമക്കോഴികള്‍ ചത്തു പോകും. എന്നാല്‍, നാടന്‍കോഴികള്‍ ഏതു ചുറ്റുപാടിലും എന്തു ഭക്ഷിച്ചും വളരും. ഗുരുവിനോടൊത്തുകഴിയുന്ന സാധകന്‍ ഈ നാടന്‍കോഴികളെപ്പോലെയാണ്. മക്കളേ, ഏതു സാഹചര്യത്തെയും ധീരതയോടെ അതിജീവിക്കുവാന്‍ അവനു് കഴിയും. ഒന്നിനും അവനെ അടിമപ്പെടുത്തുവാന്‍ സാധിക്കില്ല. ഗുരുവിനോടൊത്തു കഴിയുന്നവനു് അതിന്റേതായ ശക്തി എപ്പോഴും കാണും.

ശിഷ്യനു ഗുരുവില്‍ സ്വാര്‍ത്ഥത കാണും, അതത്ര പെട്ടെന്നു നശിക്കില്ല. ഗുരുവിനേറ്റവും കൂടുതല്‍ സ്നേഹം തന്നോടായിരിക്കണം എന്ന ആഗ്രഹം ശിഷ്യനുണ്ടാകും. അതു സാധിക്കാതെ വരുമ്പോള്‍ ഗുരുവിനെ ചീത്ത പറഞ്ഞിട്ടു പോകുന്ന ശിഷ്യന്മാരും ഇല്ലാതില്ല. ഗുരുവിന്റെ സ്നേഹം വേണമെങ്കില്‍ നിഷ്‌കാമമായ സേവയുണ്ടായിരിക്കണം. ഈശ്വരകോപം മാറ്റുവാന്‍ കഴിയും. എന്നാല്‍ ഗുരുനിന്ദയില്‍നിന്നുള്ള പാപം തീര്‍ക്കാന്‍ ഈശ്വരന്‍പോലും തയ്യാറാകില്ല.

ഗുരുവും ഈശ്വരനും എല്ലാവരിലുമുണ്ട്. എന്നാല്‍, തുടക്കത്തില്‍ ബാഹ്യഗുരുക്കന്മാര്‍ ആവശ്യമാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ ആവശ്യമില്ല. പിന്നീടവനു് ഓരോരോ വസ്തുവില്‍നിന്നും തത്ത്വങ്ങള്‍ ഗ്രഹിച്ചു മുന്നോട്ടുനീങ്ങുവാന്‍ കഴിയും. ഒരു കുട്ടി ലക്ഷ്യബോധം വരുന്നതുവരെ വീട്ടുകാരുടെയും, അദ്ധ്യാപകരുടെയും വഴക്കിനെ ഭയന്നാണു് പഠിക്കുന്നത്. ലക്ഷ്യബോധം വന്നുകഴിഞ്ഞാല്‍ പിന്നെ സിനിമ കാണാതെയും ഉറങ്ങാതെയും ഇരുന്നു പഠിക്കും. അതുവരെ വീട്ടുകാരോടുണ്ടായിരുന്ന ഭയം ദുര്‍ബ്ബലതയല്ല. മക്കളേ, ലക്ഷ്യബോധം ഉണ്ടാകുമ്പോള്‍ അവനിലെ ഗുരുവും താനേ ഉണരുന്നു.

ഒരുവന്‍ ഗുരുസാമീപ്യം എത്തിയാലും അര്‍ഹനാണെങ്കിലേ, ഗുരു അവനെ സ്വീകരിക്കൂ. എന്നാല്‍ ഗുരുകൃപ കൂടാതെ ഗുരുവിനെ അറിയാനും പറ്റില്ല. അന്വേഷണാര്‍ത്ഥം ചെല്ലുന്നവനു വിനയവും എളിമയും ഉണ്ടാകും. അവനിലേ, ഗുരു, കൃപ ചൊരിയൂ. അഹംബുദ്ധിയുമായിച്ചെല്ലുന്നവനു ഗുരുവിനെ പ്രാപിക്കുവാന്‍ സാദ്ധ്യമല്ല. മക്കളേ, ‘ഞാനും ഈശ്വരനും ഒന്നു്’ എന്നൊരാളിനു പറയാം. എന്നാല്‍ ഗുരുവും ഞാനും ഒന്നാണെന്നു് ഒരു ശിഷ്യനും പറയാന്‍ സാധിക്കില്ല. ‘എന്നിലെ എന്നെ’ ഉണര്‍ത്തിയ ആളാണല്ലോ ഗുരു. ആ ഒരു വലുപ്പം അവിടെ കാണും. ശിഷ്യന്റെ നീക്കവും അതനുസരിച്ചായിരിക്കണം.

പറക്കമുറ്റാത്ത കോഴിക്കുഞ്ഞുങ്ങളെ തള്ളക്കോഴി ചിറകിന്നടിയില്‍വച്ചു വളര്‍ത്തുന്നതു പോലെയാണു യഥാര്‍ത്ഥഗുരുവും തന്റെ ശിക്ഷണത്തില്‍ വളരുന്നവരെ ശ്രദ്ധിക്കുന്നത്. നിസ്സാരമായ തെറ്റുകള്‍പോലും അപ്പപ്പോള്‍ ചൂണ്ടിക്കാണിച്ചു തിരുത്തും. അഹങ്കാരത്തിന്റെ അംശംപോലും വളരാന്‍ അനുവദിക്കുകയില്ല. അതിനുവേണ്ടി ഗുരുക്കന്മാര്‍ ചിലപ്പോള്‍ ക്രൂരമായി പെരുമാറിയെന്നുവരും.

ഒരു കൊല്ലപ്പണിക്കാരന്‍, തന്റെ ആലയില്‍ പഴുപ്പിച്ച ഇരുമ്പുകഷ്ണത്തെ അടിക്കല്ലിനു മുകളില്‍ വച്ചു കൂടംകൊണ്ടു് ആഞ്ഞാഞ്ഞടിക്കുമ്പോള്‍ അതു കാണുന്നവര്‍ കരുതും, അവന്‍ മഹാദുഷ്ടനാണെന്നു്; ഇരുമ്പുകഷ്ണവും വിചാരിച്ചേക്കും അയാളെപ്പോലെ ഒരു ദുഷ്ടന്‍ മറ്റെങ്ങും കാണില്ലെന്ന്. എന്നാല്‍ ആ ഇരുമ്പുകഷണത്തിനു മുകളില്‍ ഓരോ അടി വീഴുമ്പോഴും അതില്‍നിന്നു രൂപം കൊള്ളാന്‍പോകുന്ന പുതിയ രൂപത്തെക്കുറിച്ചായിരിക്കും ആ കൊല്ലപ്പണിക്കാരന്റെ ചിന്ത. അതുപോലെയായിരിക്കും മക്കളേ, യഥാര്‍ത്ഥ ഗുരുവും.