വിജയ് മേനോന്‍

ചുട്ടുപൊള്ളുന്ന ഒരു വേനല്‍ക്കാലത്തുള്ള കാര്‍യാത്രയ്ക്കിടയില്‍ ഒരിടത്തു ഞാനും എൻ്റെ സുഹൃത്തും ലഘുഭക്ഷണം കഴിക്കാനിറങ്ങി. വീണ്ടും കാര്‍ ഓടിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, സുഹൃത്തു കാര്യമായി എന്തോ ചെയ്യുകയാണു്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളും റാപ്പറുകളും സഞ്ചിയില്‍ വയ്ക്കുന്നതിനിടയില്‍ അദ്ദേഹം, ഇടംകണ്ണിട്ടു നോക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, ‘അമലഭാരതം!’

വളരെ സ്വാഭാവികമായി അദ്ദേഹം അതു പറഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ ചിന്തിച്ചു, ആവശ്യം കഴിഞ്ഞ വസ്തുക്കള്‍ വലിച്ചെറിഞ്ഞു പരിസരം മലിനമാക്കാതിരിക്കുക എന്നതു് എത്രയോ പേര്‍ക്കു് ഇപ്പോള്‍ ഒരു സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. ഇതാര്‍ക്കും പുതിയ ഒരു അറിവൊന്നുമല്ല. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം നമ്മള്‍ പ്രൈമറിവിദ്യാഭ്യാസം മുതലേ പഠിക്കുന്നതാണു്. എന്നാല്‍, ഈ അറിവു പ്രവൃത്തിയില്‍ വരുത്താന്‍ നമ്മുടെ നാട്ടില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.

മാലിന്യങ്ങള്‍ സൂക്ഷിച്ചു വച്ചു സംസ്‌കരിക്കുന്നതിലും എളുപ്പം, അതു വലിച്ചെറിഞ്ഞു കളയുന്നതാണെന്നു് എന്നു നമ്മള്‍ തീരുമാനിച്ചു. അനേകായിരം ആളുകളുടെ ഈ ശീലം അമ്മ എങ്ങനെയാണു മാറ്റിയെടുത്തതു്? അതാണു് അമ്മയുടെ വൈഭവം! ‘അമലഭാരതം’ എന്ന സങ്കല്പത്തെ ഒരു ‘ഭാര’മായി മക്കളുടെ മേല്‍ അമ്മ അടിച്ചേല്പിച്ചില്ല. അമ്മ കാര്യത്തെ മാറ്റാന്‍ ശ്രമിക്കാറില്ല. അതിനു പിറകിലെ കാരണത്തെയാണു മാറ്റേണ്ടതെന്നു് അമ്മയ്ക്കറിയാം. മാലിന്യങ്ങള്‍ നീക്കലും സംസ്‌കരിക്കലും ഒരു ശിക്ഷയായി തോന്നാതെ അതു് ഓരോരുത്തരുടെയും കര്‍ത്തവ്യമായി സ്വീകരിക്കാന്‍ അമ്മ പ്രേരിപ്പിച്ചു. അങ്ങനെ ഇന്നു പതിനായിരക്കണക്കിനു ഭക്തര്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന അളിഞ്ഞ മാലിന്യം സന്തോഷത്തോടെ നീക്കം ചെയ്യുന്നു.

തിരക്കേറിയ ചന്തയിലും ക്ഷേത്രപരിസരങ്ങളിലും ഒരേ മനോഭാവത്തോടെ, ആനന്ദത്തോടെ തോട്ടത്തിലെ പൂക്കള്‍ എടുക്കുന്നതുപോലെ മാലിന്യത്തെ നീക്കം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്നു. ഇന്നലെവരെ അറിഞ്ഞിട്ടും ചെയ്യാതിരുന്ന ഒരു കാര്യം അമ്മയുടെ പ്രേരണയാല്‍ ഇന്നു് എല്ലാവരും സന്തോഷത്തോടെ ചെയ്യുന്നു. അമ്മയുടെ ഈശ്വരത്വത്തിന്റെ ഒരു പ്രത്യക്ഷോദാഹരണം ഇതാണെന്നെനിക്കു തോന്നുന്നു. ഓരോ വ്യക്തിയിലും അമ്മ മാറ്റം വരുത്തുന്നു; ഒന്നും നശിപ്പിക്കേണ്ടതല്ല, രക്ഷിക്കേണ്ടതാണു തന്റെ കടമ എന്നു് ഓരോരുത്തരും ബോദ്ധ്യപ്പെടുത്തുന്നു, തന്നെക്കുറിച്ചുതന്നെ മനസ്സിലാക്കുന്നു. മനസ്സിനു വികാസം വന്നാല്‍പ്പിന്നെ നമുക്കൊരിക്കലും പഴയതുപോലെയാകാന്‍ കഴിയില്ല.

