മക്കളേ, സയന്‍സ് പുറംലോകം എയര്‍ക്കണ്ടീഷന്‍ ചെയ്യുമെങ്കില്‍, ആദ്ധ്യാത്മികത ആന്തരികലോകത്തെയാണു് എയര്‍ക്കണ്ടീഷന്‍ ചെയ്യുന്നതു്. മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യുന്ന വിദ്യയാണു് ആദ്ധ്യാത്മികത. അതു് അന്ധവിശ്വാസമല്ല, അന്ധകാരത്തെ അകറ്റുന്ന തത്ത്വമാണു്.
ഒരു കുട്ടിയുടെ മുന്നില്‍ ഒരു കൈയില്‍ ചോക്ലേറ്റും മറുകൈയില്‍ സ്വര്‍ണ്ണനാണയവും വച്ചുനീട്ടിയാല്‍, കുട്ടി ഏതെടുക്കും? അവന്‍ ചോക്ലേറ്റെടുക്കും. സ്വര്‍ണ്ണനാണയം എടുക്കില്ല. സ്വര്‍ണ്ണനാണയമെടുത്താല്‍ ഒരു ചോക്ലേറ്റിനു പകരം എത്രയോ അധികം ചോക്ലേറ്റു വാങ്ങാം എന്ന സത്യം, ആ കുട്ടി അറിയുന്നില്ല.
നമ്മളും ഇന്നിതുപോലെയാണു്. ഭൗതികതയുടെ ആകര്‍ഷണത്തില്‍, യാഥാര്‍ത്ഥ്യബോധം നമുക്കു നഷ്ടമാകുന്നു. ഒരിക്കലും ചെടിക്കാത്ത മധുരമാണു് ഈശ്വരന്‍. ഭൗതികൈശ്വര്യത്തിനും മുക്തിക്കും കാരണം അവിടുന്നാണു്.
അങ്ങനെയുള്ള ഈശ്വരനെ വിട്ടിട്ടു്, ഇന്നുള്ളവര്‍ അല്പനിമിഷത്തേക്കുമാത്രം നിലനില്ക്കുന്ന ഭൗതികനേട്ടങ്ങള്‍ക്കു പിന്നാലെ പായുന്നു. ഫലമോ നിരാശമാത്രം. എന്നാല്‍ ഈശ്വരനെ ആശ്രയിക്കുന്ന ഓരോ നിമിഷവും ആനന്ദമാണു്, ഐശ്വര്യമാണു്. അതിനു തുല്യമായി ലോകത്തു മറ്റൊന്നുമില്ല.
ഈശ്വരധ്യാനത്തിനു വേണ്ടി ചിലവാക്കുന്ന സമയം, ഒരിക്കലും നമുക്കു നഷ്ടമല്ല. ധ്യാനിച്ചവര്‍ ആരുംതന്നെ ഒരിക്കലും പട്ടിണി കിടന്നു മരിച്ചിട്ടില്ല. അതിനാല്‍ ഈശ്വരധ്യാനം നഷ്ടമാണെന്നു് ഒരിക്കലും ചിന്തിക്കുവാന്‍ പാടില്ല.
നമ്മള്‍ ആ മാര്‍ഗ്ഗത്തെ ഉദ്ധരിച്ചെടുക്കണം. അതു് പിന്തുടരുവാന്‍ മറ്റുള്ളവര്‍ക്കും പ്രേരണ നല്കണം. അതൊരിക്കലും നഷ്ടക്കച്ചവടമല്ല. അതില്‍നിന്നും ലാഭം മാത്രമേ കൊയ്യുവാനുള്ളൂ.
നമുക്കു വേണ്ടി പാടുന്ന പക്ഷികളോടും നമുക്കുവേണ്ടി വിരിയുന്ന പൂക്കളോടും നമുക്കുവേണ്ടി തണൽവിരിക്കുന്ന വൃക്ഷങ്ങളോടും നമുക്കുവേണ്ടി ഒഴുകുന്ന നദികളോടുമെല്ലാം നാം കൃതജ്ഞതയുള്ളവരായിരിക്കേണ്ടേ?
