നാടുനീളെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന ഒരു കാലഘട്ടമാണിതു്. ആദ്ധ്യാത്മികപ്രഭാഷണം, സാംസ്‌കാരികപ്രഭാഷണം, രാഷ്ട്രീയപ്രസംഗം, മതപ്രസംഗം, മതത്തിനെതിരെയുള്ള പ്രസംഗം എന്നുവേണ്ട ഓരോരുത്തര്‍ക്കും ഓരോ വിഷയത്തെക്കുറിച്ചു പ്രസംഗിക്കാനുണ്ടു്. സൂര്യനുകീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും ആര്‍ക്കും പ്രസംഗിക്കാന്‍ അധികാരമുണ്ടെന്നാണു് എല്ലാവരുടെയും ഭാവം.

ഇതു പറയുമ്പോള്‍ മഹാഭാരതത്തിലെ ഒരു സന്ദര്‍ഭമാണു് ഓര്‍മ്മ വരുന്നതു്. ദ്രോണാചാര്യര്‍ കൗരവരെയും പാണ്ഡവരെയും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം, ആദ്യത്തെ പാഠം ‘ക്ഷമ’യായിരുന്നു. ഒരു ദിവസം ഗുരു ശിഷ്യരെയെല്ലാം വിളിച്ചിട്ടു് അതുവരെ പഠിപ്പിച്ച പാഠങ്ങള്‍ ചൊല്ലി കേള്‍പ്പിക്കുവാന്‍ പറഞ്ഞു. ഓരോരുത്തരും അവര്‍ പഠിച്ച പാഠങ്ങള്‍ മനഃപാഠം ചൊല്ലിക്കേള്‍പ്പിച്ചു. അങ്ങനെ യുധിഷ്ഠിരൻ്റെ ഊഴമെത്തി. എന്നാല്‍, യുധിഷ്ഠിരന്‍ ഒരു വരി മാത്രമാണു ചൊല്ലിയതു്. ”നീ ഇത്ര മാത്രമേ പഠിച്ചിട്ടുള്ളോ?” ഗുരുവിൻ്റെ ചോദ്യം കേട്ടു യുധിഷ്ഠിരന്‍ മടിച്ചു മടിച്ചു പറഞ്ഞു, ”ക്ഷമിക്കണം ഗുരോ, ഞാന്‍ ആദ്യത്തെ പാഠം ഏതാണ്ടു പഠിച്ചു. രണ്ടാമത്തെ പാഠം അത്രപോലും പഠിച്ചിട്ടില്ല.”

ഇതു കേട്ട ദ്രോണര്‍ക്കു ദേഷ്യം അടക്കാനായില്ല, കാരണം, മറ്റു ശിഷ്യന്മാരേക്കാളും പഠിത്തത്തിൻ്റെ കാര്യത്തില്‍ അദ്ദേഹം പ്രതീക്ഷ വച്ചിരുന്നതു യുധിഷ്ഠിരനിലാണു്. എന്നാല്‍, മറ്റുള്ളവര്‍ മുഴുവന്‍ പാഠങ്ങളും ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ യുധിഷ്ഠിരനാകട്ടെ, കഷ്ടിച്ചു രണ്ടുവരി മാത്രമേ ചൊല്ലാനറിയൂ എന്നു പറയുന്നു. ദേഷ്യം നിയന്ത്രിക്കാനാവാതെ ദ്രോണര്‍ ഒരു വടി എടുത്തു് ഒടിഞ്ഞു കഷ്ണങ്ങളാകുന്നതു വരെ യുധിഷ്ഠിരനെ അടിച്ചു. എന്നാല്‍, അടി മുഴുവന്‍ കൊണ്ടിട്ടും യുധിഷ്ഠിരൻ്റെ മുഖത്തെ പുഞ്ചിരിയും പ്രസന്നതയും മാഞ്ഞിരുന്നില്ല.