ഒരിക്കല്‍ നട്ടുച്ചവെയിലില്‍ ശബരിമല ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടയില്‍ ഒരു ഭക്തന്‍ പറയുന്നതു ഞാന്‍ കേട്ടു, ”അമ്മ എന്റെ ഹൃദയത്തിലെ മാലിന്യങ്ങള്‍ മാറ്റിത്തന്നു. അതുകൊണ്ടാണു് എനിക്കിപ്പോള്‍ പുറംലോകം വൃത്തിയാക്കാന്‍ കഴിയുന്നതു്.” ഇതു പറയുമ്പോള്‍ അമ്മയോടുള്ള ഭക്തികൊണ്ടു് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ആ ചൂടില്‍ ഒട്ടും തളര്‍ച്ചയില്ലാതെ അദ്ദേഹം സേവനം തുടര്‍ന്നു. ലളിതവും വിശിഷ്ടവുമായിരുന്നു ആ വാക്കുകളിലെ പൊരുള്‍.

ഭാരതചരിത്രത്തില്‍ ഒരു ബഹുമുഖപ്രതിഭ ഉണ്ടായിരുന്നു. കലയുടെയും ജീവിതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയ ദാര്‍ശനികനായ ഒരു കവി, എല്ലാവരും സ്നേഹത്തോടെ ‘ഗുരുദേവ്’ എന്നു വിളിച്ചിരുന്ന രവീന്ദ്രനാഥ ടാഗോര്‍. സ്വന്തം പിതാവിനു തന്നോടുണ്ടായിരുന്ന സമീപനത്തെക്കുറിച്ചു ടാഗോര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടു്: ”എന്റെ അച്ഛന്‍ ഒരിക്കലും എന്നെ നിര്‍ബ്ബന്ധിച്ചു മാറ്റാന്‍ ശ്രമിച്ചിരുന്നില്ല. എന്നില്‍ എന്തെങ്കിലും മാറ്റം വരണമെന്നു് അച്ഛന്‍ ആഗ്രഹിച്ചപ്പോഴൊക്കെ അതിനെക്കുറിച്ചു എനിക്കു് ഒരു അവബോധം ഉണ്ടാക്കുകയാണു് അദ്ദേഹം ചെയ്തതു്. മാറ്റം എന്റെ ഉള്ളില്‍നിന്നു വരാന്‍ അദ്ദേഹം അവസരമുണ്ടാക്കി. അപ്പോള്‍ മാത്രമേ അതു സ്ഥിരവും പൂര്‍ണ്ണവുമാകുകയുള്ളൂ”.