ഓരോ പ്രഭാതത്തിലും പുതിയൊരു സൂര്യോദയമാണു നാം കാണുന്നതു്. കാരണം, രാത്രിയിൽ നാം എല്ലാം മറന്നുറങ്ങുമ്പോൾ, മരണമുൾപ്പെടെ എന്തുവേണമെങ്കിലും സംഭവിക്കാം.
കേടുപാടൊന്നും സംഭവിക്കാതെ, ശരീരവും മനസ്സും പഴയതുപോലെ പ്രവർത്തിക്കാൻ അനുഗ്രഹിക്കുന്ന ആ മഹാശക്തിക്കു നമ്മൾ ആരെങ്കിലും നന്ദി പറയാറുണ്ടോ? അങ്ങനെ നോക്കുമ്പോൾ, എല്ലാവരോടും എല്ലാത്തിനോടും നമുക്കു നന്ദി വേണ്ടേ! കാരുണ്യമുള്ളവർക്കേ നന്ദിയുള്ളവരായിരിക്കാൻ കഴിയൂ!
പോയ നൂറ്റാണ്ടുകളിൽ മനുഷ്യർ നടത്തിയ യുദ്ധങ്ങൾക്കും നരഹത്യയ്ക്കും അതുമൂലം നിരപരാധികളൊഴുക്കിയ കണ്ണീരിനും കൈയും കണക്കുമില്ല? എന്തിനായിരുന്നു അതെല്ലാം? പിടിച്ചടക്കാൻ, അധികാരം സ്ഥാപിക്കാൻ, ധനത്തിനോടും പ്രശസ്തിയോടും ഉള്ള അത്യാർത്തി തീർക്കാൻ.
മാനവരാശി എണ്ണിയാലൊടുങ്ങാത്ത ശാപവചനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. അതിൽനിന്നു മോചനം നേടാൻ ഇനിയൊരു നൂറുതലമുറയുടെ എങ്കിലും കണ്ണീരൊപ്പണം; അവരുടെ ദുഃഖമകറ്റി ആശ്വസിപ്പിക്കണം. പ്രായശ്ചിത്തമായെങ്കിലും അവനവനിലേക്കൊരു തിരനോട്ടം ഇനിയും നടത്തിക്കൂടേ?
അഹങ്കാരവും സ്വാർത്ഥതയും പെരുകി, ലോകം മുഴുവൻ വെട്ടിപ്പിടിക്കാനും ജനങ്ങളെ പീഡിപ്പിച്ചു സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനും ശ്രമിച്ചിട്ടുള്ള ഒരു ഭരണാധികാരിക്കും സുഖവും സ്വസ്ഥതയും ലഭിച്ചിട്ടില്ല. അവരുടെയൊക്കെ അവസാനനാളുകളും അന്ത്യവും നരകതുല്യമായിരുന്നു. ഇതു ചരിത്രം തെളിയിച്ച സത്യമാണു്.
അതുകൊണ്ടു്, ഈ നിമിഷം നമ്മുടെ മുൻപിലുള്ള ഈ അവസരം നന്ദിപൂർവ്വം സ്വീകരിച്ചു്, കാരുണ്യത്തിൻ്റെയും ശാന്തിയുടെയും പാതയിലൂടെ സഞ്ചരിക്കാൻ നമ്മൾ സന്നദ്ധരാകണം.
ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടാല്‍ മാത്രമേ ജീവിതത്തിനു പൂര്‍ണ്ണത കൈവരികയുള്ളൂ. ഇതിൻ്റെ അഭാവമാണു്, ഇന്നുള്ള പ്രശ്‌നങ്ങള്‍ക്കു കാരണം. ആദ്ധ്യാത്മികത കൂടാതെ ലോകത്തുനിന്നും അശാന്തിയകറ്റുവാന്‍ കഴിയില്ല.
