മക്കളേ, ഇന്നു നമ്മള്‍ അനേക കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു വിഷമിക്കുകയാണു്. കൈ മുറിഞ്ഞാല്‍ മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. അതു സെപ്റ്റിക്കാകുകയേ ഉള്ളൂ. അതിനാല്‍ മുറിവു കഴുകി മരുന്നു വയ്ക്കുകയാണു വേണ്ടതു്. പല കാര്യങ്ങളെക്കുറിച്ചും ആവശ്യമില്ലാതെ ചിന്തിച്ചു മനസ്സിന്‍റെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക ഇന്നു നമ്മുടെ സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. ടെന്‍ഷന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും എത്രകണ്ടു് ഉലയ്ക്കുമെന്നു മക്കള്‍ മനസ്സിലാക്കണം. ടെന്‍ഷനാണു കൂടുതല്‍ രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നതു്.

 

ഇതില്‍ നിന്നുമുള്ള മോചനം ശരണാഗതിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. അവിടത്തോടുള്ള സമര്‍പ്പണം നമ്മുടെ എല്ലാ ഭാരങ്ങളും കുറച്ചുതരും. വാസ്തവത്തില്‍ കാര്യങ്ങള്‍ ഒന്നുംതന്നെയും നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല നടക്കുന്നതു്. അടുത്ത ശ്വാസംപോലും നമ്മോടൊപ്പം ഉണ്ടാകുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അതിനാല്‍ എല്ലാം അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു കര്‍മ്മം ചെയ്യുക എന്നതു മാത്രമാണു് നമുക്കു ചെയ്യുവാനുള്ളതു്. പക്ഷേ, ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഉണ്ടാകന്‍ പാടില്ല. അവിടുത്തെ ശക്തികൊണ്ടു കര്‍മ്മം ചെയ്യുന്നു എന്നുള്ള ഭാവമാണു വേണ്ടതു്. കര്‍മ്മം അവിടുത്തെ പൂജയായി കണ്ടു ചെയ്യണം. ഈ ഒരു സമര്‍പ്പണഭാവത്തെയാണു നമ്മള്‍ വളര്‍ത്തേണ്ടത്.
ഈശ്വരന്‍ സകലരുടെയും ഉള്ളല്‍ അന്തര്യാമിയായി വസിക്കുന്നുണ്ട്. അവിടുന്ന് ഓരോ നിമിഷവും നമ്മളോടു പ്രേമപുരസ്സരം മൃദുവായി സരളതയോടെ സംസാരിക്കുന്നുമുണ്ട്. പക്ഷേ, അതിനു ചെവി കൊടുക്കാനുള്ള ക്ഷമ നമുക്കില്ല. അതു കേള്‍ക്കാനുള്ള കാതും നമുക്കില്ല. അതിനാല്‍ വീണ്ടും വീണ്ടും നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ദുഃഖം അനുഭവിക്കുന്നു. അവിടുത്തെ ആ വാക്കുകള്‍ കേള്‍ക്കുവാനും അനുസരിക്കുവാനുമുള്ള ശിഷ്യഭാവം നാം ഉണര്‍ത്തിയെടുക്കണം. എപ്പോള്‍ നമ്മളില്‍ ഈ ശിഷ്യഭാവം ഉണരുന്നുവോ, അവിടുത്തെ അനുസരിക്കാന്‍ തയ്യാറായി ശ്രദ്ധയോടും ഭക്തിയോടും പ്രേമത്തോടും വിനയത്തോടും അവിടുത്തെ സമീപിക്കുന്നുവോ, അപ്പോള്‍ അവിടുന്നു ഗുരുഭാവം കൈക്കൊണ്ട് നമ്മെ നയിക്കാന്‍ തയ്യാറാകും.
അര്‍ജ്ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണു് സുഹൃത്തുക്കളെപ്പോലെ. എന്നാല്‍ ആ സമയത്തൊന്നും ഭഗവാന്‍ അര്‍ജ്ജുനനു ഗീത ഉപദേശിച്ചില്ല. അര്‍ജ്ജുനനില്‍ ശിഷ്യഭാവം ഉണര്‍ന്നപ്പോഴാണു ഗീത ഉപദേശിച്ചുകൊടുത്തത്. അതിനാല്‍, ശിഷ്യഭാവമാണു നമ്മളില്‍ ഉണര്‍ത്തിയെടുക്കേണ്ടതു്. ശിഷ്യഭാവം എന്നാല്‍ ശരണാഗതിയാണു്. ആ സമയം പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ ഗുരുവായി മാറുകയാണ്. ഓരോ അനുഭവവും ഗുരുവായിമാറുന്നു. ഈ ഒരു ഭാവമില്ലെങ്കില്‍, എത്ര അനുഭവമുണ്ടായാലും നമ്മള്‍ ഒന്നും പഠിക്കുകയില്ല.