അമ്മയും അങ്ങനെയാണു്. തന്റെ ഭക്തരില്‍ ഒന്നും അടിച്ചേല്പിക്കില്ല. തങ്ങള്‍ സ്വയം മാറേണ്ടതാണു് എന്ന പ്രേരണ ഓരോരുത്തരുടെയും ഉള്ളില്‍ തോന്നാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണു് അമ്മ ചെയ്യുന്നതു്. നമ്മുടെ മുന്നില്‍ ഒരു കണ്ണാടി വയ്ക്കുന്നതുപോലെയാണതു്. അമ്മയുടെ ഒരു ദര്‍ശനം കൊണ്ടുതന്നെ നമുക്കു നമ്മെക്കുറിച്ചു് ഒരു അവബോധം ജനിക്കുന്നു. നമ്മുടെ അശുദ്ധമായ വാസനകളെയൊക്കെ നമുക്കുതന്നെ മാറി നിന്നു കാണാന്‍ കഴിയുമ്പോള്‍ സ്വയം മാറാന്‍ നാം തയ്യാറാകുന്നു. നമ്മുടെ ഉള്ളിലെ തിന്മകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു വേദനയുളവാക്കുന്ന കാര്യം തന്നെയാണു്. കഴിഞ്ഞ കാലത്തെ നമ്മുടെതന്നെ ചിന്തകളുടെയും കര്‍മ്മങ്ങളുടെയും ഫലമാണു് ഇന്നത്തെ ഈ ഞാന്‍ എന്നു മനസ്സിലാകുമ്പോള്‍ സ്വന്തം ഉദ്ധാരണത്തിനായി എത്ര വിഷമിച്ചാണെങ്കിലും സ്വയം മാറാന്‍ നാം തയ്യാറാകുന്നു.

നമ്മുടെ ഈ കൊച്ചുകേരളത്തില്‍ മാത്രമല്ല, ലോകം മുഴുവനും ഇന്നു ജനങ്ങള്‍ ഈ പരമാര്‍ത്ഥം വീണ്ടും മനസ്സിലാക്കിവരുന്നുണ്ടു്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളൂ എന്ന സത്യം ലോകം മുഴുവന്‍ അറിയാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും കുറച്ചു നിമിഷങ്ങള്‍മാത്രം നീളുന്ന അമ്മയുടെ ദര്‍ശനം അങ്ങനെ നമ്മുടെ യഥാര്‍ത്ഥത്തിലുള്ള ‘ഞാനു’മായുള്ള ശാശ്വതദര്‍ശനമായി മാറുകയാണു്. ഏതാനും നിമിഷങ്ങള്‍കൊണ്ടുള്ള ഈ പരിവര്‍ത്തനം അമ്മയുടെ സവിധത്തില്‍ നില്ക്കുമ്പോഴാണു സംഭവിക്കുന്നതു്.

ഇതാണു് ഈശ്വരത്വത്തിന്റെ പരമകാഷ്ഠ എന്നതു ലോകം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതു വിസ്മയകരംതന്നെയല്ലേ? അമ്മയുടെ ഒരു ദര്‍ശനംകൊണ്ടുതന്നെ അനേകായിരങ്ങള്‍ ഉത്തമരും ധര്‍മ്മിഷ്ഠരും ആയി ജീവിക്കാന്‍ സ്വയം പ്രചോദിതരാകുന്നതിനെ അല്ലെങ്കില്‍ എങ്ങനെയാണു വിശേഷിപ്പിക്കാന്‍ കഴിയുക? അമ്മയുടെ ആലിംഗനത്തില്‍ അമരുമ്പോള്‍, ഉപാധികളൊന്നുമില്ലാത്ത ആ ദിവ്യപ്രേമത്തിന്റെ ശക്തി അല്പം അനുഭവിക്കുമ്പോള്‍, സ്വയം നന്മയുള്ളവരായി മാറാനുള്ള ഉത്കടമായ അഭിലാഷം എല്ലാവരിലും ജനിക്കുന്നു.

മനുഷ്യജീവിതത്തില്‍ രണ്ടു ദുരന്തങ്ങളാണു് ഉണ്ടാകാറുള്ളതെന്നു പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞിട്ടുണ്ടു്. ഒന്നാമത്തതു്, നിങ്ങള്‍ ആഗ്രഹിച്ചതു കിട്ടാതിരിക്കുക; രണ്ടാമത്തതു്, അതു ലഭിക്കുക. ജീവിതത്തില്‍ വിജയവും അതിന്റെ കൂടെയുള്ള സൗഭാഗ്യങ്ങളും കിട്ടാതെ കരയുന്നവരുള്ളപ്പോള്‍ത്തന്നെ നേടിയ വിജയം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ദുഃഖിക്കുന്നവരുമുണ്ടു്.