വളരെ പ്രശസ്തയായ ഒരു സിനിമാനടി ഈയിടെ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞു കേട്ടു. സ്നേഹിക്കുവാന്‍ ആരും ഉണ്ടായില്ലത്രേ. പ്രതീക്ഷിച്ച വ്യക്തിയില്‍നിന്നും സ്നേഹം കിട്ടാതെ വന്നാല്‍ പിന്നെ ജീവിതമില്ല. അതാണിന്നത്തെ ലോകം.
എന്നാല്‍ ആദ്ധ്യാത്മികസംസ്‌കാരം ഉള്‍ക്കൊണ്ടാല്‍ ഇതു സംഭവിക്കില്ല. എന്താണു യഥാര്‍ത്ഥജീവിതമെന്നും എന്താണു യഥാര്‍ത്ഥ സ്നേഹമെന്നും അതു നമ്മെ പഠിപ്പിക്കും.
മനുഷ്യനെ മരണത്തിലേക്കു തള്ളിവിടാതെ, അമരത്വത്തിലേക്കു നയിക്കുന്ന ധര്‍മ്മത്തെ ഉദ്ധരിക്കുവാനോ അതനുസരിച്ചു ജീവിക്കുവാനോ ആരും തയ്യാറാകുന്നില്ല. പകരം ജീവിതം ദുഃഖമാണെന്നു പറഞ്ഞു കണ്ണീരൊഴുക്കുന്നു, ആത്മഹത്യ ചെയ്യുന്നു.
ധര്‍മ്മം പഴഞ്ചനാണെന്നു പറഞ്ഞു് ആക്ഷേപിക്കുന്നു. ഇതു പറയുന്നതിനു മുന്‍പു്, ആദ്യം അതനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകട്ടെ. എന്താണു യഥാര്‍ത്ഥ ജീവിതമെന്നു്, എന്താണു ജീവിതത്തിൻ്റെ സുഖവും സൗന്ദര്യവുമെന്നു് അപ്പോള്‍ ബോദ്ധ്യമാകും.
പുറംലോകത്തു ശാന്തിയുണ്ടാകണമെങ്കിൽ അകത്തെ ലോകം ശാന്തമാകണം. ബുദ്ധിപരമായൊരു സങ്കല്പമല്ല ശാന്തി. അതൊരു അനുഭവമാണു്.
കാരുണ്യവും സൗഹൃദവുമാണു് ഒരു നേതാവിനെ ധീരനാക്കുന്നതു്. സമ്പത്തും ആയുധങ്ങളും അതുപയോഗിക്കാൻ കഴിയുന്നവരുമുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും യുദ്ധം ചെയ്യാം. എന്നാൽ, കാരുണ്യവും സൗഹാർദ്ദവും നല്കുന്ന ശക്തിയെ ജയിക്കാൻ ആർക്കും കഴിയില്ല.
നമ്മുടെ മനസ്സിനും കണ്ണിനും കാതിനും കൈകൾക്കും എല്ലാം മറ്റുള്ളവരുടെ ദുഃഖവും വേദനയും അറിയാനും ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണു്. അങ്ങനെ സാധിച്ചിരുന്നെങ്കിൽ, എത്രയെത്ര ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു.
എത്രയോ പേർക്കു് ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമായിരുന്നു! അനാഥരായിപ്പോകാതെ എത്രയെത്ര കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നു! ജീവിക്കാൻവേണ്ടി ശരീരം വില്ക്കുന്ന എത്രയോ സ്ത്രീകളെ സഹായിക്കാമായിരുന്നു!
നരകയാതന അനുഭവിക്കുന്ന എത്രയോ രോഗികൾക്കു മരുന്നും ചികിത്സയും ലഭിക്കുമായിരുന്നു. പണത്തിൻ്റെയും സ്ഥനമാനങ്ങളുടെയും പേരിൽ നടത്തിയ എത്രയെത്ര സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നു…!
