നമ്മുടെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം നമ്മളിലെ ‘ഞാന്‍’ ഭാവമാണു്. എന്നാല്‍ ഈ ‘ഞാനി’നെ നമുക്കൊന്നെടുക്കാനോ, കൊടുക്കാനോ കഴിയില്ല. പിന്നെ എങ്ങനെ ഇതിനെ ഇല്ലാതാക്കാം എന്നു ചോദിച്ചാല്‍ അതിനൊരു വഴിയേയുള്ളൂവിനയഭാവം. വിനയത്തില്‍ക്കൂടിയേ ‘ഞാന്‍’എന്ന ഭാവത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കൂ. ”ഞാന്‍ യജമാനന്‍” എന്നു പറയുമ്പോള്‍ സത്യത്തില്‍ നമ്മള്‍ ഈ ‘ഞാന്‍ ഭാവ’ത്തിനു ദാസനായി മാറുകയാണു്. ജീവിതത്തിന്റെ ആനന്ദം നുകരാന്‍ നമുക്കു് ഇന്നു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതും ഞാനെന്ന ഭാവവും അവനവനെക്കുറിച്ചുള്ള ചിന്തകളുമാണു്. തന്നെ മറന്നു് അന്യനെ സ്‌നേഹിക്കാന്‍ നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ ഭാവം മാറാതെ ജീവിതാനന്ദം അനുഭവിക്കാന്‍ പറ്റുകയില്ല. കണ്ണുകള്‍ ഇല്ലാത്തതു മൂലം അന്ധത ബാധിച്ചവരെ പിന്നെയും നയിക്കാം. കണ്ണില്ലെങ്കിലും അവര്‍ പ്രേമം നിറഞ്ഞ ഒരു ഹൃദയത്തിനുടമയാകാം. എന്നാല്‍ അഹങ്കാരത്തിന്റെ അന്ധത ബാധിച്ചാല്‍ നാം പരിപൂര്‍ണ്ണമായും അന്ധകാരത്തിലാകും. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണു്. എന്നാല്‍ ഈ അഹങ്കാരത്തെ മറികടക്കുമ്പോള്‍ നാം സ്വയം ലോകത്തിനു് ഒരു അര്‍പ്പണവസ്തുവായി ത്തീരുന്നു. അന്യരില്‍ ഈശ്വരഭാവം കാണാന്‍ കഴിയുമ്പോള്‍ നമ്മളില്‍ വിനയം തനിയേ ഉണ്ടാകും. അഹങ്കാരം ഇല്ലാതാകാന്‍ ഏറ്റവും ആവശ്യം ഈ വിനയമാണു്. താന്‍ യജമാനനാണെന്നല്ല, ദാസനാണെന്നു കരുതുന്നവനാണു പ്രേമത്തിന്റെ ലോകത്തില്‍ പ്രഭുവാകുന്നതു്.

 

പല മക്കളും ചോദിക്കാറുണ്ടു്,  “ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു്, സ്വാതന്ത്ര്യത്തോടെ അവനവന്‍റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനല്ലേ, ഈ ശരീരം തന്നിരിക്കുന്നതു സുഖിക്കാനല്ലേ” എന്നു്. ശരിയാണു്! ശരീരം തന്നിരിക്കുന്നതു സുഖസൗകര്യങ്ങള്‍ അനുഭവിക്കാനാണു്. റോഡുണ്ടാക്കിയിരിക്കുന്നതു വാഹനങ്ങള്‍ ഓടിക്കാനാണു്. എന്നാല്‍ സ്വന്തം ഇഷ്ടത്തിന്, നിയമങ്ങള്‍ ലംഘിച്ചു വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകും. ശ്രദ്ധയില്ലാതെ ഇഷ്ടത്തിനു നടന്നാല്‍ അപകടമുണ്ടാകും.  എല്ലാത്തിനും അതിന്‍റേതായ ധര്‍മ്മമുണ്ടു്. ധര്‍മ്മം വിട്ടു് എന്തു ചെയ്താലും – വാക്കായാലും പ്രവൃത്തിയായാലും നമ്മുടെ വ്യക്തിത്വമാണു് അവിടെ നഷ്ടമാകുന്നതു്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചില്ലെങ്കില്‍, നമ്മുടെ വ്യക്തിത്വംതന്നെ നമ്മളില്‍ നിന്നും നഷ്ടമാകും.