ഉള്ളവരും ഇല്ലാത്തവരും അവസാനം ഒരു പോലെ ദുഃഖിക്കുന്നു എന്നതു ചിന്തിക്കാന്‍ വക നല്കുന്ന കാര്യമല്ലേ? ഇങ്ങനെയുള്ള ഒരു ലോകത്താണു് അമ്മയെപ്പോലെയുള്ള ഒരു മഹാത്മാവു് ഓരോരുത്തര്‍ക്കും വ്യക്തമായ ഒരു കാഴ്ചപ്പാടു നല്കുന്നതു്. ജീവിതം സമ്പന്നമാകാന്‍ ഭൗതികവസ്തുക്കള്‍ സമ്പാദിക്കുകയല്ല, ശരിയായ ഒരു ജീവിത വീക്ഷണം ഉണ്ടാകുകയാണു വേണ്ടതെന്നു് അമ്മ പറയുന്നു.

ചരിത്രമെടുത്തു നോക്കിയാല്‍ കാണാം പരമഭക്തന്മാരുടെയെല്ലാം സമ്പന്നത വസ്തുവിലായിരുന്നില്ല; വീക്ഷണത്തിലായിരുന്നുവെന്നു്. ലോകഹിതത്തിനായി നിഷ്‌കാമമായി കര്‍മ്മം ചെയ്തവരായി രുന്നു അവര്‍. എന്നാല്‍, അധികാരത്തിലിരിക്കുന്നവരും രാജ്യതന്ത്രജ്ഞരുമായ പ്രമാണിവര്‍ഗ്ഗങ്ങളാകട്ടെ, തങ്ങളുടെ മേധാശക്തിയിലും കൈയൂക്കിലും മതിമറന്നു സ്വയം ബന്ധനത്തിലാകുന്നു.

അമ്മയുടെ ഇത്തവണത്തെ വിഷുവാഘോഷം പുതുമയാര്‍ന്നതായിരുന്നു. വിഷുക്കൈനീട്ടത്തിനു പകരം മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്കു ‘വിഷുത്തൈ നീട്ടം’ നല്കാന്‍ പ്രേരിപ്പിച്ചുകൊണ്ടു വിഷുവിനു് ഒരു പുതിയ വ്യാഖ്യാനംതന്നെ നല്കി അമ്മ! അമ്മയുടെ നിര്‍ദ്ദേശപ്രകാരം ആയിരങ്ങള്‍ ജൈവകൃഷിയിലേക്കു തിരിഞ്ഞു. തന്റെ മനസ്സിന്റെ മാലിന്യങ്ങള്‍ മാറ്റുന്നു എന്ന ഭാവത്തോടെ ചീഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും ചപ്പുചവറുകളും സന്തോഷത്തോടെ വളമാക്കി മാറ്റി. ഇതു് അമ്മയുടെ ഈശ്വരത്വത്തിന്റെ പ്രത്യക്ഷനിദര്‍ശനമല്ലേ? സാധാരണക്കാരില്‍ സാധാരണക്കാരായവരെപ്പോലും അമ്മ ‘പോളിസിമേക്കര്‍’ ആക്കിമാറ്റുന്നു.

കര്‍മ്മയോഗം എന്ന വലിയ വാക്കൊന്നും പറയാതെ അമ്മ എല്ലാവരെയും സേവനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അങ്ങനെ നമ്മുടെ കര്‍മ്മങ്ങള്‍ ശുദ്ധമാകാന്‍ അവസരമൊരുക്കുന്നു. നമ്മുടെ ചിന്തയും പ്രവൃത്തിയും ധാരണയും അഭ്യാസവും പൊരുത്തപ്പെടുന്നതാക്കി മാറ്റുന്നു. അങ്ങനെയുള്ളവര്‍ ഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളോടു പൊരുതുമ്പോള്‍ത്തന്നെ, താന്‍ ഇതില്‍നിന്നെല്ലാം അതീതമായ അപരിമിതമായ ഉണ്മയാണെന്നുള്ള ബോധം ഉള്ളില്‍ ഉണര്‍ന്നവരായിരിക്കും. ഈ ബോധമുള്ള ഒരു സാധാരണക്കാരനു് ഏതൊരു പണ്ഡിതനും വിദ്വാനും ചെയ്യുന്നതിലും അധികം ലോകത്തിനു നന്മ ചെയ്യാന്‍ സാധിക്കും.

