ചോദ്യം : അമ്മേ, ദുര്‍ബ്ബലമനസ്സുകളല്ലേ ഗുരുവിനെ ആശ്രയിക്കുന്നതു്?
അമ്മ: മോനേ, കുടയുടെ ബട്ടണ്‍ അമര്‍ത്തുന്നതുകൊണ്ടു കുട നിവരുകയാണു്. അതുപോലെ ഗുരുവിൻ്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വിശ്വമനസ്സാക്കി മാറ്റാന്‍ കഴിയുന്നു. ആ അനുസരണയും വിനയവും ദൗര്‍ബ്ബല്യമല്ല. ജലത്തെ ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍പോലെ ഗുരു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഓരോ സാഹചര്യം വരുമ്പോഴും നാം അഹങ്കാരത്തിനു് അടിമപ്പെട്ടുപോവുകയാണു്. വിവേചിച്ചു നീങ്ങുന്നില്ല.
ഒരിക്കല്‍ ഒരു കള്ളന്‍ മോഷ്ടിക്കാന്‍ പോയി. ഒരു വീട്ടില്‍ ചെന്നു കയറി. വീട്ടുകാര്‍ ഉണര്‍ന്നു. കള്ളന്‍ ഓടി. ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു ബഹളം കൂട്ടി. നാട്ടുകാര്‍ കള്ളൻ്റെ പിറകെ ഓടി. ആളുകള്‍ കൂടിയപ്പോള്‍ കള്ളനും അവരുടെ കൂട്ടത്തില്‍ക്കൂടി ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു പറഞ്ഞുകൊണ്ടു് ഓടാന്‍ തുടങ്ങി. ഇതുപോലെ ഓരോ സാഹചര്യത്തിലും അഹങ്കാരം നമ്മോടൊപ്പം ചേരുകയാണു്. അഹങ്കാരം കളയാനുള്ള സാഹചര്യങ്ങള്‍ ഈശ്വരന്‍ തരുമ്പോഴും നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുകയാണു്. കൂട്ടത്തില്‍ ചേര്‍ക്കുകയാണു്. വിനയത്തിലൂടെ കളയാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല.
ഇന്നു നമ്മുടെ മനസ്സു് ചെടിച്ചട്ടിയില്‍ വളരുന്ന ചെടിപോലെയാണു്. വെള്ളം ഒഴിച്ചില്ലെങ്കില്‍ അടുത്ത ദിവസം പൂവു വാടിക്കൊഴിയും. അതുപോലെ നിയമങ്ങളും ചിട്ടകളും കൂടാതെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ കഴിയില്ല. മനസ്സു് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത സ്ഥിതിയില്‍ യമനിയമങ്ങള്‍ പാലിക്കണം, ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു ജീവിക്കണം. മനസ്സു് നമ്മുടെ നിയന്ത്രണത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ പേടിക്കേണ്ട. നമ്മില്‍ വിവേകം ഉദിച്ചു കഴിഞ്ഞു. അതു നമ്മളെ നയിക്കും.