‘ആനന്ദം ഉള്ളിലാണു്. അതു പുറത്തു് അന്വേഷിക്കേണ്ട വസ്തുവല്ല’ എന്നും മറ്റും അമ്മ എത്ര പറഞ്ഞാലും അനുഭവതലത്തില്‍ വരുന്നതുവരെ അതു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നു് അമ്മയ്ക്കറിയാം.

ഒരു വീട്ടില്‍ എലിയുടെ വലിയ ശല്യം. അവിടെ ഒരു തള്ളയും മകനും കൂടിയാണു താമസം. എലികളെ എങ്ങനെ കൊന്നൊടുക്കാം എന്നതിനെക്കുറിച്ചു മകന്‍ ആലോചനയായി. ആദ്യം ഒരു പൂച്ചയെ വളര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു് ആ തീരുമാനം മാറി. എലിപ്പത്തായം വാങ്ങിവയ്ക്കുന്നതാണു നല്ലതെന്നു തോന്നി. പക്ഷേ, അതിനു പണം തികയില്ലെന്നു് അറിഞ്ഞപ്പോള്‍ എലിപ്പത്തായം സ്വയം പണിയുവാന്‍ തീരുമാനിച്ചു. അതിനുവേണ്ടി തടിയും മറ്റും എടുത്തു ചെത്തിമിനുക്കുവാന്‍ തുടങ്ങി. അങ്ങനെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ താന്‍ ഒരു എലിയായി മാറുന്നതുപോലെ അവനു തോന്നുകയാണു്. കുറെ സമയം കഴിഞ്ഞപ്പോള്‍ ആ തോന്നല്‍ ശരിക്കും ഉറച്ചു. എലിയായി മാറിയ തന്നെ പൂച്ച പിടിക്കാന്‍ വരുന്നു എന്നോര്‍ത്തു് അവിടെനിന്നു വിറയ്ക്കു വാന്‍ തുടങ്ങി.

മകൻ്റെ വെപ്രാളവും മറ്റും കണ്ടു തള്ള കാരണം തിരക്കി. ”പൂച്ച വരുന്നു” മകന്‍ പറഞ്ഞു. ”അതിനു നിനക്കെന്താണു്?” തള്ളയുടെ ചോദ്യം കേട്ട മകന്‍, ഭയത്തോടെ പറഞ്ഞു. ”ഞാന്‍ എലിയാണു്, പൂച്ച കണ്ടാല്‍ എന്നെ പിടിച്ചുതിന്നും.” ”മോനെ നീ എലിയല്ല” തള്ള എത്ര പറഞ്ഞിട്ടും മകൻ്റെ പേടി മാറുന്നില്ല. ”ഞാന്‍ എലിതന്നെ”. അവൻ്റെ വിശ്വാസം മാറുന്നില്ല. അവസാനം തള്ള മകനെയും കൂട്ടി ഒരു ഡോക്ടറുടെ അടുത്തെത്തി. ഡോക്ടര്‍ പറഞ്ഞു ”കുട്ടീ, നീ എലിയല്ല, നീ എന്നെ നോക്കൂ… അടുത്തു നില്ക്കുന്നവരെ നോക്കൂ… അവരില്‍നിന്നു നിനക്കെന്താണു വ്യത്യസം?” ഒരു കണ്ണാടി എടുത്തു് അതില്‍ കുട്ടിയുടെ പ്രതിബിംബം കാണിച്ചു കൊടുത്തു. ഡോക്ടര്‍ കുറേ സമയം ശ്രമിച്ചതിൻ്റെ ഫലമായി കുട്ടിയുടെ ഭയം ഒരുവിധം മാറിക്കിട്ടി. തള്ള മകനെയും കൂട്ടി വീട്ടിലേക്കുപോന്നു.

വീടടുക്കാറായപ്പോള്‍, ഒരു പൂച്ച റോഡിനു കുറുകെ ഓടുന്നു. പൂച്ചയെ കണ്ടതും മകൻ്റെ ഭാവം മാറി. ‘പൂച്ച വരുന്നേ’ എന്നു നിലവിളിച്ചുകൊണ്ടു്, റോഡരികിലുള്ള ഒരു മരത്തിൻ്റെ പിറകില്‍ ഓടിയൊളിച്ചു. തിരിച്ചു ഡോക്ടറുടെ അടുക്കല്‍തന്നെ കൊണ്ടുവന്നു. ”നീ മനുഷ്യനാണു്, എലിയല്ല എന്നു മനസ്സിലാക്കിത്തന്നതല്ലേ? പിന്നെയെന്തിനാണു പൂച്ചയെക്കണ്ടപ്പോള്‍ ഭയപ്പെടുന്നതു്?” ഡോക്ടര്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ”ഡോക്ടര്‍, എനിക്കറിയാം ഞാന്‍ മനുഷ്യനാണു്, എലിയല്ലെന്നു്; പക്ഷേ, പൂച്ചയ്ക്കതറിയില്ലല്ലോ.”

