(അമ്മയുടെ ഗുരു പൂർണ്ണിമാ സന്ദേശത്തിൽ നിന്ന് – ജൂലൈ 2025, അമൃതപുരി )
ജന്മജന്മാന്തര ബന്ധനങ്ങളെ അറുക്കുന്ന ഗുരുവിൻ്റെ പാദത്തിൽ ശിഷ്യൻ കൃതജ്ഞതാപൂർണ്ണമായ ഹൃദയത്തെ സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണ് ഗുരുപൂർണിമ.

ഗുരു ഒരേ സമയം പ്രേമത്തിൻ്റെ ചന്ദ്രനും ജ്ഞാനത്തിൻ്റെ സൂര്യനുമാണ്. പൂനിലാവ് പോലെ കുളിർമ്മയും ആനന്ദവും പകർന്ന് ശിഷ്യരുടെ ദുഃഖമകറ്റുന്നതുകൊണ്ട് ഗുരു പ്രേമചന്ദ്രനാണ്. അജ്ഞാനത്തിൻ്റെ എല്ലാ ബന്ധനങ്ങളെയും തിന്മകളെയും ഇല്ലാതാക്കുന്നതുകൊണ്ട് ഗുരു ജ്ഞാനസൂര്യനാണ്. ഗുരുപൂർണിമ എന്നത് യഥാർത്ഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല . സമർപ്പിതമായ ശിഷ്യമനസ്സിലാണ് ഗുരു പൂർണിമ പ്രകാശിക്കുന്നത്. ഗുരു എന്നും, എപ്പോഴും പൂർണ്ണിമ തന്നെയാണ്. കാരണം ഗുരുവിൽ അജ്ഞാനത്തിൻ്റെയോ അഹങ്കാരത്തിൻ്റെയോഅന്ധകാരമില്ല.

ശിഷ്യ മനസ്സുകളിലെ അന്ധകാരത്തെ അകറ്റുന്ന,എല്ലാവരിലും നന്മ ചൊരിയുന്ന ആത്മചന്ദ്രനാണ് ഗുരു. എന്നാൽ ശിഷ്യൻ്റെ മനസ്സിൽ അതിനനുസരിച്ചുള്ള ഭാവവും സമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ ഗുരുവിൻ്റെ പൂർണിമ അവന് അനുഭവപ്പെടുകയുള്ളൂ. അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്ന് അമൃതത്വത്തിലേക്കും കൈ പിടിച്ചുനയിക്കുന്ന ഗുരുവിനോടുള്ള ശിഷ്യനുള്ള കടപ്പാട് ഒരിക്കലും തീരുന്നതല്ല.
നേടിയവനേ കൊടുക്കാൻ കഴിയൂ. അറിഞ്ഞവനേ അറിയിക്കാൻ കഴിയൂ. ശാന്തി അനുഭവിച്ചവനേ ശാന്തി പകരാൻ കഴിയൂ. എല്ലാ ആഗ്രഹങ്ങളും തീർന്നവരാണ് ഗുരുക്കന്മാർ. എങ്കിലും കാരുണ്യത്താൽ അവർ സംസാരദു:ഖത്താൽ കഷ്ടപ്പെടുന്നവരെ ഉദ്ധരിക്കാൻ സ്വയം സമർപ്പിക്കുന്നു.

അമ്മ എപ്പോഴും പറയാറുണ്ടല്ലോ നമ്മുടെ അടുത്ത ശ്വാസം പോലും നമ്മുടെ കൈകളിലല്ലയെന്ന് . ജീവിതം ഒരു നീർകുമിള പോലെയാണ്; അത് എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാം. നമ്മുടെ യഥാർത്ഥ ആയുസ്സ് നമ്മൾ എത്ര വർഷം ജീവിച്ചു എന്നതിലൂടെയല്ല മറിച്ച് ശരിയായ അവബോധത്തോടെയും വിവേകത്തോടെയും നാം ജീവിക്കുന്ന നിമിഷങ്ങളിലൂടെയാണ് അളക്കേണ്ടത്.
നമ്മൾ എന്തിനു വന്നു എന്ന കാര്യം നമ്മൾ എപ്പോഴും ഓർക്കണം. ആ ബോധത്തിൽ ജീവിക്കുവാനും ഈ ജന്മത്തിൽ തന്നെ ലക്ഷ്യം നേടുവാനും മക്കൾക്ക് കഴിയട്ടെ, കൃപ അനുഗ്രഹിക്കട്ടെ .