കത്തിനു നമുക്കു തരാന്‍ കഴിയാത്തതെന്തോ, അതാണു മതം നമുക്കു നല്കുന്നതു്. എന്താണു മനുഷ്യന്‍ നിരന്തരം ആഗ്രഹിക്കുന്നതു്? ഇന്നു ലോകത്തില്‍ ദുര്‍ല്ലഭമായിരിക്കുന്ന വസ്തു ഏതാണു്? ‘ശാന്തി’യാണതു്.

ഇന്നു ശാന്തിയെന്നതു ലോകത്തെവിടെയും കാണാന്‍ കിട്ടുന്നില്ല. അകത്തുമില്ല ശാന്തി, പുറത്തുമില്ല ശാന്തി. പൂര്‍ണ്ണമായൊരു ജീവിതം നയിക്കണമെങ്കില്‍ ശാന്തി വേണം. സ്നേഹം വേണം. ശാന്തി എന്നതു് എല്ലാ ആഗ്രഹങ്ങളും സഫലമായ ശേഷം കിട്ടുന്ന ഒന്നല്ല. മനസ്സുള്ളിടത്തോളം കാലം ആഗ്രഹങ്ങള്‍ ഉയര്‍ന്നു വരുകയും അവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ശാന്തി ഉണ്ടാകുന്നതു്, എല്ലാ ചിന്തകളും അടങ്ങി, നമ്മള്‍ മനസ്സിനപ്പുറം പോകുമ്പോഴാണു്.

എല്ലാറ്റിനും അതീതമായ ആ അവസ്ഥയില്‍ വ്യക്തി ബോധം അനന്തമായ ബോധത്തില്‍ ലയിക്കുന്നു. നാമങ്ങളുടെയും രൂപങ്ങളുടെയും ലോകം അതോടെ ഇല്ലാതാകുന്നു. സനാതനധര്‍മ്മത്തിലെ അദ്വൈതസിദ്ധാന്തത്തിൻ്റെ കാതല്‍ ഇതാണു്. മനുഷ്യനു പരമമായ പൂര്‍ണ്ണതയെ പ്രാപിക്കാം. അതു തന്നെയാണു് അവൻ്റെ യഥാര്‍ത്ഥസ്വരൂപം. എങ്കില്‍ എന്തുകൊണ്ടു് ഇപ്പോള്‍ നമ്മള്‍ അതനുഭവിക്കുന്നില്ല എന്നതു ചോദിച്ചേക്കാം! പ്രധാനമായും ബാഹ്യ വസ്തുക്കളോടുള്ള മമതകൊണ്ടാണു്. നമ്മുടെ സ്വരൂപത്തെ ക്കുറിച്ചുള്ള അജ്ഞാനം ശരിയായ ജ്ഞാനത്തിലൂടെ മാത്രമേ മാറുകയുള്ളൂ. ഈ ശുദ്ധജ്ഞാനം ഉള്ളിലുദിക്കാന്‍ ഒരൊറ്റ വഴി മാത്രമേയുള്ളൂ. ഒരു സദ്ഗുരുവിൻ്റെ, പൂര്‍ണ്ണമായ ആനന്ദവും ശാന്തി യും നിരന്തരം അനുഭവിക്കുന്ന ഒരു മഹാത്മാവിൻ്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കുക എന്നതു്.

നിരന്തരം ശാന്തി അനുഭവിക്കുന്ന ഒരാള്‍ എപ്പോഴും ഉല്ലാസവാനായിരിക്കും. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ താളലയം ഒരിക്കലും നഷ്ടമാകുന്നില്ല. യാതൊരുവിധ പ്രശ്‌നത്തിനും അദ്ദേഹത്തെ അലട്ടുവാനോ, സമനില തെറ്റിക്കുവാനോ സാദ്ധ്യമല്ല. അദ്ദേഹം കഴിഞ്ഞു പോയതിനെ കുറിച്ചോര്‍ത്തു വിഷമിക്കുകയോ വരാനിരിക്കുന്നതിനെ കുറിച്ചു് ഉത്കണ്ഠപ്പെടുകയോ ചെയ്യുന്നില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ സാഹചര്യത്തെയും അദ്ദേഹം ശാന്തതയോടും മനഃസംയമനത്തോടും നേരിടുന്നു.

തീര്‍ച്ചയായും ജീവിതത്തില്‍ മറ്റുള്ളവരെപ്പോലെത്തന്നെ അദ്ദേഹത്തിനും പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. പക്ഷേ പ്രശാന്തചിത്തനായ ഒരാള്‍ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രശ്‌നങ്ങളെ നേരിടുക. പ്രശ്‌നങ്ങളോടുള്ള അയാളുടെ മനോഭാവം വ്യത്യസ്തമായിരിക്കും. അങ്ങനെയുള്ളവര്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിക്കും ഒരു പ്രത്യേക അഴകും ചാതുര്യവും കാണും. ജീവിതത്തില്‍ ഉണ്ടാകാ വുന്ന ഏതു പ്രതിസന്ധിയിലും അവര്‍ അചഞ്ചലരായിത്തന്നെ നിലകൊള്ളും.