മക്കളേ, നമ്മള് ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ജീവശൃംഖലയിലെ ഒരു കണ്ണിമാത്രമാണു്. നമ്മുടെ ഓരോ കര്‍മ്മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ടു്. അതുപോലെത്തന്നെ തിരിച്ചും. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. അതുകൊണ്ടാണു നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശ്രദ്ധ വേണമെന്നു പറയുന്നതു്.

ജീവിതം പഠിപ്പിച്ച പാഠം
ഒരിക്കല്‍, ഒരാള്‍ ബസ്സില്‍ കയറി. അതിലെ കണ്ടക്ടറുടെ പെരുമാറ്റം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. വളരെ ശാന്തതയോടെ പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും പെരുമാറുന്നു. സ്റ്റോപ്പുകളില്‍ കൃത്യമായി ബസ്സു് നിര്‍ത്തുന്നു. കയറുന്നവര്‍ക്കു് ഒരു ബുദ്ധിമുട്ടും വരാത്തവിധം ബെല്ലടിക്കുന്നു. ബാക്കി കൊടുക്കുവാനുള്ള പണം കൃത്യമായി കൊടുക്കുന്നു. ബസ്സിലെ തിരക്കോ യാത്രക്കാരുടെ വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങളോ ഒന്നും ഈ കണ്ടക്ടറുടെ ശാന്തതയ്ക്കു് ഇളക്കമുണ്ടാക്കുന്നില്ല.
ഇതു ശ്രദ്ധിച്ച യാത്രക്കാരന്, കണ്ടക്ടറോടുതന്നെ ചോദിച്ചു. ”ഇത്ര തിരക്കുള്ള ബസ്സില്‍ നിങ്ങള്‍ക്കെങ്ങനെ ചിരിച്ചുകൊണ്ടു് ഇതേ രീതിയില്‍ പെരുമാറാന്‍ കഴിയുന്നു?. മറ്റു ബസ്സുകളിലൊന്നും ഞാനിങ്ങനെ കണ്ടിട്ടില്ല. എന്താണിതിൻ്റെ രഹസ്യം?.” കണ്ടക്ടര്‍ അതിനും ചിരിച്ചുകൊണ്ടുതന്നെ മറുപടി പറഞ്ഞു. ”ഇതില്‍ വലിയ രഹസ്യമൊന്നുമില്ല. എൻ്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണിതു്. കണ്ടക്ടര്‍ ആകുന്നതിനു മുന്‍പു്, എനിക്കു് ഒരു ഫാക്ടറിയിലായിരുന്നു ജോലി. വീട്ടില്‍നിന്നും ബസ്സില്‍ വേണം ജോലിസ്ഥലത്തെത്താന്‍. ബസ്സു് കാത്തു സ്റ്റോപ്പില്‍ നിന്നാല്‍ വണ്ടി സ്റ്റോപ്പില്‍നിന്നും മാറ്റി മറ്റെവിടെയെങ്കിലുമായിരിക്കും നിര്‍ത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ്സു് വിട്ടു കഴിഞ്ഞിരിക്കും. അല്ലെങ്കില്‍, ബസ്സില്‍ പിടിക്കുമ്പോഴേക്കും കണ്ടക്ടര്‍ ബെല്ലുകൊടുത്തു കഴിഞ്ഞിരിക്കും. പിന്നെ വളരെ പ്രയാസപ്പെടണം, വീഴാതെ ഉള്ളില്‍ കടന്നുകിട്ടാന്‍.
