ചോദ്യം : ഈശ്വരവിശ്വാസികള്‍ തന്നെയല്ലേ പൂജയ്ക്കായി പൂക്കള്‍ പറിച്ചും മൃഗബലി നടത്തിയും മറ്റും പ്രകൃതിയെ നശിപ്പിക്കുവാന്‍ കൂട്ടു നില്ക്കുന്നതു്?

അമ്മ : ‘ഈശ്വരാ ! അയല്‍പക്കത്തുള്ളവന്റെ കണ്ണു പൊട്ടിക്കണേ, അവന്റെ ജോലി നഷ്ടമാക്കണേ, അവനെ നശിപ്പിക്കണേ,’ എന്നും മറ്റും പ്രാര്‍ത്ഥിക്കുന്നവരെ ഈശ്വരവിശ്വാസികള്‍ എന്നു വിളിക്കുവാന്‍ പാടില്ല. സ്വാര്‍ത്ഥലാഭത്തിനായി ഈശ്വരനെ അവര്‍ ഒരു ഉപകരണമാക്കുകയാണു ചെയ്യുന്നതു്. ദ്രോഹമനസ്സുള്ളവരുടെ വിശ്വാസം ഭക്തിയില്‍നിന്നുണ്ടാകുന്നതല്ല. സ്വന്തം കാര്യം നേടാനുള്ള പ്രാകൃതവിശ്വാസമാണതു്. ശരിയായ ഭക്തന്‍ ഈശ്വരാദര്‍ശമറിഞ്ഞു് അതനുസരിച്ചു നീങ്ങുന്നവനാണു്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാന്‍ എത്തുന്നതുപോലെ, അന്യദു:ഖത്തില്‍, തന്നെ മറന്നു സഹായിക്കാന്‍ ഓടിയെത്തുന്ന ഒരു ഭാവം അവനില്‍ ഉണ്ടായിരിക്കും.

ശരിയായ ഈശ്വര വിശ്വാസി പ്രകൃതിയെയും മനുഷ്യനെയും ഈശ്വരന്റെ തന്നെ പ്രത്യക്ഷരൂപമായിക്കണ്ടു സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അവന്‍ ആരെയും തന്നില്‍ നിന്ന് ഭിന്നമെന്നു കാണുന്നില്ല. അന്യന്റെ കുറ്റവും കുറവും, കാണാത്ത, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ കഴിവുള്ള ഹൃദയത്തില്‍ മാത്രമേ ഈശ്വരനു വസിക്കുവാന്‍ ആവുകയുള്ളൂ. അത്രകണ്ടു കാരുണ്യമുള്ള ഒരു മനസ്സിന്റെ ഉടമയ്ക്കു് ഈശ്വരപ്രീതിക്കായി എങ്ങനെ ജന്തുബലിയും മറ്റും നടത്താനാകും? തന്റെ ഉള്ളിലെ മൃഗീയവാസനകളെയാണു് ഈശ്വരനു് അവന്‍ ബലിയര്‍പ്പിക്കുന്നതു്. തന്റെ അഹങ്കാരത്തെയാണു ഹിംസിക്കുന്നതു്.

മക്കളേ, ഹിംസ പ്രകൃതിനിയമത്തിന്റെ ഭാഗമാണു്. അതു തീര്‍ത്തും ഒഴിവാക്കാന്‍ പറ്റുകയില്ല. തന്റെ ഭക്ഷണത്തിനായി വേട്ടയാടുന്നതും മറ്റും അധര്‍മ്മമാണെന്നു പറയാനാകില്ല. എന്നാല്‍ ആവശ്യത്തില്‍ക്കവിഞ്ഞു് എന്തു നശിപ്പിക്കുന്നതും ഹിംസയാണു്. കഞ്ഞി കുടിക്കുവാന്‍വേണ്ടി ഒരു പ്ലാവില നുള്ളുന്നതു തെറ്റല്ല. എന്നാല്‍; അതിനായി അഞ്ചാറു പ്ലാവില പിച്ചുന്നതു അധര്‍മ്മമാണു്. ഇപ്രകാരം ഈശ്വരപൂജയ്ക്കായി ചെടികള്‍ നട്ടു നനച്ചുവളര്‍ത്തി അവയില്‍നിന്നു പൂക്കള്‍ ഇറുക്കുന്നതു തെറ്റാണെന്നു പറയുവാന്‍ കഴിയില്ല. തുളസിക്കു വെള്ളമൊഴിക്കുമ്പോള്‍ ഈശ്വരവിശ്വാസിയായ ഒരുവന്‍ ശ്രീകൃഷ്ണനെത്തന്നെയാണു പൂജിക്കുന്നതു്. അരയാലിനു പ്രദക്ഷിണം വയ്ക്കുമ്പോഴും പശുവിനു പുല്ലു തീറ്റുമ്പോഴും എല്ലാം അവന്റെ മനസ്സു് ഭഗവാനിലാണു നില്ക്കുന്നതു്. കൂവളത്തിനു വളമിടുമ്പോള്‍ അതു ശിവനു പ്രീതികരമായിത്തീരുന്നു എന്നാണു ശിവഭക്തന്‍ കാണുന്നതു്. പ്രകൃതിയിലെ വസ്തുക്കളെ പൂജിക്കുന്നതിലൂടെ നാനാത്വമായ ഈ ലോകത്തില്‍ ഏകസത്ത ദര്‍ശിക്കാന്‍ മനുഷ്യനു കഴിവു വരുന്നു.

പൂജിക്കുക എന്നാല്‍ തൊട്ടുതൊഴുതു നമസ്‌കരിക്കുക എന്നല്ല, സ്‌നേഹപൂര്‍വ്വം പരിചരണവും ശുശ്രൂഷയും നല്കി പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും പരിപാലിക്കുന്നതു് ഈശ്വരപൂജയുടെ ഭാഗമായിരുന്നു. രാവിലെ എഴുന്നേല്ക്കുന്നതും കുളത്തില്‍ കുളിച്ചു വന്നു തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വയ്ക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ചു് ഈശ്വരനാമങ്ങള്‍ കീര്‍ത്തിക്കുന്നതും ഉദയാഭിമുഖമായിനിന്നു സൂര്യനമസ്‌കാരം നടത്തുന്നതുമെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്കു് ഉണര്‍വ്വുണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും വളരെ സഹായിച്ചിരുന്നു. നിത്യാനുഷ്ഠാനത്തിന്റെ ഭാഗമായി ആചരിച്ചുപോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈവക അനുഷ്ഠാനങ്ങളിലൂടെ മനസ്സിന്റെ പിരിമുറുക്കം ഇല്ലാതെയാകുന്നു; ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു. ഇന്നു നമ്മളില്‍ എത്ര പേര്‍ നിത്യവും സൂര്യനുദിക്കുന്നതും പൂക്കള്‍ വിടരുന്നതും കാണുന്നുണ്ടു് ? പക്ഷികളുടെ കളകൂജനത്തിനു ചെവിയോര്‍ക്കുന്നുണ്ടു് ?