എനിക്കു പരിചയമുള്ള ചെറുപ്പക്കാരനായൊരു ഡോക്ടര്‍, അമ്മയുടെ ദര്‍ശനത്തിനുശേഷം ആദിവാസികള്‍ക്കിടയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചു. ഈശ്വര വിചാരമുള്ള അദ്ദേഹത്തിന്റെ ഭാര്യ ആ തീരുമാനം സഹര്‍ഷം സ്വീകരിച്ചു. ഉന്നതവിദ്യാഭ്യാസമുള്ള രണ്ടുപേരും ചെറുപ്പത്തില്‍ത്തന്നെ ജീവിതം ആതുരസേവനത്തിനായി മാറ്റിവച്ചു. ഇതു് അമ്മയുടെ മഹത്ത്വത്തിന്റെ തെളിവല്ലേ? വര്‍ഷങ്ങള്‍ക്കു മുന്‍പു തന്റെ മുന്നിലെത്തിയ ചെറുപ്പക്കാരനോടു്, ”മോനേ, സേവനം ചെയ്താല്‍ നിനക്കു ശാന്തിയുണ്ടാകും” എന്നു് അമ്മ പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തിനു തന്റെ പാത തെളിഞ്ഞു.

അന്നുമുതല്‍ വയനാട്ടിലെ അമൃതകൃപ ധര്‍മ്മാശുപത്രിയില്‍ പണിയ, കുടുംബി എന്നീ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി സേവനം ചെയ്യുകയാണു് അവര്‍. തീരെ സൗകര്യങ്ങളില്ലാത്ത ദൂരനാട്ടില്‍, ആദിവാസികള്‍ക്കിടയില്‍, ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാകാം അവര്‍. എന്നാല്‍ അതൊന്നും അവരുടെ ആവേശം നശിപ്പിച്ചില്ല. ഇന്നു് ഏകദേശം ഇരുന്നൂറ്റമ്പതോളം ആദിവാസികള്‍ ദിവസവും ഇവരുടെ സേവനം അനുഭവിക്കുന്നു. അമ്മ ലോകത്തിനു ചെയ്യുന്ന നന്മയുടെ അനേകം കഥകളില്‍ ഒന്നുമാത്രമാണിതു്.

സ്വാമി രാമകൃഷ്ണാനന്ദ പുരി ഒരിക്കല്‍ ഒരു അനുഭവം പറഞ്ഞു. യൂറോപ്പിലെ അമ്മയുടെ പരിപാടിക്കിടയില്‍ ഭക്തര്‍ ഫ്രഞ്ചുഭാഷയില്‍ ഭജന പാടിക്കൊണ്ടിരിക്കുമ്പോള്‍ അമ്മ ഒരാള്‍ പാടിയതിലെ തെറ്റു തിരുത്തിക്കൊടുത്തുവത്രേ! പാടുന്നയാള്‍ ഫ്രഞ്ചു് അറിയാത്തവനായിരുന്നില്ല. അതൊരു ഫ്രഞ്ചുകാരന്‍തന്നെയായിരുന്നു, അമ്മ തിരുത്തിയതാകട്ടെ കഠിനമായ ഒരു പദവും!

അദ്ഭുതത്തോടെ അയാള്‍ ചോദിച്ചു, ”അമ്മയ്ക്കു ഫ്രഞ്ച് അറിയാമോ?” അമ്മയുടെ ലളിതമായ ഉത്തരത്തില്‍ അടങ്ങിയിരിക്കുന്ന തത്ത്വത്തെ നമുക്കു വേണമെങ്കില്‍ ജീവിതകാലം മുഴുവന്‍ ധ്യാനിക്കാം. അമ്മ വാത്സല്യത്തോടെ പറഞ്ഞു, ”മോനേ, അമ്മയ്ക്കു ഫ്രഞ്ച് അറിയില്ല. പക്ഷേ, മോന്റെ മനസ്സറിയാം.” ഈ വിശ്വമനസ്സിനെ അറിഞ്ഞാല്‍പ്പിന്നെ എന്താണു് അറിയാനായി ബാക്കിയുള്ളതു്? ഈ വിശ്വമനസ്സുതന്നെയാണു് അമ്മ.