മക്കളേ, നമ്മള്‍ എത്ര ശാസ്ത്രം പഠിച്ചാലും, ഏതു പ്രശ്‌നത്തെയും അതിജീവിക്കാനുള്ള ശക്തിയുണ്ടു് എന്നു നൂറു തവണ പറഞ്ഞാലും മനസ്സിനെ ശരിയാംവണ്ണം നിയന്ത്രണത്തില്‍ കൊണ്ടുവന്നില്ല എങ്കില്‍ സാഹചര്യങ്ങള്‍ വരുമ്പോള്‍ തളര്‍ന്നു പോകും. ഞാന്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആനന്ദസ്വരൂപനാണു് എന്നും മറ്റും എത്ര കേട്ടാലും നിസ്സാരപ്രശ്‌നങ്ങള്‍ക്കു മുന്നില്‍പ്പോലും എല്ലാം മറക്കും. അതിനാല്‍, ഏതു പ്രതിബന്ധത്തിലും തളരാതെ നില്ക്കണമെന്നുണ്ടെങ്കില്‍ നിരന്തരസാധന ഉണ്ടാകാതെ പറ്റില്ല. സദാസമയവും മനസ്സിനെ ആ ബോധത്തില്‍ത്തന്നെ നിര്‍ത്താന്‍ പരിശീലിപ്പിക്കണം.

‘ഞാന്‍ ആട്ടിന്‍ കുട്ടിയല്ല, സിംഹക്കുട്ടിയാണു്’ എന്ന ബോധത്തോടെ ഏതു പ്രതിബന്ധത്തെയും തട്ടി മാറ്റുവാന്‍ പരിശീലിക്കണം. എന്തു ദുഃഖം വന്നാലും എല്ലാം അവിടുത്തേക്കു സമര്‍പ്പിച്ചു ധീരതയോടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ശ്രമിക്കണം. ദുഃഖിച്ചു സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നതിലും എത്രയോ നല്ലതാണു്, എല്ലാം അവിടുത്തെ പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ടു ധീരതയോടെ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതു്.

ദുഃഖിച്ചതുകൊണ്ടോ, ഉറക്കെ നിലവിളിച്ചതുകൊണ്ടോ സാഹചര്യങ്ങള്‍ മാറിവരില്ല. പിന്നെ എന്തിനു ദുഃഖിക്കണം? മുറിവുണ്ടായാല്‍ അതു നോക്കിനിന്നു കരയാതെ മരുന്നുവയ്ക്കുകയാണു വേണ്ടതു്. അതുപോലെ ഏതു പ്രതിസന്ധിയിലും പതറാതെ പരിഹാരം തേടുകയാണാവശ്യം. ദുഃഖം തീരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എങ്കില്‍ മക്കള്‍ കുറച്ചു സമയം മന്ത്രം ജപിക്കുക. അല്പസമയം ധ്യാനിക്കുക. ഏതെങ്കിലും ആദ്ധ്യാത്മികഗ്രന്ഥങ്ങളിലെ കുറച്ചു ഭാഗം വായിക്കുക. മനസ്സിനെ വെറുതെ അലയാന്‍ വിടാതെ താത്പര്യമുള്ള ഏതെങ്കിലും ജോലികളില്‍ ബന്ധിക്കുക, മനസ്സു് ശാന്തമാകും. സമയവും ആരോഗ്യവും നഷ്ടമാകില്ല.

ഇന്‍ഷ്വര്‍ ചെയ്ത വാഹനത്തെപ്പറ്റിയോ സ്ഥാപനത്തെക്കുറിച്ചോ ഉടമസ്ഥനു പേടിയില്ല. എന്തപകടം സംഭവിച്ചാലും ഇന്‍ഷ്വറന്‍സു കമ്പനിക്കാര്‍ പണം നല്കും എന്നറിയാം. അതുപോലെ, മനസ്സിനെ പരമാത്മാവില്‍ സമര്‍പ്പിച്ചുകൊണ്ടു കര്‍മ്മം ചെയ്യുന്നവര്‍ക്കു പേടിക്കേണ്ട കാര്യമില്ല. ഏതു വിഷമസന്ധികളിലും സഹായത്തിനു് ഈശ്വരനുണ്ടാകും. അവിടുന്നു് നമ്മളെ സംരക്ഷിക്കും. അവിടുന്നു കൈപിടിച്ചു നയിക്കും.