ഈ പ്രകൃതി വലിയ ഒരു പൂന്തോട്ടമാണു്, പക്ഷി മൃഗാദികളും വൃക്ഷലതാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തിൽ വിരിഞ്ഞു നില്ക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള പൂക്കളായി കരുതാം. എല്ലാം ഒത്തു ചേർന്നു സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും തരംഗങ്ങൾ പ്രസരിപ്പിക്കുമ്പോഴാണു് ആ പൂന്തോട്ടം സൗന്ദര്യപൂർണ്ണമായിത്തീരുന്നതു്.
സകലമനസ്സുകളും സ്നേഹത്തിൽ ഒന്നായിത്തീരട്ടെ. അങ്ങനെ പ്രകൃതിയാകുന്ന ഈ പൂന്തോട്ടത്തിലെ ഓരോ പൂവും ഒരിക്കലും വാടാതെ, കൊഴിയാതെ നിത്യസുന്ദരമായി സൂക്ഷിക്കുവാൻ നമുക്കു് ഒന്നിച്ചു പ്രയത്‌നിക്കാം.
കാരുണ്യത്തിൻ്റെ ആദ്യപാഠങ്ങൾ, നാം ജീവനില്ലെന്നു ധരിച്ചു് അവഗണിക്കുന്ന കല്ലിനോടും മണ്ണിനോടും പാറയോടും തടിക്കഷ്ണത്തോടും സ്നേഹവും ആദരവും കാണിച്ചുവേണം ആരംഭിക്കാൻ.
ജഡ പദാർത്ഥങ്ങളായ അവയോടു സ്നേഹവും സഹതാപവും തോന്നിയാൽ, പിന്നെ പ്രകൃതിയിലുള്ള വൃക്ഷങ്ങളെയും ലതകളെയും പക്ഷികളെയും മൃഗങ്ങളെയും കടലിനെയും നദിയെയും പർവ്വതങ്ങളെയും ഒക്കെ സ്നേഹിക്കാനും കരുണകാട്ടാനും എളുപ്പമാകും.
ഇത്രയുമായാൽ, പിന്നെ സഹജീവികളായ മനുഷ്യനോടു കാരുണ്യം സ്വാഭാവികമായുണ്ടാകും.
ഒരു ദിവസം രാവിലെ എൻ്റെ വീട്ടിലെ ജോലിക്കാരി ലക്ഷ്മി ഉറക്കെ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി വന്നു, ”അദ്ഭുതം സംഭവിച്ചു സാര്‍! മഹാദ്ഭുതം സംഭവിച്ചു.”
”കരച്ചില്‍ നിര്‍ത്തു്. കാര്യമെന്താണെന്നു പറ.” ഞാന്‍ പറഞ്ഞു.
ദില്ലിയില്‍ പ്രതിരോധകാര്യാലയത്തിലെ ഒരു ജീവനക്കാരനായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവു പളനിവേലു. എൻ്റെ ക്വാര്‍ട്ടേഴ്‌സിനോടു തൊട്ടുള്ള വേലക്കാരുടെ ഫ്ലാറ്റിലാണു ലക്ഷ്മിയും ഭര്‍ത്താവും താമസിച്ചിരുന്നതു്. വേലക്കാരുടെ ഫ്ലാറ്റില്‍ താമസിക്കുന്ന പുരുഷന്മാര്‍ അധികവും മദ്യപാനികളായിരുന്നു. രാത്രിയില്‍ കുടിച്ചു വഴക്കുണ്ടാക്കുന്നതു് അവരുടെ സ്ഥിരം പരിപാടിയായിരുന്നു. ഈ വഴക്കിനിടയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നേ ഞാന്‍ കരുതിയുള്ളൂ.
ലക്ഷ്മി പറയാന്‍ തുടങ്ങി, ”എൻ്റെ മൂത്ത മകള്‍ക്കു കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുണ്ടു്. ഒരു വര്‍ഷം മുന്‍പു് അവള്‍ക്കു പെട്ടെന്നു് ഒരസുഖം വന്നു. ബോധമില്ലാതെ, സംസാരിക്കാനോ അനങ്ങാനോ വയ്യാതെ അവള്‍ കിടപ്പിലായി. വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനുമൊക്കെ ആരുടെയെങ്കിലും സഹായമില്ലാതെ പറ്റാതായി. കഴിഞ്ഞ ഒരു വര്‍ഷമായി അവള്‍ ഞങ്ങളുടെ കൂടെയാണു താമസം.”
