ചോദ്യം : ഈശ്വരന്‍ ഈ ശരീരം തന്നിരിക്കുന്നതും വിഷയങ്ങളെ സൃഷ്ടിച്ചിരിക്കുന്നതും അതൊക്കെ അനുഭവിച്ചു സുഖമായി ജീവിക്കാനല്ലേ?

അമ്മ: മോനേ, ടാറിട്ട നല്ല റോഡുണ്ടു്, ലൈറ്റുണ്ടു് എന്നുവച്ചു നമ്മള്‍ തോന്നുന്ന രീതിയില്‍ വണ്ടി ഓടിച്ചാല്‍ എവിടെയെങ്കിലും ചെന്നിടിച്ചു മരണം സംഭവിക്കും. അപ്പോള്‍ റോഡുണ്ടെങ്കിലും തോന്നിയ രീതിയില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ല. റോഡിനു് ഒരു നിയമമുണ്ടു്. അതനുസരിച്ചു യാത്ര ചെയ്യണം. അതുപോലെ ഇതെല്ലാം ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നെങ്കിലും എല്ലാറ്റിനും ഒരു നിയമമുണ്ടു്. അതനുസരിച്ചു വേണം ജീവിക്കേണ്ടതു്. അല്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. അതിനാല്‍ ആവശ്യത്തിനു മാത്രം കഴിക്കുക, ആവശ്യത്തിനു മാത്രം സംസാരിക്കുക, ആവശ്യത്തിനു മാത്രം ഉറങ്ങുക, ബാക്കിയുള്ള സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യുക. ജീവിതത്തിലൊരു നിമിഷവും വെറുതെ കളയാതിരിക്കുക. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമുള്ളതായിത്തീരാന്‍ ശ്രദ്ധിക്കുക.

ചോക്ലേറ്റിനു നല്ല മധുരമാണു്. എന്നാല്‍ നമ്മുടെ ഇഷ്ടമനുസരിച്ചു് ആവശ്യത്തിലധികം കഴിച്ചാല്‍ വയറിനു വേദനയുണ്ടാകും. എന്തും അധികമായാല്‍ ഇതുപോലെയുള്ള പ്രതിസന്ധികളുണ്ടാകും. ദുഃഖത്തിനു കാരണമാകും. അതിനാല്‍ സുഖത്തിൻ്റെ പിന്നില്‍ ദുഃഖവുമുണ്ടു് എന്നറിയണം.

ചോദ്യം: എല്ലാം ഈശ്വരന്‍ ചെയ്യിക്കുന്നതല്ലേ?

അമ്മ: മോനേ, ഈശ്വരന്‍ നമുക്കു ബുദ്ധി തന്നിട്ടുണ്ടു് വിവേക ബുദ്ധി. അതുപയോഗിച്ചു വിവേകത്തോടെ കര്‍മ്മങ്ങള്‍ ചെയ്യണം. വിഷം ഈശ്വരന്‍ സൃഷ്ടിച്ചതാണു്. എന്നാലതെടുത്തു് ആരും വെറുതെ കഴിക്കാറില്ല. അവിടെ വിവേചിക്കുന്നു. അതുപോലെ ഏതു കര്‍മ്മത്തിലും വിവേകം ആവശ്യമാണു്.