ഈശ്വരന്‍ പ്രേമമാണു്. ഈ സൃഷ്ടിയുടെ പിന്നിലെ ചൈതന്യമാണു്. സകല ജീവജാലങ്ങളോടുമുള്ള പ്രേമത്തിനും കാരുണ്യത്തിനും പ്രാധാന്യം നല്കാത്ത ഒരു മതവും ഇല്ല.

പ്രേമമെന്ന ഈ തത്ത്വത്തെ എല്ലാ മതസ്ഥരും അനുഷ്ഠിച്ചിരുന്നെങ്കില്‍ ലോകത്തു കാണുന്ന പ്രശ്‌നങ്ങളെല്ലാം എന്നേ ഇല്ലാതായേനേ. എല്ലാ ജീവരാശികളും ഈശ്വരൻ്റെ മക്കളാണു്. അവര്‍ പരസ്പരം സ്നേഹിക്കുകയും സഹോദരബുദ്ധിയോടെ സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു കാണുവാന്‍ ഈശ്വരന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം സൃഷ്ടിച്ച  ഭിന്നതകള്‍ കാരണം മനുഷ്യന്‍ ആത്മനാശത്തിലേക്കാണു നീങ്ങി ക്കൊണ്ടിരിക്കുന്നതു്.

മാനവസമൂഹത്തിനു സ്നേഹത്തിൻ്റെയും സത്യത്തിൻ്റെയും മാര്‍ഗ്ഗദീപം തെളിക്കുവാന്‍വേണ്ടിയാണു മതങ്ങള്‍ നിലകൊള്ളേണ്ടതു്. മതം ഒരിക്കലും ഭിന്നതകളെ പ്രോത്സാഹിപ്പിക്കരുതു്. എല്ലാ മതങ്ങളില്‍ക്കൂടിയും പ്രകാശിക്കുന്നതു് ഒരേയൊരു പരമസത്യമാണു്. ഈ ഒരു കാഴ്ചപ്പാടിലൂടെ മതത്തെ കാണുവാന്‍ സാധിച്ചാല്‍ നമുക്കു പരമസത്യത്തോടു കൂടുതല്‍ അടുക്കുവാനും പരസ്പരം മനസ്സിലാക്കുവാനും മനുഷ്യരാശിയെ ശാന്തിയിലേക്കു നയിക്കുവാനും സാധിക്കും.

നമ്മള്‍ ഓരോരുത്തരും എത്ര കാലത്തോളം ഈ ഭൂമിയില്‍ ജീവിക്കുവാന്‍ പോകുന്നു? ആരും എന്നെന്നേക്കും ജീവിക്കുവാന്‍ പോകുന്നില്ല. നമ്മുടെതെന്നു നമ്മള്‍ കരുതുന്നതെല്ലാം നശിക്കുന്നതാണു്. യാഥാര്‍ത്ഥ്യം അങ്ങനെയെങ്കില്‍ ഈശ്വരന്‍ നല്കിയ ഈ ജീവിതം ക്ഷണികമായ ലക്ഷ്യങ്ങളുടെ പിറകെ അലഞ്ഞു നഷ്ടമാക്കുന്നതിലെന്തു യുക്തിയാണുള്ളതു്?

എല്ലാ മതങ്ങളിലെയും യഥാര്‍ത്ഥ ആചാര്യന്മാര്‍ പറയുന്നതു്; അസ്ഥിരവും സദാ മാറിക്കൊണ്ടിരിക്കുന്നതുമായ ഈ ലോകത്തിനു് ആധാരമായി മാറ്റമില്ലാത്തതും നശിക്കാത്തതുമായ ഒരു അടിസ്ഥാനതത്ത്വം ഉണ്ടെന്നാണു്. ആ സത്യത്തെ സാക്ഷാത്കരിക്കുമ്പോഴാണു് അമൃതത്വം കൈവരുന്നതു്. അതാണു ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം.

സ്നേഹത്തിൻ്റെയും ശാന്തിയുടെയും അടിത്തറയില്‍ ശാശ്വതമായ ജീവിതം പടുത്തുയര്‍ത്തുവാനു ള്ള ശക്തമായ അഭിലാഷം മതങ്ങള്‍ ജനങ്ങളില്‍ ഉളവാക്കണം. ഇതുതന്നെയാണു മനുഷ്യരാശിക്കു വേണ്ടി മതത്തിനു ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം. മതങ്ങള്‍ തമ്മിലുള്ള സ്നേഹവും സഹകരണവും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. 21ാം നൂറ്റാണ്ടിലേക്കു വഴിതെളിക്കുന്ന ദീപങ്ങള്‍ സ്നേഹവും ശാന്തിയും സഹകരണവും അഹിംസയുമാകട്ടെ.