”ഒരു മുറി മാത്രമുള്ള നിങ്ങളുടെ ഫ്ലാറ്റില്‍ സുഖമില്ലാത്ത നിങ്ങളുടെ മകളുംകൂടി ഉണ്ടെന്നു നീ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ലല്ലോ ലക്ഷ്മി!”
”സാര്‍, അവള്‍ക്കു് എണീക്കാനോ നടക്കാനോ വയ്യാത്തതു കൊണ്ടു് അവള്‍ ഞങ്ങളുടെ കൂടെ ഉണ്ടെന്നു് ആര്‍ക്കുമറിയില്ല, ഞാന്‍ ആരോടും പറഞ്ഞതുമില്ല. കുറെ ഡോക്ടര്‍മാരെ കാണിച്ചു. ഒരു ഫലവുമുണ്ടായില്ല. മക്കള്‍ അവളുടെ ഭര്‍ത്താവിൻ്റെ കൂടെയാണു്.
”ലക്ഷ്മി എന്താണു് അദ്ഭുതം സംഭവിച്ചതു് എന്നു പറയാന്‍ തുടങ്ങി. തലേദിവസം വെളുപ്പിനു് അഞ്ചുമണിക്കു് അവള്‍ക്കു് അമ്മയുടെ സ്വപ്‌നദര്‍ശനം ഉണ്ടായി പോലും.
അതു കേട്ടപ്പോള്‍ എനിക്കു് ആശ്ചര്യമായി. ”എന്തു്? അമ്മ നിൻ്റെ സ്വപ്‌നത്തില്‍ വന്നുവെന്നോ? ഇരുപതു വര്‍ഷമായി ഞാന്‍ അമ്മയുമായി അടുത്തിട്ടു്. എനിക്കിതു വരെ സ്വപ്‌നത്തില്‍ അമ്മയുടെ ദര്‍ശനം ഉണ്ടായിട്ടില്ല, അമ്മ എൻ്റെയടുത്തു വന്നിട്ടില്ല. നീ കഴിഞ്ഞ മാസമാണു് ആദ്യമായി അമ്മയെ കാണുന്നതു്. എന്തൊരു അനുഗ്രഹം ലക്ഷ്മി! എന്താണു സംഭവിച്ചതു്?”
”സാറേ, എന്താ സംഭവിച്ചതു് എന്നെനിക്കറിയില്ല. അമ്മ എൻ്റെ മുറിയില്‍ നില്ക്കുന്നതാണു ഞാന്‍ കണ്ടതു്. എന്തൊരു വലുപ്പമായിരുന്നു അമ്മയ്ക്കു്! ഞാന്‍ അമ്മയുടെ മുട്ടിനോളമേ ഉണ്ടായിരുന്നുള്ളൂ. ദേവീരൂപത്തിലുള്ള അമ്മയുടെ ഒരു പടം നിങ്ങളുടെ പൂജാമുറിയിലില്ലേ? അതുപോലെ നിറമുള്ള ഒരു സാരിയാണു് അമ്മ ഉടുത്തിരുന്നതു്. അമ്മയെ കണ്ടപ്പോഴേക്കും ഞാന്‍ ‘അമൃതേശ്വരൈൃ നമഃ, അമൃതേശ്വരൈൃ നമഃ!’ എന്നു ജപിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അമ്മ ചെറുതായി വന്നു, സാധാരണ നിലയിലായി. ഒരു മൊന്തയില്‍ വെള്ളവും കര്‍പ്പൂരവും കൊണ്ടുവരാന്‍ എന്നോടു് അമ്മ പറഞ്ഞു.
