മക്കളേ, ഈശ്വരനോടു ഭക്തിവേണം എന്നു് അമ്മ പറയുമ്പോള്‍ വെറും പ്രാര്‍ത്ഥന മാത്രമല്ല അര്‍ത്ഥമാക്കുന്നതു്. ഒരിടത്തു മാറിയിരുന്നു് ഈശ്വരനെ വിളിച്ചു കരയുന്നതു മാത്രമല്ല അവിടുത്തോടുള്ള പ്രേമം. അവിടുത്തെ സാന്നിദ്ധ്യം സര്‍വ്വജീവരാശികളിലും ദര്‍ശിക്കാന്‍ സാധിക്കണം.

മറ്റുള്ളവരോടു കാട്ടുന്ന കാരുണ്യം, പുഞ്ചിരി ഇതൊക്കെയും ഈശ്വരനോടുള്ള പ്രേമത്തെ, ഭക്തിയെയാണു കാണിക്കുന്നതു്. ഈശ്വരനിലേക്കു ഹൃദയം തുറന്നു കഴിയുമ്പോള്‍, ഭക്തി വന്നുകഴിയുമ്പോള്‍ ഇതൊക്കെ താനെയുണ്ടാകും. ആരോടും നുമുക്കു ദ്വേഷിക്കാന്‍ പറ്റില്ല.

ഒരിക്കല്‍ ഒരാള്‍ക്കു തീരെ സുഖമില്ലാതെയായി, ജോലി ചെയ്യാന്‍ വയ്യെന്നായി. രണ്ടുമൂന്നു ദിവസം ഭക്ഷണം ഒന്നും കഴിക്കാനില്ലാതെ പട്ടിണികിടന്നു് ആകെ അവശനായി. പലരോടും ഭക്ഷണത്തിനുവേണ്ടി യാചിച്ചു. ആരും ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്തില്ല. പല വീടുകളുടെയും വാതിലില്‍ മുട്ടി. എല്ലാവരും ആട്ടിയോടിച്ചതല്ലാതെ സഹായിക്കാന്‍ തയ്യാറായില്ല.

പാവം ആകെ നിരാശനായി. ഇത്ര കാരുണ്യമില്ലാത്ത ആളുകളുടെ ഇടയില്‍ ജീവിക്കേണ്ടതില്ലെന്നു തീര്‍ച്ചയാക്കി മരിക്കാന്‍തന്നെ തീരുമാനിച്ചു. പക്ഷേ, വിശപ്പു തീരെ സഹിക്കാന്‍ കഴിയുന്നില്ല. ‘വിശപ്പ് ഒന്ന് അടങ്ങിയിട്ടു മരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ എന്നു് അയാള്‍ ചിന്തിച്ചു. അവസാനം ഒരു വീട്ടില്‍ കൂടി ഭക്ഷണം ചോദിക്കാമെന്നു തീരുമാനിച്ചു.

അടുത്തുകണ്ട ഒരു കുടിലില്‍ ചെന്നു. അവിടെ ഒരു സ്ത്രീയാണുണ്ടായിരുന്നതു്. അവര്‍ അയാള്‍ക്കു് ഇരിക്കാന്‍ ഒരു പലക കൊടുത്തു. ”ഇവിടെ ഇരിക്കൂ.” എന്നു സ്നേഹത്തോടെ പറഞ്ഞു. അതിനുശേഷം ഭക്ഷണം കൊണ്ടുവരുന്നതിനായി കുടിലിനുള്ളിലേക്കു പോയി. അവിടെ ചെന്നു നോക്കുമ്പോള്‍, പാത്രം കമിഴ്ന്നു കിടക്കുന്നു. പൂച്ച തട്ടിമറിച്ചു കഴിച്ചതിൻ്റെ ബാക്കിയാണു തറയില്‍ കിടക്കുന്നതു്. അവര്‍ ആകെ വിഷമിച്ചു.

വളരെ വിഷമത്തോടെ അവര്‍ വന്നു പറഞ്ഞു, ”ക്ഷമിക്കണം ഒരു പാത്രത്തില്‍ കുറച്ചു ചോറും കറിയുമുണ്ടായിരുന്നു. അതു് അങ്ങേക്കു തരാമെന്നാണു കരുതിയതു്. പക്ഷേ, അതു പൂച്ച കഴിച്ചു. ഇനി ഇവിടെ കഴിക്കാവുന്നതായിട്ടു യാതൊന്നുമില്ല. പണം എന്തെങ്കിലും തരാമെന്നുവച്ചാല്‍ ഒരു പൈസപോലും എടുക്കാനില്ല. അങ്ങയെ നിരാശനാക്കിയതില്‍ ക്ഷമിക്കണം.”

അയാള്‍ പറഞ്ഞു, ”എനിക്കു തരേണ്ടതു നിങ്ങള്‍ തന്നു കഴിഞ്ഞു. രോഗം വന്നു ഞാന്‍ കിടപ്പിലായിരുന്നു, ഭക്ഷണത്തിനായി പലരോടും കെഞ്ചി. എല്ലാവരും എന്നെ ആട്ടിയോടിച്ചതല്ലാതെ, ഒരു നല്ല വാക്കുപോലും പറയാന്‍ തയ്യാറായില്ല. ഇങ്ങനെയുള്ള ഒരു ലോകത്തു് ഇനി ജീവിക്കാന്‍ വയ്യെന്നു കരുതി ഞാന്‍ ആത്മഹത്യയ്ക്കു തയ്യാറായതാണു്. എങ്കിലും വിശപ്പു തീരെ സഹിക്കാന്‍ വയ്യാതെ ഇവിടെക്കൂടെ വന്നു എന്നുമാത്രം.

ഒന്നും കിട്ടിയില്ല എങ്കിലും ഈ സ്നേഹത്തോടെയുള്ള വാക്കുകള്‍തന്നെ എന്നെ തൃപ്തനാക്കിക്കഴിഞ്ഞു. നിങ്ങളെപ്പോലെ കാരുണ്യമുള്ളവര്‍ ലോകത്തുണ്ടെന്നുള്ളതു ഞങ്ങളെപ്പോലെയുള്ള സാധുക്കള്‍ക്കു ജീവിക്കാന്‍ ധൈര്യം നല്കുന്നു. ഇനി ഞാന്‍ മരിക്കുന്നില്ല. ജീവിതത്തില്‍ ഇതുവരെ കിട്ടാതിരുന്ന ഒരു സന്തോഷവും സംതൃപ്തിയും ഇന്നു ഞാനനുഭവിക്കുന്നു.”