ധാര്‍മ്മികാചാരസംഹിത
മനുഷ്യരാശി മുഴുവനും നമ്മുടെ കുടുംബമെന്നു നാം കരുതുന്നു. ദയയും ഉദാരതയും നാം ശീലിക്കേണ്ടതുണ്ടു്. നമ്മുടെ ജീവിതം കേവലം നമുക്കുവേണ്ടി മാത്രമാകരുതു്, നമ്മുടെ സേവനം നാം ലോകത്തിനു് അര്‍പ്പിക്കണം.

ആ സേവനവീഥിയില്‍, കൊച്ചുകുട്ടികളെയും പ്രായമായവരെയും ദരിദ്രരെയും അഗതികളെയും വികലാംഗരെയും സമൂഹത്തില്‍നിന്നു് ഒറ്റപ്പെട്ടവരെയും കഷ്ടതയനുഭവിക്കുന്ന ഏതൊരാളെയും നാം വിസ്മരിച്ചുകൂടാ. ഒരു മനുഷ്യനും രണ്ടാംകിട പൗരനായിക്കരുതപ്പെടാന്‍ പാടില്ല. ഒരു രീതിയിലും ചൂഷണം ചെയ്യപ്പെടാനും പാടില്ല.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യമായ പങ്കാളിത്തം വേണം. നമ്മള് യാതൊരു തരത്തിലുള്ള ലൈംഗികമായ ദുരാചരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതു്. എല്ലാ രീതിയിലുമുള്ള മേധാവിത്വവും പീഡനവും നമ്മള് നിര്‍ത്തലാക്കണം.
നീതിയിലും പരസ്പരബഹുമാനത്തിലും സമാധാനത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സംസ്കാരം പടുത്തുയര്‍ത്താന്‍ നാം സ്വയം സമര്‍പ്പിക്കണം. നമ്മള് ഒരു മനുഷ്യനെയും അടിച്ചമര്‍ത്തുകയോ പരിക്കേല്പിക്കുകയോ കൊല്ലുകയോ ശാരീരികമോ മാനസികമോ ആയ പീഡനത്തിനു വിധേയനാക്കുകയോ പാടില്ല. പ്രശ്നപരിഹാരങ്ങള്‍ക്കു് അഹിംസാപരമായ മാര്‍ഗ്ഗങ്ങള്‍ മാത്രം നാം അവലംബിക്കണം.
മനുഷ്യരാശി ധര്‍മ്മപരവും നീതിയുക്തവുമായ ഒരു സാമൂഹ്യവ്യ വസ്ഥിതി കെട്ടിപ്പടുക്കാന്‍ യത്നിക്കണം. ആ വ്യവസ്ഥിതിയില്‍ എല്ലാവര്ക്കും പൂര്‍ണ്ണത പ്രാപിക്കാനുള്ള അവസരമുണ്ടായിരിക്കണം. നമ്മള് സത്യനിഷ്ഠയോടെ സൗമ്യതയോടെ, ഉദാരതയോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അന്യായമോ മുന്‍വിധിയോ വിദ്വേഷമോ കാട്ടാതെ എല്ലാവരോടും കാരുണ്യ പൂര്‍വ്വം പെരുമാറണം.
നാം മോഷ്ടിക്കുവാന്‍ പാടില്ല. നാം അധികാരത്തിനും പ്രതാപത്തിനും പണത്തിനും ഭോഗത്തിനും ഉള്ള ദുരയെ ത്യജിച്ചു് നീതിയുറ്റതും ശാന്തിപൂര്‍ണ്ണവുമായ ഒരു ലോകം പടുത്തുയര്‍ത്തണം.
വ്യക്തികളുടെ ചേതസ്സില്‍ ശുഭകരമായ മാറ്റം വരാതെ ഭൂമിയുടെ ഉദ്ധാരണം സാദ്ധ്യമല്ല. അതിനായി നമ്മുടെ പ്രജ്ഞയെ ശിക്ഷണത്തിലൂടെയും മനഃസംയമനത്തിലൂടെയും ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ക്രിയാത്മകമായ ചിന്താഗതിയിലൂടെയും ഉയര്‍ത്തുവാന്‍ യത്നിക്കുമെന്നു നാം പ്രതിജ്ഞയെടുക്കുന്നു. ത്യാഗം ചെയ്യുവാനും നഷ്ടം സഹിക്കുവാനും ഉള്ള സന്നദ്ധത കൂടാതെ നമ്മുടെ സ്ഥിതിയില്‍ അടിസ്ഥാനപരമായ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.

Download Amma App and stay connected to Amma