”എന്നിട്ടു് ഇന്നാണു് അദ്ഭുതം സംഭവിച്ചതു സാറേ. മോളുടെ ബഹളം കേട്ടാണു ഞങ്ങള്‍ ഉറക്കമുണര്‍ന്നതു്, ‘അമ്മേ, എനിക്കു സുഖമായി, അമ്മേ, എനിക്കു സുഖമായി. അമൃതാനന്ദമയിയമ്മ എന്നെ സുഖമാക്കി!’ ഞങ്ങള്‍ നോക്കുമ്പോള്‍ അവളാരും താങ്ങാതെ എണീറ്റിരിക്കുന്നു. അദ്ഭുതംതന്നെ. കഴിഞ്ഞ ഒരു വര്‍ഷമായി കിടന്നകിടപ്പിലായിരുന്നു അവള്‍. ഒറ്റ ദിവസംകൊണ്ടു് ഉറക്കമെഴുന്നേറ്റതുപോലെ എഴുന്നേറ്റു നില്ക്കുന്നു, ഭര്‍ത്താവിനെയും മക്കളെയുമൊക്കെ ഓര്‍ക്കുന്നു. ദേവിയമ്മയാണു് അസുഖം മാറ്റിയതു് എന്നു് അവള്‍ പറയുന്നു. ഏറ്റവും അദ്ഭുതമെന്താണെന്നോ? അവളിതുവരെ അമ്മയെ കണ്ടിട്ടില്ല എന്നു മാത്രമല്ല, അമ്മയെക്കുറിച്ചു കേട്ടിട്ടുപോലുമില്ല.
”തലേദിവസം അമ്മ വീട്ടില്‍ വന്നുവെന്നും അമ്മതന്നെയാണു മകളുടെ അസുഖം മാറ്റിയതെന്നും ലക്ഷ്മിയും മകളും വിശ്വസിക്കുന്നു.
2006 ജൂലായിലാണു ലക്ഷ്മി ഞങ്ങളുടെ ഗവണ്‍മെൻ്റ് ക്വാര്‍ട്ടേഴ്സില്‍ ജോലിക്കായി വരുന്നതു്. ഞാനും എൻ്റെ ഭാര്യ സുധയും അവരോടു് ഇടയ്ക്കിടയ്ക്കു് അമ്മയുടെ കഥകള്‍ പറയാറുണ്ടു്. കുറച്ചു് ആത്മീയഗുണങ്ങളുള്ളവളായിരുന്നു ലക്ഷ്മി. ഞങ്ങള്‍ പറയുന്നതു മനസ്സിലാകും. വിശ്വസിക്കുകയും ചെയ്യും. പൂജാമുറിയിലുള്ള അമ്മയുടെ ഫോട്ടോ വളരെ ഭക്തിയോടെയാണു ലക്ഷ്മി നോക്കാറുള്ളതു്.
ഉത്തരഭാരതപര്യടനത്തിനിടയ്ക്കു് എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ അമ്മ ദില്ലിയിലെത്താറുണ്ടു്. 2007ല്‍ അമ്മ ദില്ലിയില്‍ വന്നപ്പോള്‍ ജോലിക്കാരുടെ ഫ്ലാറ്റുകളിലെല്ലാം അമ്മയുടെ പരിപാടിയുടെ നോട്ടീസെത്തിക്കാനും പുഷ്പവിഹാറില്‍ നടക്കുന്ന അമ്മയുടെ പരിപാടിസമയത്തു ഞങ്ങളൊരുക്കുന്ന വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്തു വന്നു് അമ്മയുടെ ദര്‍ശനം വാങ്ങിക്കാന്‍ ആര്‍ക്കൊക്കെയാണു താത്പര്യം എന്നറിയാനും ഞങ്ങള്‍ ലക്ഷ്മിയെ ഏല്പിച്ചിരുന്നു. അവിടത്തെ വീട്ടുജോലിക്കാരൊന്നും അമ്മയെ കാണുകയോ അമ്മയെക്കുറിച്ചു കേള്‍ക്കുകയോ ചെയ്തിട്ടുള്ളവരായിരുന്നില്ല. എല്ലാവര്‍ക്കും നോട്ടീസു കൊടുത്തു കഴിഞ്ഞു ലക്ഷ്മി ഞങ്ങളുടെ അടുത്തു വന്നു. അമ്മയെക്കുറിച്ചു് ആര്‍ക്കും അറിയില്ലെന്നും അന്‍പതു പേരുപോലും അമ്മയുടെ ദര്‍ശനത്തിനു വരുമോ എന്നു സംശയമാണെന്നും ലക്ഷ്മി പറഞ്ഞു. ഏതായാലും ഒരു പ്രാവശ്യം കൂടി ലക്ഷ്മിയും അവരുടെ ഭര്‍ത്താവും എല്ലാവരെയും കണ്ടു് അമ്മയെപ്പറ്റി സംസാരിച്ചു.
