മക്കളേ, ജീവിതത്തില്‍ രണ്ടു കാര്യങ്ങളാണു നടക്കുന്നതു്. ഒന്നു്, കര്‍മ്മം ചെയ്യുക. രണ്ടു്, അതിൻ്റെ ഫലം അനുഭവിക്കുക. കര്‍മ്മം ഏതു മനോഭാവത്തോടുകൂടി ചെയ്യണം, ഏതു മനോഭാവത്തോടുകൂടി കര്‍മ്മഫലം അനുഭവിക്കണം എന്നതറിഞ്ഞാല്‍ ജീവിതം താരതമ്യേന ശാന്തവും സമാധാനപൂര്‍ണ്ണവും ആയിത്തീരും.

നാം വളരെയധികം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുക എന്നതു ജീവിതത്തില്‍ സാധാരണ കണ്ടുവരുന്നതാണു്.
ഒരു കര്‍മ്മത്തിൻ്റെ ഫലം ലഭിക്കുന്നതിനു നമ്മുടെ കര്‍മ്മം കൂടാതെ അനേകം ഘടകങ്ങളും കാരണമായിട്ടുണ്ടു്. ഇവയെല്ലാം അനുകൂലമായി വന്നാല്‍ മാത്രമേ നാം പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. ഇവിടെ കര്‍മ്മം ചെയ്യുക എന്ന ഒരു കാര്യം മാത്രമേ നമ്മുടെ അധീനതയിലുള്ളൂ. അതുകൊണ്ടു്, നമുക്കു ചെയ്യുവാന്‍ കഴിയുന്നതു്, ഫലത്തെക്കുറിച്ചു ചിന്തിച്ചു വിഷമിക്കാതെ, നമ്മുടെ കഴിവിൻ്റെ പരമാവധി നന്നായി ചെയ്യുക എന്നതു മാത്രമാണു്.
അതുകൊണ്ടാണു ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുവാന്‍ ഗീതയില്‍ ഭഗവാന് ഉപദേശിക്കുന്നതു്. കൂലി വാങ്ങാതെ ജോലി ചെയ്യണം എന്നല്ല ഇതിനര്‍ത്ഥം. ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ വെടിഞ്ഞു കര്‍മ്മം ചെയ്താല്‍ കര്‍മ്മം നന്നായി ചെയ്യുവാന്‍ കഴിയും. നമുക്കു ലഭിക്കുവാനുള്ളതു സ്വാഭാവികമായി വന്നു ചേരുകയും ചെയ്യും.

നാം പരീക്ഷ വളരെ നന്നായി എഴുതിയാലും പേപ്പര്‍ നോക്കുന്ന പ്രൊഫസറും മാര്‍ക്കു പകര്‍ത്തുന്ന ക്ലര്‍ക്കും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതീക്ഷിച്ച ഫലം കിട്ടുകയില്ല. ഒരു കുട്ടി വളരെ നന്നായി പഠിച്ചു പരീക്ഷ എഴുതി. റാങ്കു കിട്ടുമെന്നുതന്നെ അവന് പ്രതീക്ഷിച്ചു. പക്ഷേ, പരീക്ഷാഫലം വന്നപ്പോള്‍ കഷ്ടിച്ചു ജയിച്ചതേയുള്ളൂ. പ്രതീക്ഷിച്ചത്ര മാര്‍ക്കു കിട്ടിയില്ല എന്നു കരുതി അവന് നിരാശനായില്ല. പരീക്ഷാപേപ്പര്‍ എടുക്കുവാനുള്ള കാര്യങ്ങള്‍ ചെയ്തു. രണ്ടാമതു നോക്കി മാര്‍ക്കിട്ടപ്പോള്‍ റാങ്കുണ്ടു്.
ഇതെങ്ങനെ സംഭവിച്ചു എന്നന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതു പേപ്പര്‍ നോക്കിയ പ്രൊഫസര്‍ ആ സമയം ആകെ അസ്വസ്ഥനായിരുന്നു എന്നാണു്. അദ്ദേഹത്തിൻ്റെ ഭാര്യ ആരുടെയോകൂടെ ഒളിച്ചോടി. അതിൻ്റെ വിഷമത്തിലായതിനാല്‍ അദ്ദേഹത്തിനു ശ്രദ്ധയോടെ പേപ്പര്‍ നോക്കുവാനായില്ല. അതാണു് അമ്മ പറഞ്ഞതു്, നമ്മള് എത്രതന്നെ പഠിച്ചു പരീക്ഷ എഴുതിയാലും നമ്മുടെ പ്രയത്നം മാത്രമല്ല, വിജയം നിര്‍ണ്ണയിക്കുന്നതു് എന്നു്.

Download Amma App and stay connected to Amma