”അമ്മേ, അങ്ങനെയാണെങ്കില്‍പ്പിന്നെ ബുദ്ധിയും ഹൃദയവും തമ്മില്‍ എന്താ ഒരു വ്യത്യാസം? രണ്ടും ഏതാണ്ടു് ഒന്നു തന്നെയല്ലേ?”

”പരമമായ അര്‍ത്ഥത്തില്‍ അതു ശരിതന്നെ. എന്നാല്‍, അജ്ഞതയില്‍ കഴിയുന്ന നമുക്കിപ്പോള്‍ അവ രണ്ടും ഒന്നെന്നു കാണാന്‍ കഴിയില്ല. നമ്മളിപ്പോള്‍ ആ അദ്വൈതതലത്തിലെത്തിയിട്ടില്ല, ആ ഏകത്വബോധം നമുക്കിപ്പോഴില്ല. ഇപ്പോഴത്തെ ഈ നാനാത്വലോകത്തില്‍, വാക്കുകളും ആശയങ്ങളും അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. അതുകൊണ്ടിങ്ങനെ പറയേണ്ടി വരുന്നു. “

“ആ നാനാത്വബോധം പോയാല്‍പ്പിന്നെ സ്നേഹം, ആ ദിവ്യസ്നേഹം മാത്രമേ അവശേഷിക്കൂ. ഈ വിശദീകരണങ്ങളുടെയും വാക്കുകളുടെയും എല്ലാം താല്‍പര്യം സത്യം അനുഭവമൊന്നുകൊണ്ടേ അറിയാന്‍ കഴിയൂ. അല്ലാതെ വിവരണങ്ങള്‍ കൊണ്ടൊന്നും കഴിയില്ല എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുകയാണ്.”

”ചിന്തയും യുക്തിയും ഒരുവനില്‍ മുന്നിട്ടു നില്ക്കുമ്പോള്‍ അവരെ നമ്മള്‍ ബുദ്ധിജീവിയെന്നു വിളിക്കുന്നു. മറിച്ച്, സ്നേഹവും കരുണയുമാണു മുന്നിട്ടു നില്ക്കുന്നതെങ്കില്‍ അവിടെ ഹൃദയം വികസിച്ചിരിക്കുന്നതായി നാം പറയുന്നു. രണ്ടിന്റെയും സന്തുലനമാണു നമുക്കാവശ്യം. വെറും ബുദ്ധികൊണ്ടു ഗുണമില്ലെന്നാണമ്മ പറഞ്ഞത്. നമുക്കാവശ്യം വിവേക ബുദ്ധിയാണ്.

നല്ലതും ചീത്തയും തിരിച്ചറിയണമെങ്കില്‍ ഈ വിവേക ബുദ്ധിയാണു വേണ്ടത്. അതോടൊപ്പം സ്നേഹം അനുഭവിക്കാനും പ്രകടിപ്പിക്കാനും നന്മയുള്ള ഹൃദയവും നമുക്കു വേണം. സാധാരണക്കാരനും സാധകനും ഒരുപോലെ ഇവ രണ്ടും ആവശ്യമാണ്. പക്ഷേ, ശുദ്ധഹൃദയവും വിവേകബുദ്ധിയും വേണ്ടപോലെ വികസിച്ചവരെ ഇന്നു കാണാന്‍ കിട്ടാന്‍ തന്നെയില്ല .”