അമ്മയുടെ ദര്‍ശനദിവസം ഒരു ബസ്സു് ഏര്‍പ്പാടാക്കി എല്ലാവരെയുംകൂട്ടി വരാന്‍ ഞങ്ങള്‍ ലക്ഷ്മിയെ ഏ ത്തിച്ചു. അമ്മയുടെ ദില്ലി സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള തിരക്കുകളുമായി ഞാന്‍ ഓടിനടക്കുകയായിരുന്നു. പെട്ടെന്നു പരിഭ്രമിച്ചുകൊണ്ടുള്ള ലക്ഷ്മിയുടെ ഫോണ്‍വിളി വന്നു. അമ്മയെ കാണാന്‍ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകള്‍ വന്നിരിക്കുന്നുവത്രേ. രണ്ടു ബസ്സു കൂടിയെങ്കിലും എന്തായാലും വേണ്ടിവരും എന്നു പറഞ്ഞാണു വിളിക്കുന്നതു്. അന്നു ലക്ഷ്മിയും ഭര്‍ത്താവുംകൂടി ഇരുന്നൂറ്റിയന്‍പതു പേരെയെങ്കിലും അമ്മയുടെ ദര്‍ശനത്തിനു കൊണ്ടുവന്നു.
മൂന്നു ബസ്സില്‍, നില്ക്കാന്‍പോലും സ്ഥലമില്ലാതെ തിങ്ങി ഞെരുങ്ങിയാണവര്‍ വന്നതു്. ഒരാളുടെയും പ്രലോഭനമില്ലാതെ സ്വന്തമിഷ്ട പ്രകാരമാണു് എല്ലാവരും അമ്മയെ കാണാന്‍ വന്നതു്. അമ്മ ലക്ഷ്മിയെയും അവരുടെ ഭര്‍ത്താവിനെയും വിളിച്ചു് ഓരോരുത്തരെയായി ദര്‍ശനത്തിനു വിടാന്‍ പറഞ്ഞു. അന്നു് ആ പാവപ്പെട്ട വീട്ടുവേലക്കാര്‍ അമ്മയെ ആദ്യമായി കണ്ടു. അതിനു കാരണമായതോ! അമ്മയെ അതുവരെ കണ്ടിട്ടില്ലാത്ത ലക്ഷ്മിയും അവരുടെ ഭര്‍ത്താവും. ആദ്യം പറഞ്ഞ കാര്യം, സംഭവിച്ചതു് അമ്മയുടെ വൈഭവംകൊണ്ടു മാത്രമാണു്.
ലക്ഷ്മിയുടെ നിഷ്‌കളങ്കമായ ഭക്തി കണ്ടപ്പോള്‍ അവളോടു കൃപ കാണിക്കണേ എന്നു് അര്‍ച്ചന ചെയ്യുന്ന സമയത്തു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ലക്ഷ്മിക്കു് എന്താണു് ആവശ്യമുള്ളതെന്നു് എനിക്കു് അറിവുണ്ടായിരുന്നില്ല. പക്ഷേ, അമ്മ അറിഞ്ഞു. കൃപാവര്‍ഷവുമായി ലക്ഷ്മിയുടെ വീട്ടിലേക്കു ചെന്നു് അവള്‍ക്കു് ഒരു പുതിയ ജീവിതം കൊടുത്തു.