വസ്തുവിലല്ല ആനന്ദം; ആനന്ദം നമ്മുടെ ഉള്ളിലാണു്. ഇതു മക്കള്‍ മനസ്സിലാക്കണം. സ്വന്തം സുഖം മാത്രം നോക്കി പോകുന്നവര്‍, അല്പനിമിഷമെങ്കിലും കുടുംബത്തെ കുറിച്ചു ചിന്തിക്കുവാന്‍ ശ്രദ്ധിക്കുക.

ചില മക്കള്‍ രണ്ടു മൂന്നു കുട്ടികളെയും ഒക്കത്തു വച്ചു കരഞ്ഞു കൊണ്ടുവരും. അവരെന്തിനു വിഷമിക്കുന്നു എന്നു ചോദിക്കുമ്പോള്‍ പറയും, ”അമ്മേ, ഞാന്‍ കുട്ടികളെയും കൊണ്ടു മരിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചതാണു്. അപ്പോള്‍ അമ്മയെക്കുറിച്ചു കേട്ടിട്ടു് ആശ്രമത്തിലേക്കു പോന്നു.”
കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ പറയുന്നു, ”എൻ്റെ ഭര്‍ത്താവു കുടിയനാണു്. ലഹരിക്ക് അടിമയാണു്. മദ്യപാനം കാരണം ജോലിക്കു സമയത്തിനു പോകാതായി. ജോലി നഷ്ടമായി. എന്നിട്ടും കുടി നിര്‍ത്തിയില്ല. അവസാനം പറമ്പും വീടും പണ്ടങ്ങളും എല്ലാം വിറ്റു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതായി.”
”ഒരു ചിരിച്ച മുഖം എവിടെയും കാണുവാന്‍ കഴിയുന്നില്ല. സകലരും വെറുത്തു. എവിടെയും അവജ്ഞ നിറഞ്ഞ നോട്ടം മാത്രം. അവസാനം മരണത്തിൻ്റെ ഒരു വഴി മാത്രമേ മുന്നില്‍ തെളിഞ്ഞു കണ്ടുള്ളൂ. അങ്ങനെ ഞാന്‍ കുഞ്ഞുങ്ങളെയും എടുത്തുകൊണ്ടു് ഇറങ്ങിത്തിരിച്ചതാണു്. അവസാനം അമ്മയുടെ മുന്നില്‍ എത്തി.”
അമ്മ പറയുന്നതു്, അവര്‍ കുടിക്കുന്നതു കള്ളും കഞ്ചാവുമല്ല, കണ്ണുനീരും രക്തവുമാണു്. മീന്‍ പിടിക്കാന്‍ വേണ്ടി ചൂണ്ടയിടും. ചൂണ്ടയില്‍ വന്നു കൊത്തുമ്പോള്‍ മീന്‍ കരുതും. ”ഹായ്, ഇന്നത്തേക്കുള്ളതു കിട്ടിപ്പോയി.” പക്ഷേ, താന്‍ മരണത്തിൻ്റെ വായിലാണ് ഇരിക്കുന്നതെന്നു് അതറിയുന്നില്ല. പട്ടി രുചിയോടെ എല്ലിലിട്ടു കടിക്കും. രക്തം കിട്ടുമ്പോള്‍ നക്കി നുണയും. പക്ഷേ, പിന്നെയാണു് അറിയുന്നതു്, സ്വന്തം മോണ കീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു്.
അതുപോലെ, മദ്യപിക്കുന്ന മക്കള്‍, ആ അന്തരീക്ഷത്തില്‍ നിന്നും പാടെ മാറിനിന്നിട്ടു്, ഇതിലല്ലല്ലോ ആനന്ദം എന്നറിഞ്ഞു, ശക്തി വീണ്ടെടുക്കുക. തന്നില്‍ത്തന്നെ ആനന്ദം കണ്ടെത്തുന്നവനാണു ധീരന്‍. സിഗററ്റിനോ മദ്യത്തിനോ മക്കള്‍ അടിമയാകരുതു്. അവയ്ക്കടിമയാകുന്നവര്‍ ധീരന്മാരല്ല, ഭീരുക്കളാണു്. അഞ്ചു സിഗററ്റു വലിക്കുന്ന മക്കള്‍ അതു രണ്ടായി കുറയ്ക്കുവാന്‍ ശ്രമിക്കുക. അങ്ങനെ കുറച്ചുകുറച്ചു് ആ സ്വഭാവത്തെത്തന്നെ മാറ്റിയെടുക്കുവാന്‍ നമുക്കു കഴിയും.
മനോനിയന്ത്രണം നേടിയവനാണു യഥാര്‍ത്ഥ ധീരന്‍. മറ്റുള്ളവയെ ചാരിയ ഒരു ജീവിതം നമുക്കു വേണ്ട. നമുക്കു നമ്മില്‍ത്തന്നെ നില്ക്കുവാന്‍ കഴിയണം. നമ്മുടെ ഓരോ ശ്വാസവും മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാക്കി മാറ്റുവാന്‍ നമുക്കു സാധിക്കണം. ഈ ഒരു പ്രതിജ്ഞ മക്കളിലുണ്ടാകണം. അതു മാത്രമാണു് അമ്മ ആഗ്രഹിക്കുന്നതു്.

Download Amma App and stay connected to Amma