ഒരു ജീവിക്കും നല്‍കാത്ത വരദാനമാണു് ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നതു്,..വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍, നഷ്ടമാകുന്നത് നമ്മുടെ ജീവിതംതന്നെയായിരിക്കും. അതനാല്‍ നമ്മുടെ ഓരോ കര്‍മ്മത്തിന്‍റെ പിന്നിലെയും ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. കാരണം വിവേകം നിറഞ്ഞ കര്‍മ്മത്തില്‍കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വതവിജയം കണ്ടെത്താന്‍ സാധിക്കൂ.

ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണ്. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം നല്ലതാണു്. കണ്ണടച്ചു് ഒരു പ്രത്യേക ആസനത്തില്‍ അനങ്ങാതിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും, ചിന്തകളെക്കുറിച്ചും ബോധം നിലനിര്‍ത്തുന്നതാണു ശരിയായ ധ്യാനം.

ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണു വാക്കായി പ്രവൃത്തിയായി വളര്‍ന്നു വലിയ നദിയാകുന്നതു്. ഒരു ചെറിയ ചിന്ത പ്രവൃത്തിയായി രൂപംകൊണ്ടു വളര്‍ന്നു് ഒരു വലിയ നദി പോലെ നമ്മളില്‍നിന്നും പ്രവഹിക്കുന്നു. പിന്നെ അതു നമ്മുടെ കൈയിലല്ല. ഒരു നദിയെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ടുപോലും തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്നു് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണു്. അതിനാല്‍ നമ്മള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണു്. ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിന്റെ ഗതി മാറ്റുക പ്രയാസമാണു്. അതിനാലാണു നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും വളരെയേറെ ശ്രദ്ധ വേണമെന്നു പറയുന്നത്.

ഒരച്ചിനു കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടു കൂടിയതായിരിക്കും. അതുപോലെ മനസ്സിനെ ആദ്യം ശരിയാക്കിയില്ലെങ്കില്‍ അതില്‍നിന്നുണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായി വരില്ല. അതിനാല്‍ ആദ്യം വേണ്ടത്, നമ്മുടെ മനസ്സിനെ വശത്താക്കുകയാണു്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗ്ഗം ധ്യാനമാണു്. നമ്മളിലെ നിശ്ശബ്ദതയെ നമ്മള്‍ അനുഭവിച്ചറിയുന്ന ഒരു തത്ത്വമാണു ധ്യാനം.

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉത്സാഹവും നിറഞ്ഞതായിരിക്കണം. ജീവിതം ഉത്സവമായിത്തീരണം. പക്ഷേ, ഇതിനു നമുക്കു കഴിയുന്നുണ്ടോ? ജീവിതത്തെക്കുറിച്ചു് ആരോടു ചോദിച്ചാലും ദുഃഖത്തിന്‍റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണു നമുക്കു ദുഃഖമുണ്ടാകുന്നതു്. ഈ മമത വച്ചുകൊണ്ടിരിക്കുന്നതു മൂലം നമുക്കെന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നും നമുക്കെന്തെങ്കിലും കിട്ടുവാനുണ്ടോ? ഇവിടെയിരിക്കുന്ന മക്കളെല്ലാവരും, ഇവിടെയിരുന്നുകൊണ്ടു വീട്ടുകാരെക്കുറിച്ചു ചിന്തിച്ചാല്‍ അതുകൊണ്ടു് അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്കെന്തെങ്കിലും പ്രയോജനമുണ്ടോ? സമയമത്രയും നഷ്ടമായതു മാത്രം മിച്ചം.