ഇനി അറിവിന്റെ നുറുങ്ങുകള്‍ തേടി നമ്മള്‍ പുറംലോകത്തു് അലയേണ്ട കാര്യമില്ല. അമ്മയുടെ അടുത്തെത്തിയാല്‍പ്പിന്നെ സ്വയം അറിയാനാണു നാം ശ്രമിക്കേണ്ടതു്. നമ്മുടെ ഉളളില്‍ പരമമായ ജ്ഞാനം ഉണര്‍ത്താന്‍ ഈ അവസരം നാം ഉപയോഗിക്കണം. എല്ലാവരും അറിവു നേടാന്‍ ശ്രമിക്കുന്നു. സ്വയം അറിയാന്‍ ശ്രമിക്കുന്നില്ല. അങ്ങനെ അറിവു വലുതാകുന്നു, അറിയുന്നവന്‍ ഒന്നുമല്ലാതായിപ്പോകുന്നു. അതുകൊണ്ടാണു പണിപ്പെട്ടു നേടിയ അറിവുകളെല്ലാം അവസാനം മനുഷ്യനു ശാപമായിത്തീരുന്നതു്. കീടനാശിനി മുതല്‍ അണ്വായുധങ്ങള്‍വരെയുള്ള അറിവിന്റെ ചരിത്രം അതാണു്. അറിവു നമുക്കു അനുഗ്രഹത്തെക്കാള്‍ കൂടുതലായി ക്ലേശങ്ങളാണു നല്കിയിട്ടുള്ളതു്. ‘ആദ്യം അറിയേണ്ടതു് അവനവനെയാണു്’ എന്ന അമ്മയുടെ വാക്കിന്റെ പ്രസക്തി ഇവിടെയാണു്.

ഒരു വിദേശയാത്രയ്ക്കിടയില്‍ എന്റെ ഈ കുറിപ്പെഴുതി അവസാനിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, ഒരിക്കല്‍ക്കൂടി അമ്മയുടെ ഉപദേശത്തിന്റെ സാരം മനസ്സിലാക്കുവാനുള്ള അവസരം എനിക്കു കിട്ടി. ‘അറിവു പൂര്‍ണ്ണമാകണമെങ്കില്‍ ഉള്ളിലെ ഗുരു ഉണരണം’ എന്നു് അമ്മ പറഞ്ഞിട്ടുണ്ടല്ലോ. എപ്പോഴും ജാഗ്രതയോടെ ഇരിക്കുകയും പരമാര്‍ത്ഥമായതിനെ നിരന്തരം ധ്യാനിക്കുകയും ജീവിതത്തിലെ ഏതു നിസ്സാരവസ്തുവിനെയും ആദരവോടെ കാണുകയും ചെയ്യുകയാണു് അതിനുള്ള മാര്‍ഗ്ഗം എന്നും അമ്മ പറഞ്ഞിട്ടുണ്ടു്.

യാത്രയ്ക്കിടയില്‍ ഏഴു ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഒരു കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി ആശയവിനിമയം നടത്താന്‍ എനിക്കു് അവസരം കിട്ടി. തന്റെ സാങ്കല്പികലോകത്തില്‍ ജീവിക്കുന്ന, പൊള്ളയായ പൊങ്ങച്ചത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വ്യക്തിയായിരിക്കും അദ്ദേഹം എന്നു കരുതിയ എനിക്കു തെറ്റു പറ്റി. ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ കീഴിലെ ഒരു മാനേജര്‍ വന്നു് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിഭാഗമായി അവരുടെ സോണ്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത അദ്ദേഹത്തെ അറിയിച്ചു.

