മനസ്സു് ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം പോലെയാണു്.

പെന്‍ഡുലം അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നപോലെ മനുഷ്യന്‍ സുഖത്തില്‍നിന്നു ദുഃഖത്തിലേക്കും ദുഃഖത്തില്‍നിന്നു സുഖത്തിലേക്കും മാറി മാറി സദാ ചലിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഡുലം ഒരു വശത്തേക്കു നീങ്ങുമ്പോള്‍ അതു മറു വശത്തേക്കു നീങ്ങുവാനുള്ള ആയം എടുക്കുകയാണു്.

അതുപോലെ മനസ്സു് സുഖത്തിലേക്കു നീങ്ങുമ്പോള്‍ ദുഃഖത്തിലേക്കു പോകാനുള്ള ആയം എടുക്കലാണെന്നു നമ്മള്‍ ധരിക്കണം. മനസ്സാകുന്ന പെന്‍ഡുലത്തിൻ്റെ ആട്ടം നില്ക്കുമ്പോള്‍ മാത്രമാണു യഥാര്‍ത്ഥ ശാന്തിയും ആനന്ദവും നമുക്കു് അനുഭവിക്കാന്‍ കഴിയുന്നതു്.

മനസ്സിൻ്റെ നിശ്ചലതയാണു് ആനന്ദത്തിൻ്റെ ഉറവിടം. ആ നിശ്ചല തത്ത്വമാകുന്നു ജീവിതത്തിൻ്റെ കാതല്‍. സദാ ജാഗ്രതയോടെ വിവേകപൂര്‍വ്വം ജീവിക്കാനാണു മതം പഠിപ്പിക്കുന്നതു്.

ഉണങ്ങിയ ചുള്ളിക്കൊമ്പിലിരിക്കുന്ന കിളി എപ്പോഴും ജാഗ്രതയായിരിക്കും. അതു് ആ കമ്പിലിരുന്നു് ആഹാരം കൊത്തി തിന്നുന്നുണ്ടെങ്കിലും ഏതു സമയവും പറന്നുയരുവാന്‍ തയ്യാറായിരിക്കും. എന്തെന്നാല്‍ കിളിക്കറിയാം ഒരു കാറ്റു വന്നാല്‍, താനിരിക്കുന്ന കമ്പു് ഒടിഞ്ഞു വീഴുമെന്നു്.

മക്കളേ, ഈ പ്രാപഞ്ചിക ലോകവും ഉണക്കച്ചുള്ളിക്കമ്പു പോലെയാണു്. നാമെല്ലാവരും ഏതു നിമിഷവും തകര്‍ന്നു പോകാവുന്ന ലോക വസ്തുക്കളാവുന്ന ചുള്ളിക്കമ്പിലാണ് ഇരിക്കുന്നതു്. ഈ സത്യം മനസ്സിലാക്കി നമ്മള്‍ എപ്പോഴും ജാഗ്രതയോടെ ജീവിക്കണം.