ചോദ്യം: അമ്മയ്ക്കു് ആദ്യകാലങ്ങളിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നതായി പറയുന്നുണ്ടല്ലോ, അതിനെക്കുറിച്ചു് എന്താണു പറയാനുള്ളതു്?
അമ്മ: അതു് അത്ര ഗൗരവമുള്ള കാര്യമായി അമ്മയ്ക്കു തോന്നാറില്ല. ലോകത്തിന്റെ സ്വഭാവം അമ്മയ്ക്കു് അറിയാമായിരുന്നു. അമിട്ടു പൊട്ടും എന്നറിഞ്ഞുകൊണ്ടുനിന്നാൽ ഞെട്ടേണ്ട ആവശ്യമില്ല. കടലിൽ നീന്താൻ പഠിച്ചവനു തിരകൾക്കു നടുവിലും നീന്തി രസിക്കാൻ കഴിയുന്നു. ഭയന്നു തളരുന്നില്ല. ലോകത്തിന്റെ സ്വഭാവം നേരത്തെ മനസ്സിലാക്കിയിരുന്നതുകൊണ്ടു് എല്ലാ പ്രതിബന്ധങ്ങളും എന്നിൽ ആനന്ദം ഉളവാക്കിയതേയുള്ളൂ. അവയൊക്കെ എന്നിലേക്കു നോക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്തതു്. എതിർപ്പു പറഞ്ഞവർ എന്റെ കണ്ണാടിയായിത്തീർന്നു. അങ്ങനെ മാത്രമേ എനിക്കവയെ കാണാൻ കഴിഞ്ഞുള്ളൂ. ഞാൻ ശരീരമാണെന്നു ചിന്തിക്കുമ്പോഴാണല്ലോ പരാതിയും ദുഃഖവും വരുന്നതു്.
ആത്മാവിന്റെ ലോകത്തിൽ ദുഃഖത്തിനു സ്ഥാനമില്ല. ആത്മസ്വരൂപത്തെ ചിന്തിച്ചപ്പോൾ എനിക്കു മനസ്സിലായി, ഞാൻ കുളമല്ല നദിയാണെന്നു്. നദിയിൽ പലരും വരുന്നു, രോഗമുള്ളവരും രോഗമില്ലാത്തവരും വരുന്നു. ചിലർ അതിലെ വെള്ളം കുടിക്കുന്നു. ചിലർ കുളിക്കുന്നു. ചിലർ വസ്ര്തമലക്കുന്നു. ചിലർ അതിൽ തുപ്പുന്നു. ആരൊക്കെ ഏതൊക്കെവിധം അതിലെ ജലം ഉപയോഗിക്കട്ടെ, നദിക്കു് ഒരു പ്രശ്‌നവുമില്ല. അതൊഴുകിക്കൊണ്ടേയിരിക്കുന്നു. പൂജയ്ക്കുപയോഗിച്ചാലും കുളിക്കാനുപയോഗിച്ചാലും അതിനു പരിഭവമില്ല. അതെല്ലാവരെയും തഴുകിത്തലോടിക്കൊണ്ടു് ഒഴുകുന്നു. എന്നാൽ കുളമങ്ങനെയല്ല. അതിലെ വെള്ളം കെട്ടിനിന്നു ദുഷിക്കുന്നു. അതിൽനിന്നും ചീത്തമണം മാത്രമേ വരികയുള്ളൂ. ഇതോർത്തപ്പോൾ, എനിക്കു നേരിടേണ്ടിവന്ന എതിർപ്പുകൾക്കും അനുഭവിക്കുവാൻ ഇടയായ സ്‌നേഹത്തിനും എന്നിൽ യാതൊരു വികാരവും സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. അതൊന്നും അത്ര ഗൗരവമുള്ളതായി തോന്നിയില്ല. ഞാൻ ശരീരമെന്നു ചിന്തിക്കുമ്പോഴാണു ദുഃഖം. പക്ഷേ, ആത്മാവിന്റെ തലത്തിൽ ഈ ദുഃഖത്തിനു സ്ഥാനമില്ല. ആരും എന്നിൽനിന്നു ഭിന്നമല്ല. മറ്റുള്ളവരുടെ കുറവു് എന്റെ കുറവായി തോന്നി. അതിനാൽ ഒന്നും ഒരു പീഡനമായി തോന്നിയില്ല. അവർ ഈ വൃക്ഷത്തിൽ ചെളിവാരി എറിഞ്ഞു. പക്ഷേ, അതു് എനിക്കു വളമായി മാറി. എല്ലാം നല്ലതിനു വേണ്ടിയായിരുന്നു.