ചോദ്യം : നമ്മളില്‍ ഗുരുവും ഈശ്വരനും ഉണ്ടെങ്കില്‍, പിന്നെ ഒരു ബാഹ്യഗുരുവിൻ്റെ ആവശ്യം എന്താണു്?
അമ്മ: ഏതു കല്ലിലും ഉറങ്ങിക്കിടക്കുന്ന ഒരു ശില്പമുണ്ടു്. അതിലെ വേണ്ടാത്ത ഭാഗങ്ങള്‍ ശില്പി കൊത്തിക്കളയുമ്പോഴാണു് ശില്പം തെളിഞ്ഞുവരുന്നതു്. അതുപോലെ ഗുരു ശിഷ്യനിലെ സത്തയെ തെളിച്ചുകൊണ്ടുവരുന്നു. ഏതോ ഭ്രമത്തില്‍പെട്ടു നമ്മള് എല്ലാം മറന്നിരിക്കുകയാണു്. ഈ ഭ്രമത്തില്‍നിന്നു് സ്വയം ഉണരാന്‍ കഴിയാത്തിടത്തോളം ബാഹ്യഗുരു ആവശ്യമാണു്. അവിടുന്നു നമ്മുടെ മറവി മാറ്റിത്തരും. നമ്മള് പരീക്ഷയ്ക്കുവേണ്ടി നന്നായി പഠിച്ചു. പരീക്ഷാഹാളില്‍ ചെന്നു ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ ആ പരിഭ്രമത്തില്‍ എല്ലാം മറന്നു. കാണാപ്പാഠം പഠിച്ചതും കൂടി ഓര്‍ക്കുന്നില്ല. ആ സമയം അടുത്തിരുന്ന ഒരു കുട്ടി എഴുതാനുള്ള പദ്യത്തിൻ്റെ ഒരു വരി പറഞ്ഞുതന്നു. പെട്ടെന്നു് ബാക്കി വരികളെല്ലാം ഓര്‍മ്മ വന്നു. കവിത മുഴുവനും തെറ്റുകൂടാതെ എഴുതുവാന്‍ കഴിഞ്ഞു. ഇതുപോലെ നമ്മളില്‍ ആ ജ്ഞാനമുണ്ടു്. അതു് ഒരു മറവിയില്‍ ഇരിക്കുകയാണു്. അതിനെ ഉണര്‍ത്തുവാനുള്ള ശക്തി ഗുരുവാക്യത്തിനുണ്ടു്.

ശിഷ്യന് ഗുരുസമീപത്തിരുന്നു സാധന ചെയ്യുമ്പോള്‍, ശിഷ്യനിലെ അസത്തു മറയുകയും ഉണ്മ തെളിഞ്ഞുവരുകയും ചെയ്യുന്നു. മെഴുകില്‍ പൊതിഞ്ഞ ശില്പം തീയുടെ സമീപം ചെല്ലുമ്പോള്‍, മെഴുകുരുകി ശില്പം താനെ തെളിയുന്നു. സത്യത്തെ അറിഞ്ഞ അപൂര്‍വ്വം ചിലര്‍ക്കു് ഗുരുവില്ലായിരുന്നു എന്നുകരുതി, ആര്‍ക്കും ഗുരു വേണ്ടെന്നു പറയുവാന്‍ പറ്റില്ല. നിങ്ങളില്‍ ബീജരൂപത്തില്‍ ഈശ്വരനും ഗുരുവും ഉണ്ടു്. പക്ഷേ, യോജിച്ച കാലാവസ്ഥ ഉണ്ടായാലേ ആ വിത്തു വളര്‍ന്നു ഫലം നല്‍കുകയുള്ളു. എവിടെയിട്ടാലും അതു വളരുകയില്ല. ഈ യോജിച്ച കാലാവസ്ഥ അനുകൂല സാഹചര്യം ഒരുക്കിത്തരുന്ന ആളാണു് ഗുരു.
ആപ്പിള്‍ കാശ്മീരില്‍ ധാരാളം വളരും. അവിടുത്തെ കാലാവസ്ഥ അതിനു യോജിച്ചതാണു്. കേരളത്തിലും ആപ്പിള്‍ നട്ടുവളര്‍ത്താം. വേണ്ട പരിചരണം കൊടുക്കണം. എന്നാലും മിക്കതും വളരില്ല. ഉണങ്ങിപ്പോകും. അഥവാ വളര്‍ന്നാല്‍ക്കൂടി, വേണ്ടത്ര കായ് ഫലം കിട്ടില്ല. കാരണം അതിനു പറ്റിയ അന്തരീക്ഷമല്ല കേരളത്തിലുള്ളതു്. കാശ്മീരിലെ കാലാവസ്ഥ ആപ്പിളിനെന്നപോലെ, ശിഷ്യനു് അവൻ്റെ ആത്മസത്തയെ അറിയുവാനുള്ള സാഹചര്യം, ഉള്ളിലെ ഗുരുവിനെ ഉണര്‍ത്തുവാനുള്ള അനുകൂലാന്തരീക്ഷം, ഒരുക്കിത്തരുന്ന ആളാണു് ഗുരു.
