ചോദ്യം : ഗുരുവിന്റെ സഹായമില്ലാതെ സാധനയും സത്സംഗവുംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താമോ?
അമ്മ: മോനേ, പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകള്‍ റിപ്പയറു ചെയ്യുവാന്‍ കഴിയില്ല. വര്‍ക്കുഷോപ്പില്‍പ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവര്‍ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്.

ഔഷധങ്ങളുടെ പുറത്തുള്ള ലേബലില്‍ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ അതു കഴിക്കുവാന്‍ പാടില്ല. പൊതുവായ നിര്‍ദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയിക്കുന്നതു ഡോക്ടറാണു്. ക്രമം തെറ്റിക്കഴിച്ചാല്‍ ഗുണത്തിനു പകരം ദോഷമായിരിക്കും സംഭവിക്കുക. അതുപോലെ ആദ്ധ്യാത്മികതയെക്കുറിച്ചും സാധനയെക്കുറിച്ചും, സത്സംഗങ്ങള്‍ ശ്രവിച്ചും പുസ്തകങ്ങള്‍ വായിച്ചും മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു് അപകടം കൂടാതെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഗുരുവില്ലാതെ പറ്റില്ല.
ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാന്‍ പ്രയാസമാണു്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടു പോകുക. തുടക്കത്തില്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. ആപ്പിള്‍വൃക്ഷവും മറ്റും വളരണമെങ്കില്‍ അതിനിണങ്ങുന്ന കാലാവസ്ഥ ആവശ്യമാണു്. വേണ്ട സമയത്തു വെള്ളവും വളവും നല്‍കണം. അതിനെ ആക്രമിക്കുന്ന കൃമികീടങ്ങളെ നശിപ്പിക്കണം. അതുപോലെ, ഒരു സാധകനു സാധനയ്ക്കു യോജിച്ച സാഹചര്യങ്ങള്‍ ഗുരു നല്കുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും ഗുരു സംരക്ഷിക്കുന്നു.
(തുടരും)

Download Amma App and stay connected to Amma