അതു കണ്ടപ്പോള്‍ ഗുരുവിൻ്റെ ദേഷ്യം തണുത്തു. അദ്ദേഹത്തിനു വിഷമമായി. സ്നേഹപൂര്‍വ്വം അദ്ദേഹം പറഞ്ഞു, ”കുഞ്ഞേ, നീയൊരു രാജപുത്രനാണു്. നിനക്കു് എന്നെ വേണമെങ്കില്‍ ജയിലിലടയ്ക്കാം, ശിക്ഷിക്കാം. എന്നിട്ടു് നീയതൊന്നും ചെയ്തില്ല. നിനക്കു് അല്പം പോലും ദേഷ്യം വന്നില്ല. നിന്നെപ്പോലെ ക്ഷമയുള്ളവര്‍ ഈ ലോകത്തുണ്ടോ? കുഞ്ഞേ നീ എത്ര മഹത്ത്വമുള്ളവനാണു്.” ഇതു പറഞ്ഞു് അദ്ദേഹം നോക്കുമ്പോള്‍ യുധിഷ്ഠിരന്‍ പഠിച്ച പാഠങ്ങള്‍ എഴുതിയിരുന്ന എഴുത്തോല അവിടെ കിടക്കുന്നു. അതിലെ ആദ്യത്തെ വരി ‘ഒരിക്കലും ക്ഷമ കൈവിടാതിരിക്കുക’ എന്നതായിരുന്നു. രണ്ടാമത്തെ വരിയാകട്ടെ, ‘എല്ലായ്‌പ്പോഴും സത്യം മാത്രം പറയുക’ എന്നും.

അദ്ദേഹത്തിൻ്റെ ദൃഷ്ടി വീണ്ടും യുധിഷ്ഠിരൻ്റെ മുഖത്തേക്കു് ഉയര്‍ന്നപ്പോള്‍ എഴുത്തോലയില്‍ കണ്ട വരികള്‍, യുധിഷ്ഠിരൻ്റെ കണ്ണുകളില്‍ പ്രകാശിക്കുന്നതായി അദ്ദേഹത്തിനു തോന്നി. ശിഷ്യൻ്റെ രണ്ടു കൈകളിലും ചേര്‍ത്തു പിടിച്ച ദ്രോണരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അദ്ദേഹം പറഞ്ഞു, ”യുധിഷ്ഠിരാ! ഞാന്‍ നിങ്ങളെ പഠിപ്പിക്കുമ്പോള്‍ വെറും വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. മറ്റുള്ള കുട്ടികള്‍ തത്തയെപ്പോലെ അതു് ഏറ്റു ചൊല്ലുകയായിരുന്നു. വാസ്തവത്തില്‍ നീ മാത്രമാണു് അവ ശരിയായി പഠിച്ചതു്. നീ എത്ര മഹാനാണു കുഞ്ഞേ! ഇത്രകാലം ഞാന്‍ പഠിപ്പിച്ചിട്ടും ഇതിലെ ഒരു വരിപോലും എനിക്കു പഠിക്കുവാനായില്ല. എനിക്കു് എൻ്റെ ദേഷ്യത്തെ നിയന്ത്രിക്കുവാനായില്ല; ക്ഷമിക്കുവാനായില്ല.”

നിറഞ്ഞ കണ്ണുകളോടെ ഗുരു പറയുന്നതു കേട്ടു യുധിഷ്ഠിരന്‍ പറഞ്ഞു, ”ക്ഷമിക്കണം ഗുരോ അങ്ങയോടെനിക്കല്പം ദേഷ്യമുണ്ടായി.” അതു കേട്ടതോടെ തൻ്റെ ശിഷ്യന്‍ രണ്ടാമത്തെ പാഠവും പഠിച്ചുവെന്നു ദ്രോണര്‍ക്കു ബോദ്ധ്യമായി. കാരണം, സാധാരണ പുകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍, അതില്‍ വീഴാത്തവര്‍ വിരളമാണു്. ഉള്ളില്‍ ദേഷ്യം ഉണ്ടെങ്കിലും പുറത്തു പറയാന്‍ മടിക്കും. എന്നാല്‍, യുധിഷ്ഠിരൻ്റെ കാര്യം നോക്കുക. തുറന്നു പറയാന്‍ ഒരു മടിയും കാണിച്ചില്ല. അതിനര്‍ത്ഥം, യുധിഷ്ഠിരന്‍ രണ്ടാമത്തെ പാഠവും പഠിച്ചു എന്നാണു്. പഠനം പൂര്‍ണ്ണമാകുന്നതു്, പഠിച്ചതു ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ മാത്രമാണു്. അതിനു ശ്രമിക്കുന്നവനാണു യഥാര്‍ത്ഥ ശിഷ്യന്‍.

സത്യത്തില്‍ പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്. പറയാനുള്ളതു ജീവിതത്തിലൂടെ കാട്ടിക്കൊടുക്കുകയാണു് ആവശ്യം. എന്നാല്‍, ഇന്നു പലതും വാക്കില്‍ മാത്രം ഒതുങ്ങുന്നു. ജീവിതത്തില്‍ കാണുന്നില്ല. എന്നിരുന്നാലും നല്ല വാക്കിനും നല്ല പ്രവൃത്തിക്കും തീര്‍ച്ചയായും ഫലമുണ്ടു്. അവ ഒരിക്കലും അര്‍ത്ഥശൂന്യമാകുന്നില്ല.