ചോദ്യം : ഗുരു സാക്ഷാത്കാരം കിട്ടിയ ആളല്ല എങ്കില്‍, തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചതുകൊണ്ടു് എന്താണു വിശേഷം? ശിഷ്യന് കബളിപ്പിക്കപ്പെടുകയല്ലേയുള്ളൂ? അപ്പോള്‍ ഗുരു സാക്ഷാത്കാരം കിട്ടിയ ആളാണോ, അല്ലയോ എന്നു് എങ്ങനെ അറിയാന്‍ കഴിയും?

അമ്മ: അതു പറയാന്‍ പ്രയാസമാണു്. ഇവിടുത്തെ വലിയ നടന് ആരാണെന്നുവച്ചാല്‍ ആ നടനാകാനാണു് എല്ലാവര്ക്കും ആഗ്രഹം. അതിനുവേണ്ടി എല്ലാ അഭ്യാസങ്ങളും അവര്‍ ചെയ്യും. ഏതു രീതിയിലും അനുകരിക്കുവാന്‍ ശ്രമിക്കും. ഗുരുക്കന്മാരെ മറ്റുള്ളവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ പലര്‍ക്കും ഗുരു ചമയുവാന്‍ ആഗ്രഹം വരും. അപ്പോള്‍ ഉത്തമഗുരുവിൻ്റെ ലക്ഷണംകൂടി പറഞ്ഞുകഴിഞ്ഞാല്‍, ഗുരു ചമയുവാന്‍ വെമ്പല്‍കൊണ്ടു നില്ക്കുന്നവര്ക്കു് എളുപ്പമായി. അവരുടെ അഭിനയത്തില്‍ സാധാരണ ജനങ്ങള്‍ വഞ്ചിക്കപ്പെടും. അതുകൊണ്ടു സദ്ഗുരുക്കന്മാരെക്കുറിച്ചൊന്നും കൂടുതലായി വിവരിക്കാന്‍ പറ്റില്ല. അതു പരസ്യമായി പറയേണ്ടതല്ല. ശാസ്ത്രങ്ങളില്‍ ഗുരുക്കന്മാരുടെ ലക്ഷണത്തെക്കുറിച്ചു കുറെയൊക്കെ വിവരിച്ചിട്ടുണ്ടു്. അതില്‍ കൂടുതലായൊന്നും അമ്മയ്ക്കു പറയാന്‍ പറ്റില്ല.
അതുപോലെ ഒരു ഗുരുവിൻ്റെ ലക്ഷണംവച്ചു മറ്റൊരു ഗുരുവിനെ തിരിച്ചറിയുവാനും പ്രയാസമാണു്. ഓരോരുത്തരുടെയും പ്രവൃത്തി ഓരോ രീതിയിലാണു്.
എന്തൊക്കെ വായിച്ചിരുന്നാലും പഠിച്ചിരുന്നാലും ഹൃദയശുദ്ധി കൂടാതെ ഉത്തമഗുരുവിനെ കണ്ടെത്തുക പ്രയാസമാണു്. ത്യാഗം, കാരുണ്യം, സ്നേഹം, നിസ്സ്വാര്‍ത്ഥത ഇവയൊക്കെ എല്ലാ ഗുരുക്കന്മാരിലും പൊതുവെ കാണാമെങ്കിലും ശിഷ്യനെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി അവര്‍ പല വേഷങ്ങളും ആടാറുണ്ടു്. അവിടെയൊക്കെ തളരാതിരിക്കണമെങ്കില്‍ ശുദ്ധഹൃദയം അതൊന്നുകൊണ്ടു മാത്രമേ സാധിക്കൂ. അതിനാല്‍ നിഷ്കളങ്കഹൃദയത്തോടെ ശരിയായ ജിജ്ഞാസയോടെ ശിഷ്യന് അന്വേഷണം ആരംഭിക്കുമ്പോള്‍, ശരിയായ ഗുരു അവൻ്റെ മുന്നില്‍ എത്തപ്പെടും. മറിച്ചു്, ശിഷ്യനു ഗുരുവിനെ പരീക്ഷിച്ചറിയുക പ്രയാസമാണു്. അഥവാ, കപടഗുരുക്കന്മാരുടെ വലയില്‍ അകപ്പെട്ടാല്‍ത്തന്നെ, ശിഷ്യൻ്റെ ഹൃദയം ശുദ്ധമാണെങ്കില്‍, അവൻ്റെ ആ നിഷ്ക്കളങ്കത അവനെ ശരിയായ സ്ഥാനത്തെത്തിക്കും. ഈശ്വരന് അതിനുള്ള വഴികള്‍ ഒരുക്കിക്കൊടുക്കും.
അതിനാല്‍ ഗുരുവിനെ പരീക്ഷിച്ചറിയാന്‍ സമയം കളയാതെ, തന്നെ ഉത്തമശിഷ്യനാക്കിത്തീര്‍ക്കുവാന്‍, ഉത്തമഗുരുവിൻ്റെ സമീപത്തിലെത്തിക്കുവാന്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയാണു വേണ്ടതു്. ബുദ്ധിയും ഹൃദയവും ഒന്നാകുമ്പോഴേ ശിഷ്യനു ഗുരുവിനെ അറിയാന്‍ കഴിയൂ.

Download Amma App and stay connected to Amma