ചോദ്യം : സൈക്യാട്രിസ്റ്റുകള്‍ മനസ്സിന്റെ ഡോക്ടര്‍മാരല്ലേ?
അമ്മ: മനസ്സിന്റെ സമനില തെറ്റിയാല്‍ ചികിത്സിക്കാനേ അവര്‍ക്കു സാധിക്കുന്നുള്ളൂ. എന്നാല്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ എങ്ങനെ ജീവിക്കണം എന്നു പഠിപ്പിക്കുന്നവരാണു് ആദ്ധ്യാത്മിക ഗുരുക്കന്മാര്. അതിനുവേണ്ടിയുള്ളതാണു ഗുരുകുലങ്ങള്‍.

ചോദ്യം : ആഗ്രഹങ്ങളാണു ദുഃഖത്തിനു കാരണമെന്നു പറയുന്നു. എന്നാല്‍ ഇവയെ വെടിയാന്‍ എന്താണൊരു മാര്‍ഗ്ഗം?
അമ്മ: നമുക്കു ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള് കൂടെ താമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ടു് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ തയ്യാറാകുമോ? ഇല്ല. അവനു സ്ഥിരബുദ്ധിയില്ല; ഏതു നിമിഷവും നമ്മളെ അപകടപ്പെടുത്തും എന്നറിയാം. പാമ്പിനു് എന്തു നല്കി വളര്‍ത്തിയാലും അതു് അതിന്റെ സ്വഭാവം കാണിക്കും. പേ പിടിച്ച പട്ടിയെ വീട്ടില്‍ വളര്‍ത്തുവാന്‍ ആരും തുനിയുകയില്ല. ഇവയൊക്കെ നമുക്കു ദുഃഖം വരുത്തുന്നവയാണെന്നു ബോദ്ധ്യമള്ളതുകൊണ്ടു് അവയെ ഒന്നും കൂട്ടു പിടിക്കുന്നില്ല. എപ്പോഴും അവയുടെ ബന്ധനങ്ങളില്‍നിന്നും അകന്നു നില്ക്കാന് ശ്രമിക്കുന്നു. നമ്മള് വളര്‍ത്തിയിരുന്ന നായ് നമുക്കു് എത്ര പ്രിയപ്പെട്ടവനായിരുന്നാലും അതിനു പേ പിടിച്ചാല്‍ കൊല്ലാന്‍ ഒട്ടും മടിക്കില്ല; അതുപോലെ ഓരോ വസ്തുവിന്റെയും സ്വഭാവം മനസ്സിലാക്കി വേണ്ടതിനെ മാത്രം സ്വീകരിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.
ആഗ്രഹങ്ങള്‍ക്കു നമ്മളെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയില്ല. ഇതു മനസ്സിലാക്കാതെ നമ്മള് ദുരാഗ്രഹങ്ങള്‍ വളര്‍ത്തുന്നു. അപകടത്തില്‍ച്ചെന്നു പതിക്കുന്നു. മറ്റുള്ളവരെയും അപകടപ്പെടുത്തുന്നു. അറിഞ്ഞുകൊണ്ടു നമ്മള് വിഷം കുടിക്കുമോ? എത്ര വിശപ്പുണ്ടായിരുന്നാലും കഴിക്കാന്‍ കൊണ്ടുവച്ച ഭക്ഷണത്തില്‍ ചിലന്തി വീണാല്‍പ്പിന്നെ കഴിക്കില്ല. അതുപോലെ ഭൗതികവിഷയങ്ങളോടുള്ള ആഗ്രഹം ദുഃഖത്തിനു കാരണമാകുമെന്നറിഞ്ഞാല്‍ പിന്നീടു മനസ്സു് അവയുടെ പിന്നാലെ പോകുകയില്ല. അങ്ങനെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയാല്‍ ആഗ്രഹങ്ങളില്‍നിന്നു മോചനം നേടുവാന്‍ കഴിയും. പക്ഷേ, ഇതു വളരെ പ്രയാസമാണു്. എന്നാല്‍ അത്രയ്ക്കു ശ്രദ്ധയും വിവേകവും വൈരാഗ്യവും മനനവും അഭ്യാസവുമുണ്ടെങ്കില്‍ സാധിക്കും.

Download Amma App and stay connected to Amma