ജീവിത അനുഭവങ്ങളെ നമ്മള് മൂന്നു തരത്തില്‍ നേരിടുന്നു. ഒന്നു്, സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിക്കുക. മറ്റൊന്നു്, പരിസ്ഥിതി ശരിയാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്നു വിചാരിച്ചു് അതിനു ശ്രമിക്കുക.

സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിച്ചതുകൊണ്ടു പ്രശ്നങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല. പകരം പ്രശ്നം ഇരട്ടിയായി എന്നുവരും. ഇതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു.
ഒരാള്‍ക്കു് ഒരമ്മാവനുണ്ടു്. അദ്ദേഹം വരുന്നെന്നറിഞ്ഞപ്പോള്‍ മരുമകന് വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങി. കാരണം, ഈ അമ്മാവന് രണ്ടുമൂന്നു മണിക്കൂറെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അദ്ദേഹം പട്ടാളക്കാരനാണു്. ധാരാളം കഥകള്‍ പറയാനുണ്ടു്. എന്തിനു് അത്രയും സമയം വെറുതെ കളയണം എന്നു വിചാരിച്ചു മരുമകന് വീടിൻ്റെ പിറകു വശത്തുള്ള ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു.
പക്ഷേ, അദ്ദേഹം ഇറങ്ങിച്ചെല്ലുമ്പോഴുണ്ടു്, അമ്മാവനും അതുവഴിത്തന്നെ കയറി വരുന്നു. മരുമകനെക്കണ്ട മാത്രയില്‍ അമ്മാവന് വര്‍ത്തമാനവും തുടങ്ങി. സംഭാഷണം വഴിയില്‍ നിന്നു തന്നെയായി. കുറച്ചുകഴിഞ്ഞപ്പോള്‍ മരുമകന് ചിന്തിക്കാന്‍ തുടങ്ങി. ‘ എന്തൊരു ചൂടു്! പക്ഷേ, തണലിനു് ഒരു വൃക്ഷം പോലും അടുത്തെങ്ങുമില്ലല്ലോ? എന്തൊരു കാലുവേദന! പക്ഷേ, ഇരിക്കാന്‍ ഇവിടെയെങ്ങും ഒരു ബെഞ്ചു പോലുമില്ലല്ലോ. അയ്യോ, ദാഹിക്കുന്നല്ലോ. പക്ഷേ, അടുത്തു കടയൊന്നുമില്ലല്ലോ. വീട്ടിലായിരുന്നെങ്കില്‍ പച്ചവെള്ളമെങ്കിലും കുടിക്കാമായിരുന്നു.’
സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അതു നമുക്കു് ഇരട്ടി പ്രശ്നമായി മാറും എന്ന് ഇത് കാണിക്കുന്നു
രണ്ടാമത്തെ രീതി പരിസ്ഥിതി ശരിയാക്കാന്‍ ശ്രമിക്കുക എന്നതാണു്. വീട്ടില്‍ എന്നും അശാന്തി മാത്രം. ‘വീടിൻ്റെ കുറ്റം കൊണ്ടായിരിക്കാം, പൊളിച്ചുപണിയാം. അല്ലെങ്കില്‍ വേറൊരിടത്തു സ്ഥലം വാങ്ങി പുതിയ ഒരു വീടു വയ്ക്കാം. അതുമല്ലെങ്കില്‍, ഒരു ടി.വി. വാങ്ങി വയ്ക്കാം. കുറച്ചു കൂടി സാധനങ്ങള്‍ വാങ്ങി വീടു മോടിപിടിപ്പിക്കാം. എയര്‍ക്കണ്ടീഷന്‍ ചെയ്തുനോക്കാം.’ പക്ഷേ, ഇതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ തീരില്ല.
എയര്‍ക്കണ്ടീഷന്‍ ചെയ്ത മുറിയില്‍ കിടന്നാലും ഉറക്കം വരാത്തവരുണ്ടു്. അവര്‍ക്കു് ഉറങ്ങണമെങ്കില്‍ ഉറക്ക ഗുളിക കഴിക്കണം. കാരണം, പ്രശ്നം മനസ്സിലാണു്. മനസ്സിനെ എ.സി.യാക്കുന്ന വിദ്യയാണു് ആദ്ധ്യാത്മികത. ചുറ്റുപാടുകളെ മാറ്റിയതുകൊണ്ടു മാത്രം ജീവിത പ്രശ്നങ്ങള്‍ ഒഴിവാകുന്നതായി കാണുന്നില്ല. പരിസ്ഥിതി മാറ്റേണ്ടെന്നല്ല, മനഃസ്ഥിതികൂടി മാറ്റണമെന്നാണു് അമ്മ പറയുന്നതു്. അതാണു് ആദ്ധ്യാത്മികത പഠിപ്പിക്കുന്നതു്.

 Download Amma App and stay connected to Amma
Download Amma App and stay connected to Amma