സ്വാര്ത്ഥതയാണു ഇന്നു ലോകത്തെ ഭരിക്കുന്നതു്. സ്വാര്‍ത്ഥതയ്ക്കു പിന്നിലാണു ലോകത്തിൻ്റെ സ്നേഹം. അമ്മയുടെ മക്കള്‍ ഓരോരുത്തരും, ചൊല്ലുന്ന മന്ത്രത്തിൻ്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ജീവിക്കാന്‍ തയ്യാറായതുകൊണ്ടു സമൂഹത്തിനു പ്രയോജനപ്രദമായ എത്രയോ നല്ല കാര്യങ്ങള്‍ നിസ്സ്വാര്‍ത്ഥമായി ചെയ്യുവാന്‍ കഴിയുന്നു.

ഒരു കുടുംബത്തിലെ മക്കളെല്ലാവരും കൂടി അച്ഛനോടു പറഞ്ഞു, ”അച്ഛാ, അച്ഛനെ ഞങ്ങളെല്ലാവരും കൂടി നോക്കാം. അച്ഛന് വീടും സ്വത്തുമൊക്കെ ഞങ്ങളുടെ പേരില്‍ എഴുതിത്തരൂ”. മക്കളുടെ പുന്നാരവര്‍ത്തമാനം കേട്ടു് ആ പിതാവു് ഉള്ളതെല്ലാം മക്കളുടെ പേരില്‍ എഴുതിക്കൊടുത്തു. ഈരണ്ടു മാസം ഓരോ മകൻ്റെയും കൂടെ താമസിക്കാം എന്നാണു് ആ സാധു വിചാരിച്ചതു്. വീതം വയ്പ്പു് എല്ലാം കഴിഞ്ഞു് ഒരു മകൻ്റെ കൂടെ ഒരാഴ്ച താമസിച്ചു. അപ്പോഴേക്കും മകൻ്റെയും മരുമകളുടെയും ഭാവം മാറാന്‍ തുടങ്ങി.
അവിടെനിന്നും അടുത്ത മകൻ്റെ വീട്ടില്‍ എത്തി. അവിടെ അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയായി. മരുമകളുടെ കുത്തിക്കുത്തിയുള്ള വര്‍ത്തമാനം ആ വൃദ്ധനു സഹിക്കുവാനായില്ല. കരയാന്‍ മാത്രമേ അദ്ദേഹത്തിനു സമയമുണ്ടായിരുന്നുള്ളൂ. അവസാനം അദ്ദേഹം ഒരാശ്രമത്തില്‍ അഭയം തേടി. ആ സാധുവിൻ്റെ കഥ കേട്ടു് ആ ആശ്രമത്തിലെ ഗുരു ചിലതെല്ലാം ഉപദേശിച്ചു.
ഒരു മാസം കഴിഞ്ഞപ്പോള്‍, ഈ അച്ഛന് ഒരു പെട്ടിയും എടുത്തുകൊണ്ടു മക്കളുടെ വീട്ടിലെത്തി. പെട്ടി കണ്ടപ്പോള്‍ അതിലെന്താണെന്നറിയാന്‍ മക്കള്‍ക്കെല്ലാം ആകാംക്ഷ. അവരുടെ നിര്‍ബ്ബന്ധം കൂടിയപ്പോള്‍ അച്ഛന് പറഞ്ഞു, ”കുടുംബത്തില്‍ നിന്നുള്ള ഓഹരി കിട്ടിയതില്‍ കുറച്ചു ഞാന്‍, സ്വര്‍ണ്ണമാക്കി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതാണിതു്. പക്ഷേ, ഇതു ഞാന്‍ മരിക്കുന്നതുവരെ ആര്‍ക്കും കൊടുക്കില്ല. എൻ്റെ മരണശേഷം, ആര്‍ക്കും എടുക്കാം.”
ഇത്രയും കേട്ടതോടെ മക്കളുടെ ഭാവം മാറി. അവര്‍ക്കു തങ്ങളുടെ പിതാവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ”അച്ഛാ, എൻ്റെ വീട്ടില്‍ വന്നു താമസിക്കണം,” ”അച്ഛാ, എൻ്റെ വീട്ടില്‍ വരണം.” മക്കളും മരുമക്കളും ചേര്‍ന്നു നിര്ബ്ബന്ധിക്കാന് തുടങ്ങി. ഓരോരുത്തരും അച്ഛനെ കൂടുതല്‍ കൂടുതല്‍ സത്കരിക്കാന്‍ തുടങ്ങി.
അങ്ങനെയിരിക്കെ, ആ വൃദ്ധന് മരിച്ചു. സംസ്കാരമൊക്കെ കഴിഞ്ഞു. മക്കളെല്ലാവരും കൂടി അവര്‍ നോക്കി വച്ചിരുന്ന പെട്ടി തുറന്നു നോക്കി. ആവേശത്തോടു കൂടി, അതിൻ്റെ അടപ്പു തുറന്നു. അതില്‍ നിറയെ വെറും കല്ലുകള്‍! മക്കളേ, ലോകത്തിൻ്റെ സ്നേഹം ഇതാണു്. അതു പ്രതീക്ഷിച്ചു നമ്മള് ജീവിച്ചാല്‍, ദുഃഖിക്കാനേ നേരമുണ്ടാവുകയുള്ളൂ.
മക്കളേ, നിങ്ങളുടെയൊക്കെ പ്രയത്നമാണു് എല്ലാ വിജയത്തിനും ആധാരം. എല്ലാവരും എൻ്റെ മക്കളാണു്. അതു മാത്രമാണു് അമ്മയുടെ സ്വത്തു്. അമ്മയ്ക്കായിട്ടൊന്നുമില്ല. ഇന്നു കാണുന്നതെല്ലാം, മക്കളുടെ ത്യാഗമാണു്. അതിനാല്‍, ഒരു കാര്യം മക്കള്‍ പ്രത്യേകം ഓര്‍ക്കണം. മനസ്സിനകത്തു്, സ്വാര്‍ത്ഥതയുടെ ഒരു കരടെങ്കിലും കടന്നു കൂടിയാല്‍, ഏതു രീതിയിലും മക്കളതു മാറ്റണം. ഒരു ചെറിയ തീപ്പൊരി മതി, വലിയ കാടിനെയും ചാരമാക്കാന്‍ പോന്ന കാട്ടുതീയായി മാറാന്‍. അതുപോലെയാണു സ്വാര്‍ത്ഥത. അതല്പം മതി നമ്മുടെ ശാന്തി മുഴുക്കെയും അപഹരിക്കാന്‍.

Download Amma App and stay connected to Amma