പത്രലേ: ഗുരുവെന്നു പറഞ്ഞാൽ പോരെ ദൈവമാക്കണോ?
ബ്രഹ്മ: കൊള്ളാം, ഗുരു മർത്ത്യരൂപത്തിൽ വിളങ്ങുന്ന ഈശ്വരൻ തന്നെ എന്നാണു ശാസ്ത്രം പറയുന്നത്. ഒരുതരത്തിൽ ഗുരുവിനു് ഈശ്വരനിലും ഉയർന്ന സ്ഥാനമാണു നമ്മുടെ സംസ്കാരം നല്കിയിട്ടുള്ളത്. ഇതിനിടെ അമ്മ കുടിലിലെത്തി. അപ്പോൾ ബ്രഹ്മചാരി പത്രലേഖകനെ കുടിലിൽ ഭക്തജനങ്ങൾക്കു ദർശനം നല്കിക്കൊണ്ടിരിക്കുന്ന അമ്മയുടെ സമീപത്തേക്കു ക്ഷണിച്ചു, ”വരൂ അമ്മയോടുതന്നെ നേരിട്ടു ചോദിച്ചു സംശയം തീർത്തുകൊള്ളൂ.”

അമ്മയുടെ അടുത്തുതന്നെ ലേഖകൻ സ്ഥലംപിടിച്ചു. ഭക്തജനങ്ങൾ ഓരോരുത്തരായി മാതൃദർശനത്തിനു ചെല്ലുന്നതിനിടയിൽ അമ്മ ഓരോരുത്തരെയും പ്രേമപൂർവ്വം തഴുകിത്തലോടി ആശ്വസിപ്പിക്കുന്ന കാഴ്ച അദ്ദേഹം ആശ്ചര്യത്തോടെ നോക്കിയിരുന്നു. പത്രലേഖകനാണെന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ അമ്മ ചിരിച്ചു.
അമ്മ: അമ്മ പത്രമൊന്നും വായിക്കാറില്ല മോനേ. ഇവിടെ മിക്ക മക്കളും പത്രം കാണാറുകൂടിയില്ല.
പത്രലേ: അമ്മ ദൈവമാണോ എന്നു ഞാൻ ഇവിടത്തെ ഒരു ബ്രഹ്മചാരിയോടു ചോദിക്കുകയായിരുന്നു.
അമ്മ: അമ്മ ഒരു ഭ്രാന്തി! ഇവരെല്ലാം ‘അമ്മേ’ എന്നു വിളിക്കുന്നു. അതുകൊണ്ടു് അവരെ ‘മക്കളേ’ എന്നു് അമ്മയും വിളിക്കുന്നു.
സാധാരണ മിക്കസമയങ്ങളിലും തൻ്റെ യഥാർത്ഥഭാവം മറച്ചുവച്ചു കൊണ്ടാണു് അമ്മ സംസാരിക്കാറുള്ളൂ. വേണ്ടത്ര ആദ്ധ്യാത്മികാവബോധം സിദ്ധിച്ച ഒരാളിൽ മാത്രമേ അമ്മയുടെ സഹജഭാവം അല്പമെങ്കിലും മനസ്സിലാക്കാൻ പറ്റൂ. പലർക്കും ഗുരുവിനെക്കുറിച്ചു് ഒരു സങ്കല്പമുണ്ട്. ശിഷ്യനാൽ സേവിക്കപ്പെട്ടു്, പകിട്ടേറിയ സിംഹാസനത്തിൽ അനുഗ്രഹം ചൊരിഞ്ഞു്, പുഞ്ചിരിച്ചുകൊണ്ടു് ഇരിക്കുന്ന വ്യക്തി. എന്നാൽ ആശ്രമത്തിൽ എത്തുന്നവർക്കു് ഈ ഭാവന ഉപേക്ഷിക്കേണ്ടിവരും.
അമ്മയെ ആദ്യമായി കാണുന്ന ഒരാളിനു സാധാരണക്കാരിൽ സാധാരണക്കാരിയായി മാത്രമേ അമ്മയെക്കാണുവാൻ കഴിയൂ. മുറ്റമടിക്കുവാനും കറിക്കു നുറുക്കുവാനും, ഭക്ഷണം പാകംചെയ്യുവാനും മക്കൾക്കു മുറി കാട്ടിക്കൊടുക്കുവാനും, മണ്ണു ചുമക്കുവാനുമെല്ലാം അമ്മയെ കാണാം. എന്നാൽ ശരിയായ ശാസ്ത്രപരിജ്ഞാനമുള്ള ഒരു വ്യക്തിക്കു് അമ്മയെ തിരിച്ചറിയാൻ പ്രയാസമില്ല. ആ വിനയവും എളിമയും അവിടുത്തെ മഹത്ത്വം വിളിച്ചറിയിക്കുന്നു.

Download Amma App and stay connected to Amma