വാസ്തവത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. കൂട്ടത്തിലിരിക്കുമ്പോഴും നമ്മള്‍ ഒറ്റയാണു്. ഒറ്റയ്ക്കിരിക്കുമ്പോഴും ഒറ്റയാണു്. അങ്ങനെയല്ലാത്ത ഏതെങ്കിലും അവസരമുണ്ടോ? ഇല്ല. എന്നിട്ടും നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചാണു കഴിയുന്നതു്. മറ്റൊരാളുടെ ചിരിയിലാണു് ഇന്നു നമ്മുടെ ജീവിതം. മറ്റൊരാളോടുള്ള ദേഷ്യത്തിലാണു് ഇന്നു നമ്മുടെ ജീവിതം. ഒരാള്‍ ചിരിച്ചാല്‍ നമ്മള്‍ സന്തോഷിക്കും. ഒരാള്‍ ദ്വേഷിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ഒരുപക്ഷേ ആത്മഹത്യ ചെയ്യുവാനും മടിക്കില്ല. അതല്ലെങ്കില്‍ എതിരാളിയെ കൊല്ലാനായിരിക്കും പുറപ്പാടു്. ഇങ്ങനെ നാം നമ്മുടെ സ്വരൂപം വിട്ടു മറ്റൊന്നായിക്കൊണ്ടിരിക്കുകയാണു്. ഒരു നിമിഷംപോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധം കൊണ്ടുവരാന്‍ , കര്‍മ്മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണു ധ്യാനം.

നമുക്കെല്ലാം അറിവുണ്ടു്, എന്നാല്‍ ബോധമില്ല. ഇതുമൂലം നമ്മള്‍ എന്തിനുവേണ്ടിയാണോ ജനിച്ചതു്, അതു നേടാനാവുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ പ്രവര്‍ത്തിക്കുന്നത് വേറൊന്നും. പറയാന്‍ ഭാവിക്കുന്നതൊന്നും, പറയുന്നതു വേറൊന്നുമാണു്. ഇങ്ങനെയായി- ത്തീര്‍ന്നിരിക്കുന്നു നമ്മുടെ ജീവിതം. നമ്മള്‍ ഏതോ ഒരു അര്‍ദ്ധസ്വപ്ന ത്തില്‍ കഴിയുന്നതുപോലെയാണു്. നമുക്കൊക്കെ ഇത്ര വയസ്സായിട്ടും, ശരിയായ ബോധത്തെ നമ്മുടെ ചിന്തയിലോ, വാക്കിലോ പ്രവൃത്തിയിലോ ഉണര്‍ത്താന്‍ കഴിയുന്നില്ല.

ഏതോ ഒരു ഉറക്കത്തിലാണു നമ്മളിന്നു കഴിയുന്നത്. വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. അതിനാല്‍ നമ്മള്‍ ഉണരേണ്ടത് ഉള്ളില്‍നിന്നാണു്. അവിടെ നിന്നുമാണു നമ്മള്‍ ശരിക്കും വളരേണ്ടത്. അപ്പോള്‍ മാത്രമേ അറിവിനോടൊപ്പം ബോധം ഉണരുകയുള്ളൂ. സിഗററ്റു വലിക്കുന്നതു് ആരോഗ്യത്തിനു ഹാനികരമാണെന്നു സിഗററ്റു പായ്ക്കറ്റില്‍ത്തന്നെ എഴുതിയിട്ടുണ്ടു്. ഈ അറിവു സിഗററ്റു വലിക്കുന്ന എല്ലാവര്‍ക്കും ഉണ്ടുതാനും. എന്നിട്ടും അവര്‍ സിഗററ്റു വലിക്കുന്നു. എന്തിനു്, പുകവലി കാന്‍സറിനു കാരണം ആകുമെന്നറിഞ്ഞിട്ടും പുകവലിക്കുന്നു. പക്ഷേ, കാന്‍സര്‍ പിടിപെടുമ്പോള്‍ അവരില്‍ ബോധം ഉണരും. ബോധമുണരുമ്പോള്‍ തെറ്റില്‍നിന്നും പിന്തിരിയാന്‍ ശ്രമിക്കും. പിന്നെ ആഗ്രഹമുണ്ടെങ്കിലും സിഗററ്റു വലിക്കുകയില്ല. വലിച്ചാല്‍ മരിക്കുമെന്ന ബോധം ഉണര്‍ന്നു. അതിനാലാണമ്മ പറയുന്നതു്, ബോധമില്ലാത്തതുകൊണ്ടാണു നമ്മള്‍ തെറ്റു കള്‍ ചെയ്യുന്നതു് എന്നു്.