ഭൗതികകാര്യങ്ങളെപ്പോലെ ആദ്ധ്യാത്മികതയും നാം പ്രായോഗികരീതിയില്‍ വേണം ഉള്‍ക്കൊള്ളുവാന്‍. കുട്ടിക്കു് അതിൻ്റെ അമ്മ പാല്പാത്രം പിടിച്ചു കൊടുക്കുന്നു. ഉടുപ്പിട്ടു കൊടുക്കുന്നു. പിന്നെപ്പിന്നെ അവനിതെല്ലാം തനിയെ ചെയ്യുവാന്‍ പഠിക്കുന്നു. അതു പോലെ സ്വയം ചെയ്യുവാന്‍ പ്രാപ്തി എത്തുന്നതുവരെ ഏതിനും ഒരു സഹായം ആവശ്യമാണു്. ഭൂപടം നോക്കി യാത്ര ചെയ്യുന്നവര്‍ ചിലപ്പോള്‍ വഴിയറിയാതെ കറങ്ങുന്നതു കാണാം. എന്നാല്‍, ഒരു വഴികാട്ടി കൂടെയുണ്ടെങ്കില്‍ വഴി തെറ്റുകയില്ല. അതിനാല്‍ മാര്‍ഗ്ഗം നിശ്ചയമുള്ള ഒരാള്‍ എപ്പോഴും കൂടെയുണ്ടെങ്കില്‍, യാത്ര എളുപ്പമാണു്.
നമ്മളില്‍ എല്ലാവരിലും ആ പരമാത്മതത്ത്വം ഉണ്ടെങ്കില്‍ത്തന്നെയും ശരീരബോധം നില നില്ക്കുന്ന കാലം വരെ ഗുരു ആവശ്യമാണു്. ഉപാധികളുമായുള്ള താദാത്മ്യം വിട്ടുകഴിഞ്ഞാല്‍ പിന്നെ ഒന്നും ആവശ്യമില്ല. ഗുരു ഈശ്വരന് അവനില്‍ തെളിഞ്ഞുകഴിഞ്ഞു. സാധാരണ മനുഷ്യന് ഒരു മെഴുകുതിരി പോലെയാണെങ്കില്‍, തപസ്വി സൂര്യനെപ്പോലെയാണു്. വെള്ളത്തിനുവേണ്ടി പലരും കിണറു കുഴിക്കും. ചില സ്ഥലങ്ങളില്‍ എത്ര കുഴിച്ചാലും വെള്ളം കിട്ടില്ല. എന്നാല്‍ നദീതീരങ്ങളില്‍ വെള്ളം കിട്ടുമെന്നുള്ളതു് തീര്‍ച്ചയാണു്. അവിടെ അധികം കുഴിക്കേണ്ടതുമില്ല. ഇതുപോലെയാണു് ഒരു സാധകനു ഗുരു സാമീപ്യം. അത്യദ്ധ്വാനം കൂടാതെതന്നെ ഫലം ലഭിക്കും. ചെയ്യേണ്ട പ്രയത്നവും അനുഭവിക്കേണ്ട പ്രാരബ്ധത്തിൻ്റെ കാഠിന്യവും ഗുരു സാമീപ്യത്തില്‍ കുറഞ്ഞു കിട്ടും.
അലഞ്ഞുനടക്കുന്ന മനസ്സിനെ ഒരു പോയന്റില്‍ ഏകാഗ്രപ്പെടുത്തിയാല്‍, നമ്മില്‍ ശക്തി വര്‍ദ്ധിക്കും എന്നു് ഇന്നു സയന്‍സും പറയുന്നു. അപ്പോള്‍, തപസ്വിയില്‍ ഈ ശക്തി എത്രമാത്രം ഉണ്ടായിരിക്കണം. കാരണം, എത്ര കാലങ്ങളായി അവര്‍ ധ്യാനജപാദികളിലൂടെ ഏകാഗ്രത ശീലിക്കുന്നു. അതാണു് കറണ്ടില് തൊട്ടാല്‍ ഷോക്കു് കിട്ടുന്നതുപോലെ തപസ്വിയുടെ സ്പര്‍ശത്തിലൂടെതന്നെ നമ്മളില്‍ ശക്തി പകരും എന്നു പറയുന്നതിൻ്റെ പിന്നിലെ യുക്തി. ഗുരുവിനു്, സാധകനു വേണ്ട അനുകൂല സാഹചര്യം സൃഷ്ടിക്കുവാന്‍ മാത്രമല്ല, ശക്തി പകരുവാന്‍ കൂടി കഴിയും.
സാധനയുടെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോയ ഒരുവനു മാത്രമേ, ഒരു സാധകനെ വേണ്ടവണ്ണം നയിക്കുവാന്‍ കഴിയുകയുള്ളൂ. തിയറി നമുക്കു വായിച്ചു പഠിക്കാം, പക്ഷേ, പ്രാക്ടിക്കലില്‍ വിജയിക്കണമെങ്കില്‍ ഒരു അദ്ധ്യാപകന് ആവശ്യമാണു്. അതുപോലെ ശാസ്ത്രവും മറ്റും നമുക്കു പുസ്തകങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു നീങ്ങുമ്പോള്‍, അവനില്‍ പല പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഉയര്‍ന്നു വരാം. അവയെ വേണ്ട വണ്ണം ശ്രദ്ധിക്കാതെ നീങ്ങിയതിൻ്റെ ഫലമായി പലര്‍ക്കും മാനസികരോഗം വന്നതായി കണ്ടിട്ടുണ്ടു്. അപ്പോള്‍ ഓരോരുത്തരുടെയും ശാരീരികവും മാനസികവും ബൗദ്ധികവുമായ ഘടന നോക്കി സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതായിട്ടുണ്ടു്. അതു ഗുരുവിനേ കഴിയുകയുള്ളൂ. ടോണിക് ശരീരപുഷ്ടിക്കുള്ളതാണെങ്കിലും ക്രമം തെറ്റിച്ചു കഴിച്ചാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യുകയുള്ളൂ. അതിനാല്‍ സാധകനു ഗുരു തീര്‍ത്തും ആവശ്യമാണു്.

 Download Amma App and stay connected to Amma
Download Amma App and stay connected to Amma