ടിക്കറ്റിനു പണം കൊടുത്താല്‍ പലപ്പോഴും ബാക്കി തരില്ല. അഥവാ ചോദിച്ചാല്‍, ദ്വേഷിച്ചുകൊണ്ടായിരിക്കും തരുക. ചില്ലറയില്ലെങ്കില്‍, അതിനു ചീത്തകേള്‍ക്കേണ്ടി വരും. പലപ്പോഴും മനസ്സു് നിയന്ത്രണം വിടുന്ന ഘട്ടമെത്തും. അടുത്ത ദിവസവും ബസ്സില്‍ വരണമല്ലോ എന്നു ചിന്തിച്ചു് ഒരുവിധം നിയന്ത്രിക്കും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണു് ഓഫീസിലേക്കു ചെല്ലുക. ജോലിക്കാരോടു് ഒന്നു ചിരിക്കാന്‍ കൂടി കഴിയില്ല. ആരോടും ഒരു സ്നേഹവും പ്രകടിപ്പിക്കാന്‍ തോന്നില്ല. ഇതുമൂലം മറ്റുള്ളവരും വളരെ ഗൗരവത്തിലായിരിക്കും എന്നോടു പെരുമാറുന്നതു്. ഇതൊക്കെ കാരണം ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല.
മൊത്തത്തിലുള്ള ടെന്‍ഷന്‍ കാരണം ജോലിയില്‍ തെറ്റുകള്‍ വര്‍ദ്ധിക്കും. ഇതു മേലുദ്യോഗസ്ഥൻ്റെ വഴക്കു കേള്‍ക്കാന്‍ ഇടയാക്കും. ഇതൊക്കെ ഉള്ളില്‍ അടക്കിവച്ചുകൊണ്ടാണു വൈകിട്ടു വീട്ടില്‍ ചെല്ലുന്നതു്. ഉള്ളതെല്ലാം അവിടെ തീര്‍ക്കും. ഞാനെൻ്റെ കുഞ്ഞുങ്ങളോടു ദ്വേഷിക്കും. ഭാര്യയോടു വഴക്കിടും. ഇതുമൂലം വീട്ടിലും ആകെ അശാന്തി നിറഞ്ഞ അന്തരീക്ഷം. കുട്ടികളോടു സ്നേഹം പങ്കിടാനോ ഭാര്യയോടു ഹൃദയം തുറക്കുവാനോ എനിക്കു കഴിയാറില്ല. കുടുംബത്തിലും സമൂഹത്തിലും ഞാനെപ്പോഴും ഒരു ഒറ്റപ്പെട്ട വ്യക്തിയായി.
മാറ്റത്തിൻ്റെ ഇടിമുഴക്കം
അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെ ഞാന്‍ സ്റ്റോപ്പിലേക്കു വരുന്ന സമയം ബസ്സു് മുന്നോട്ടെടുത്തു കഴിഞ്ഞു. പക്ഷേ, ഞാന്‍ ഓടിവരുന്നതു കണ്ടു കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി. എന്നെക്കൂടി കയറ്റിയതിനുശേഷമാണു വണ്ടി വിട്ടതു്. ബസ്സില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നില്ല. പക്ഷേ, കണ്ടക്ടര്‍ അയാളുടെ സീറ്റു് എനിക്കു് ഒഴിഞ്ഞുതന്നു. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ക്ഷീണംകൊണ്ടു ഞാനവിടെയിരുന്നു് ഉറങ്ങിപ്പോയി. ഇറങ്ങേണ്ട സ്റ്റോപ്പു് എത്തിയപ്പോള്‍, കണ്ടക്ടര്‍ എന്നെ വിളിച്ചുണര്‍ത്തി ഇറക്കിവിട്ടു. ആ ബസ്സില്‍ ആദ്യമായാണു് ആ കണ്ടക്ടറെ കാണുന്നതു്. പക്ഷേ, അദ്ദേഹത്തിൻ്റെ പെരുമാറ്റം എനിക്കു പകര്‍ന്നുതന്ന ആശ്വാസം എത്രയെന്നു പറയുവാനാവില്ല. വെള്ളം കിട്ടാതെ ദാഹിച്ചു വലയുമ്പോള്‍, അല്പം തണുത്ത വെള്ളം കിട്ടിയാല്‍ എന്തൊരാശ്വാസമായിരിക്കും!. അതിലും കൂടുതലായിരുന്നു ഇതു്. അതെന്നില്‍ എന്തെന്നില്ലാത്ത ഒരാവേശം ജനിപ്പിച്ചു.
അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ഒരാനന്ദത്തോടെയാണു ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്കു നടന്നതു്. ഓഫീസിലെത്തുമ്പോള്‍, പതിവില്ലാതെ എല്ലാവരും എന്നെ നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു. അന്നത്തെ ജോലികള്‍ വളരെ ശ്രദ്ധയോടെ ചെയ്യുവാന്‍ കഴിഞ്ഞതിനാല്‍, മേലുദ്യോഗസ്ഥന് എന്നെ പ്രത്യേകം പ്രശംസിച്ചു. കീഴുദ്യോഗസ്ഥരോടു ചിരിച്ചുകൊണ്ടു സംസാരിച്ചതിലൂടെ അവര്‍ക്കും സന്തോഷമായി. അവര്‍ സ്വാതന്ത്ര്യത്തോടെ പെരുമാറി. പുറത്തുനിന്നു വരുന്നവരോടു് അവരും സ്നേഹത്തോടെ പെരുമാറി.
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടികളോടും ഭാര്യയോടും സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും പെരുമാറാന്‍ കഴിഞ്ഞു. കുട്ടികളെ പതിവില്ലാതെ ലാളിക്കുവാന്‍ സാധിച്ചു. വീട്ടിലാകെ എന്തോ ഒരു ഉത്സവത്തിൻ്റെ പ്രതീതി. ഞാന്‍ എല്ലാം മറന്നാനന്ദിച്ചു. എൻ്റെ ഒരാളുടെ പെരുമാറ്റത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിലൂടെ എല്ലാവരിലും സംഭവിച്ച മാറ്റത്തെക്കുറിച്ചു് എനിക്കു ബോദ്ധ്യംവന്നു. അതിനുശേഷം, എൻ്റെ പെരുമാറ്റത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കാന്‍ തുടങ്ങി. നമ്മള് കൊടുക്കുന്നതാണു നമുക്കു തിരിച്ചു കിട്ടുന്നതെന്നു് എനിക്കു ബോദ്ധ്യമായി.
മറ്റുള്ളവര്‍ നന്നായിട്ടു് എനിക്കു നന്നാകാന്‍ കഴിയില്ല. എന്നാല്‍, അവരു നന്നായില്ലെങ്കിലും എനിക്കു നന്നാകാന്‍ കഴിയുമെന്നു മനസ്സിലായി. നമ്മള് നന്നായാല്‍ മറ്റുള്ളവരിലും വ്യത്യാസം ഉണ്ടാകുമെന്നും ഞാന്‍ ആ പാഠത്തിലൂടെ പഠിക്കുകയുണ്ടായി. പിന്നീടു്, ബസ്സില്‍ ജോലി കിട്ടിയപ്പോള്‍, ഈ വലിയ പാഠം എന്നെ പഠിപ്പിച്ച ആ കണ്ടക്ടറെ ഞാനോര്‍ത്തു. ഏതൊരാളോടും ദയയോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറുകയുള്ളൂ എന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു. ലോകത്തില്‍ സ്നേഹവും സാഹോദര്യവും വളര്‍ത്താന്‍ എൻ്റെതായ പങ്കു നിര്‍വ്വഹിക്കുമെന്നു ഞാന്‍ ദൃഢനിശ്ചയം ചെയ്തു. അന്നത്തെ ആ അനുഭവം എന്നുമെനിക്കു് ഒരു പാഠമാണു്” കണ്ടക്ടര്‍ പറഞ്ഞു നിര്‍ത്തി.
ചുരുക്കത്തിൽ പറഞ്ഞാൽ സ്വയം നന്നാവുക
മക്കളേ, വ്യക്തികള്‍ ചേര്‍ന്നാണു സമൂഹം ഉണ്ടാകുന്നതു്. ഓരോരുത്തരുടെയും ചിന്തയും പ്രവൃത്തിയുമാണു ജനങ്ങളുടെ സംസ്കാരം രൂപപ്പെടുത്തുന്നതു്. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം, നമ്മള് ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. നമ്മില്‍ മാറ്റമുണ്ടായാല്‍, അതു മറ്റുള്ളവരിലും പ്രതിഫലിക്കും. നമ്മള് നല്കുന്നതു മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ എന്നു മക്കള്‍ എപ്പോഴും ഓര്‍ക്കണം.

Download Amma App and stay connected to Amma