മക്കളേ, പുറത്തു പൂര്‍ണ്ണത തേടിയാല്‍ എന്നും നിരാശയായിരിക്കും ഫലം. മനസ്സിൻ്റെ വിദ്യയാണു് യഥാര്‍ത്ഥവിദ്യ.

എന്താണു മനുഷ്യരെല്ലാം തേടുന്നതു്? ശാന്തിയും സന്തോഷവും അല്ലേ? ഒരിറ്റു ശാന്തിക്കു വേണ്ടി മനുഷ്യന്‍ പരക്കം പായുകയാണു്. പക്ഷേ ഭൂമുഖത്തു നിന്നു ശാന്തിയും സമാധാനവും അപ്രത്യക്ഷമായിരിക്കുന്നു. പുറം ലോകം സ്വര്‍ഗ്ഗമാക്കാന്‍ നമ്മള്‍ പാടുപെടുകയാണു്. എന്നാല്‍ നമ്മുടെ ആന്തരിക ലോകം നരകതുല്യമായി തീര്‍ന്നിരിക്കുന്നതു നാമറിയുന്നില്ല.

ഇന്നത്തെ ലോകത്തില്‍ സുഖഭോഗ വസ്തുക്കള്‍ക്കു് ഒരു ക്ഷാമവുമില്ല. എയര്‍ കണ്ടീഷന്‍ഡു് മുറികളും എയര്‍ കണ്ടീഷന്‍ഡു് കാറുകളും എല്ലാം ആവശ്യത്തിലേറെ ഉണ്ടു്. എന്നിട്ടോ, എയര്‍ കണ്ടീഷന്‍ഡ് മുറിയില്‍ താമസിച്ചിട്ടും മനഃസമാധാനമില്ല. അത്തരം മുറികളില്‍ കിടന്നിട്ടും ഉറക്കം കിട്ടാതെ എത്രയോ പേര്‍ ഉറക്ക ഗുളിക കഴിക്കുന്നു. ആഡംബരത്തിൻ്റെ നടുവില്‍ ജീവിച്ചിട്ടും മനഃസംഘര്‍ഷം സഹിക്കാന്‍ കഴിയാതെ എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നു!

സുഖവും സന്തോഷവും ബാഹ്യവസ്തുക്കളിലായിരുന്നെങ്കില്‍ ആഡംബര ജീവിതത്തില്‍ നിന്നു് അവ കിട്ടിയേനേ. എന്നാല്‍ അങ്ങനെയല്ല കണ്ടുവരുന്നതു്. കാറുകളും മുറികളും എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ വ്യഗ്രത കാട്ടുന്നവര്‍ ആദ്യം തങ്ങളുടെ മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിച്ചിരുന്നെങ്കില്‍!

അതുമാത്രമാണു യഥാര്‍ത്ഥ ആനന്ദത്തിലേക്കുള്ള വഴി. മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിപ്പിക്കുന്ന വിദ്യയാണു് ആദ്ധ്യാത്മിക വിദ്യ. അതു് മനസ്സിൻ്റെ വിദ്യയാണു്. അതാണു യഥാര്‍ത്ഥവിദ്യ.   

മക്കളേ, ശാന്തിയും സമാധാനവും സന്തോഷവുമെല്ലാം അവനവൻ്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നതു്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയം അതാണു സന്തോഷത്തിൻ്റെ അടിസ്ഥാനം. സ്വര്‍ഗ്ഗവും നരകവും രണ്ടും മനസ്സിൻ്റെതന്നെ സൃഷ്ടികളാണു്.

മനസ്സു്  ശാന്തമാണെങ്കില്‍ ഏറ്റവും വലിയ നരകവും സ്വര്‍ഗ്ഗമായി തീരും. മനസ്സു് അശാന്തമാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ഗ്ഗവും നരകതുല്യമായി തോന്നും. ലോകവൈരുദ്ധ്യങ്ങളുടെ നടുവില്‍ എങ്ങനെ ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം പടുത്തുയര്‍ത്താന്‍ കഴിയും എന്നു പഠിപ്പിക്കുന്ന ശാസ്ത്രമാണു മതം.