ഒരാളുടെ ഭാര്യ മരിച്ചു. ഭാര്യയുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുവാനായി ഭര്‍ത്താവു് ഒരു പുരോഹിതനെ വിളിച്ചു കൊണ്ടുവന്നു.

അദ്ദേഹം ക്രിയകള്‍ നടത്തുന്നതിനിടയില്‍ ഈ മന്ത്രം ചൊല്ലി ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’. ഭര്‍ത്താവിനു് അദ്ദേഹം എന്താണു ചൊല്ലിയതെന്നു മനസ്സിലായില്ല. അദ്ദേഹം തൻ്റെ സംശയം പുരോഹിതനോടു തന്നെ ചോദിച്ചു, ”നിങ്ങള്‍ ചൊല്ലിയ മന്ത്രത്തിൻ്റെ അര്‍ത്ഥമെന്താണു്?” ‘ഈ ലോകത്തില്‍ എല്ലാവര്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ, എല്ലാവര്‍ക്കും ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ’ പുരോഹിതന്‍ വിശദീകരിച്ചു കൊടുത്തു.
മന്ത്രത്തിൻ്റെ അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍, അയാള്‍ പുരോഹിതനോടു ചോദിച്ചു, ”എൻ്റെ ഭാര്യയുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനാണല്ലോ ഞാന്‍ നിങ്ങളെ വിളിച്ചു വരുത്തിയതു്. പക്ഷേ, നിങ്ങള്‍ ചൊല്ലിയ മന്ത്രത്തില്‍, എൻ്റെ ഭാര്യയുടെ പേരോ അവളുടെ ആത്മാവിനെക്കുറിച്ചോ ഒന്നും സൂചിപ്പിച്ചിട്ടില്ലല്ലോ.”
”ഇങ്ങനെ പ്രാര്‍ത്ഥിക്കുവാനാണു് എൻ്റെ ഗുരു എന്നെ പഠിപ്പിച്ചിട്ടുള്ളതു്. യഥാര്‍ത്ഥത്തില്‍ ലോകത്തിനു മുഴുവന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണു നിങ്ങളുടെ ഭാര്യയുടെ ആത്മാവിനു ശരിയായ ശാന്തിയും ഉദ്ധാരണവും ഉണ്ടാവുന്നതു്. ഇങ്ങനെയല്ലാതെ പ്രാര്‍ത്ഥിക്കുവാന്‍ എനിക്കറിയില്ല” എന്നു പുരോഹിതന്‍ മറുപടി പറഞ്ഞു.
നിവൃത്തിയില്ലാതെ അവസാനം, ഭര്‍ത്താവു പുരോഹിതനോടു പറഞ്ഞു, ”എങ്കില്‍, കുറഞ്ഞപക്ഷം എൻ്റെ വടക്കേ വീട്ടുകാരെയെങ്കിലും അതില്‍ നിന്നും ഒഴിവാക്കി കൂടേ? അവര്‍ക്കു ഞങ്ങളോടു വലിയ ശത്രുതയാണു്. അവര്‍ക്കൊഴികെ ബാക്കിയാര്‍ക്കു വേണ്ടി വേണമെങ്കിലും പ്രാര്‍ത്ഥിച്ചു കൊള്ളൂ.”
മക്കളേ, ഈ രീതിയിലാണു് ഇന്നു നമ്മുടെ മനോഭാവം പൊയ്‌ക്കൊണ്ടിരിക്കുന്നതു്. ഇതല്ല നമ്മള്‍ വളര്‍ത്തേണ്ടതു്. ഇതു മാറണം, മാറ്റിയെടുക്കണം. മന്ത്രങ്ങള്‍ നാവുകൊണ്ടു് ഉച്ചരിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല. അതു ജീവിതത്തില്‍ പകര്‍ത്തേണ്ട തത്ത്വമാണു്. അപ്പോള്‍ മാത്രമേ, നമ്മുടെ പൂര്‍വ്വികരുടെ സങ്കല്പം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥനയ്ക്കു പൂര്‍ണ്ണഫലം ലഭിക്കുകയുള്ളൂ.