 
ഒരിക്കല്‍ ഒരാള്‍ ഒരു ഗുരുവിനെ സമീപിച്ചിട്ടു പറഞ്ഞു, ”ഗുരോ, എന്‍റെ ജോലി മോഷണമാണു്. അങ്ങനെ മോഷ്ടിച്ചു കിട്ടുന്നതുകൊണ്ടാണു ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഈ തെറ്റില്‍നിന്നും മോചിതനാകണമെന്ന് ആഗ്രഹമുണ്ടു്. അതിന് അങ്ങെന്നെ അനുഗ്രഹിക്കണം.” ഗുരു പറഞ്ഞു, ”നിനക്കു മോഷണം നിര്‍ത്താനാകുകയില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞതിനു ശേഷം മോഷ്ടിക്കുക.” അദ്ദേഹം ഗുരുവിനെ വണങ്ങി യാത്രയായി. ഒരു ദിവസം ആ കള്ളന്‍ മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറി. അലമാരയുടെ പൂട്ടു തുറന്നു വിലപിടിപ്പുള്ള മാല കൈയിലെടുക്കുവാന്‍ ഭാവിക്കവേ, പെട്ടെന്നാണു ഗുരുവിന്‍റെ വാക്ക് ഓര്‍മ്മയില്‍ വന്നതു്. ‘ഞാനിതെടുത്തിട്ടു് ഉടമസ്ഥനോടു വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസിലേല്പിക്കും. പോലീസില്‍നിന്ന് തല്ലു കിട്ടും. ജയിലിലടയ്ക്കും.’ ഇത്രയും ഓര്‍ത്തപ്പോഴേക്കും കൈ പെട്ടെന്നു പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അതെടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ സാധിച്ചില്ല. അതു മൂലമുണ്ടാകുന്ന ശിക്ഷകളെക്കുറിച്ചോര്‍ത്തപ്പോള്‍ അതെടുക്കുവാനായില്ല. പിന്തിരിഞ്ഞുപോന്നു. അടുത്തദിവസവും മോഷ്ടിക്കുവാനായില്ല. അയാള്‍ അവിടെനിന്നുമിറങ്ങി ഗുരുവിന്‍റെ സമീപം എത്തി. ഗുരുവിനോടു പറഞ്ഞു, ”അങ്ങെന്തു വിഡ്ഢിത്തമാണു് എന്നോടു പറഞ്ഞതു്. അങ്ങു പറഞ്ഞിരിക്കുന്നതു്, ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ടു മോഷ്ടിക്കണം എന്നല്ലേ! പിന്നെ എങ്ങനെ മോഷ്ടിക്കുവാന്‍ സാധിക്കും?”

 
ഗുരു പറഞ്ഞു, ”നീ മോഷ്ടിക്കാതിരിക്കുവാന്‍ വേണ്ടിയാണു ഞാന്‍ അതു് ഉപദേശിച്ചതു്. എന്‍റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്നു നീ മനസ്സിലാക്കി. അതിന്‍റെ ദോഷത്തെക്കുറിച്ചു ചിന്തിച്ചു. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിയുവാന്‍ സഹായിച്ചു.”
നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്‍റേയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല. ഈ ബോധം ഇല്ലാത്തതു കൊണ്ടാണു നമ്മള്‍ തെറ്റു ചെയ്യുന്നത്.