മറ്റുള്ള സോണിനെക്കാള്‍ ഏറെ മുന്നിലാണു തങ്ങളെന്നു മാനേജര്‍ സന്തോഷത്തോടെ അറിയിച്ചപ്പോള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഒരു നാട്യവുമില്ലാതെ ശാന്തമായി പറഞ്ഞു, ”വളരെ നന്നായി. പക്ഷേ, മറ്റുള്ളവരില്‍ നിന്നും മുന്നിലാകാനല്ല നമ്മെത്തന്നെ തോല്പിക്കാനാണു നാം ശ്രമിക്കേണ്ടതു്.” അദ്ദേഹം മാനേജര്‍ക്കു കൈകൊടുത്തുകൊണ്ടു ഓര്‍മ്മിപ്പിച്ചു, ”അടുത്ത തവണ നമ്മള്‍ ഇപ്പോഴുള്ളതിനെക്കാള്‍ മികച്ചതാകണം.” അസ്തമയസൂര്യന്റെ നിഴലിലേക്കു് ഒരുമിച്ചു നടക്കുമ്പോള്‍, തികച്ചും അപ്രതീക്ഷിതമായ ഒരിടത്തു് അമ്മയുടെ വാക്കു് അന്വര്‍ത്ഥമാക്കിക്കൊണ്ടു ജീവിക്കുന്ന ഒരാളെ കണ്ടതിലുള്ള കൃതാര്‍ത്ഥതയിലായിരുന്നു ഞാന്‍.

നമുക്കു് ഒരേയൊരു യുദ്ധമേ ജയിക്കാനുള്ളൂ, അതു നമ്മുടെതന്നെ ചെറിയ അഹത്തോടുള്ള യുദ്ധമാണു്. ഇന്നലത്തെതിനെക്കാള്‍ ഉത്തമനാകാന്‍ ഇന്നെനിക്കു കഴിയുന്നുണ്ടോ എന്നതിലാണു ശ്രദ്ധ വേണ്ടതു്. ഈ യുദ്ധത്തില്‍ വിജയം വരിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തിന്റെ ഗതിതന്നെ മാറും. ”മക്കളേ, നമുക്കു സ്വന്തം മനസ്സിന്റെ കൃപയാണു വേണ്ടതു്” എന്നു് അമ്മ പറയുന്നതും അതുകൊണ്ടാണു്. ഈ ശിക്ഷണം ലോകത്തിലെ ഒരു മാനേജ്‌മെന്റ് ബുക്കിലും കാണില്ല.

അമ്മയുടെ ഈ പ്രമാണം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ നമുക്കു് എത്രയോ ഉന്നതിയിലെത്താം. പരാജയപ്പെടുന്നുവെങ്കില്‍ അതിനു കാരണം നമ്മള്‍തന്നെയാണു്. നമ്മുടെ ചിന്താഗതികളും വ്യക്തിത്വങ്ങളും സൃഷ്ടിച്ച ആസക്തിയും മതിഭ്രമവുമാണു്. ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയാറുള്ളതുപോലെ, രണ്ടടി നടന്നു കടലിലേക്കിറങ്ങാന്‍ മടിച്ചു കരയില്‍ നില്ക്കുന്ന ഉപ്പുപാവയെപ്പോലെയാണു നമ്മള്‍. കടലിലിറങ്ങിയാല്‍ നിസ്സാരനായ താന്‍ കടലായി മാറും എന്നു മറന്നുപോകുകയാണു്, സ്വന്തം അഹന്തയുടെ വൈരൂപ്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ഈ ഉപ്പുപാവ!

അമ്മയുടെ ദര്‍ശനത്തിനു പോകുമ്പോഴൊക്കെ ഉപ്പു പാവയുടെ ഈ മതിഭ്രമം നമ്മള്‍ ഓര്‍ക്കേണ്ടതാണു്. നമ്മുടെ അഹങ്കാരം ഇല്ലാതാകുമ്പോള്‍ മാത്രമേ അമ്മയാകുന്ന അമൃതാനന്ദസാഗരത്തില്‍ അലിഞ്ഞു ചേരാന്‍ നമുക്കു കഴിയുകയുള്ളൂ.