പരിസ്ഥിതിയെ പഴിചാരാതെ, ഇപ്പോഴുള്ള മനഃസ്ഥിതിയാണു നമ്മള്‍ ആദ്യം മാറ്റിയെടുക്കേണ്ടതു്. അതിനു വേണ്ടിയായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന.

ഒരു കുട്ടി ക്ഷേത്രത്തില്‍ ചെന്നു പ്രാര്‍ത്ഥിക്കുകയാണു്, ”ഈശ്വരാ! അമേരിക്കയുടെ തലസ്ഥാനം ചൈനയാക്കണേ” എന്നു്. ഇതുകേട്ടു കൊണ്ടു് അടുത്തുനിന്ന ഒരാള്‍ ചോദിച്ചു, ”എന്താ കുട്ടീ, ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതു്?”
”അതോ, പരീക്ഷയ്ക്കു ഞാനെഴുതിയതു് അമേരിക്കയുടെ തലസ്ഥാനം ചൈനയാണെന്നാണു്. പിന്നീടാണു മനസ്സിലായതു് അതു തെറ്റാണെന്നു്. എൻ്റെ ഉത്തരം ശരിയാകാന്‍ വേണ്ടിയാണു ഞാനിങ്ങനെ പ്രാര്‍ത്ഥിക്കുന്നതു്.” ഇതായിരുന്നു കുട്ടിയുടെ മറുപടി.
ഇതു കുട്ടിത്തമാണു്. നമ്മള്‍ വളര്‍ത്തേണ്ടതു് ഈ കുട്ടിത്തമല്ല, കുഞ്ഞു ഹൃദയമാണു്. നിഷ്‌കളങ്കതയാണു്. കുട്ടിത്തം വിവേകമില്ലായ്മയാണു്. അതു നമ്മെ പക്വതയില്ലായ്മയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.
നീന്തല്‍ പഠിക്കാന്‍ പോയാല്‍ പഠിപ്പിക്കുന്ന ആള്‍ എപ്പോഴും കൂടെ നിന്നാല്‍ സ്വയം നീന്തുവാനുള്ള കഴിവു വേഗം നേടുവാനാവില്ല. അതിനാല്‍, നമ്മള്‍ സ്വയം ശക്തി ആര്‍ജ്ജിക്കണം.
ജീവിതത്തില്‍ ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള ശക്തി നാം സ്വയം കണ്ടെത്തണം. മനഃസ്ഥിതിയെ മാറ്റുവാന്‍ കഴിയുന്നതിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. അല്ലാതെ, പരിസ്ഥിതിയെ പഴി പറഞ്ഞും അതിനെ മാറ്റാനാവാതെ നിരാശപ്പെട്ടും ജീവിതം നഷ്ടമാക്കരുതു്.
എയര്‍ക്കണ്ടീഷന്‍ കാറില്‍ യാത്ര ചെയ്യുന്ന മക്കള്‍ കാണും. നമുക്കറിയാം, മനസ്സമാധാനമില്ലെങ്കില്‍ എയര്‍ക്കണ്ടീഷന്‍ കാറില്‍ യാത്ര ചെയ്തിട്ടും എന്തു പ്രയോജനം? പരിസ്ഥിതി ശരിയാക്കിയതുകൊണ്ടു മാത്രം പ്രയോജനമില്ല. എയര്‍ക്കണ്ടീഷന്‍ മുറിയില്‍ക്കിടന്നു് ആത്മഹത്യ ചെയ്യുന്നവരുണ്ടു്.
എന്നാല്‍, മനഃസ്ഥിതി ശരിയാക്കുകയാണെങ്കില്‍, ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നമുക്കു നേരിടാന്‍ കഴിയും. ആശ്വാസത്തിനുവേണ്ടി മറ്റുള്ളവരെ ചാരാതെ നമ്മള്‍ നമ്മില്‍ത്തന്നെ വിശ്വാസം വളര്‍ത്തണം. അതിലൂടെ മാത്രമേ നമുക്കു് ആശ്വാസം ലഭിക്കുകയുള്ളൂ.

Download Amma App and stay connected to Amma