യഥാര്‍ത്ഥ പ്രേമം ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. കിട്ടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. അതു നദി ഒഴുകുന്നതുപോലെയാണു്.

ആരോഗ്യവാനാകട്ടെ, രോഗിയാവട്ടെ, ആണാവട്ടെ, പെണ്ണാവട്ടെ, ധനികനാവട്ടെ, ദരിദ്രനാകട്ടെ നദിയില്‍ കുളിക്കാം. ഈ ദിവ്യപ്രേമമാകുന്ന നദിയില്‍ നിന്നു ആര്‍ക്കു വേണമെങ്കിലും ദാഹം ശമിക്കുവോളം കുടിക്കാം.  എത്ര വേണമെങ്കിലും മുങ്ങിക്കുളിക്കാം.

നല്ലവനെന്നോ ചീത്തവനെന്നോ നദിക്കു വ്യത്യാസമില്ല. ആരെങ്കിലും കുളിച്ചില്ലെങ്കിലും നദിക്കു വിരോധമില്ല. ആരു നിന്ദിച്ചാലും അതൊന്നും കാര്യമാക്കുന്നില്ല. പുകഴ്ത്തിയതു കൊണ്ടു് പ്രത്യേകിച്ചു സന്തോഷവുമില്ല. എന്തെന്നാല്‍ എല്ലാവരെയും തഴുകിത്തലോടി അഴുക്കുകള്‍ സ്വയം ഏറ്റെടുത്തു ശുദ്ധീകരിച്ചു് ഒഴുകുക എന്നുള്ളതാണു നദിയുടെ തത്ത്വം. പ്രേമനദി ഒഴുകികൊണ്ടേയിരിക്കുന്നു അത്രമാത്രം.

നമ്മില്‍ നിന്നും അഹങ്കാരം, ഭയം, അന്യഥാ ഭാവം ഇവ പോയി മറയുമ്പോള്‍ നമുക്കു ലോകത്തെ നിഷ്‌കളങ്കമായി സ്നേഹിക്കാനല്ലാതെ മറ്റൊന്നിനും സാദ്ധ്യമല്ല. സ്നേഹം ദിവ്യമായ പ്രേമമായി വികസിക്കുമ്പോള്‍ ഹൃദയത്തില്‍ കാരുണ്യം നിറഞ്ഞുകവിയും. പ്രേമത്തിൻ്റെ പൂര്‍ണ്ണതയിലാണു സൗന്ദര്യവും സൗരഭ്യവുമുള്ള കാരുണ്യ പുഷ്പം വിരിയുന്നതു്. പ്രേമം ഹൃദയത്തിൻ്റെ അനുഭൂതിയാണു്, കാരുണ്യം അതിൻ്റെ പ്രകടിതഭാവവും. ദുഃഖിതരോടു നാം കാട്ടുന്ന നിറഞ്ഞ പ്രേമമാണു കാരുണ്യം.

പ്രേമം നിറഞ്ഞു കവിഞ്ഞു് ഓരോ വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും പരന്നൊഴുകുമ്പോള്‍ അതിനെ കാരുണ്യം എന്നു വിളിക്കുന്നു. അതാണു മതത്തിൻ്റെ പൂര്‍ണ്ണത, അതാണു മതത്തിൻ്റെ ലക്ഷ്യം. കാരുണ്യവും പ്രേമവും കൊണ്ടു പരിപൂര്‍ണ്ണനായ വ്യക്തി മതത്തിൻ്റെ യഥാര്‍ത്ഥ തത്ത്വം സാക്ഷാത്കരിച്ചവനാണു്.

അങ്ങനെയുള്ളയാള്‍ മറ്റുള്ളവരിലെ തെറ്റുകുറ്റങ്ങളും ദൗര്‍ബ്ബല്യങ്ങളും കാണുന്നില്ല. ആരെയും നല്ലവനെന്നോ കെട്ടവനെന്നോ വേര്‍തിരിക്കുന്നില്ല. കാരുണ്യത്തിനു രണ്ടു രാജ്യങ്ങള്‍ തമ്മിലോ രണ്ടു മതങ്ങള്‍ തമ്മിലോ രണ്ടു വിശ്വാസങ്ങള്‍ തമ്മിലോ വേര്‍തിരിക്കാനാവില്ല. അവിടെ അഹങ്കാരത്തിൻ്റെ ലവലേശമില്ല. അതുകൊണ്ടുതന്നെ ഭയമില്ല, കാമമില്ല, ക്രോധമില്ല. എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യുന്നു.

കാരുണ്യം ഇടനാഴിപോലെയാണു്. എല്ലാറ്റിനും അതിലൂടെ കടന്നുപോകാം. എന്നാല്‍ ഒന്നിനും അതില്‍ തങ്ങിനില്ക്കാന്‍ സാദ്ധ്യമല്ല. കാരുണ്യം യഥാര്‍ത്ഥ പ്രേമത്തില്‍ നിന്നു് ഉദിക്കുന്നു. പ്രേമത്തിനു മമതയില്ല. ആ പ്രേമത്തിൻ്റെ പൂര്‍ണ്ണതയിലാണു കാരുണ്യം പ്രകാശിക്കുന്നതു്.