ക്ഷേത്രത്തിലും പള്ളിയിലും പോയി ആരാധന നടത്തുന്നതു കൊണ്ടു മാത്രം മതവിശ്വസവും ഭക്തിയും പൂര്‍ണ്ണമാകുന്നില്ല. സര്‍വ്വ ജീവജാലങ്ങളിലും ആത്മാവിനെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ സാധിക്കണം. അതാണു യഥാര്‍ത്ഥ ഭക്തി.

പ്രകൃതിയുടെ ഏകോദ്ദേശ്യം സകല ചരാചരങ്ങളെയും സംരക്ഷിക്കുക എന്നതാണു്. നമുക്കു് ഇക്കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസം വേണം. ജീവിക്കാന്‍ വേണ്ടി ഒന്നിനെയും ദ്രോഹിക്കാതെ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തണം. സ്വന്തം ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കാന്‍ നാം തുനിയരുതു്.

ഇതു 21ാം നൂറ്റാണ്ടിൻ്റെ തുടക്കമാണു്. ഈ മത മഹാസമ്മേളനത്തിൻ്റെ വിജയത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിച്ച സന്ന്യാസിവര്യന്മാരും ആത്മീയ നേതാക്കളും ഹിന്ദു സ്വാഗത സംഘവും ചേര്‍ന്നു് ഈ ദൃഢപ്രതിജ്ഞയെടുക്കാം:

‘ദേശകാലങ്ങള്‍ക്കതീതമായി, ലോകത്തിനൊട്ടാകെ ശാന്തിയും സമാധാനവും കൈവരുത്തുവാനും മനുഷ്യരാശിയുടെ കഷ്ടതകള്‍ക്കു് ആശ്വാസമേകുവാനും നാം പ്രയത്‌നിക്കും. സനാതനധര്‍മ്മത്തിൻ്റെ മഹത്തായ സങ്കല്പം സത്യമായിത്തീരട്ടെ.

പരമതത്ത്വവും ജീവിതത്തിൻ്റെ ഉന്നതാദര്‍ശങ്ങളും എല്ലാ യുവതീയുവാക്കള്‍ക്കും നല്കുവാനും നമുക്കു് ഉറച്ച തീരുമാനമെടുക്കാം. ഭാവിയുടെ വിടരൂന്ന പൂമൊട്ടുകളാണവര്‍; വിടര്‍ന്നു് ലോകത്തിൻ്റെ പരിമളമായിത്തീരേണ്ടവര്‍!’